NO 37
ദൈവകൃപയാലും ശീള്ഹായ്ക്കടുത്ത സിംഹാസനത്തിന്റെ മനോഗുണത്താലും കോട്ടയം വികാരി അപ്പസ്തോലിക്കാ ആയ നാം മാക്കീല്‍ തോമ്മാ മത്തായി, ത്രാലസിന്റെ മെത്രാന് എഴുത്ത്
നമ്മുടെ ആജ്ഞയിലുള്പ്പെട്ട പള്ളികളിലെ ബ. വികാരിമാര്‍ക്കും അസിസ്തന്തിമാര്ക്കും, പട്ടക്കാര്‍ക്കും വിശ്വാസികള്‍ക്കും നമ്മുടെ കര്‍ത്താവീശോമിശിഹായില്‍ സ്വസ്താനവും വാഴ്വും.
”ദൈവത്തിന്റെ അനുഗ്രഹങ്ങളെ ഞാന്‍ എന്നേക്കും പാടിസ്തുതിക്കും: അങ്ങേ സത്യത്തെ തലമുറതലമുറയോളം എന്റെ വായാല്‍ ഞാനറിയിക്കും.”
Misericordias Domini in aeternum cantabo: in generationem et generationem annuntiabo veritatem tuam in ore meo.
(Psalm 88, v. 1, 2.)
വന്ദ്യ സഹോദരന്മാരെ! പ്രിയ വിശ്വാസികളെ!
നാം നിങ്ങളുടെ ഇടയില്‍നിന്നും ആറു മാസത്തിലധികം ദീര്‍ഘവും ദുര്‍ഘടവും ഉള്ള ശീമയാത്ര കഴിച്ചത്, നമ്മുടെ ചങ്ങനാശേരി അപ്പസ്തോലിക്ക വികാരിയാത്തിനെ നിരന്തര സമാധാനത്തില്‍ സ്ഥാപിക്കുന്നതിനും, നമ്മുടെ കത്തോലിക്കാ മലയാള സുറിയാനി സഭയില്‍ ഉള്‍പ്പെട്ട വടക്കുംഭാഗം, തെക്കുംഭാഗം എന്ന ഇരുസമുദായത്തിനു കൂടുതല്‍ ഭാവിശ്രേയസ്സും വര്‍ദ്ധനവും വരുത്തുവാനുള്ള ഉത്തമമാര്‍ഗം ഇന്നതെന്നു കാണിച്ചു, ഈ മലയാള സുറിയാനിസഭയില്‍ ഇന്നുള്ള ഞങ്ങള്‍ മൂന്നു വൈദികമേലദ്ധ്യക്ഷന്മാരുടേയും ഒന്നുചേര്‍ന്നുള്ള അപേക്ഷാഹര്ജി വിശുദ്ധ റോമാസിംഹാസനത്തിങ്കല് സമര്‍പ്പിക്കുന്നതിനും വേണ്ടിയായിരുന്നു.
അവിടെനിന്നു ഞങ്ങളുടെ ഈ അപേക്ഷ ദയാപുരസ്സരം സ്വീകരിച്ചു, കോട്ടയം വികാരിയാത്തിനെ പുനഃസ്ഥാപിക്കുകയും ഈ വികാരിയാത്തിനു നമ്മെ വികാരി അപ്പസ്തോലിക്കായായി നിയമിക്കുകയും ചെയ്തു എന്നുള്ള വിവരങ്ങളും മറ്റും നമ്മുടെ മുന്‍ 34, 35 നമ്പര്‍ പരസ്യങ്ങള്‍ വഴിയായി നാം നിങ്ങളെ അറിയിച്ചിട്ടുണ്ടല്ലോ. എന്നാല്‍ ഇപ്പോള്‍ അതു സംബന്ധിച്ചുള്ള തിരുവെഴുത്തുകള്‍ ഈ മാസം 12-ാം തീയതി നമ്മുടെ കൈവശം വന്നുചേര്‍ന്നിരിക്കുന്നു. ഈ തിരുവെഴുത്തുകളില്‍ പ്രകാരം ചങ്ങനാശേരി, എറണാകുളം എന്നിവയില്‍ വികാരിയാത്തുകളില്‍ ഉള്‍പ്പെട്ട തെക്കുംഭാഗം പള്ളികളെ ഈ പുതിയ കോട്ടയം വികാരിയാത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നുള്ള വിവരം സസന്തോഷം ഈ പരസ്യം മൂലം നാം നിങ്ങള്‍ ഏവരേയും തെര്യപ്പെടുത്തുന്നു.”ദൈവത്തിന്റെ അനുഗ്രഹങ്ങളെ ഞാന്‍ എന്നെന്നേക്കും പാടിസ്തുതിക്കും; സത്യത്തെ തലമുറതലമുറയോളം എന്റെ വായാല്‍ അറിയിക്കും.” Misericordias Domini in aeternum cantabo: in generationem et generationem annuntiabo veritatem tuam in ore meo.
(Psalm 88, v. 1, 2.) എന്നതിനെക്കൊണ്ടു വന്ദ്യ സഹോദരന്മാരെ! പ്രിയപ്പെട്ട മക്കളെ! ദൈവത്തിന്റെ അനിര്‍വാച്യമായ അനുഗ്രഹത്താലും വിശുദ്ധ സിംഹാസനത്തിന്റെ വലിയ മനോഗുണത്താലും നാം ഏവരുടേയും പ്രാര്‍ത്ഥനകളുടെ ഫലമായി ഈ പുതിയ അപ്പസ്തോലിക്ക വികാരിയാത്തും നിയമനവും ഉണ്ടായിരിക്കകൊണ്ടും, നിങ്ങള്‍ എല്ലാവരും ദൈവത്തോടും അങ്ങേ വിശുദ്ധ സഭയോടും, അതായത് മിശിഹായുടെ കാണപ്പെട്ട തലവനും വിശുദ്ധ പത്രോസിന്റെ അനന്തരവുമായിരിക്കുന്ന വിശുദ്ധ റോമാ മാര്‍പാപ്പായോടും വളരെ നന്ദിയും കൃതജ്ഞതയും ഉള്ളവരായിരിപ്പാന്‍ കടപ്പെട്ടിരിക്കുന്നു. ഈ നന്ദിയും കൃതജ്ഞതയും വായാല്‍ മാത്രമല്ല, പിന്നെയോ ഹൃദയത്തിലും സുകൃതവ്യാപാരംകൊണ്ടും ദൈവത്തിന്റെ നേരെയും അങ്ങേ വിശുദ്ധ സഭയുടെ നേരെയും നാം അനുവര്ത്തിക്കേണ്ടതാകുന്നു. അല്ലാത്തപക്ഷം, ”ഈ ജനം അവരുടെ നാവുകൊണ്ട് എന്നെ സ്തുതിക്കുന്നു. അവരുടെ ഹൃദയമോ എന്നാല്‍ എന്നില്‍നിന്ന് അകന്നിരിക്കുന്നു” എന്നുള്ള ദൈവശാസനയില് നാം ഉള്‍പ്പെടുന്നതാകുന്നു.
ആകയാല്‍, പ്രിയപ്പെട്ട മക്കളെ, ഹൃദയപുരസ്സരം അങ്ങേ സ്നേഹിക്കുന്ന വിശ്വാസികളെക്കുറിച്ച് നമ്മുടെ കര്ത്താവരുളിച്ചെയുന്നതെന്തെന്നാല്: ”എന്നെ സ്നേഹിക്കുന്നവന് എന്റെ പ്രമാണങ്ങളെ കാക്കുന്നു.” Oui habet mandata mea et servat ea ille est quid iligit me. Joan എന്നതിനേക്കൊണ്ടു ദൈവഭക്തിയാലും ദൈവസ്നേഹത്താലും പുണ്യജീവിതത്തിലും ദൈവഭജനത്തിലും, അയോഗ്യനെങ്കിലും നിങ്ങളില്‍ സ്നേഹമുള്ള മേല്‍പ്പട്ടക്കാരനായ നമ്മുടെ കല്‍പ്പനകളേയും ഉപദേശങ്ങളേയും അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിലും അടങ്ങിയിരിക്കുന്നു. അങ്ങേ വിശുദ്ധ സഭയുടെ തലവനായിരിക്കുന്ന വിശുദ്ധ മാര്‍പാപ്പായോടും നാം കൃതജ്ഞരും നന്ദിയുള്ളവരുമായിരിക്കുന്നു. ഇതു സംബന്ധിച്ച നമുക്കു അയച്ചുതരപ്പെട്ടിരിക്കുന്ന അപ്പസ്തോലിക്കാ തിരുവെഴുത്ത് ഈ വൃശ്ചികം മാസം ഇടയ്ക്കാട്ട് പള്ളിയില്‍ പരസ്യം ചെയ്യുന്നതാകുന്നു എന്ന് ഈ പരസ്യം മൂലം നാം എല്ലാവരെയും തെര്യപ്പെടുത്തുന്നു. ഇങ്ങനെ ദൈവത്തോടും നമ്മുടെ ഈ പുതിയ അപ്പസ്തോലിക്ക വികാരിയാത്തിനോടും നാം എല്ലാവരും കൃതജ്ഞതയുള്ളവരായിരിക്കേണ്ടതാകുന്നു.ചുരുങ്ങിയ ആയുഷ്ക്കാലത്തെ നിങ്ങളുടെ ഇടയില്‍ ദൈവരാജ്യത്തെയും ആത്മികവും ലൗകികവുമായ അഭിവൃദ്ധിയേയും നാള്‍ക്കുനാള്‍ വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി നാം നന്മനസ്സോടെ ദൈവത്തിനു ഭക്തിപുരസ്സരം പ്രതിഷ്ഠിക്കുന്നു.
പ്രിയ മക്കളെ, ശൈശവാവസ്ഥയില്‍ ഇരിക്കുന്ന നമ്മുടെ ഈ അപ്പസ്തോലിക്ക വികാരിയാത്തിനെ പുലര്ത്തിപ്പാലിപ്പാനുള്ള ഭാരവും ചുമതലയും നിങ്ങള്‍ എല്ലാവരുടെയും, ഓരോരുത്തരുടെയും മേലുമിരിക്കുന്നു എന്നു നാം വിശേഷാല്‍ പറയണമെന്നില്ലല്ലോ.”വാഴനാരായിരം ചേര്‍ത്താല്‍ തളയ്ക്കാം ആനയേയും” എന്നുള്ള സാരവത്തായ പഴഞ്ചൊല്ലിനെ നിങ്ങള്‍ ഓര്‍മ്മിക്കേണ്ടതാകുന്നു.
കടശിയായി, വന്ദ്യ സഹോദരരെ, പ്രിയപ്പെട്ട മക്കളെ! സര്‍വേശ്വരന്റെ നിരന്തര അനുഗ്രഹങ്ങളും അങ്ങേ കൃപാകടാക്ഷവും ഈ പുതിയ വികാരിയാത്തിന്മേലും നമ്മുടെ മേലും നിങ്ങളുടെ മേലും എപ്പോഴും ഉണ്ടായിരിപ്പാന് വേണ്ടി ഈ അപ്പസ്തോലിക്ക വികാരിയാത്തിനെ നമ്മുടെ കര്‍ത്താവീശോമിശിഹായുടെ തിരുഹൃദയത്തിനു്, അങ്ങേ പ്രിയ മാതാവും നമ്മുടെ പൂജിത നാഥയും അമ്മയുമായിരിക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ തൃക്കരങ്ങള്‍ വഴിയായി നാം ഭക്തിപുരസ്സരം സമര്‍പ്പിക്കുന്നു.കൂടാതെയും ഇതിനായി ടി മാസം -ാം ഞായറാഴ്ച നമ്മുടെ ആജ്ഞയ്ക്കു കീഴുള്ള എല്ലാ പള്ളികളിലും പാട്ടുകുര്‍ബാന പാടുകയും, ആയതിന്റെ ശേഷം വിശുദ്ധ കുര്‍ബാന കര്ക്കപ്പെട്ടിരിക്കുന്ന പള്ളികളില്‍ വിശുദ്ധ കുര്‍ബാന അരുളിക്കായില്‍ സ്ഥാപിച്ചുകൊണ്ടോ, സക്രാരി തുറന്നുവച്ചുകൊണ്ടോ മാതാവിന്റെ ലുത്തിനിയ ചൊല്ലുകയും, ഈശോയുടെ തിരുഹൃദയത്തിനു ഇടവക പ്രതിഷ്ഠാജപം ചെയ്യുകയും, കടശികുര്ബാനയുടെ വാഴ്ത്തു കൊടുക്കപ്പെടുകയും വേണം.
ഈ തിരുഹൃദയത്തിന്റെ നേരെ നിങ്ങള്‍ക്കു നാള്‍ക്കുനാള്‍ ഭക്തിവര്ദ്ധിപ്പിക്കുന്നതിനും, കരുണാസമുദ്രമായ അങ്ങേ തിരുഹൃദയം ഈ വിഷയത്തില്‍ നമുക്കു നല്‍കിയിരിക്കുന്ന വാക്കിലാങ്ങാത്ത മനോഗുണങ്ങള്ക്കിടവിടാതുള്ള സ്തോത്രനമസ്കാരം ചെയ്യുന്നതിനും വേണ്ടി മുന്പരസ്യത്തില് നാം പ്രസ്താവിച്ചിരിക്കും പ്രകാരം എല്ലാ ഒറ്റക്കുര്ബാനയുടെ ഒടുവിലുള്ള മൂന്നു നന്മനിറഞ്ഞ മറിയം മുതലായ നമസ്കാരങ്ങളുടെയും സ്ലോകങ്ങളുടെയും ശേഷം മൂന്നു പ്രാവശ്യം,
(പട്ടക്കാരന്‍): ”ഈശോയുടെ പരിശുദ്ധ ഹൃദയമേ!”
(ജനം): ”ഞങ്ങളുടെമേല്‍ അനുഗ്രഹിക്കണമേ.”
എന്നു ചൊല്ലുകയും വേണം; എന്നു നാം ആജ്ഞാപിച്ചുകൊണ്ടു നമ്മുടെ കര്‍ത്താവില്‍ നിങ്ങളെല്ലാവരെയും സ്നേഹപുരസ്സരം ആശീര്‍വദിക്കുന്നു.
ബാവായുടേയും പുത്രന്റെയും റൂഹാക്കുദിശായുടേയും നാമത്തില്‍ ആമ്മേന്‍.
കോട്ടയത്തു നമ്മുടെ ബംഗ്ലാവില്‍ നിന്ന്
1911 തുലാം 25
MATHEW MAKIL
Bishop, Vic. Ap. of Kottayam
