മാര്‍ മത്തായി മാക്കീലിനെ കോട്ടയം വികാരിയാത്തിലേക്കു സ്ഥലംമാറ്റി നിയമിച്ചുകൊണ്ട് പത്താം പീയൂസ് മാര്‍പാപ്പ പുറപ്പെടുവിച്ച ബൂളാ

പതിനഞ്ച് വര്‍ഷക്കാലം ചങ്ങനാശ്ശേരി വികാരി അപ്പസ്തോലിക്കായി സേവനമനുഷ്ഠിച്ച മാര്‍ മത്തായി മാക്കീലിനെ, അദ്ദേഹത്തിന്റെ തന്നെ അപേക്ഷപ്രകാരം, ക്‌നാനായ കത്തോലിക്കര്‍ക്കുവേണ്ടി പുനഃസ്ഥാപിക്കപ്പെട്ട കോട്ടയം വികാരിയാത്തിലേക്കു സ്ഥലംമാറ്റി നിയമിച്ചുകൊണ്ട് പത്താം പീയൂസ് മാര്‍പാപ്പ പുറപ്പെടുവിച്ച ബൂളായുടെ ഫോട്ടോകോപ്പിയും മലയാള പരിഭാഷയുമാണ് താഴെ ചേര്‍ക്കുന്നത്.

പത്താം പീയൂസ് പാപ്പാ

വന്ദ്യ സഹോദരാ,

സ്വസ്തിയും ശീള്ഹായ്ക്കടുത്ത ആശീര്‍വാദവും.

വലിയ കാരണങ്ങളാല്‍ നാം പ്രേരിതരായി, ക്രിസ്തീയ നാമപ്രചാരണത്തിലേക്ക് കിഴക്കന്‍ റീത്തില്‍ കാര്യനടപടികള്‍ക്കും അധികാരപ്പെടുത്തിയിരിക്കുന്ന നമ്മുടെ വന്ദ്യ സഹോദരന്മാരായ വിശുദ്ധ റോമാ സഭയുടെ കര്‍ദ്ദിനാളന്മാരുടെ ആലോചനയോടും കൂടെ, തെക്കുംഭാഗം ജനത്തിനുവേണ്ടി കോട്ടയം പട്ടണത്തില്‍ ഒരു പുതിയ മലയാള സുറിയാനി അപ്പസ്തോലിക്ക വികാരിയാത്തിനെ കുറച്ചുമുമ്പ് നാം സ്ഥാപിച്ചു. എന്നാല്‍, ആ മലയാളി സുറിയാനി ജനത്തിനുവേണ്ടിയുള്ള ചങ്ങനാശ്ശേരി വികാരിയാത്തിന്റെ അപ്പസ്തോലിക്ക വികാരിയുടെ ഉദ്യോഗചുമതലകള്‍ സ്തുത്യര്‍ഹമായി ഇന്നോളം നിര്‍വഹിച്ചുകൊണ്ടുവരുന്ന വന്ദ്യ സഹോദരനായ താങ്കളെ ആ പുതിയ വികാരിയാത്തിലേക്ക് നിയമിക്കണമെന്നു താങ്കള്‍ നമ്മോടു അപേക്ഷിച്ചിരിക്കകൊണ്ടും, താങ്കളുടെ വിശ്വാസവും ഭക്തിയും ഒരു മെത്രാന്റെ ചുമതലകള്‍ ബുദ്ധിപൂര്‍വം വഹിക്കുന്നതിലുള്ള ശ്രദ്ധയും നമുക്ക് ബോധ്യപ്പെട്ടിരിക്കുകയാലും, ഈ അപേക്ഷ സ്വീകരിക്കുന്നതിനും നാം നിശ്ചയിച്ചു. ആകയാല്‍, നമ്മുടെ ശ്രീഹായ്ക്കടുത്ത അധികാരത്താല്‍, ഈ എഴുത്തിലെ താല്‍പര്യപ്രകാരം, ചങ്ങനാശ്ശേരി അപ്പസ്തോലിക്ക വികാരിയാത്തില്‍നിന്നും താങ്കളെ വേര്‍തിരിച്ച്, തെക്കുംഭാഗം ജനത്തിനുവേണ്ടി കോട്ടയം പട്ടണത്തില്‍ കുറച്ചുമുമ്പ് നാം സ്ഥാപിച്ചിരിക്കുന്ന പുതിയ അപ്പസ്തോലിക്ക വികാരിയാത്തിലേക്ക് താങ്കളെ നാം നിയമിക്കുന്നു.

മുറപ്രകാരം കോട്ടയം പട്ടണം താങ്കളുടെ വസതിസ്ഥലമായിരിക്കണമെന്നു നാം കല്‍പ്പിക്കുകയും, ഈ ഉദ്യോഗചുമതലകള്‍ വഹിക്കുന്നതിനാവശ്യമായതും വേണ്ടിയവയുമായ എല്ലാ മുന്‍കരുതലുകളും അവയില്‍ ഓരോന്നിനെയും നമ്മുടെ തുല്യാധികാരത്താല്‍ നാം ചെയ്യുകയും ചെയ്യുന്നു.വിശേഷിച്ച്, ഈ വികാരിയാത്തില്‍ ഉള്‍പ്പെട്ട എല്ലാവരും ഓരോരുത്തരും ഈ ഉദ്യോഗം പുത്തനാക്കുകയും അതിന്റെ സ്വാതന്ത്ര്യഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ താങ്കളെ കൈക്കൊള്ളുന്നതിനും, അനുസരിക്കുന്നതിനും, താങ്കള്‍ക്കു കീഴ്വഴങ്ങുന്നതിനും, താങ്കളെ സഹായിക്കുന്നതിനും തുണയ്ക്കുന്നതിനും, രക്ഷയ്ക്കടുത്ത താങ്കളുടെ ഉപദേശങ്ങളും കല്‍പ്പനകളും വണക്കത്തോടുകൂടി കേള്‍ക്കുന്നതിനും ശരിയായി നിറവേറ്റുന്നതിനും എല്ലാവരോടും ഓരോരുത്തരോടും നാം പ്രമാണിക്കുന്നു.

അല്ലാത്തപക്ഷം, അനുസരണയില്ലാത്തവരുടെ മേല്‍ താങ്കള്‍ ന്യായമായി കല്‍പ്പിക്കുന്ന വിധിയെയും ശിക്ഷയെയും നാം ശരിയായി അംഗീകരിക്കുന്നതും, കുറ്റത്തിനും പരിഹാരം ചെയ്യുന്നതുമായ ശിക്ഷ കല്‍പ്പിക്കുന്നതിനും നമ്മുടെ അധികാരത്താല്‍ നാം വിചാരിക്കുന്നതും ആകുന്നു.

റോമില്‍, വിശുദ്ധ പത്രോസിന്റെ പക്കല്‍നിന്നുംമീന്‍പിടുത്തക്കാരന്‍െറ മോതിരത്തിന്‍ കീഴ്, 1911 ആഗസ്റ്റ് മാസം 30-ാം തീയതി.

നമ്മുടെ വന്ദ്യ സഹോദരനായ ത്രാലൈസില്‍ മെത്രാനും, മലയാളി സുറിയാനി ജനത്തിനുവേണ്ടി ചങ്ങനാശ്ശേരി വികാരി അപ്പസ്തോലിക്കായുമായ മാക്കില്‍ മത്തായി അവറുകള്‍ക്ക്

ആര്‍. കര്‍ദ്ദിനാള്‍ മെറിങ്ങല്‍ വാള്‍
സ്റ്റേറ്റ് സെക്രട്ടറി

(ഒപ്പ്)

Leave a Reply

Your email address will not be published. Required fields are marked *