ക്നാനായ ആചാരങ്ങളിലും ചടങ്ങുകളിലും ഏറ്റവും സമ്പന്നവും വൈവിധ്യപൂര്‍ണവുമായവ വിവാഹവുമായി ബന്ധപ്പെട്ടവയാണ്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനംവരെ ക്നാനായരുടെ കെട്ടുകല്യാണം നാലുദിവസം നീണ്ടുനില്‍ക്കുന്ന വിവിധ ആചാരങ്ങളുടെയും ചടങ്ങുകളുടെയും സമുച്ചയമായാണ് ആഘോഷിച്ചിരുന്നതെന്ന് ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. അവയില്‍ പ്രധാനപ്പെട്ട ചില ആചാരങ്ങള്‍ താഴെ വിശദീകരിക്കുന്നു.
സ്വവംശവിവാഹനിഷ്ഠ
പൗരാണിക പാരമ്പര്യമനുസരിച്ച് തെക്കുംഭാഗ (ക്നാനായ) സമുദായാംഗങ്ങള്‍ സ്വവംശത്തില്‍പ്പെട്ടവരെ മാത്രമേ വിവാഹം കഴിക്കാറുള്ളു. ഈ സ്വവംശവിവാഹനിഷ്ഠ (Endogamy) തന്നെയാണ് ക്നാനായ സമുദായത്തിന്റെ അടിസ്ഥാനപരവും ഏറ്റവും പ്രധാനപ്പെട്ടതുമായ പാരമ്പര്യമായി കണക്കാക്കപ്പെടുന്നത്.
തെക്കുംഭാഗ സുറിയാനി ക്രൈസ്തവരുടെ ഈ പാരമ്പര്യം പോര്‍ച്ചുഗീസുകാരുടെ കേരളാഗമനകാലത്തുതന്നെ നിലവിലുണ്ടായിരുന്നുവെന്ന് ആദ്യകാല യൂറോപ്യന്‍ ചരിത്രകാരന്മാരായ റോസ് (Ros), ഗുവേയ (Gouvea), ദോ കൂത്തോ (Diogo do Couto) എന്നിവരുടെ രേഖകളില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയും. ഉദയംപേരൂര്‍ സൂനഹദോസിലൂടെ (1599) തെക്കുംഭാഗരെയും വടക്കുംഭാഗരെയും തമ്മില്‍ വിവാഹബന്ധത്തിലൂടെ ഏകീകരിക്കാന്‍ ഗോവയിലെ ആര്‍ച്ച് ബിഷപ്പ് ദോം അലക്‌സിസ് ദെ മെനേസിസ് നടത്തിയ ശ്രമങ്ങളും ചരിത്രത്തില്‍ പ്രസിദ്ധമാണ്. എന്നാല്‍, ഈ ശ്രമങ്ങള്‍ വിജയിച്ചില്ല.
1910-ല്‍ പ്രസിദ്ധീകരിച്ച പുരാതനപ്പാട്ടുകള്‍ എന്ന ഗ്രന്ഥത്തിന്റെ മുഖവുരയില്‍ പി. യു. ലൂക്കാസ് ഇപ്രകാരം രേഖപ്പെടുത്തുന്നു:
‘തെക്കുംഭാഗര്‍ തങ്ങളുടെ കുലത്തില്‍നിന്നല്ലാതെ അന്യവംശത്തില്‍നിന്ന് വിവാഹം നടത്തുവാന്‍ ഒരിക്കലും അനുവദിക്കുന്നില്ല. മാത്രമല്ല, അവരുടെ പാരമ്പര്യം ലംഘിച്ച് ആരെങ്കിലും അന്യസമുദായത്തില്‍നിന്ന് വിവാഹം കഴിക്കുകയാണെങ്കില്‍, ആ വ്യക്തിയെ സ്വന്തം വംശത്തില്‍നിന്ന് പുറത്താക്കുകയും ചെയ്യുന്നു.’
പാരമ്പര്യമനുസരിച്ച് തെക്കുംഭാഗ മാതാപിതാക്കളില്‍നിന്ന് ജനിക്കുന്നവര്‍ മാത്രമാണ് തെക്കുംഭാഗ സമുദായാംഗങ്ങളായി അംഗീകരിക്കപ്പെടുന്നത്. അതിനാല്‍ സമുദായത്തിന്റെ തുടര്‍ച്ചയ്ക്കും അതിന്റെ സവിശേഷമായ പാരമ്പര്യങ്ങള്‍, ആചാരങ്ങള്‍, ചടങ്ങുകള്‍, സാംസ്‌കാരിക സ്വത്വം എന്നിവയുടെ നിലനില്‍പ്പിനും സ്വവംശവിവാഹനിഷ്ഠ അനിവാര്യമാണ്. കഴിഞ്ഞ പതിനാറര നൂറ്റാണ്ടുകളായി ഈ പാരമ്പര്യം സമുദായത്തിന്റെ നിലനില്‍പ്പിന്റെ അടിസ്ഥാനശിലയായി തുടരുന്നത് ഇതുകൊണ്ടാണ്.
ഈ പാരമ്പര്യം മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നതല്ല; മറിച്ച്, സ്വന്തം സമുദായത്തിന്റെ നിലനില്‍പ്പിനുവേണ്ടി ക്നാനായര്‍ സ്വമേധയാ ഏറ്റെടുത്ത ഒരു സാമൂഹിക ഉത്തരവാദിത്വമായാണ് അതിനെ അവര്‍ മനസ്സിലാക്കുന്നത്. ആധുനിക സമൂഹത്തില്‍ ചിലര്‍ ഈ പാരമ്പര്യത്തെ വ്യക്തിസ്വാതന്ത്ര്യത്തിന് വിരുദ്ധമായോ കാലഹരണപ്പെട്ടതായോ വിലയിരുത്തുന്നുണ്ടെങ്കിലും, സമുദായത്തിന് പുറത്തുള്ള ഒരാളെ വിവാഹം ചെയ്യാന്‍ ഒരു വ്യക്തിക്ക് അവകാശമുള്ളതുപോലെ, സ്വന്തം സമുദായത്തില്‍നിന്ന് വിവാഹം കഴിക്കാനും സമുദായപാരമ്പര്യം സംരക്ഷിക്കാനും ക്നാനായ സമുദായാംഗങ്ങള്‍ക്കും തുല്യമായ അവകാശമുണ്ട്.
സമ്പത്തോ, വിദ്യാഭ്യാസമോ, തൊഴില്‍മികവോ, സൗന്ദര്യമോ കൂടുതലുള്ള ഒരാളെ സമുദായത്തിന് പുറത്തുനിന്ന് തിരഞ്ഞെടുക്കുന്നതിനുപകരം, സ്വന്തം സമുദായത്തിന്റെ പാരമ്പര്യവും നിലനില്‍പ്പും മുന്‍നിര്‍ത്തി സമുദായത്തിനുള്ളില്‍നിന്ന് ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നത് വ്യക്തിയുടെ സ്വതന്ത്ര തീരുമാനമാണ്. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന പാരമ്പര്യത്തെ സംരക്ഷിക്കാന്‍ പ്രതിബദ്ധത പുലര്‍ത്തുന്നവരെയും അതിന് പ്രാധാന്യം നല്‍കാതെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ മാത്രം പിന്തുടരുന്നവരെയും ഒരേ നിലയില്‍ കാണുന്നത് യുക്തിസഹമല്ലെന്ന നിലപാടാണ് സമുദായം സ്വീകരിക്കുന്നത്.
അതിനാല്‍, സമുദായത്തിനുള്ളില്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സമുദായാംഗത്വം നിലനിര്‍ത്താനും, സമുദായത്തിന് പുറത്തുള്ള വിവാഹം തിരഞ്ഞെടുക്കുന്നവര്‍ക്ക് ആ തിരഞ്ഞെടുപ്പ് നടത്താനുള്ള സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് സമുദായത്തില്‍നിന്ന് വേര്‍പിരിയാനും അവസരം നല്‍കുന്ന സമീപനമാണ് യഥാര്‍ഥ വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കുന്നതെന്ന നിലപാടാണ് ക്നാനായ പാരമ്പര്യം സ്വീകരിക്കുന്നത്.
പെണ്ണുകാണലും ഉറപ്പീരും
വിവാഹനിശ്ചയത്തിന്റെ ആദ്യഘട്ടമായി വരന്റെ കുടുംബം വധുവിന്റെ ഭവനത്തിലെത്തി പെണ്ണുകാണല്‍ നടത്തുന്നു. തുടര്‍ന്ന് വരന്റെ വീട്ടില്‍വെച്ച് ഉറപ്പീര് അഥവാ വിവാഹനിശ്ചയച്ചടങ്ങ് നടത്തപ്പെടുന്നു.
പുരാതനകാലത്ത് ഭൂരിഭാഗം വിവാഹങ്ങളും വളരെ ചെറുപ്പത്തില്‍ നിശ്ചയിക്കപ്പെട്ടിരുന്നതിനാല്‍ വിവാഹസംബന്ധമായ എല്ലാ തീരുമാനങ്ങളും മാതാപിതാക്കളും കുടുംബത്തിലെ കാരണവന്മാരും ബന്ധുക്കളുമാണ് എടുത്തിരുന്നത്. പലപ്പോഴും വധൂവരന്മാര്‍ ആദ്യമായി പരസ്പരം കാണുന്നത് ഒത്തുകല്യാണ ചടങ്ങിലോ കെട്ടുകല്യാണ ദിവസത്തിലോ ദൈവാലയത്തില്‍വെച്ചായിരുന്നു.
ക്നാനായ ആചാരങ്ങളിലും ചടങ്ങുകളിലും ഏറ്റവും സമ്പന്നവും വൈവിധ്യപൂര്‍ണവുമായവ വിവാഹവുമായി ബന്ധപ്പെട്ടവയാണ്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനംവരെ ക്നാനായരുടെ കെട്ടുകല്യാണം നാലുദിവസം നീണ്ടുനില്‍ക്കുന്ന വിവിധ ആചാരങ്ങളുടെയും ചടങ്ങുകളുടെയും സമുച്ചയമായാണ് ആഘോഷിച്ചിരുന്നതെന്ന് ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. അവയില്‍ പ്രധാനപ്പെട്ട ചില ആചാരങ്ങള്‍ താഴെ വിശദീകരിക്കുന്നു.
പന്തലിടീല്‍
ഈയടുത്ത കാലംവരെ കേരളത്തിലെ എല്ലാ സമുദായങ്ങളുടെയും വിവാഹാഘോഷങ്ങള്‍ വീട്ടുമുറ്റത്ത് പന്തലിട്ടാണ് നടത്തപ്പെട്ടിരുന്നത്. ക്നാനായ വിവാഹങ്ങളിലും പന്തല്‍ ഒരു അനിവാര്യഘടകമായിരുന്നു. വധുവിന്റെയും വരന്റെയും വീടുകളില്‍ പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം നിര്‍വഹിച്ചിരുന്നത് അവരുടെ അമ്മാച്ചന്മാര്‍ (മാതുലന്മാര്‍) ആയിരുന്നു. ക്നാനായര്‍ മാതുലനെ ‘അമ്മാച്ചന്‍’ അഥവാ ‘അച്ചന്‍’ എന്നാണ് അഭിസംബോധന ചെയ്യുന്നത്.
പന്തലിന്റെ ആദ്യകാലായി സാധാരണയായി പാല്‍ കറയുന്ന മരങ്ങളുടെ, പ്രത്യേകിച്ച് പ്ലാവിന്റെ, കമ്പാണ് നാട്ടുന്നത്. ഇത് ഐശ്വര്യത്തിന്റെയും സന്താനസമൃദ്ധിയുടെയും ദൈവാനുഗ്രഹത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെടുന്നു.
പുരാതനപ്പാട്ടുകളില്‍ വിവാഹപ്പന്തലിനെക്കുറിച്ച് മനോഹരമായ വര്‍ണനകള്‍ കാണാം. അവയില്‍ പന്തലിനെ ‘കര്‍പ്പൂരപ്പന്തല്‍’ എന്നാണ് വിശേഷിപ്പിക്കുന്നത്. ‘കര്‍പ്പൂരവാണി’ എന്ന പദത്തിന് ശബ്ദതാരാവലിയില്‍ ‘മനോഹരമായി സംസാരിക്കുന്നവള്‍’, ‘മനോഹരമായ വാക്ക്’ എന്നീ അര്‍ഥങ്ങള്‍ നല്‍കുന്നു. അതുപോലെ ‘കണ്ണിന് കര്‍പ്പൂരം’ എന്ന പ്രയോഗത്തിന് ‘കാഴ്ചയ്ക്ക് ആനന്ദകരം’ എന്ന അര്‍ഥവുമുണ്ട്. അതിനാല്‍ ‘കര്‍പ്പൂരപ്പന്തല്‍’ എന്നത് മനോഹരവും ശോഭനവുമായി അലങ്കരിക്കപ്പെട്ട വിവാഹപ്പന്തല്‍ എന്ന അര്‍ഥത്തില്‍ മനസ്സിലാക്കാം.
ഒത്തുകല്യാണം
ക്നാനായരുടെ വിവാഹനിശ്ചയച്ചടങ്ങാണ് ഒത്തുകല്യാണം. ഇതിനെ അരക്കല്യാണം എന്നും വിളിക്കാറുണ്ട്. സാധാരണയായി ഒത്തുകല്യാണത്തിനു ശേഷം കെട്ടുകല്യാണം മുടക്കമില്ലാതെ നടന്നിരുന്നതിനാല്‍ ‘പകുതി വിവാഹം’ എന്ന അര്‍ഥത്തിലാണ് ഈ പേര് വ്യാഖ്യാനിക്കപ്പെടുന്നത്.
എന്നാല്‍ മറ്റൊരു വ്യാഖ്യാനമനുസരിച്ച് ക്നാനായര്‍ രാജവംശപാരമ്പര്യമുള്ളവരാണെന്ന വിശ്വാസവുമായി ബന്ധപ്പെട്ടാണ് ‘അര’ എന്ന പ്രയോഗം ഉണ്ടായതെന്നും കരുതപ്പെടുന്നു. ‘അരമന’, ‘അരയാല്‍’, ‘അരയന്നം’ തുടങ്ങിയ പദങ്ങളിലെ ‘അര’ എന്നത് രാജകീയതയെ സൂചിപ്പിക്കുന്നതുപോലെ, ‘അരക്കല്യാണം’ എന്ന പേരും അതേ പശ്ചാത്തലത്തില്‍ രൂപപ്പെട്ടതാകാമെന്ന അഭിപ്രായവും ഉണ്ട്.
പി. യു. ലൂക്കാസിന്റെ അഭിപ്രായത്തില്‍, വിവാഹതീരുമാനങ്ങള്‍ കുടുംബത്തിലെ കാരണവന്മാര്‍ മാത്രമാണ് എടുത്തിരുന്നത്. വിവാഹത്തിനു മുമ്പ് വധൂവരന്മാരുടെ അഭിപ്രായം ചോദിക്കുന്ന പതിവില്ലാതിരുന്നതിനാല്‍, അവര്‍ ആദ്യമായി പരസ്പരം കാണുന്നതും സമ്മതം അറിയിക്കുന്നതും സാധാരണയായി ഒത്തുകല്യാണച്ചടങ്ങില്‍ ദൈവാലയത്തില്‍വെച്ചായിരുന്നു.
ക്നാനായ കത്തോലിക്കരുടെ ഇടയില്‍ പുരോഹിതന്റെ സാന്നിധ്യത്തില്‍ ദൈവാലയത്തില്‍വെച്ച് ഇരുകുടുംബങ്ങളിലെയും പേരപ്പന്മാര്‍ (പിതൃസഹോദരന്മാര്‍) പരസ്പരം കൈപിടിച്ചാണ് വിവാഹം ഉറപ്പിക്കുന്നത്. ക്നാനായ യാക്കോബായ വിഭാഗത്തില്‍ വധൂവരന്മാര്‍ ഒത്തുകല്യാണച്ചടങ്ങില്‍ പങ്കെടുക്കാറില്ല; അവരുടെ പേരപ്പന്മാര്‍ മാത്രമാണ് പുരോഹിതന്റെ മുമ്പാകെ വിവാഹം ഉറപ്പിക്കുന്നത്.
വിവാഹം നിയമപരമായി രണ്ട് വ്യക്തികളുടെ ഐക്യമാണെങ്കിലും, ക്നാനായ പാരമ്പര്യത്തില്‍ അത് രണ്ട് കുടുംബങ്ങളുടെ ബന്ധനമായും കണക്കാക്കപ്പെടുന്നു. അതിനാല്‍ നിശ്ചിതദിവസം നിശ്ചിതരീതിയില്‍ വിവാഹം നടത്തിക്കൊള്ളാമെന്ന് ഇരുകുടുംബങ്ങളെയും പ്രതിനിധീകരിച്ച് കാരണവന്മാര്‍ സഭയുടെയും സമൂഹത്തിന്റെയും മുമ്പാകെ വാക്കുനല്‍കുന്നു.
ഒത്തുകല്യാണച്ചടങ്ങിനുശേഷം വീട്ടിലെ പന്തലില്‍ സദ്യ നടത്തപ്പെടുന്നു. മണവാട്ടിയുടെ അമ്മാച്ചന്‍, മണവാളന്റെ അമ്മാച്ചന് കിണ്ടിയില്‍ വെള്ളമൊഴിച്ച് കൈകഴുകിക്കൊടുക്കുന്നതോടെ സദ്യ ആരംഭിക്കുന്നു. പ്രത്യേകമായി തയ്യാറാക്കിയ കോഴിത്തുടയാണ് ആദ്യം വിളമ്പുന്നത്. തുടര്‍ന്ന് അത് പന്തലില്‍ സന്നിഹിതരായ എല്ലാവര്‍ക്കും പങ്കുവെക്കുകയും ഓരോരുത്തരും അതില്‍നിന്ന് അല്പം വീതം കഴിക്കുകയും ചെയ്യുന്നു. ഇത് ഐക്യത്തിന്റെയും കുടുംബബന്ധത്തിന്റെയും പങ്കുവെച്ച അനുഗ്രഹത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെടുന്നു.
ഇലയുടെ അറ്റം കീഴോട്ട് മടക്കിവയ്ക്കല്‍
ഭക്ഷണം കഴിക്കുമ്പോള്‍ വാഴയിലയുടെ ഇടതുവശത്തെ അറ്റം കീഴോട്ട് മടക്കിവയ്ക്കുന്ന ആചാരം ക്നാനായരുടെ സവിശേഷ പാരമ്പര്യങ്ങളിലൊന്നാണ്. ക്നായിത്തോമ്മായ്ക്ക് ലഭിച്ചതായി വിശ്വസിക്കപ്പെടുന്ന എഴുപത്തിരണ്ടര അവകാശങ്ങളില്‍ ഉള്‍പ്പെട്ട അരപ്പദവിയുടെ സ്മരണയാണ് ഈ ആചാരമെന്ന് പാരമ്പര്യം പറയുന്നു.
പാണന്‍പാട്ടില്‍ വിവരിക്കുന്ന ഐതിഹ്യമനുസരിച്ച്, പുരാതനകാലത്ത് രണ്ട് വാഴയിലയില്‍ ഭക്ഷണം കഴിക്കാനുള്ള അവകാശം രാജാക്കന്മാര്‍ക്കും പ്രഭുക്കന്മാര്‍ക്കും ബ്രാഹ്‌മണര്‍ക്കും മാത്രമായിരുന്നു. രാജാവ് ഈ അവകാശം ക്നായിത്തോമ്മായ്ക്കും നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഉയര്‍ച്ചയില്‍ അസൂയപ്പെട്ട ചിലര്‍ രാജാവിന്റെ അഭാവത്തില്‍ തോമ്മായ്ക്ക് രണ്ടാമത്തെ ഇല നല്‍കാതെ അപമാനിക്കാന്‍ ശ്രമിച്ചു.
അപ്പോള്‍ ബുദ്ധിശാലിയായ ക്നായിത്തോമ്മാ ലഭിച്ച ഒറ്റ ഇല രണ്ടായി മടക്കി അതില്‍ ഭക്ഷണം കഴിച്ചു. ഈ വിവരം അറിഞ്ഞ രാജാവ്, ഇല മടക്കി ഭക്ഷണം കഴിക്കുന്ന അവകാശം ക്നായിത്തോമ്മായ്ക്കും അദ്ദേഹത്തിന്റെ സന്തതികള്‍ക്കും ശാശ്വതമായി അനുവദിച്ചുവെന്നാണ് ഐതിഹ്യം.
അതിനാല്‍ ഇലയുടെ അറ്റം മടക്കിവയ്ക്കുന്ന ഈ ആചാരം ക്നായിത്തോമ്മായുടെ ബുദ്ധിവൈഭവത്തെയും ക്നാനായ സമുദായത്തിന് ലഭിച്ചിരുന്ന രാജകീയ ബഹുമതികളെയും ഇന്നും അനുസ്മരിപ്പിക്കുന്ന സാംസ്‌കാരിക പ്രതീകമായി തുടരുന്നു.
സ്ത്രീധനം നല്‍കല്‍
ഒത്തുകല്യാണസദ്യയ്ക്കുശേഷം തറയില്‍ തഴപ്പായ വിരിച്ച് നിലവിളക്ക് കൊളുത്തി എല്ലാവരും ചേര്‍ന്ന് പ്രാര്‍ത്ഥിക്കുന്നു. തുടര്‍ന്ന് മുന്‍കൂട്ടി നിശ്ചയിച്ച സ്ത്രീധനം അഥവാ കുടുംബധനം പിതൃസഹോദരന്മാര്‍ എല്ലാവരെയും സാക്ഷിയാക്കി പരസ്പരം കൈമാറുന്നു.
ഈ ആചാരത്തെ വിലയിരുത്തേണ്ടത്, ഇന്നത്തെ സ്ത്രീധനസമ്പ്രദായത്തെക്കുറിച്ചുള്ള ധാരണകളുടെ അടിസ്ഥാനത്തിലല്ല; മറിച്ച് നൂറ്റാണ്ടുകള്‍ക്കുമുമ്പുണ്ടായിരുന്ന സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ്. കുടുംബസ്വത്തായ ഭൂമി ചെറുതായി വിഭജിക്കപ്പെടുകയോ അന്യാധീനപ്പെടുകയോ ചെയ്യാതിരിക്കാനാണ് സ്ഥാവരസ്വത്തുക്കള്‍ പ്രധാനമായും ആണ്‍മക്കള്‍ക്ക് കൈമാറിയിരുന്നതെന്ന് കരുതപ്പെടുന്നു.
ക്നാനായ പാരമ്പര്യമനുസരിച്ച് വിവാഹശേഷം സ്ത്രീകള്‍ ഭര്‍ത്താവിന്റെ കുടുംബത്തിലേക്കാണ് താമസം മാറിയിരുന്നത്. കുടുംബസ്വത്തിന്റെ വിഭജനം സാധാരണയായി കുടുംബനാഥന്റെ വാര്‍ദ്ധക്യത്തിലോ മരണശേഷമോ മാത്രമാണ് നടന്നിരുന്നത്. പെണ്‍മക്കള്‍ക്കും ഭൂസ്വത്ത് തന്നെയായിരുന്നു അവകാശമായി നല്‍കിയിരുന്നതെങ്കില്‍ കുടുംബസ്വത്ത് കൂടുതല്‍ ഭാഗങ്ങളായി വിഭജിക്കപ്പെടുകയും, ദൂരദേശങ്ങളില്‍ താമസിക്കുന്ന മരുമക്കള്‍ വഴി അത് അന്യാധീനപ്പെടാനുള്ള സാധ്യതയും വര്‍ധിക്കുമായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ആണ്‍മക്കള്‍ക്ക് സ്ഥാവരസ്വത്തുക്കളും പെണ്‍മക്കള്‍ക്ക് ജംഗമസ്വത്തുക്കളും നല്‍കുന്ന ഒരു അലിഖിത സാമൂഹികക്രമം തെക്കുംഭാഗ സമുദായത്തില്‍ രൂപപ്പെട്ടത്. വിവാഹത്തോടനുബന്ധിച്ച് സ്വര്‍ണം, വെള്ളിയാഭരണങ്ങള്‍, പണം, ഗൃഹോപകരണങ്ങള്‍ തുടങ്ങിയ ജംഗമസ്വത്തുക്കള്‍ പെണ്‍വീട്ടുകാര്‍ നല്‍കുമായിരുന്നു. പുതുതായി രൂപംകൊള്ളുന്ന കുടുംബത്തിന്റെ പ്രാരംഭ മൂലധനമായി ഇവ പ്രവര്‍ത്തിച്ചു. അതേസമയം, ഭൂസ്വത്തും മറ്റ് സ്ഥാവര ആസ്തികളും ആണ്‍വീട്ടുകാര്‍ നല്‍കുന്നതിലൂടെ കുടുംബത്തിന്റെ സ്ഥിരമായ സാമ്പത്തിക അടിത്തറ ഉറപ്പാക്കപ്പെടുകയും ചെയ്തു.
അന്തംചാര്‍ത്ത് / ചന്തംചാര്‍ത്ത്
തെക്കുംഭാഗ സമുദായത്തില്‍ വിവാഹത്തലേന്നാള്‍ രാത്രി വരന്റെ ഭവനത്തില്‍ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആചാരമാണ് അന്തംചാര്‍ത്ത്, അഥവാ ചന്തംചാര്‍ത്ത്.
‘അന്തവും കുന്തവുമില്ല’ എന്ന പ്രയോഗത്തിലെ അന്തം എന്ന വാക്കിന് അറിവ്, വിവേകം, സാമാന്യബോധം എന്നീ അര്‍ഥങ്ങളുണ്ട്. അതിനാല്‍, വിവാഹജീവിതത്തിന് ആവശ്യമായ മാനസികവും ശാരീരികവുമായ പക്വത വരന് കൈവന്നുവെന്ന സമൂഹത്തിന്റെ ഔപചാരിക അംഗീകാരമായാണ് ഈ ചടങ്ങിനെ കാണുന്നത്. ഭര്‍ത്താവും കുടുംബനാഥനുമാകാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനുള്ള അവസാനഘട്ട ഒരുക്കമായും ഇതിനെ വ്യാഖ്യാനിക്കാം. പണ്ടുകാലത്ത് വളരെ ചെറുപ്പത്തില്‍ വിവാഹങ്ങള്‍ നടന്നിരുന്നതിനാല്‍, ഈ ചടങ്ങിന് പ്രത്യേക സാമൂഹിക പ്രസക്തിയുണ്ടായിരുന്നു. പ്രായപൂര്‍ത്തിയുമായി ബന്ധപ്പെട്ട് ലോകത്തിന്റെ വിവിധ സംസ്‌കാരങ്ങളില്‍ കാണപ്പെടുന്ന Rite of Passage എന്ന ആചാരത്തിന്റെ പ്രാദേശിക രൂപമായും അന്തംചാര്‍ത്തിനെ കാണാം.
ഈ ചടങ്ങ് ചന്തംചാര്‍ത്ത് എന്ന പേരിലും അറിയപ്പെടുന്നു. വിവാഹത്തിന്റെ തലേന്ന് രാത്രിയിലാണ് വരന്റെ ആദ്യക്ഷൗരം നടത്തപ്പെട്ടിരുന്നത്. ക്ഷുരകന്‍ എണ്ണതേച്ച് കുളിപ്പിക്കുകയും മുഖം ക്ഷൗരം ചെയ്യുകയും ചെയ്തിരുന്നതിനാല്‍, വരനെ സൗന്ദര്യത്തോടെ അലങ്കരിക്കുന്ന ചടങ്ങ് എന്ന അര്‍ഥത്തില്‍ ചന്തംചാര്‍ത്ത് എന്ന പേരും പ്രചാരത്തിലായി. വധുവിന്റെ വീട്ടില്‍ നടക്കുന്ന മൈലാഞ്ചിയിടീല്‍ ചടങ്ങ് ആന്തരിക ശുദ്ധിയുടെയും സൗന്ദര്യത്തിന്റെയും പ്രതീകമാണെങ്കില്‍, അന്തംചാര്‍ത്തും ചന്തംചാര്‍ത്തും യഥാക്രമം ആന്തരിക പക്വതയുടെയും ബാഹ്യ സൗന്ദര്യത്തിന്റെയും പ്രതീകങ്ങളായി പരസ്പരപൂരകമായി നിലകൊള്ളുന്നു.
പ്രത്യേകം ഒരുക്കിയ പന്തലില്‍ കാരണവന്മാരുടെ മേല്‍നോട്ടത്തിലാണ് ചടങ്ങ് നടക്കുന്നത്. കത്തിച്ച നിലവിളക്കിന്റെ മുമ്പില്‍ സന്ധ്യാപ്രാര്‍ത്ഥന ചൊല്ലിയശേഷമാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. വരന്റെ സഹോദരി വിരിച്ച പായയിലും അതിന്മേല്‍ ഒരുക്കിയ പാവാടയിലും (കരിമ്പടത്തിനുമുകളില്‍ വെള്ളശീല വിരിച്ച ഇരിപ്പിടം) വരനെ ഇരുത്തുന്നു.
തുടര്‍ന്ന് ക്ഷുരകന്‍ പന്തലില്‍ പ്രവേശിച്ച് സമൂഹത്തോട് മൂന്നു പ്രാവശ്യം ഇപ്രകാരം ചോദിക്കുന്നു:
‘പതിനേഴു പരിഷയ്ക്കുമേല്‍ മാളോരോടു ചോദിക്കുന്നു; മണവാളച്ചെക്കനെ അന്തം ചാര്‍ത്തട്ടെ?’
ചേരമാന്‍ പെരുമാളില്‍നിന്ന് ക്നായിത്തൊമ്മന് ലഭിച്ച അവകാശങ്ങളുടെ സ്മരണയാണ് ഈ ചോദ്യം. ആദ്യത്തെ രണ്ട് പ്രാവശ്യം ‘കേട്ടില്ല’ എന്ന മറുപടി നല്‍കുകയും മൂന്നാമത്തെ പ്രാവശ്യം സമൂഹം അനുമതി നല്‍കുകയും ചെയ്യുന്നു. ഒരു കാര്യം മൂന്നുവട്ടം ചോദിക്കുന്ന ഈ ആചാരം സുറിയാനി ആരാധനാപാരമ്പര്യത്തിലും സമൂഹജീവിതത്തിലും പ്രാധാന്യമുള്ളതാണ്. സമൂഹത്തിന്റെ വ്യക്തമായ അംഗീകാരം ഉറപ്പാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
അനുമതി ലഭിച്ചതിനുശേഷം ക്ഷുരകന്‍ വരന്റെ മുടി വെട്ടുകയും ക്ഷൗരം ചെയ്യുകയും തലയില്‍ എണ്ണ തേക്കുകയും ചെയ്യുന്നു. ഈ സമയത്ത് അന്തംചാര്‍ത്തുപാട്ട് ആലപിക്കുന്നു. വിവാഹവുമായി ബന്ധപ്പെട്ട പ്രധാന ആചാരങ്ങളെയും അനുഗ്രഹങ്ങളെയും അനുസ്മരിക്കുന്ന ഗാനമാണിത്.
ചടങ്ങിന്റെ അവസാനം അളിയന്‍ (സഹോദരീഭര്‍ത്താവ്) വരനെ കുളിപ്പിക്കാന്‍ കൂട്ടിക്കൊണ്ടുപോകുന്നതോടെ അന്തംചാര്‍ത്ത് സമാപിക്കുന്നു. തുടര്‍ന്ന് മറ്റ് ആചാരഗാനങ്ങളും ആലപിക്കുന്നു. പാവാടയുടെ ഭാഗമായ വെള്ളമുണ്ട് ക്ഷുരകന്റെ അവകാശമായിരുന്നുവെന്നും, അദ്ദേഹത്തിന് മറ്റ് സമ്മാനങ്ങളും നല്‍കുന്ന പതിവുണ്ടായിരുന്നുവെന്നും പാരമ്പര്യം രേഖപ്പെടുത്തുന്നു.
മൈലാഞ്ചിയിടീല്‍
വിവാഹത്തലേന്നാള്‍ രാത്രി വധുവിന്റെ വീട്ടില്‍ നടത്തുന്ന പ്രധാന ചടങ്ങാണ് മൈലാഞ്ചിയിടീല്‍. പ്രാര്‍ത്ഥനയ്ക്കുശേഷം പന്തലില്‍ ഒരുക്കിയ പാവാടയില്‍ വധുവിനെ ജ്യേഷ്ഠസഹോദരി ഇരുത്തുന്നു. തുടര്‍ന്ന് മൈലാഞ്ചിയില അരച്ച്, പിതൃവഴിയിലെ വല്യമ്മയും പിതൃസഹോദരിമാരും ചേര്‍ന്ന് വധുവിന്റെ ഉള്ളംകൈകളിലും കാലുകളിലും നഖങ്ങളിലുമായി പുരട്ടുന്നു. ഈ ചടങ്ങിനിടെ മൈലാഞ്ചിപ്പാട്ട് ആലപിക്കുന്നു.
കേരളത്തിനകത്തും പുറത്തും പല സമുദായങ്ങളിലും മൈലാഞ്ചി പുരട്ടുന്ന പതിവുണ്ടെങ്കിലും, തെക്കുംഭാഗ സുറിയാനി ക്രിസ്ത്യാനികളുടെ മൈലാഞ്ചിയിടീല്‍ അതിന്റെ ആത്മീയ അര്‍ഥത്താല്‍ വ്യത്യസ്തമാണ്. സൗന്ദര്യവര്‍ധനവിനപ്പുറം, ആത്മശുദ്ധിയുടെയും പാപമോചനത്തിന്റെയും പ്രതീകമായാണ് ഈ ചടങ്ങ് കണക്കാക്കപ്പെടുന്നത്.
ബൈബിള്‍ പ്രകാരം (ഉല്‍പത്തി 3) ആദിമനുഷ്യരായ ആദവും ഹവ്വായും ചെയ്ത പാപത്തിലൂടെയാണ് ലോകത്തില്‍ പാപം പ്രവേശിച്ചത്. അതിന്റെ പ്രതീകാത്മക സ്മരണയായി പാപത്തിന്റെ ഉപകരണങ്ങളായ കൈ, കാല്‍, നഖം എന്നിവ മൈലാഞ്ചി പുരട്ടി ശുദ്ധീകരിക്കുന്നതായാണ് ചടങ്ങിന്റെ ആശയം. ഈ സന്ദര്‍ഭത്തില്‍ പാടുന്ന വരികള്‍:
കയ്യാലെ കായും പറിച്ചോരു കാരണം
കൈപ്പുടം തന്നില്‍ പൊതിയുന്നു മൈലാഞ്ചി.
കാലാല്‍ നടന്നു കനി തിന്ന കാരണം
കാല്‍നഖം തന്നില്‍ പൊതിയുന്നു മൈലാഞ്ചി.
അസ്ഥിമേല്‍ മണ്ണു പൊതിഞ്ഞതിന്റെ കാരണം
കൈപ്പുടം തന്നില്‍ പൊതിയുന്നു മൈലാഞ്ചി.
(മൈലാഞ്ചിപ്പാട്ട്)
പാപത്തിന്റെ ഫലമായി ആദിമനുഷ്യര്‍ക്ക് ഉണ്ടായ പേടിയും നാണവും കാരണം അവര്‍ മരത്തിന്റെ പിന്നില്‍ ഒളിക്കേണ്ടിവന്നുവെന്ന ബൈബിള്‍ വിവരണവും ഈ പാട്ടില്‍ പ്രതിഫലിക്കുന്നു:
മാമരമൂട്ടില്‍ ഒളിച്ചോരു കാരണം
ഇന്നിങ്ങു പിള്ളേരൊളിച്ചു നടക്കയും.
(മൈലാഞ്ചിപ്പാട്ട്)
ഇച്ചപ്പാട് നല്‍കല്‍
വരനും വധുവും താന്താങ്ങളുടെ വീടുകളില്‍ കുളികഴിഞ്ഞ് പന്തലില്‍ തിരിച്ചെത്തി ഇരിക്കുമ്പോഴാണ് ഇച്ചപ്പാട് നല്‍കല്‍ ചടങ്ങ് നടക്കുന്നത്. ഈ ചടങ്ങിനായി പ്രത്യേകമായി തയ്യാറാക്കുന്ന വെണ്‍പാച്ചോറും ചക്കരയും, വായ് ശുചിയാക്കുന്നതിനുള്ള കിണ്ടിയും കോളാമ്പിയും എന്നിവ വധൂവരന്മാരുടെ സഹോദരിമാര്‍ പന്തലിലേക്ക് കൊണ്ടുവരുന്നു.
ഗവേഷകനായ പി. എം. ജോണ്‍ പുല്ലാപ്പള്ളിയുടെ അഭിപ്രായത്തില്‍, വെണ്‍പാച്ചോര്‍ ക്നാനായ പൂര്‍വികര്‍ സ്വദേശത്ത് ഉപയോഗിച്ചിരുന്ന ഒരു വിശിഷ്ട വിഭവത്തിന്റെ കേരളീയ രൂപാന്തരമാണ്.
പേരപ്പന്‍മാര്‍ തലയില്‍ ഞെട്ടും വാലുമിട്ട തലക്കെട്ട് ധരിച്ച്, ”മണവാളച്ചെക്കന്‍ / പെണ്ണിന് ഇച്ചപ്പാട് നല്‍കട്ടെ” എന്ന് സഭയോട് മൂന്നു പ്രാവശ്യം ചോദിച്ച് അനുമതി നേടിയശേഷമാണ് ചടങ്ങ് ആരംഭിക്കുന്നത്. തുടര്‍ന്ന് കിണ്ടിയും കോളാമ്പിയും ഉപയോഗിച്ച് വധൂവരന്മാരുടെ വായ് ശുചിയാക്കി, വെണ്‍പാച്ചോറും ചക്കരയും ചേര്‍ത്ത് ചെറിയ ഉരുളകളാക്കി മൂന്നു പ്രാവശ്യം വായില്‍ വെച്ചുകൊടുക്കുന്നു.
ഇച്ചപ്പാട് നല്‍കുമ്പോള്‍ ഇടതുകൈ കൊണ്ട് വലതുകൈമുട്ട് പിടിക്കുന്നത് ഒരു ചടങ്ങ്-ക്രമമാണ്. ഭക്ഷണശേഷം വീണ്ടും കിണ്ടിയും കോളാമ്പിയും ഉപയോഗിച്ച് വായ് കഴുകി വൃത്തിയാക്കുന്നു. സാധാരണയായി പിതൃസ്ഥാനീയരായ ഒരാളോ മൂന്നുപേരോ മാത്രമാണ് ഈ കര്‍മം നിര്‍വഹിക്കുന്നത്.
ഈ ചടങ്ങ് പുതുവിവാഹിതര്‍ക്ക് കുടുംബത്തിന്റെ അനുഗ്രഹവും സമൃദ്ധിയും ദീര്‍ഘായുസ്സും ആശംസിക്കുന്ന ഒരു പ്രതീകാത്മക ആചാരമായി കണക്കാക്കപ്പെടുന്നു.
ഞെട്ടും വാലുമിട്ടുള്ള തലക്കെട്ട്
ക്നാനായരുടെ ഏറ്റവും സവിശേഷമായ പാരമ്പര്യചിഹ്നങ്ങളിലൊന്നാണ് ഞെട്ടും വാലുമിട്ടുള്ള തലക്കെട്ട്. കസവുശീലയോ തോര്‍ത്തോ മടക്കി തലയ്ക്ക് ചുറ്റും കെട്ടുമ്പോള്‍, അതിന്റെ രണ്ട് അറ്റങ്ങളും മുകളിലേക്ക് ഉയര്‍ന്നുനില്‍ക്കുന്ന പ്രത്യേക രീതിയിലാണ് ഇത് ധരിക്കുന്നത്. ഈ രീതിയിലുള്ള തലക്കെട്ട് ക്നാനായ സമൂഹത്തിന്റെ തനത് സാംസ്‌കാരിക അടയാളമായി കണക്കാക്കപ്പെടുന്നു.
സംഘമായി പുരാതനപ്പാട്ടുകള്‍ ആലപിക്കുമ്പോഴും, മാര്‍ഗംകളി പോലുള്ള കലാപരിപാടികളിലും, കൃഷിപ്പണിക്കിടയിലും ഈ തലക്കെട്ട് ധരിച്ചിരുന്നതായി കാണപ്പെടുന്നു. പ്രത്യേകിച്ച്, വിവാഹച്ചടങ്ങുകളിലും മറ്റ് ആചാരപരമായ ചടങ്ങുകളിലും സഭയോടോ സമൂഹത്തോടോ ഔപചാരികമായി ചോദ്യം ചോദിക്കുന്നവര്‍ നിര്‍ബന്ധമായും ഈ തലക്കെട്ട് ധരിച്ചിരിക്കും. അതിനാല്‍, ഇത് വെറും വേഷഭൂഷയല്ല; സമൂഹത്തിന്റെ പാരമ്പര്യവും അധികാരവും ചടങ്ങുകളുടെ ഔചിത്യവും പ്രതിനിധാനം ചെയ്യുന്ന ഒരു പ്രതീകമാണ്.
താലികൊണ്ടുവരല്‍
വിവാഹച്ചടങ്ങിന് മുമ്പ് വരന്റെ വീട്ടില്‍ നടക്കുന്ന പ്രധാന ആചാരങ്ങളിലൊന്നാണ് താലികൊണ്ടുവരല്‍. സ്വര്‍ണപ്പണിക്കാരനായ തട്ടാന്‍ (സ്വര്‍ണക്കാരന്‍) പ്രത്യേകം നിര്‍മിച്ച താലി കൊണ്ടുവന്ന്, അരി നിറച്ച തട്ടില്‍ വെറ്റിലയുടെ മുകളില്‍ വച്ച് സമര്‍പ്പിക്കുന്നു. തുടര്‍ന്ന് വരന്റെ സഹോദരി അത് ആദരപൂര്‍വം സ്വീകരിക്കുകയും തട്ടാന് യോജിച്ച പ്രതിഫലവും നല്‍കുകയും ചെയ്യുന്നു.
ക്നാനായരുടെ താലി രൂപഭംഗിയിലും പ്രതീകാത്മകതയിലും സവിശേഷമാണ്. വീതി കുറഞ്ഞ് നീളം കൂടിയ ആലിലയുടെ ആകൃതിയിലുള്ള താലിയില്‍ 21 അരിമ്പുകള്‍ (മൊട്ടുകള്‍) ചേര്‍ന്ന ഒരു കുരിശ് ആലേഖനം ചെയ്തിരിക്കും. മൂന്ന്, ഏഴ് എന്നീ വിശുദ്ധ സംഖ്യകളുടെ ഗുണിതമായ 21, പരിശുദ്ധ ത്രിത്വത്തെയും ആത്മീയ പൂര്‍ണതയെയും സൂചിപ്പിക്കുന്ന പ്രതീകമായി വ്യാഖ്യാനിക്കപ്പെടുന്നു.
വിവാഹദിവസം താലി കോര്‍ക്കുന്നതിനുള്ള ചരട് മന്ത്രകോടിയില്‍നിന്ന് എടുത്ത ഏഴ് നൂലുകള്‍ മൂന്നായി മടക്കി വരന്റെ സഹോദരി തന്നെ പിരിച്ചുണ്ടാക്കുന്നതാണ്. ഈ ചരട് കുടുംബബന്ധത്തിന്റെയും വിശ്വാസപാരമ്പര്യത്തിന്റെയും തുടര്‍ച്ചയെ പ്രതിനിധീകരിക്കുന്നതായി കണക്കാക്കപ്പെടുന്നു.
രംഗകലകള്‍
പരമ്പരാഗത ക്നാനായ വിവാഹാഘോഷങ്ങള്‍ ആചാരങ്ങളില്‍ മാത്രമല്ല, സമ്പന്നമായ കലാപാരമ്പര്യത്തിലും ശ്രദ്ധേയമായിരുന്നു. അപ്പന്‍വീട്ടുകാരും അമ്മവീട്ടുകാരും, പുരുഷന്മാരും സ്ത്രീകളും വേര്‍തിരിഞ്ഞോ ഒന്നിച്ചോ സംഘങ്ങളായി ചേര്‍ന്ന് വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചിരുന്നു.
പുരാതനപ്പാട്ടുകളുടെ ആലാപനം, പാണന്‍പാട്ട്, മാര്‍ഗംകളി, വട്ടക്കളി, പരിചമുട്ടുകളി തുടങ്ങിയ കലാരൂപങ്ങള്‍ വിവാഹാഘോഷത്തിന്റെ പ്രധാന ആകര്‍ഷണങ്ങളായിരുന്നു. ഇവ വെറും വിനോദമല്ല; ക്നാനായരുടെ ചരിത്രവും വിശ്വാസവും കുടുംബപാരമ്പര്യവും തലമുറകളിലേക്ക് കൈമാറുന്ന സാംസ്‌കാരിക മാധ്യമങ്ങളുമായിരുന്നു.
