ആമുഖം
ക്നാനായസമുദായത്തിന്റെ മിശിഹാവഴിയിലുള്ള സഞ്ചാര ത്തോടും കല്ദായസഭാപ്രഭവവഴികളോടുമുള്ള കൂറ് വ്യക്തമാക്കുന്ന സുറിയാനിഭാഷയില് വിരചിതമായ ഒരു സ്തുതിപ്പാണ് ബര്‍മറിയം. മറിയത്തിന്റെ മകന് (ഈശോ) എന്ന് അര്‍ത്ഥം വരുന്ന ബര്‍മറിയം എന്ന വാക്കില്‍ ആരംഭിക്കുന്ന കല്‍ദായ സുറിയാനിഭാഷയിലുള്ള ഈ സ്തുതിപ്പ് ക്നാനായവിവാഹാചാരത്തിന്റെ ഭാഗമായി പള്ളിയിലെ വിവാഹക്രമത്തിന്റെ അവസാനത്തില്‍ വൈദികരും വിശ്വാസി കളും രണ്ടുഗണമായി പാടുന്നു. തുടര്‍ന്നാണ് കാര്മികന് നവദമ്പതികളെ ആശീര്‍വദിക്കുന്നതും ഹന്നാന്‍വെള്ളം തളിച്ച് വിശുദ്ധീകരിക്കുന്നതും. ബര്‍മറിയം ചൊല്ലല്‍ ചടങ്ങിനുപയോഗി ക്കുന്ന ബര്‍മറിയം ഗീതം ദൈവശാസ്ത്രപരമായ അര്‍ത്ഥ സമ്പന്നതയാലും ചരിത്രപരമായ കാരണങ്ങളാലും ക്നാനായസമുദായം നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നതാണ്. ഇത് മറിയത്തോടുള്ള പ്രാര്‍ത്ഥനയോ, യഥാര്‍ത്ഥ ആശീര്‍വാദ പ്രാര്‍ത്ഥനയോ അല്ലെങ്കിലും ത്രിത്വശാസ്ത്രം, മിശിഹാശാസ്ത്രം, റൂഹാശാസ്ത്രം, മരിയശാസ്ത്രം, സഭാവിജ്ഞാനീയം, കൂദാശാശാസ്ത്രം, നരവംശദൈവശാസ്ത്രം തുടങ്ങിയ ദൈവശാസ്ത്രത്തിന്റെ പല മേഖലകളെയും വ്യക്തമാക്കുന്നതും പുഷ്കലമാക്കുന്നതുമാണ്.
ആകരങ്ങള്‍
- മധ്യപൂര്‍വദേശത്തെ കല്ദായസഭയിലെ രേഖകളില്‍ ബര്‍മറിയം സ്തുതിപ്പിന്റെ പതിനാറാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ഒരു പാഠം കണ്ടെത്തിയതായി കിഴക്കിന്റെ കല്‍ദായ സുറിയാനിസഭ (സൂറായി) അംഗവും തൃശൂര്‍ സ്വദേശിയും സുറിയാനിപഠനത്തിലും രേഖാശേഖരണത്തിലും തത്പരനു മായ ശ്രീ. വില്സന് മുരിയാടന്‍ സൂചിപ്പിച്ചിട്ടുണ്ട്. അത് സംബന്ധിച്ച അദ്ദേഹത്തിന്റെ പഠനവും രേഖകളും അധികം താമസിയാതെ പുറത്തുവരുന്നത് പ്രതീക്ഷയോടെ കാത്തിരി ക്കുന്നു. ഇത് ലഭ്യമാകുന്ന പക്ഷം, ബാബിലോണിലെ കല്ദായസുറിയാനിസഭയില് ബര്‍മറിയം സ്തുതിപ്പ് പണ്ടുമുതലേ ഉപയോഗിച്ചിരുന്നു എന്നതിന് വ്യക്തമായ തെളിവായി കാണിക്കാനാകും.
- ക്സാവാ ദ്സ്ളാവൂസാ എന്ന പേരില്‍ കല്‍ദായ/ബാബിലോണിയന്‍ സുറിയാനി യാമപ്രാര്ത്ഥനാപുസ്തകങ്ങള് മൂന്നു വാല്യങ്ങളായി 1886-87-ല്‍ ഫാ. പൗലോസ് ബെയ്ഗാന്‍ പാരീസില്‍നിന്ന് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതില്‍ ബര്‍മറിയം പാട്ട് സുറിയാനി ലിപിയില്‍ നല്‍കിയിട്ടുണ്ട്. ‘വി. കുര്‍ബാനയില്‍ ശുശ്രൂഷി അറിഞ്ഞിരിക്കേണ്ട ഗാനങ്ങളും പ്രാര്‍ത്ഥനകളും’ ഉള്‍ക്കൊള്ളുന്ന മൂന്നാം ഭാഗത്തില്‍ എല്‍ദാ (പിറവിക്കാലം), ദനഹാ (ദനഹാക്കാലം) എന്നിങ്ങനെ രണ്ടു ഭാഗങ്ങളായി തിരിച്ചാണ് ഈ ഗാനം ചേര്‍ത്തിരിക്കുന്നത്. ‘ബര്‍മറിയം ബര്‍മറിയം ബര്‍ആലാഹാ ദ്യെല്‍ദെസ് മറിയം’’ എന്ന പല്ലവി ഒഴിവാക്കിയാല്‍ 18 ഈരടികളാണ് ഈ പാട്ടിനുള്ളത്.
1846-ല്‍ പേര്‍ഷ്യയിലെ ഖോസ്റോവയില് അസ്സീറിയന്‍ വംശത്തില്പെട്ട കല്‍ദായ കത്തോലിക്കാ കുടുംബത്തില്‍ ജനിച്ച പൗലോസ് ബെയ്ഗാന്‍ പിന്നീട് ലാസറേറ്റ് സന്യാസസമൂഹ ത്തില്‍ ചേര്‍ന്ന് ഫ്രാന്‍സില്‍ ഉപരിപഠനം നടത്തി വൈദികനായ തിനുശേഷം തിരിച്ച് സ്വന്തം നാട്ടിലെത്തി മിഷനറി പ്രവര്‍ത്തനം നടത്തിപ്പോന്നു. വീണ്ടും അദ്ദേഹം യൂറോപ്പില്‍ പോയി ഫ്രാന്‍സ്, ബെല്‍ജിയം, ജര്‍മനി, ഇറ്റലി തുടങ്ങിയ സ്ഥലങ്ങളില്‍ ജീവിച്ച് മരണംവരെ പ്രവര്‍ത്തിച്ചു. സുറിയാനിഭാഷയില് ഗ്രന്ഥങ്ങള്‍ രചിക്കുകയും, സുറിയാനി യില്‍നിന്നും സുറിയാനിയിലേക്കും പരിഭാഷ നടത്തുകയും, റോമിലെ ഗ്രന്ഥാലയങ്ങളിലെയും രേഖാലയങ്ങളിലെയും സുറിയാനി ഉറവിടങ്ങള്‍ പ്രസിദ്ധീകരിക്കു കയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ മുഖ്യപ്രവര്‍ത്തനം. രക്തസാക്ഷികളുടെയും വിശുദ്ധരുടെയും നടപടികള്‍, മാര്‍ യാബാലാഹായുടെ ജീവചരിത്രം, ജോര്‍ജ് ബാര്ഹെബ്രായയുടെ നോമോകാനോന്‍, സേരൂഗിലെ മാര്‍ യാക്കോബിന്റെ തെരഞ്ഞെടുത്ത പ്രസംഗങ്ങള്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രസിദ്ധങ്ങളായ കൃതികളാണ്. - മലയാളത്തെ സുറിയാനിക്രിസ്ത്യാനികളുടെ പുരാതനപ്പാട്ടുകള്‍ എന്ന പേരില്‍ 1910-ല്‍ പുറത്തിറക്കിയ പുരാതനപ്പാട്ടുകളുടെ ആദ്യ അച്ചടിപ്പതിപ്പിലെ ‘തെക്കുംഭാഗ സുറിയാനിക്രിസ്ത്യാനികളുടെ കല്യാണവിവരണം എന്ന ആദ്യഭാഗത്തെ ലേഖനത്തെ തുടര്‍ന്ന് 23-ാം പേജില്‍ ‘ബറുമറിയം എന്ന സ്തുതിപ്പു’എന്ന തലക്കെട്ടോടെ ബര്‍മറിയം പാട്ട് നല്കിയിരിക്കുന്നു. ഇതിന്റെ അടിക്കുറിപ്പായി ഇപ്രകാരം ചേര്‍ത്തിരിക്കുന്നു:
“’ബറുമറിയം എന്ന സ്തുതിപ്പ്’ ആദ്യകാലം മുതലേ തെക്കുംഭാഗസുറിയാനികത്തോലിക്കരുടെ വിവാഹാ ഘോഷങ്ങളില്‍ പള്ളിക്രമങ്ങളുടെ അവസാന ത്തില്‍ പട്ടക്കാരും പാട്ടുകാരുംകൂടി പാടിവരുന്ന ഒരു സുറിയാനി ഗീതമാണു. ഇതു ബാബേല്‍ കല്‍ദായ സുറിയാനിക്രമത്തില്‍ കര്‍ത്താ വിന്റെ പിറവി, ദെനഹാ എന്ന നമസ്കാരത്തില്‍ ഉള്ളതും ദൈവ കുമാരന്റെ മാനുഷാവതാരത്തിന് സംക്ഷിപ്തചരിത്രം അടങ്ങിയിട്ടുള്ളതുമാകുന്നു.”
”പുരാതനപ്പാട്ടുകളിലെ മുന്‍സൂചിപ്പിച്ച തെക്കുംഭാഗ സുറിയാനിക്രിസ്ത്യാനികളുടെ കല്യാണവിവരണം എന്ന ലേഖനത്തിന്റെ എട്ടാം പേജില്‍ “വിവാഹക്രമത്തിന്റെ വാഴ്വും ബറുമറിയം എന്ന സ്തുതിപ്പും മുന്‍കാലങ്ങളില്‍ വിവാഹ ത്തോടുകൂടിത്തന്നെയാണ് പഴയകൂറ്റുകാര്‍ ചെയ്തുവന്നത്. എന്നാല്‍ 25 വര്‍ഷത്തിനിപ്പുറമായി കുര്ബാനസമയത്താണ് ഇവ നടത്തുന്നത്.” എന്നും ചേര്‍ത്തിട്ടുണ്ട്.
‘’ബര്‍മറിയം ബര്‍മറിയം ബര്‍ആലാഹാ ദ്യെല്‍ദെസ് മറിയം’’എന്ന പല്ലവിയും ‘ല ആലം അല്മീന് ബറുമറിയം ആമ്മേനുവാമ്മേന്‍ ബറുമറിയം’ എന്ന സമാപനവരിയും ഒഴിവാക്കിയാല്‍ 23 ഈരടികളാണ് ഈ പാഠത്തിലുള്ളത്. മൊത്തം 49 വരികളിലായാണ് മലയാള അക്ഷരങ്ങളില്‍ ബര്‍മറിയം പാട്ട് പുരാതനപ്പാട്ടുകളില്‍ ചേര്‍ത്തിരിക്കുന്നത്. കേരളത്തിലും മലയാളലിപിയിലും ബര്‍മറിയം പാട്ട് ആദ്യമായി കാണുന്നത് ഈ പാഠത്തിലാണ്. ബെയ്ഗാന്റെ പാഠത്തിലേതിനേ ക്കാള്‍ അഞ്ച് ഈരടികള്‍ അവസാനഭാഗത്ത് ഇതില്‍ കൂടുതലുണ്ട് എന്നത് ശ്രദ്ധേയമാണ്. അതിനാല്‍ ബെയ്ഗാന്റെ കൃതിയെ ആധാരമാക്കിയല്ല, മറിച്ച് പുരാതനമായി നില നിന്നിരുന്ന മറ്റേതോ ഉറവിടത്തില്‍നിന്നാണ് ക്നാനായര് ബര്‍മറിയം സ്വീകരിച്ചിരിക്കുന്നത് എന്നത് ഇതില്‍നിന്നും വ്യക്തമാണ്. ബയ്ഗാന്റെ കൃതി രചിക്കപ്പെട്ട 1886-87-നുമുമ്പു തന്നെ വിവാഹത്തോടനുബന്ധിച്ച് ബര്‍മറിയം പാട്ട് ക്നാനായക്കാര്‍ പാടിയിരുന്നു എന്ന് “25 വര്‍ഷത്തിനിപ്പുറമായി കുര്‍ബാന സമയത്താണ് ഇവ നടത്തുന്നത് എന്ന് പുരാതനപ്പാട്ടുകള്‍ പ്രസിദ്ധീകരിക്കപ്പെട്ട 1910-ല്‍ എഴുതുന്നതില്‍ നിന്നും അനുമാനിക്കാനാകും. അതായത് 1910-ന് 25 വര്‍ഷം മുമ്പായ 1885-നുമുമ്പുതന്നെ ക്നാനായക്കാര്‍ ഇത് പാടിയിരുന്നു. തന്നെയുമല്ല, ആദ്യകാലം മുതലേ തെക്കുംഭാഗസുറിയാനി കത്തോലിക്കരുടെ വിവാഹാഘോഷങ്ങളില്‍” ബര്‍മറിയം ഉപയോഗിക്കുന്നതിനെക്കുറിച്ച് അടിക്കുറിപ്പില്‍ സൂചിപ്പിക്കുന്നു മുണ്ട്.
തെക്കുംഭാഗസുറിയാനി കത്തോലിക്കരുടെ വിവാഹാ ഘോഷങ്ങളിലാണ് ഇത് ഉപയോഗിക്കുന്നത് എന്ന് ചേര്‍ത്തിരിക്കുന്നത് ശ്രദ്ധേയമാണ്. കേവലം ഒരു ആരാധനക്രമ ഗീതമായി പാടുകയല്ല ക്നാനായര് ചെയ്യുന്നതെന്നും, മറിച്ച് ഈ ഗീതത്തെ തങ്ങളുടെ ഒരു ചടങ്ങിന്റെ തലത്തിലേക്ക് ഉയര്‍ത്തുകയാണ് അവര്‍ ചെയ്യുന്നതെന്നുമുള്ള അവബോധം ഈ വാക്കുകളില്‍ നിഴലിക്കുന്നുണ്ട്. ഇതര സമുദായക്കാര്‍ വിവാഹാഘോഷ ങ്ങളോടനുബന്ധിച്ചല്ലാതെ ഇത് ഉപയോഗിക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് പി.യു. ലൂക്കാസ് നിശ്ശബ്ദത പാലിക്കുന്നു. അതേ സമയം വിവാഹാഘോഷ വേളയില്‍ കത്തോലിക്കരായ തെക്കുംഭാഗര്‍ മാത്രമാണ് ഇത് പാടുന്നത് എന്ന് ചേര്‍ക്കുന്നതിലൂടെ ക്നാനായ യാക്കോബായര് ഇത് പാടുന്നില്ല എന്ന് വ്യംഗ്യമായി സൂചിപ്പിക്കുന്നുമുണ്ട്. (പുരാതനപ്പാട്ടുകളുടെ രണ്ടാം പതിപ്പ് ഇതിന്റെ കാരണം വ്യക്തമാക്കുന്നുണ്ട്.)
“”ഇതു ബാബേല്‍ കല്ദായസുറിയാനിക്രമത്തില് കര്‍ത്താവിന്റെ പിറവി, ദെനഹാ എന്ന നമസ്കാരത്തില്‍ ഉള്ളതും ദൈവകുമാരന്റെ മാനുഷാവതാരത്തിന് സംക്ഷിപ്ത ചരിത്രം അടങ്ങിയിട്ടുള്ളതു”മെന്ന് എഴുതുന്നതി ലൂടെ പുരാതനപ്പാട്ടുകളുടെ പ്രഥമപതിപ്പുകാരന് (പി.യു. ലൂക്കാസ് / മത്തായി വട്ടക്കളത്തിലച്ചന്) ഈ പാട്ടിന്റെ ഉത്ഭവത്തെക്കുറിച്ചും ഉള്ളടക്കത്തെക്കുറിച്ചും കൃത്യമായ അറിവുണ്ടായിരുന്നുവെന്നും വ്യക്തമാകുന്നു. - പുരാതനപ്പാട്ടുകളുടെ 1935-ലെ രണ്ടാം പതിപ്പില്‍ ‘ക്നാനായ സമുദായത്തിലെ കല്യാണത്തിനുള്ള ചുരുങ്ങിയ നടപടികളും ചില വിശദീകരണങ്ങളും’”എന്ന പേരില്‍ നല്‍കിയിരിക്കുന്ന ലേഖനഭാഗത്ത് ബര്‍മറിയത്തെക്കുറിച്ച് പ്രതിപാദിക്കുന്നില്ല. ‘ബറുമറിയം എന്ന സ്തുതിപ്പ്’’ എന്ന തലക്കെട്ടോടെ 19, 20 പേജുകളില്‍ ഈ പാട്ടിന് വിശദമായ അടിക്കുറിപ്പ് നല്കിയിരിക്കുന്നു എന്നതായിരിക്കണം ഒരുപക്ഷേ, ഇതിനു കാരണം:
“ബറുമറിയം എന്ന സ്തുതിപ്പു ബാബേല്‍ കല്ദായസുറിയാനിക്രമത്തില് കര്‍ത്താവിന്റെ പിറവി, ദെനഹാ എന്ന നമസ്കാരത്തിലുള്ളതും മിശിഹായുടെ മനുഷ്യാവതാര ത്തിന്റെ സംക്ഷിപ്ത ചരിത്രമടങ്ങിയിട്ടുള്ളതു മാകുന്നു. മലങ്കര ക്നാനായ സുറിയാനിക്കാരുടെയിടയില്‍ ഈ സ്തുതിപ്പു ആദ്യകാലംമുതലെ തങ്ങളുടെ വിവാഹാഘോ ഷങ്ങളില് പള്ളിക്രമങ്ങളുടെ അവസാനത്തില്‍ പട്ടക്കാരും പാട്ടുകാരുംകൂടി പാടിവരുന്നതാണ്. ക്രിസ്താബ്ദം 1652-ല്‍ (?- 1653 ജനുവരി 3) നടന്ന കൂനന്‍കുരിശ് സത്യത്തോടുകൂടി അതേവരെ ഏക ഇടയന്റെ കീഴില്‍ ഏക വിശ്വാസത്തില്‍ നിന്നിരുന്ന മലങ്കരസുറിയാനിക്കാരില് ഒരു ഭാഗം ഭിന്നിച്ചു മാതൃസഭയില്‍ നിന്നു വേര്‍പെടുകയും 1653-ല്‍ അവര്‍ ആലങ്ങാട്ടുപള്ളിയില്‍ വച്ചു ദൈവദ്രോഹപരമായി പന്ത്രണ്ടു പട്ടക്കാരുടെ കൈവെപ്പോടുകൂടി മാര്‍ തോമ്മാ എന്നു പേരും പറഞ്ഞു ഒരു മെത്രാനെ വാഴിക്കയും, വെറും വേഷധാരിയായ ഈ മെത്രാന്റെ അതുപോലെയുള്ള അഞ്ച് അനന്തിരവരുടെ കാലം വരയ്ക്കും, അതായത് 1772-ല്‍ 6-ാം മാര്ത്തോമ്മാവരെ പഴയ കല്ദായക്രമങ്ങളില്തന്നെ തങ്ങളുടെ പള്ളിക്രമങ്ങള്‍ നടത്തിക്കൊണ്ടുവരികയും ചെയ്തിരുന്നു. അക്കാലത്തു അന്ത്യോഖ്യായിലെ യാക്കോബായ പാത്രിയര്‍ക്കീസിനാല്‍ അയയ്ക്കപ്പെട്ട മാര്‍ ഗ്രിഗോറിയോസ് മെത്രാനില്‍നിന്നു 6-ാം മാര്‍ത്തോമ്മാ മുറപ്രകാരം മെത്രാന് സ്ഥാനമേറ്റു മാര്‍ ദിവന്നാസ്യോസ് എന്ന പേര് സ്വീകരിക്കുകയും, ഇതുമുതല്‍, അതേവരെയും മലങ്കരയില്‍ പ്രവേശിച്ചി ട്ടില്ലാത്ത അന്ത്യോഖ്യാ സുറിയാനിറീത്തും യാക്കോബായ വിശ്വാസവും മാര്‍ ഗ്രിഗോറിയോസ് മെത്രാന്റെ സഹായസഹകരണത്തോടുകൂടി ഇവിടെ നടപ്പിലാകു കയും ചെയ്തു. ഈ നവീനറീത്തു പ്രസ്ഥാനത്തോടു കൂടി ഈ ഭിന്നകക്ഷിക്കാര് തങ്ങളുടെ പുരാതന കല്ദായറീത്തു പാടെ ഉപേക്ഷിക്കയത്രെ ചെയ്തത്. ഈ ഭിന്നകക്ഷിക്കാരില് ക്നാനായസുറിയാനിക്കാരില് ഒരു ഭാഗവും ഉള്‍പ്പെട്ടിരുന്നതിനാല്‍ തങ്ങളുടെ പൂര്‍വ പിതാക്കന്മാര് ആരംഭകാലംമുതല്‍ ഉപയോഗിച്ചു പോന്നിരുന്നതും, ക്രി. 345-ല്‍ അവര്‍ മലങ്കരെ കുടിയേറിയതുമുതല്‍ ഇവിടെ ആചരിച്ചു വന്നിരുന്നതു മായ ആ പഴയ സുറിയാനികല്ദായക്രമം അവരും ഉപേക്ഷിക്കുന്നതിനിടയാകുകയും അതോടുകൂടി കല്‍ദായ ക്രമത്തിലുള്ള ബറുമറിയം എന്ന സ്തുതിപ്പും അവരുടെ ഇടയില്‍നിന്നും മറയപ്പെട്ടുപോകയും ചെയ്തു.
ഈ സ്തുതിപ്പു മലങ്കര കല്ദായസുറിയാനി കത്തോലിക്കരുടെയിടയില്‍ പൊതുവെ നടപ്പുള്ള ഒന്നല്ല. ഈ ഒരു ക്രമവും, കൈപിടുത്തം, ശവസംസ്കാരാനന്തരതഴുകല് ഇങ്ങനെ ചില ചടങ്ങുകളുമൊഴിച്ചു മറ്റെല്ലാ പള്ളിക്രമങ്ങളും മാര്‍ തോമ്മാ നസ്രാണികത്തോലിക്കരും ക്നാനായ സുറിയാനി കത്തോലിക്കരും ഒരുപോലെ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന താണ്. എന്നാല്‍ ബാബേലിലെ കല്‍ദായ സുറിയാനിക്രമത്തില്‍ മാത്രമുള്ളതും, ക്നാനായകല്ദായസുറിയാനി കത്തോലിക്കര്‍ മാത്രം ഇന്നും ഒരു സാമുദായിക നടപടിയെന്നോണം തങ്ങളുടെ വിവാഹാവസരങ്ങളില് പള്ളിക്രമത്തോടുകൂടി നടത്തിക്കൊണ്ടു പോരുന്നതുമായ ബറുമറിയം എന്ന ഈ സ്തുതിപ്പു തങ്ങളുടെ പൂര്വപിതാക്കന്മാരോടും അവരുടെ ദേശത്തോടും ആരാധനക്രമത്തോടും ഉള്ള ബന്ധത്തെയും സ്മരണയെയും ബഹുമാനത്തെയും പ്രദര്‍ശിപ്പിക്കുന്ന ഒരുത്തമലക്ഷ്യമായിട്ടത്രെ ഇന്നയോളം അതു നിലനില്‍ക്കുന്നത്.”
