ആമുഖം
തെക്കുംഭാഗപുരാതനപ്പാട്ടുകളുടെ ഭാഗമല്ലെങ്കിലും തെക്കുംഭാഗരെ സംബന്ധിച്ച് പുരാതനപ്പാട്ടുകള്‍ പോലെതന്നെ പ്രാധാന്യം അര്‍ഹിക്കുന്ന, തെക്കുംഭാഗവിവാഹാചാരങ്ങളുടെ ഭാഗമായ, ക്നായിത്തോമ്മായെക്കുറിച്ച് വളരെയധികം വിവരങ്ങള്‍ നല്കാന് പര്യാപ്തമായ ഒരു പാട്ടുംപാടി ഒരു ഹിന്ദുസമൂഹം നമ്മുടെയിടയില്‍ ജീവിച്ചിരിപ്പുണ്ടായിരുന്നു. ഡോ. പി.ജെ. തോമസും ഡോ. ജേക്കബ് വെള്ളിയാനുമൊക്കെ പാണന്മാരെ തേടിപ്പിടിച്ച് കണ്ടെത്തി ഈ പാട്ട് രേഖപ്പെടുത്തിയതിലൂടെ സാഹിത്യപരമായും സാംസ്കാരികപരമായും ചരിത്രപരമായും ഒരു നിധികുംഭം തന്നെയാണ് കൈരളിക്ക് സമ്മാനിച്ചത്. ഈ പാട്ടിന്റെ ചരിത്ര, സാംസ്കാരിക, സാമുദായിക പ്രാധാന്യം വ്യക്തമാക്കാനാണ് ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്.
പാണന്‍പാട്ടുകള്‍
ലിഖിതരേഖകളുടെ വലിയ അഭാവം നേരിടുന്ന കേരള ചരിത്രഭൂമികയില്‍ പലപ്പോഴും സഹായത്തിനെത്തുന്നത് പ്രാചീന പാരമ്പര്യങ്ങളുടെ വായ്മൊഴി രൂപങ്ങളും നാടോടിഗാനങ്ങളുമാണ്. അവയില്‍ മുഖ്യസ്ഥാനമര്‍ഹിക്കുന്ന കേരളത്തിലെ പാണന്പാട്ടുകളെക്കുറിച്ച് പഠനങ്ങള്‍ നടന്നിട്ടുണ്ട്, നടന്നുകൊണ്ടുമിരിക്കുന്നു. കേരളത്തിലെ പാണന്മാര് പാട്ടുകള്‍ തുടങ്ങിയ ഗ്രന്ഥങ്ങള്‍ തയ്യാറാക്കിയ ജി. ഭാര്‍ഗവന്‍പിള്ളയുടെ ഈ രംഗത്തെ സേവനം എടുത്തുപറയേണ്ടതാണ്. പാണന്മാരെക്കുറിച്ചും പാണന്പാട്ടുകളെക്കുറിച്ചുമുള്ള ഏറ്റവും പ്രാചീന പരാമര്‍ശങ്ങളും വിവരണങ്ങളും നാം കാണുന്നത് ക്രി.പി. 3-ാം നൂറ്റാണ്ടുമുതല്‍ ക്രി.വ. 3-ാം നൂറ്റാണ്ടുവരെ നിലനിന്നിരുന്ന സംഘസാഹിത്യകൃതികളിലുമാണ്. കപിലര്‍, പരണര്‍ തുടങ്ങിയ പാണകവികളെക്കുറിച്ചുള്ള പരാമര്‍ശം കേരളചരിത്രങ്ങളില്‍ കാണുന്നു. പറയിപെറ്റ പന്തിരുകുല ഐതിഹ്യത്തിലെ പെരിയതിരുവരങ്കത്തെഴും പാണനാര്ചരിതങ്ങളും പാണകാവ്യചരിത്രത്തിന് കേരളമണ്ണില്‍ ആധികാരികതയേറ്റുന്നു. ഐതിഹ്യപ്രകാരം വരരുചിക്ക് പറയിയിലുണ്ടായ 12 മക്കളെ സൂചിപ്പിക്കുന്ന പാട്ട് ഉള്ളൂര്‍ കേരളസാഹിത്യചരിത്രത്തില്‍ നല്‍കുന്നുണ്ട്:
മേഴത്തോളഗ്നിഹോത്രീ, രജക, നുളിയന്നൂര്‍-
ത്തച്ചനും, പിന്നെ വള്ളോന്‍,
വായില്ലാക്കുന്നിലപ്പന്‍, വടുതലമരുവും
നായര്‍, കാരയ്ക്കല്‍ മാതാ,
ചെമ്മേ കേളുപ്പുകൂറ്റന്, പെരിയ തിരുവരങ്ക-
ത്തെഴും പാണനാരും,
നേരേ നാരായണഭ്രാന്തനു, മുടനകവൂര്‍-
ച്ചാത്തനും, പാക്കനാരും.
ക്രൈസ്തവബന്ധിയായ പാണന്‍പാട്ട്
തെക്കന്‍ കേരളത്തില്‍നിന്നും വടക്കന്‍ കേരളത്തില്‍നിന്നുമായി ധാരാളം പാണന്‍പാട്ടുകള്‍ സമാഹരിച്ചിട്ടുണ്ടെങ്കിലും ക്നായിത്തോമ്മാചരിത്രം പ്രതിപാദിക്കുന്ന ഒരു പാണന്‍പാട്ട് മാത്രമാണ് ക്രിസ്തുമതസംബന്ധിയായി ലഭ്യമായിരിക്കുന്നത്. പാട്ട് ഒന്നാണെങ്കിലും പല പ്രതികളിലും പാഠങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ട്. ഡോ. പി.ജെ. തോമസ് 1935-ല്‍ അതിരമ്പുഴയില്‍നിന്ന് പ്രസിദ്ധീകരിച്ച കേരളത്തിലെ ക്രിസ്തീയസാഹിത്യമെന്ന കൃതിയില്‍, നസ്രാണിമാപ്പിളമാരുടെ കല്യാണപ്പാട്ടുകള്‍ എന്ന രണ്ടാമധ്യായത്തില്‍ പാണന് വരവും പാട്ടും എന്ന ശീര്‍ഷകത്തില്‍ (പുറം 51-54) “കുറവിലങ്ങാട്ടിന് വടക്ക് ഇലഞ്ഞി മുത്തൊലപുരം എന്നീ കരകളില്‍ പാണന്മാര് പാടിക്കേട്ട പാട്ടിലെ ചില ഭാഗങ്ങള്‍ ഞാന്‍ കുറേമുമ്പു കുറിച്ചിട്ടിരുന്നതു ചുവടെ ചേര്‍ക്കുന്നു” എന്ന് ആമുഖം നല്കി പല ഉദ്ധരണികളായി 68 വരികളുള്ള പാണന്‍പാട്ട് നല്കിയിരിക്കുന്നു. ഇതേ ഗ്രന്ഥത്തിന്റെ പരിഷ്കരിച്ച പതിപ്പ് മലയാളസാഹിത്യവും ക്രിസ്ത്യാനികളും എന്ന പേരില്‍ 1961-ല്‍ കോട്ടയത്തെ സാഹിത്യപ്രവര്‍ത്തക സഹകരണസംഘംവഴിയായി പ്രസിദ്ധീകരിച്ചതിന്റെ 65-ാം പുറത്തില്‍ 21 വരികളുള്ള മറ്റൊരു പാഠവും ചേര്‍ത്തിട്ടുണ്ട്. ഉള്ളൂരിന്റെ കേരളസാഹിത്യചരിത്രത്തിന്റെ ഒന്നാം വാല്യത്തില്‍, പാണര്‍പാട്ട് (പുറം 227-228) എന്ന പേരില്‍ ഈ പാട്ടുകളെക്കുറിച്ച് പ്രതിപാദിക്കുന്നു. ഡോ. ജേക്കബ് വെള്ളിയാന്‍ നാനൂറിലധികം വരികളുള്ള പാണന്‍പാട്ടുകള്‍ കണ്ടെത്തി മലയാളത്തെ സുറിയാനിക്രിസ്ത്യാനികളുടെ പുരാതനപ്പാട്ടുകളെന്ന പി.യു. ലൂക്കാസിന്റെ സമ്പാദകകൃതിയുടെ (മനോരമ അച്ചുകൂട്ടം, കോട്ടയം 1910) അഞ്ചാം പതിപ്പുമുതല്‍ ഇന്നോളമുള്ള പതിപ്പുകളില്‍ (ജ്യോതി ബുക്ക് ഹൗസ്, കോട്ടയം 1985-2015) കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഡോ. ജേക്കബ് വെള്ളിയാന്‍ എഡിറ്റുചെയ്ത സിംപോസിയം ഓണ്‍ ക്നാനൈറ്റ്സ് (ദ സിറിയന്‍ ചര്‍ച്ചസ് സീരീസ് വാല്യം 12, ജ്യോതി ബുക്ക് ഹൗസ്, കോട്ടയം 1986) എന്ന കൃതിയിലെ ക്നായിത്തോമ്മാ പാണന്‍പാട്ടില്‍ (പുറങ്ങള്‍ 113-120) എന്ന അദ്ദേഹത്തിന്റെതന്നെ ലേഖനം ശ്രദ്ധേയമാണ്. ക്നായിത്തോമ്മാ പാണന്‍പാട്ടില്‍ (ജ്യോതി ബുക്ക് ഹൗസ്, കോട്ടയം 2012) എന്ന ലഘുഗ്രന്ഥവും ബഹു. വെള്ളിയാനച്ചന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രസ്തുത പാണന്‍പാട്ട് രചിക്കപ്പെട്ട കാലഘട്ടം കൃത്യമായി നിര്‍ണയിക്കാനായിട്ടില്ല. യൂറോപ്യന്മാരുടെ ആഗമനത്തിനു മുമ്പ് രചിക്കപ്പെട്ടിരിക്കാനാണ് സാധ്യത. നാടോടിഗാനശാഖയില്പ്പെടുന്ന ഈ പാട്ട് വാമൊഴിയായി മാത്രമാണ് ആദ്യകാല ഘട്ടങ്ങളില്‍ നിലനിന്നിരുന്നത്. ഈ പാട്ട് ആദ്യമായി വരമൊഴിയിലെത്തുന്നത് 1935-ലും പാഠഭേദങ്ങളോടെ ഏകദേശം പൂര്‍ണരൂപത്തില്‍ 1985-ലുമാണെന്ന് മുകളില്‍ നാം കണ്ടു. അതിനുമുന്‍പ് പല കാലങ്ങളില്‍ രൂപഭേദം സംഭവിച്ചിരിക്കാ നുള്ള വലിയ സാധ്യത അവശേഷിക്കുന്നു. പുരാതനപ്പാട്ടുപുസ്തകത്തില് പാണന്പാട്ടിനെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പാണന്‍പാട്ട് ക്രിസ്തീയപുരാതനപ്പാട്ടുകളില്നിന്ന് വ്യത്യസ്തമാണ്. പുരാതനപ്പാട്ടുകള്‍ ക്രിസ്ത്യാനികള്‍തന്നെ രചിച്ചിരിക്കാനിടയുള്ളതും അവര്‍തന്നെ പാടുന്നവയുമായിരിക്കെ, പാണന്പാട്ടുകളിലെ ക്രിസ്തീയപാട്ടുകള് പാണന്മാര്തന്നെ രചിച്ചിരിക്കാനിടയുള്ളവയും ക്രൈസ്തവഭവനങ്ങളിലും മറ്റും പാണന്മാര്തന്നെ പാടുന്നവയുമാണ് എന്നതാണ് അതിനു കാരണം.
ചേരാം പെരുമാള്‍ തമ്പുരാനുമേ
ക്നായി നല്ല തൊമ്മച്ചനുമെ
അവര്‍ തമ്മിളില് വാണിരുന്ന
കാലത്തിലെ അവസ്ഥ ചൊല്ലാം
എന്നു പാടിക്കൊണ്ടാണ് പാണന് ഈ പാട്ട് ആരംഭിക്കുന്നത്. തങ്ങളുടെ കൂട്ടത്തിലോ മതത്തിലോ രാജ്യത്തോ പെടാത്ത ഒരു വ്യക്തിയായ ക്നായിത്തൊമ്മനെ സംബന്ധിക്കുന്ന പാട്ട് പാണന്മാര് എന്തുകൊണ്ട് പാടുന്നുവെന്നതാണ് ഒന്നാമതായി ചിന്തിക്കേണ്ടത്. ക്രിസ്തുമതസ്ഥാപകനായ ഈശോയോ, ഭാരതത്തില്‍ ക്രിസ്തുമതത്തിന് ബീജാവാപം ചെയ്ത മാര്ത്തോമ്മാശ്ളീഹായോ പാണന്പാട്ടുകള്ക്ക് വിഷയീഭവിച്ചില്ലെന്നതും ചിന്തിക്കേണ്ട വസ്തുതയാണ്. ക്രിസ്തുമതസംബന്ധിയായ മറ്റൊരു പാണന്‍പാട്ട് ഉള്ളതായി നമുക്ക് അറിവു ലഭിക്കാത്തതിനാല്‍ എല്ലാ ക്രിസ്ത്യാനികളുടെയും വീടുകളില്‍ ചെല്ലുമ്പോഴും പാണന്മാര് പാടിയിരുന്നത് ക്നായിത്തോമ്മായെക്കുറിച്ചാണ് എന്ന് കരുതേണ്ടിയിരിക്കുന്നു. പാണന്മാര്ക്ക് ക്നായിത്തോമ്മായെക്കുറിച്ച് ചരിത്രപരമായ അറിവും വ്യക്തതയും കൂടുതലായുണ്ടായിരുന്നു, ചേരരാജ്യത്തിന്റെ സാമ്പത്തികവും സാംസ്കാരികവുമായ ഉന്നതിയില്‍ ക്നായിത്തോമ്മാ സവിശേഷ പങ്ക് വഹിച്ചിരുന്നു, ക്നാനായക്കാര്‍ സാമ്പത്തികമായും സാമൂഹികമായും സ്വാധീനമുണ്ടായിരുന്ന വരേണ്യവര്‍ഗമായിരുന്നു, കൈയ്യയച്ച് സംഭാവന നല്‍കാനുള്ള മനോഭാവം ക്നാനായര്‍ക്ക് പണ്ടും ഉണ്ടായിരുന്നു, ക്നാനായേതരക്രിസ്ത്യാനികള്ക്കും ക്നായിത്തോമ്മാ സ്വീകാര്യനായിരുന്നു തുടങ്ങിയ കാരണങ്ങളില്‍ ഒന്നോ അതിലധികമോ ആകാം ക്നായിത്തോമ്മാചരിത്രം പാണന്‍പാട്ടിന്റെ ഭാഗമാകാന്‍ കാരണം. ക്നാനായരുമായി ബന്ധം പുലര്‍ത്തിയിരുന്നവരാണ് തങ്ങള്‍ എന്നു കാണിക്കാനുള്ള പാണന്മാരുടെ അഭിലാഷവും ഒരു കാരണമായിരിക്കാം.
(മാര്‍ത്തോമ്മാശ്ലീഹായുടെ ഭാരതപ്രേഷിതത്വത്തെക്കുറിച്ച് എഴുതിയിട്ടുള്ള പല ചരിത്രപുസ്തകങ്ങളിലും – ആധികാരി കങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്നവയടക്കം – പാണന്‍പാട്ട് അഥവാ വീരടിയാന്‍പാട്ട് എന്ന രീതിയില്‍ പരാമര്‍ശിച്ചുകൊണ്ട്, ഇവയില്‍ തോമാശ്ലീഹായുടെ ഭാരതപ്രേഷിതത്വം വ്യക്തമാക്കുന്നതായി എഴുതിക്കാണുന്നുണ്ട്. ഞങ്ങളുടെ അറിവില്പെട്ടിട ത്തോളം ഇത് വസ്തുതയോട് പൊരുത്തപ്പെടുന്നില്ല. പാണനും വീരടിയാനും ഒരേ ജാതിതന്നെയാണ് എന്ന സങ്കല്പത്തിലും, ഇനി അഥവാ രണ്ട് ജാതികളെങ്കില്, വീരടിയാന്‍പാട്ട് എന്ന പേരില്‍ ക്രിസ്തുമതസംബന്ധിയായി ഒരു പാട്ട് ലഭ്യമല്ലാത്തതിനാലും, പാണന്‍പാട്ട് തന്നെയാണ് ഇവിടെ സൂചിതം എന്ന് വിശ്വസിക്കുന്നു. മുന്‍സൂചിപ്പിച്ചതുപോലെ ഒരേയൊരു പാണന്‍പാട്ട് മാത്രമാണ് ക്രിസ്തുമതസംബന്ധിയായി ലഭ്യമായിരിക്കുന്നത്. അതാകട്ടെ, ക്നായിത്തൊമ്മന്‍ ചെപ്പേടിന്റെ സാക്ഷിയായി മാര്‍ത്തോമ്മാശ്ലീഹായെ ചേര്ക്കുന്നതൊഴിച്ചാല് ക്നായില്‍ നല്ല തൊമ്മച്ചന്റെ മാത്രം കൈരളീചരിതമാണ് പറയുന്നത്.)
ക്നാനായഭവനങ്ങളിലെ പാണന്‍പാട്ടിന്റെ പ്രസക്തി
ക്നായിത്തോമ്മായുടെ ആശീര്വാദാനുഗ്രഹങ്ങളോടെയാണ് തങ്ങള്‍ പാട്ടുപാടാന്‍ ക്നാനായഭവനങ്ങളിലെത്തുന്നത് എന്ന ബോധ്യപ്പെടുത്തല്‍ പാട്ടിനുള്ളില്തന്നെ നല്‍കുന്നുണ്ട്:
എതിരെ തിരുവരങ്കന്
തൊമ്മച്ചന്റെ തിരുമുമ്പിലെ
പെരിയോരു തമ്പുരാനെ
അടിയനെളിയ വരം തരണം
അടിയനു ക്ഷീണനാളില്
കഴിവാനുള്ള വരം തരണം
എന്റെ നാമമെ സ്തുതിച്ചു നീയെ
കുടിലുകള്‍ തോറുമെ പാടിക്കൊള്ളെടാ
എന്റെ നാമമെ കേക്കുമ്പൊഴടാ
പെരതുറന്ന് വിളക്കു വയ്ക്കും
വച്ചോരു വിളക്കിങ്കല്
അന്നവിടെ ഉണ്ടടാ ഞാന്‍
അറിവുള്ളോര് സമ്പന്നര്‍
പറനെല്ലാല് തരും നിനക്ക്
ഉപ്പോടെ മുളക് ഉള്ളിയും
മാങ്ങയോടെ തേങ്ങയെല്ലാം
ഒരു പെരയിലെ ഉള്ള വസ്തുക്കള്‍
കുറയാതെ തരും നിനക്ക്
സന്തതിമാര് കാലത്തോളം
ചേരനാട്ടില്‍നിന്നും ഈഴത്തുനാട്ടി (ശ്രീലങ്ക) ലേക്ക് നാടുവിട്ട നാങ്കുടി (നാങ്കുടി – നാലുകുടി= ആശാരി, മൂശാരി, കൊല്ലന്, തട്ടാന്‍) പരിഷകളെ ചേരമാന്‍ പെരുമാള്‍ ആവശ്യപ്പെട്ടതനുസരിച്ച് ക്നായിത്തോമ്മാ തിരിച്ചെത്തിച്ചതില്‍ പാണന് തിരുവരങ്കന് മുഖ്യസഹായിയായി വര്‍ത്തിച്ചതിന്റെ പ്രതിനന്ദിയായാണ് ഇപ്രകാരമൊരു വരം നല്‍കുന്നത് എന്ന് പാട്ടില്‍ വിവരിക്കുന്നുണ്ട്. നാങ്കുടി പരിഷകള്‍ (ജാതികള്‍) ഓടിപ്പോയ അവസരത്തില്‍ ചേരമാന്‍ പെരുമാള്‍ ക്നായിത്തോമ്മായുടെ സഹായം തേടുന്നത് ശ്രദ്ധേയമാണ്. പുറപ്പെട്ടുപോയ തന്റെതന്നെ പ്രജകളെ തിരിച്ചെത്തിക്കാന്‍ ഇതരമതസ്ഥനും വിദേശിയുമായ ഒരു വ്യക്തിയുടെ സഹായം രാജാവ് തേടുമ്പോള്‍, ഇന്നാട്ടുകാരന്തന്നെയായ പാണനെയാണ് വിദേശിയായ ക്നായിത്തോമ്മാ ഇതിന് നിയോഗിക്കുന്നത് എന്നത് കൗതുകകരമാണ്. നാങ്കുടിപരിഷകള്‍ ഈഴത്തുനാട്ടിലുണ്ടെന്ന് അറിയിക്കുന്നതോടൊപ്പം, കടലില്‍ യുദ്ധം നടക്കുന്നതിനാല്‍ അവരെ തിരിച്ചെത്തിക്കുന്നതിന് ദൂതനായി പാണനേതാവ് തിരുവരങ്കനെ ഈഴത്തുനാട്ടിലേക്ക് അയയ്ക്കണമെന്ന ബുദ്ധി പകരുന്നതും ക്നായിത്തോമ്മായാണ്. പരസ്പരബാന്ധവത്തോടെ ജീവിച്ചിരുന്ന സമുദായങ്ങളാണ് പാണരുടേതും നാങ്കുടി പരിഷകളുടേതും എന്നും ദൂതന്മാരെന്ന നിലയില്‍ പാണന്മാര്ക്ക് പ്രാണഭീഷണിയില്ലാതെ യുദ്ധക്കളത്തില്‍ സഞ്ചരിക്കാമെന്നുമുള്ള അറിവ് ക്നായിത്തോമ്മായ്ക്ക് ഉണ്ടായിരുന്നിരിക്കണം. രാജാവിന്റെ വാക്കുകളെക്കാള്‍ സ്വീകാര്യതയും ആധികാരികതയും തന്റെ അംശവടിക്ക് ഉണ്ട് എന്ന ബോധ്യമായിരിക്കണം അടയാളമായി തന്റെ അംശവടികൂടി തിരുവരങ്കന്റെ കൈയ്യില്‍ നല്കിവിടാന് ക്നായിത്തോമ്മായെ പ്രേരിപ്പിക്കുന്നത്. ഇതില്‍നിന്ന് ക്നായിത്തോമ്മായ്ക്ക് രാജ്യാന്തരഅറിവും പരിചയവും ബന്ധവും സ്വകീയവിഭവങ്ങളെ ഫലപ്രദമായി വിനിയോഗിക്കാനുള്ള ബുദ്ധിയും കഴിവും സാധാരണജനങ്ങളുടെ ഇടയില്‍ രാജാവിനെക്കാള്‍ സ്വീകാര്യതയും ഉണ്ടായിരുന്നെന്നും ഇവയെക്കുറിച്ചെല്ലാം രാജാവിന് ബോധ്യമുണ്ടായിരുന്നെന്നും മനസ്സിലാക്കാനാകും.
സ്വരാജ്യത്തില്‍നിന്ന് ഏതെങ്കിലും വിഭാഗം ആള്ക്കാര് നാടുവിട്ടു പോകുന്നത് നിഷ്പക്ഷനും ജനക്ഷേമതത്പരനുമായ ഒരു രാജാവിനും സത്കീര്ത്തികരമല്ല. സന്ധിസംഭാഷണം നടക്കുന്ന അവസരത്തില്‍ രാജാവിന്റെ വാക്കു വിശ്വസിക്കാന്‍ മടിക്കുന്ന ഇക്കൂട്ടര്‍ ഉപയോഗിക്കുന്ന വാക്കുകള്‍പോലും മൂര്‍ച്ചയേറിയവയാണ്.
നിങ്ങള്‍ നാലുപേര്‍ പോരണമിപ്പോള്
തമ്പുരാന്റെ കല്പനയുണ്ട്.
ഞങ്ങളിപ്പോള്‍ പോരണില്ലടാ
നെറുവില്ലാത്ത നാട്ടിലേക്ക്
രാജാവിന്റെ വാക്കുകള്‍ക്കുപരി ക്നായിത്തോമ്മായുടെ അംശവടി നാങ്കുടി പരിഷകള്‍ തെളിവായി സ്വീകരിക്കുന്നു എന്നത് രാജാവിനെ നാണക്കേടിന്റെ പടുകുഴിയില്‍ എത്തിക്കുന്നുണ്ട്. എന്നാല്‍ കാലാകാലങ്ങളായി അറിഞ്ഞോ അറിയാതെയോ രാജാവിനെ ഇകഴ്ത്തിക്കാണിക്കുന്ന ഇക്കാര്യങ്ങളാവര്ത്തിച്ച് പാണന്മാര് പാട്ട് പാടിയിട്ടും അതിനോട് അസഹിഷ്ണുത പുലര്‍ത്താത്ത രാജാവ് നമ്മുടെ സവിശേഷശ്രദ്ധ അര്‍ഹിക്കുന്ന വ്യക്തിയാണ്. സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും വലുപ്പവും സ്വന്തം പോരായ്മകളുടെ ആഴവും മനസ്സിലാക്കിയ അഹംകാരമില്ലാതിരുന്ന രാജാക്കന്മാരാണ് ഒരു കാലത്ത് കേരളവും ഭാരതവും ഭരിച്ചിരുന്നത് എന്നതാണ് ഇതിന് കാരണം. അന്നത്തെ പ്രത്യേക ചുറ്റുപാടില്‍ രാജ്യം എത്തിച്ചേര്‍ന്ന സാമ്പത്തികപ്രതിസന്ധിയില്‍ രാജാധികാരത്തിന് ശോഷണം സംഭവിച്ചതിനാല്‍ രാജാവിന്റെ ഇടപെടല്‍ ശക്തി ക്ഷയിച്ചതും കാരണമായിരിക്കാം. നാങ്കുടിപരിഷകള്‍ കൊടുങ്ങല്ലൂരില്‍നിന്ന് പോയതിനുശേഷമുള്ള നാടിന്റെ അവസ്ഥ പാണന്‍പാട്ടില്‍ ഇപ്രകാരം വിവരിക്കുന്നു:
നാങ്കുപരിഷകള് പോയതുകൊണ്ട്
വളരെയുണ്ട് ബുദ്ധിമുട്ടെടാ
പള്ളികളുമെ മഠങ്ങളെല്ലാം
ഗോപുരമെ തകര്‍ന്നുടഞ്ഞു
തൂമ്പായും അരിവാള്‍ വാക്കത്തി
കോടാലി എന്നിവയൊന്നും പണിയാതായി
ഇവിടെ വര്‍ണിക്കുന്ന പള്ളി, മഠ, ഗോപുരത്തകര്ന്നുടയല് സാമാന്യം ദീര്‍ഘമായ ഒരു ജീര്‍ണാവസ്ഥയുടെ ഫലമായിരിക്കണം. നാങ്കുപരിഷകളുടെ പലായനത്തിനു കാരണമായി പാണന്‍പാട്ടു നല്കുന്ന വിശദീകരണം,
നാങ്കുപരിഷപ്പെണ്ണിനെയൊന്ന്
വെളുത്തേടന് താന്‍ കൈപിടിച്ചു
ആ മൂലമെ നാങ്കുപരിഷകള്
നാട്ടില്‍നിന്ന് പൊയ്ക്കളഞ്ഞല്ലൊ,
പക്ഷേ, യുക്തിഭദ്രമായി തോന്നുന്നില്ല. കാരണം, ഐതിഹ്യമനുസരിച്ച്, പാണനാരുമടങ്ങുന്ന പന്തിരുകുലം ജാതിശ്രേണിയിലെ ഏറ്റവും ഉന്നതകുലത്തില്‍പ്പെട്ട ബ്രാഹ്മണനായ വരരുചിക്ക് ചാതുര്‍വര്‍ണ്യത്തിന് പുറത്തുള്ള വര്‍ഗമായ പറയിസ്ത്രീയിലുണ്ടായ സങ്കരമക്കളില്പ്പെട്ടവരാണല്ലോ. ചരിത്രപരതയ്ക്കപ്പുറത്ത്, ഇപ്രകാരമൊരു ഐതിഹ്യം രൂപപ്പെടുത്തി കാലാകാലങ്ങളായി പറഞ്ഞുനടക്കുകയെങ്കിലും ചെയ്യുന്ന ഒരു നാട്ടില്‍ നാങ്കുടി പരിഷകളിലൊരു പെണ്‍കുട്ടിയെ അല്പംകൂടി ഉയര്‍ന്ന സമുദായത്തില്‍പെട്ട ഒരു വ്യക്തി വിവാഹം ചെയ്തതിന്റെ പേരില്‍ നാങ്കുടി പരിഷകളൊന്നാകെ നാടുവിടേണ്ടതുണ്ടോ? അതുകൊണ്ടുതന്നെ സാമൂഹിക അസ്വസ്ഥതയെക്കാള്‍, സാമ്പത്തിക അരക്ഷിതാവസ്ഥയെ നാടുവിടലിന്റെ പ്രധാന കാരണമായി എടുക്കുന്നത് ഉചിതമായിരിക്കും.
കേരള കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് കൊടുങ്ങല്ലൂരിനടത്ത് പട്ടണത്ത് നടത്തുന്ന ഉദ്ഘനനത്തില്നിന്നു ലഭിക്കുന്ന തെളിവുകള്‍ ഈയൊരു സാധ്യത ഉയര്‍ത്തിക്കാട്ടുന്നു. ഉദ്ഘനനം ഇപ്പോഴും പ്രാരംഭദശയിലായിരിക്കെ അതിലെ സൂചനകള്‍ ഉപയോഗിച്ച് ഒരു നിഗമനത്തിലെത്തുന്നത് ശരിയല്ലെങ്കിലും ലഭ്യമായ വിവരങ്ങള്‍ ചില സാധ്യതകളെ മുന്നോട്ടുവയ്ക്കാന്‍ പ്രേരിപ്പിക്കുന്നു. ക്രി.വ. രണ്ടാം നൂറ്റാണ്ടുവരെ വിദേശനാണയങ്ങള്‍, പ്രത്യേകിച്ച് റോമന്‍ നാണയങ്ങള്‍, പട്ടണം പ്രദേശത്തുനിന്ന് (കൊടുങ്ങല്ലൂര്‍) സമൃദ്ധമായി ലഭിച്ചിരിക്കെ പിന്നീടുള്ള നൂറ്റാണ്ടുകളില്‍ വിദേശനാണയലഭ്യതയില് കുറവ് കാണപ്പെടുന്നത് കൊടുങ്ങല്ലൂര്‍ തുറമുഖത്തുവച്ചുള്ള രാജ്യാന്തര വ്യാപാരക്കുറവിനെയും തത്ഫലമായുള്ള സാമ്പത്തികമാന്ദ്യത്തെയും എടുത്തുകാണിക്കുന്നതാണ്. എന്നാല്‍ ഇതേ കാലഘട്ടത്തില്‍തന്നെ ശ്രീലങ്കയിലെ ഒരു തുറമുഖമായ അനുരാധപുരം രാഷ്ടീയശക്തി പ്രാപിക്കുന്നതായും സാമ്പത്തികമായി ഏറെ വികസിക്കുന്നതായും വളരെയധികം വാസ്തുനിര്‍മിതികള്‍ അവിടെ നടക്കുന്നതായും ഉദ്ഘനനങ്ങള്‍ തെളിയിക്കുന്നുണ്ട്.
കൊടുങ്ങല്ലൂരില്‍ വിദേശവാണിജ്യം കുറയുന്നത് വഴിയുണ്ടായ സാമ്പത്തിക പ്രതിസന്ധിയും അനുരാധപുരത്തിന്റെ സാമ്പത്തിക ഉന്നതിയുമായിരിക്കാം നിര്മാണജോലിക്കാരായ ശ്രീലങ്കന്‍ നാങ്കുടിപ്പരിഷകളെ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാന്‍ പ്രേരിപ്പിച്ചത്. ഈഴത്തുനാട്ടിലേക്ക് മടങ്ങിയ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം വിദേശവ്യാപാരി ക്നായിത്തോമ്മായുടെ അംശവടി ചേരരാജ്യത്തിന്റെ മടങ്ങിവരുന്ന സാമ്പത്തികപ്രതാപത്തിന്റെ കൊടിയടയാളമായിരിക്കണം, അല്ലാതെ നഷ്ടപ്പെട്ട മാനത്തിന്റെ വീണ്ടെടുപ്പുപ്രതീകമാകാനിടയില്ല. ക്നായിത്തോമ്മായെപ്പോലെ വിശ്വാസ്യതയുള്ള ഒരു സമ്പന്ന വിദേശകച്ചവടക്കാരന്റെ കൊടുങ്ങല്ലൂരിലെ സാന്നിധ്യമാണ് നാങ്കുടിപ്പരിഷകള്ക്ക് ലഭിക്കാവുന്ന ജോലിസ്ഥിരതയു ടെയും തത്ഫലമായുള്ള സാമ്പത്തിക ഉന്നതിയുടെയും ഏറ്റവും വലിയ ഉറപ്പ്. ഈയൊരു ഉറപ്പിന്മേല് പണിയപ്പെട്ട സുന്ദര സൗവര്ണപുഷ്പകിരീടമാണ് നാങ്കുടിപരിഷകള്‍ പാണന് തിരുവരങ്കന്റെ കൈയ്യില്‍ കൊടുത്തുവിട്ടതും രാജാവ്/തിരുവരങ്കന് ക്നായിത്തോമ്മായ്ക്ക് സമ്മാനിച്ചതും (തിരുവരങ്കന് നേരിട്ട് ക്നായിത്തോമ്മായ്ക്ക് വേന്തന്‍മുടി നല്‍കുന്നതായും പെരുമാളിന് കാഴ്ചവച്ച മുടി പെരുമാള്‍ ക്നായിത്തോമ്മായ്ക്ക് നല്‍കുന്നതായും പാഠഭേദമുണ്ട്.) ഇന്നും വി. മര്ത്തീനോസിന്റെ നാമധേയത്തില്‍ തെടുപുഴയ്ക്കടുത്തുള്ള ചുങ്കം പള്ളിയില്‍ സൂക്ഷിക്കുന്നതുമായ പൊന്നുംമുടി, പൊന്നുംപൂവ് എന്നൊക്കെ പുരാതനപ്പാട്ടുകള്‍ വിശേഷിപ്പിക്കുന്ന വേന്തന്‍മുടി. രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ശുഭപ്രതീക്ഷ കുടിയിരിക്കുന്നത് അടിസ്ഥാവ വര്‍ഗമായ നിര്മാണജോലിക്കാരിലുമാണെന്ന ഉത്തമബോധ്യത്തില്‍, അവരെ തിരികെയെത്തിച്ചതിനുള്ള പ്രതിഫലമായാണ് സ്വര്‍ണകിരീടം തോമായ്ക്ക് നല്കപ്പെടുന്നത്. നാങ്കുടിപ്പരിഷ കളിലെ അനേകശതം സ്ത്രീകളുടെ കഴുത്തിലും കാതിലും കൈയ്യിലുമൊക്കെ കിടന്നിരുന്ന പൊന്തരികള് കൂട്ടിയിണക്കിയുണ്ടാക്കിയ വേന്തന്‍മുടി ക്നാനാരുടെ ‘പിടിയരി’പ്രസ്ഥാനത്തിന്റെ മുന്നോടിയായും പരിഗണിക്കാവുന്നതാണ്.
രാഷ്ട്രത്തിന്റെ ഉന്നതിയുമായി ചേര്‍ന്നാണ് വ്യക്തിപരവും സാമുദായികവുമായ തന്റെ ഉന്നതിയും നില്‍ക്കുന്നത് എന്ന ബോധ്യം ഈയൊരു പ്രതിസന്ധിഘട്ടത്തില്‍ രാജാവിന്റെ സഹായത്തിനെത്താന്‍ ക്നായിത്തോമ്മായെയും പ്രേരിപ്പിച്ചിരിക്കാം. നാങ്കുടി പരിഷകള്‍ ഇല്ലാത്ത, ജോലി ചെയ്യാന്‍ ആള്‍ക്കാരില്ലാത്ത കേരളത്തില്‍ വ്യാപാരിക്കെന്ത് പ്രസക്തി? ഇപ്രകാരം രാജാവില്‍നിന്ന് ലഭിച്ച അവകാശങ്ങളും ആനുകൂല്യങ്ങളും പദവികളും ക്നായിത്തോമ്മാ യുടെയും പിന്‍ഗാമികളുടെയും രാഷ്ട്രീയ, സാമൂഹിക, വ്യാപാര, സാമ്പത്തിക, മത, സാമുദായികജീവതത്തിലെ ഉന്നതിയെ സാരമായി സ്വാധീ നിച്ചിട്ടുണ്ട്. പാണന്മാര് ഈ സംഭവം പാടുന്നതിലൂടെ ക്നായിത്തോമ്മാ എന്ന ബുദ്ധിമാന്റെയും രാഷ്ട്രതന്ത്രജ്ഞന്റെയും നാമവും സംഭാവനകളും അനശ്വരമാകുകയാണ്. ഈ വളര്‍ച്ചയ്ക്ക് ക്നായി ത്തോമ്മായെയും കൂട്ടരെയും പ്രാപ്തരാക്കുന്നതില് മുഖ്യപങ്ക് വഹിച്ച വ്യക്തിയെന്ന നിലയില്‍, കാലാ കാലങ്ങളില്‍ ക്നായിത്തൊമ്മന്റെ കൂട്ടരുടെ ഭവന ങ്ങളില്‍ പാട്ടുപാടിക്കൊണ്ടും സമ്മാനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടും പാണന് തിരുവരങ്കനും അദ്ദേഹ ത്തിന്റെ വംശക്കാരും അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുകയാണ്. യുഗയുഗാന്തര ങ്ങളിലൂടെ അനുവര്‍ത്തിക്കപ്പെടുന്ന ഒരു സമ്മാനം തന്റെ സന്തതികള്വഴി പാണന് ഏര്‍പ്പെടുത്തി ക്കൊണ്ട് സ്വന്തം നാമം അനശ്വരമാക്കുന്ന ക്നായിത്തൊമ്മന്റെ പ്രായോഗികബുദ്ധിയും പേര്‍ത്തും പേര്‍ത്തും ആലോചനാ മൃതമാണ്.
