മരിയസുതന്‍, മരിയസുതന്‍, മരിയജന്‍ ദൈവസുതന്;
നമുക്കായി ബേത്ലഹെമില്‍ ജനിച്ചാന്‍ മരിയസുതന്‍.
മരിയജന്‍ മിശിഹാരാജനെ ആരാധിച്ച് മഹത്വം പുകഴ്ത്താന്‍
പൂകിനാര്‍ പൂജരാജാക്കള്‍.
തന് ജനനം വാഴ്ത്തിപ്പാടാന് മാലാഖകളെ താഴേക്കു
കൊണ്ടുവന്നാന്‍ മരിയസുതന്‍.
മിശിഹാരാജനെ ആരാധിക്കാനവന്‍ ആട്ടിടയരെ ക്ഷണിച്ചല്ലോ.
മരിയസുതന്‍ പ്രഥമരായി വിളിച്ചവര്‍ ആട്ടിടയര്താന്;
ശ്രേഷ്ഠയിടയന് മിശിഹാരാജനെ പുല്‍ക്കൂട്ടില്‍ അവരാരാധിച്ചാര്.
അരുളാലെ ദര്ശനമേകിയിതാ മരിയസുതന്‍ തന് താരകം;
മരിയജന്‍ മിശിഹാരാജന്‍ ധരയിലിറങ്ങിയതായി
പേര്ഷ്യരാം പൂജരാജാക്കള്‍ സാക്ഷ്യമേകിയാര്.
അസ്വസ്ഥതയേറ്റിയതാം കാരണത്താല്‍
മരിയസുതനെ വധിക്കാന്‍ വഴിതേടിയിത് ഹെറോദരചന്.
മരിയജന്‍ മിശിഹാരാജനൊപ്പം ഈജിപ്തില്‍ വാസം ചെയ്യുവാന്‍
അരുളാലെ മാലാഖ യൗസേപ്പിനോടറിയിച്ചു.
അദൃശ്യനാം താതന് മരിയസുതന്‍ ബലിയേകി;
മരിയജന്‍ മിശിഹാരാജന്‍ വരവിന്നായി
സ്തന്യപാനരാം പൈതങ്ങള് ബലിയായി.
യോര്‍ദാനില്‍ യോഹന്നാന് തന് കൈയാല്‍
മരിയസുതന്‍ സ്നാനം കൈക്കൊണ്ടാന്‍.
മിശിഹാരാജനില് ഇറങ്ങിവസിച്ചാന് റൂഹാ ദ്കുദ്ശാ.
സ്വര്ഗാധിസ്വര്ഗസ്ഥന് താതന് മരിയസുതന്‍ സാക്ഷ്യമേകി:
“മരിയജനിവനെന് പുത്രന്; ഇവനില്‍ ഞാന്‍ പ്രീതിപൂണ്ടേന്.”
ദൈവപുത്രന് തന് മാമ്മോദീസയാല്‍ ജലം വിശുദ്ധമാക്കിയാന്;
ജീവനേകും പാവനമാം ഉദരമാക്കി വെള്ളത്തെ.
ഞങ്ങള്‍തന്‍ വീഴ്ചയെ ഉയര്‍ത്തും മരിയസുതന്തന്നാത്മാവ്;
തന് ദാസനില്നിന്നുമഹോ മിശിഹാരാജന്‍ മാമ്മോദീസാ കൈക്കൊണ്ടു.
മരിയസുതന്‍ നമുക്കായി എളിമതന്‍ മാതൃകയേകി,
താതനെ സാന്ത്വനിപ്പിച്ചു.
കാരുണ്യവാനാം മിശിഹാ തന് സോദരത്വമേകി;
എണ്ണഞ്ചു നാള് മരുഭൂമിയിലുപവസിച്ചാന് മരിയസുതന്‍.
പിശാചിനെ പരാജയപ്പെടുത്തി കീഴടക്കിനാന്‍ മിശിഹാരാജന്‍.
താബോര്‍ ഗിരിമേല്‍ മരിയസുതന്‍ വെളിവാക്കി തന് മഹത്വം;
ഏലിയാ, മോശ എന്നിവര്‍ക്ക് മിശിഹാരാജനരുളി ദര്‍ശനം.
കഴുതപ്പുറമേറി ഓറശ്ലേം പുക്കവന്‍ മരിയസുതന്‍;
ബാലകര്‍ ഓശാനകളാല്‍ മിശിഹാരാജനെ കീര്‍ത്തിച്ചു.
ശിഷ്യരോടൊന്നായി പെസഹായപ്പമതാഹരിച്ചാന് മരിയസുതന്‍;
അപ്പവുമൊപ്പം വീഞ്ഞുമായി തന് ഗാത്രമതേകിയല്ലോ മിശിഹാരാജന്‍.
ജൂതരാല് മരിയസുതന്‍ കുരിശില്‍ പീഡയതേറ്റാന്;
തല ചായ്ച്ചു മിശിഹാരാജന്‍ ആത്മാവിനെ സമര്‍പ്പിച്ചാന്‍.
മൂന്നുനാള്‍ മരിയസുതന്‍ കല്ലറതന്നില് സ്ഥിതി ചെയ്താന്‍;
മിശിഹാരാജന്‍ ഉത്ഥിതനായി, അഴുകിയൊരാദാമിനെയുമുയിര്പ്പിച്ചാന്.
കല്ലറയിങ്കല്നിന്ന് അതിപ്രാഭവപൂര്വം ഉത്ഥിതനായാന് മരിയസുതന്‍;
വലതുവശത്തുപവിഷ്ടനായാന് മിശിഹാരാജന്‍.
സഹായകനാം റൂഹായെ ശ്ലീഹരിലയച്ചാന് മരിയസുതന്‍;
വിവേകികളാക്കിയാനവരെ മിശിഹാരാജന്‍.
പത്തോടൊന്നു കുറയുമൊരു മാസമതില്‍
പത്തോടൊരുമൂന്നും ചേര്ന്നൊരുനാളില്
മിശിഹാരാജന്താന് ശ്ലീവായേറിയൊരു മരമതു കണ്ടെത്തി.
ശുദ്ധസഭയെ തന്നുടെ മണവാട്ടിയതാക്കി മരിയസുതന്‍;
യോനാതനയന് ശിമയോന് കേപ്പാവഴിയായി മിശിഹാരാജന്‍.
സ്തുതിയേകുന്നെല്ലാ അധരവും നിന്നുടെ നാമമതിന്ന്, മരിയസുതാ.
വരുവിന്‍, നമുക്കൊരുമിച്ചാലപിക്കാം:
മിശിഹാ എന്നന്നേക്കും വാഴ്ത്തപ്പെട്ടവന്‍.
മരിയസുതന്‍ നമ്മോടൊത്തു വസിപ്പാന്‍ ദൈവം മരിയസുതന്‍.
