സ്തുതിചൊല്ലല്‍
ഗുരുകാരണവന്മാരുടെ അനുഗ്രഹം മറ്റെന്തിനെക്കാള്‍ വിലമതിക്കുന്ന തെക്കുംഭാഗ സമുദായം വിവാഹദിനത്തിലും ചടങ്ങുകള്‍ കൂടുതല്‍ അനുഗ്രഹപ്രദമാക്കാന്‍ ശ്രമിക്കുന്നു.
വിവാഹത്തിന് പള്ളിയിലേക്ക് പുറപ്പെടുന്നതിനുമുമ്പ് വീട്ടില്‍ പായ വിരിച്ച്, നിലവിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കുന്നു. തുടര്‍ന്ന് വധുവും വരനും താന്താങ്ങളുടെ വീട്ടില്‍ കാര്ന്നോന്മാര്ക്കും (= കാരണവന്മാര് = ജന്മത്തിന് കാരണമായവര്‍) ഗുരുക്കന്മാര്ക്കും ”ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ” എന്നു പറഞ്ഞ് കരങ്ങള്‍ കൂപ്പി കുമ്പിട്ട് സ്തുതിചൊല്ലുന്നു. കാര്ന്നോന്മാരെയും ഗുരുഭൂതരെയും കണ്ട് സ്തുതിചൊല്ലി ബഹുമാനിക്കുന്നതിലൂടെ വിവാഹത്തിന്റെ നിര്‍ണായക നിമിഷങ്ങളിലേക്ക് അടുക്കുന്ന അവസരത്തില്‍ മന$ശാന്തിയും മന$ശക്തിയും തേടുന്നു. അവരുടെ ആശംസാനുഗ്രഹങ്ങള് ജീവിതകാലം മുഴുവന്‍ തുണയായിരിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. വൈദികരെ അഭിസംബോധന ചെയ്യുമ്പോഴും കുടുംബപ്രാര്ത്ഥനകള്ക്കുശേഷവുമാണ് ”ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ” എന്ന പ്രയോഗം സാധാരണയായി സുറിയാനിക്രിസ്ത്യാനികള്‍ ഉപയോഗിക്കുന്നത്. ജനനം, മരണം തുടങ്ങിയ ജീവിതാവസ്ഥകളോട് ചേര്‍ന്നുപോകുന്ന ചടങ്ങുകളുടെ സമയത്തും പ്രാര്‍ത്ഥനകള്‍ ചൊല്ലാറുണ്ടെങ്കിലും സ്തുതിചൊല്ല് ഒരു ചടങ്ങ് എന്ന നിലയില്‍ തെക്കുംഭാഗരുടെ വിവാഹത്തോടനുബന്ധിച്ചു മാത്രമാണ് കാണപ്പെടുന്നത്. സ്തുതിചൊല്ലുക എന്ന പരമ്പരാഗത ആചാരത്തെ ചടങ്ങിന്റെ ഭാഗമായും തെക്കുംഭാഗര്‍ മാറ്റിയിരിക്കുന്നു. ഈശോ (രക്ഷകന്), മിശിഹാ (അഭിഷിക്തന്) എന്നീ രണ്ടു സുറിയാനിവാക്കുകള് ചേര്‍ന്ന് രൂപംകൊണ്ടതാണ് ഈശോമിശിഹാ എന്ന സംജ്ഞാനാമം. സമാനാര്‍ത്ഥത്തില്‍ ഗ്രീക്കില്‍നിന്ന് ലത്തീന്വഴി മലയാളത്തില്‍ പ്രചാരത്തിലായ യേശുക്രിസ്തു എന്ന പദത്തിനുപകരം സ്തുതിചൊല്ലലില് ഈശോമിശിഹാ എന്ന വാക്കുതന്നെ ഉപയോഗിക്കുന്നതിലൂടെ ഈ പ്രയോഗത്തിന്റെ സുറിയാനി ഉദ്ഭവവും പ്രാചീനതയും ഈ പ്രയോഗം അടങ്ങിയ ചടങ്ങിന്റെ സുറിയാനി ബന്ധവും വെളിവാകുന്നു. ഈശോമിശിഹായുടെ സ്ഥാനത്ത് കാര്ന്നോന്മാരെയും ഗുരുക്കന്മാരെയും കണ്ട് അഭിസംബോധന ചെയ്യുന്നത് ഭാരതീയമായ മാതാ, പിതാ, ഗുരു, ദൈവസങ്കല്പത്തില്നിന്ന് അല്പംപോലും അകലെയുമല്ല.
വധൂവരന്മാരുടെ സഹോദരി നിലവിളക്കുമെടുത്തുകൊണ്ട് മുന്നില്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങുകയും മംഗളരൂപമായ പ്രകാശം കണ്ടുകൊണ്ട് സമൂഹമൊന്നാകെ പള്ളിയിലേക്ക് പുറപ്പെടുകയും ചെയ്യുന്നു. ക്രൈസ്തവസങ്കല്പമനുസരിച്ച് ലോകത്തിന്റെ പ്രകാശമായ ക്രിസ്തുവിനെയാണ് കത്തിച്ച നിലവിളക്ക് പ്രതിനിധാനം ചെയ്യുന്നത്.
വിവാഹസമ്മതവും താലികെട്ടും
പള്ളിക്കുള്ളില്‍വച്ച് നടക്കുന്ന തെക്കുംഭാഗ കെട്ടുകല്യാണം സീറോ-മലബാര്‍ സഭയുടേതുമായി സമാനമാണ്. പണ്ടുകാലങ്ങളില്‍ വി. കുര്‍ബാനയില്‍നിന്ന് സ്വതന്ത്രമായാണ് വിവാഹകര്‍മം നടത്തിയിരുന്നത്. എന്നാലിപ്പോള്‍ വി. കുര്‍ബാനമധ്യേയാണ് വിവാഹകര്‍മവും നടക്കുന്നത്. ദമ്പതികള്‍ തമ്മിലുള്ള പരസ്പരസ്നേഹത്തിനും തത്ഫലമായി ദൈവം ഏല്പിക്കുന്ന മക്കളുടെ നല്വളര്ത്തലിനുമായി വിവാഹിതരാകുന്നുവെന്ന് സഭയെ സാക്ഷിയാക്കി വധൂവരന്മാര് പ്രതിജ്ഞയെടുക്കുന്നതാണ് ക്രൈസ്തവവിവാഹകൂദാശയുടെ കാതല്‍. താലികെട്ടും മന്ത്രകോടി നല്‍കലും മോതിരം കൈമാറലുമൊക്കെ ഇതിന്റെ പ്രതീകാത്മകചിഹ്നങ്ങളാണ്. പണ്ട് മുട്ടുകുത്തിനിന്നുകൊണ്ടായിരുന്നു ക്നാനായ വധൂവരന്മാര് താലി കെട്ടിയിരുന്നത്. മന്ത്രകോടി അരമുട്ടിലിരിക്കുന്ന വധുവിന്റെ മടിയിലേക്ക് പുരോഹിതന് ഇട്ടുകൊടുക്കുകയാണ് ചെയ്തിരുന്നത്. എന്നാല്‍ നമ്രശിരസ്കയായി നില്ക്കുന്ന വധുവിന്റെ ശിരസ്സിനെ വരന് മന്ത്രകോടികൊണ്ട് ആവരണം ചെയ്യുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇതുവഴി തന്റെ ഭാര്യയുടെ സംരക്ഷണവും അണിയിക്കലും ഏറ്റെടുക്കുന്നതായി വരന് പ്രതീകാത്മകമായി പ്രഖ്യാപിക്കുന്നു. റോമന്സംസ്കാരത്തിലും വിവാഹത്തോടനുബന്ധിച്ച് മൂടുപടമണിയിക്കല് ഉണ്ട്. ഗ്രീക്ക് സംസ്കാരത്തില്‍ ഇതിനു സമാനമായുള്ളത് കിരീടമണിയിക്കലാണ് . ക്നാനായ വിവാഹാവസരത്തില്‍ മന്ത്രകോടി തലയിലണിയിക്കലും തുടര്‍ന്ന് വേന്തന്മുടികൊണ്ട് കിരീടമണിയിക്കലും നടക്കുന്നുണ്ട്.
കൂന്തലഴിച്ചു തല കോതിയൊതുക്കിക്കെട്ടി
വേന്തന്മുടികള്വെച്ച് കാന്തികലരുംവണ്ണം (മംഗല്യം വട്ടക്കളി)
ബര്‍മറിയം പാട്ടും വൈദികാശീര്വാദവും
പള്ളിയില്‍വച്ചുള്ള കര്‍മങ്ങളില്‍ സീറോ മലബാര്‍ സഭയുടെ പൊതുക്രമത്തില്നിന്ന് വ്യത്യസ്തമായി വിവാഹക്കുര്ബാനയുടെ സമാപനത്തില്‍ ബര്‍മറിയം എന്ന സുറിയാനിസ്തുതിപ്പും ”ബ്രുക്സേ ദാലാഹാ” എന്ന ആശീര്വാദഗാനവും പാടി സന്നിഹിതരായിരിക്കുന്നവരില്‍ മുതിര്‍ന്ന വൈദികനോ വികാരിയോ നവദമ്പതിമാരെയും സമൂഹത്തെയും അനുഗ്രഹിക്കുന്നത് ക്നാനായ വിവാഹത്തോടനുബന്ധിച്ച് വിശേഷപ്പെട്ടതാണ്. മറിയത്തിന്റെ മകന് (ഈശോ) എന്ന് അര്‍ത്ഥം വരുന്ന ബര്‍മറിയം എന്നവാക്ക് ആവര്‍ത്തിച്ചുവരുന്ന ഈ ഗീതം ഈശോയുടെ രക്ഷാകരപദ്ധതിയെ അനുസ്മരിപ്പിക്കു ന്നതാണ്. വിവാഹമെന്ന കൂദാശയിലൂടെ രൂപീകൃതമാകുന്ന കുടുംബം ഈശോയില്‍ പൂര്‍ത്തിയായ രക്ഷാകരപദ്ധതിയുടെ ഭാഗമാണ് എന്ന സന്ദേശം കൃത്യമായി ദമ്പതികളിലും ആരാധനാസമൂഹ ത്തിലും എത്തിക്കണമെന്ന തെക്കുംഭാഗ സമുദായത്തിന്റെ ഉള്‍ബോധമാണ് ഈ ഗീതത്തിലൂടെ പ്രകാശിതമാകുന്നത്. വിവാഹശേഷം നവദമ്പതിമാര്‍ ഇരുവരും ചേര്‍ന്ന് ഭണ്ഡാരത്തില് നേര്‍ച്ചയിടുകയും പള്ളിമുറിയില്‍ ചെന്ന് വൈദികന് സ്തുതിചൊല്ലി നന്ദി പറയുകയും ചെയ്യുന്നു.
വീട്ടിലേക്കുള്ള ഘോഷയാത്ര:
വിവാഹകര്‍മങ്ങള്‍ പൂര്‍ത്തിയായശേഷം വരന്റെ ഭവനത്തിലേക്കുള്ള ഘോഷയാത്ര തെക്കുംഭാഗ ക്നാനായരുടെ വിവാഹാചാരങ്ങളിലെ ഏറ്റവും ആഘോഷപൂര്‍ണമായ ഘടകങ്ങളിലൊന്നാണ്. പഞ്ചവാദ്യം, സ്ത്രീകളുടെ കുരവ, പുരുഷന്മാരുടെ നടവിളി, തഴക്കുട എന്നിവയുടെ അകമ്പടിയോടെ അതീവ ഗംഭീരമായാണ് ഈ യാത്ര പണ്ടുകാലങ്ങളില്‍ നടത്തിയിരുന്നത്. നവദമ്പതിമാരെ ആനപ്പുറത്തിരുത്തി ആനയിക്കുന്ന പതിവും നിലവിലുണ്ടായിരുന്നു. ചേരമാന്‍ പെരുമാള്‍ ക്നാനായ സമൂഹത്തിന് നല്‍കിയതായി വിശ്വസിക്കപ്പെടുന്ന 72 പദവികളില്‍ പലതും ഈ വിവാഹാഘോഷങ്ങളിലൂടെയാണ് പ്രായോഗികമായി പ്രകടമായിരുന്നത്.
നടവിളി
തെക്കുംഭാഗ ക്നാനായരുടെ ഏറ്റവും വ്യതിരിക്തമായ വിവാഹാചാരങ്ങളിലൊന്നാണ് നടവിളി. തഴക്കുടയുടെ അകമ്പടിയോടെ നവദമ്പതിമാരെ നടുവില്‍ നിര്‍ത്തി പുരുഷന്മാര് വട്ടമായി ചുറ്റിനിന്ന് ശ്വാസം പരമാവധി പിടിച്ചുനിര്‍ത്തി ഒരേ സ്വരത്തില്‍ ‘നട… നട… നടായോ…’ എന്ന് ഉച്ചത്തില്‍ വിളിക്കുന്നതാണ് ഈ ആചാരം.
ഇന്നത്തെ രീതിയില്‍ വരന്റെ അമ്മാച്ചന് വധുവിന്റെ അമ്മാച്ചന് തഴക്കുട കൈമാറിയശേഷം ഇരുവരും തലകുനിച്ച് കൈകള്‍ ഭൂമിയിലേക്ക് ചൂണ്ടി ഒരുമിച്ച് ‘നട…’ എന്ന് വിളിച്ചാണ് നടവിളിക്ക് തുടക്കമിടുന്നത്. തുടര്‍ന്ന് എല്ലാവരും കൈകള്‍ ആകാശത്തേക്ക് ഉയര്‍ത്തി ദീര്‍ഘനേരം ഒരേ ശ്വാസത്തില്‍ ‘ഓ…’ എന്ന നാദം നിലനിര്‍ത്തുകയും, അവസാനം അമ്മാച്ചന്റെ സൂചന ലഭിക്കുമ്പോള്‍ ഒരുമിച്ച് കുനിഞ്ഞ് ഭൂമിയിലേക്ക് വിരല്‍ ചൂണ്ടി ശക്തമായി ‘നട… നട… നട…’ എന്ന് ആവര്‍ത്തിക്കുകയും ചെയ്യുന്നു.
ഇപ്രകാരം മൂന്ന് ആവര്‍ത്തനങ്ങളാണ് ഒരു നടവിളി ചക്രം. സാധാരണയായി പള്ളിമുറ്റത്ത്, വഴിമധ്യേ, വീട്ടുമുറ്റത്ത് എന്നിങ്ങനെ മൂന്ന് തവണ നടവിളി നടത്താറുണ്ട്. ചില സാഹചര്യങ്ങളില്‍ ഒന്നോ അഞ്ചോ തവണയും നടത്തിയിരുന്നു.
നടവിളി സന്തോഷത്തിന്റെ കൂട്ടായ പ്രകടനമാണെങ്കിലും അതിന് പ്രായോഗികമായ ഒരു സാമൂഹിക പ്രാധാന്യവും ഉണ്ടായിരുന്നു. കാല്‍നടയാത്രയായിരുന്നു പ്രധാന യാത്രാമാര്‍ഗവും പള്ളികള്‍ പരസ്പരം ദൂരെയുമായിരുന്ന കാലത്ത് ദീര്‍ഘയാത്രയുടെ ക്ഷീണം കുറയ്ക്കാനും വഴിയിലെ അശുഭശക്തികള് അകന്നുപോകണമെന്ന വിശ്വാസം പ്രകടിപ്പിക്കാനും വിവാഹസംഘം എത്താറായെന്ന് വീട്ടിലുള്ളവര്‍ക്ക് മുന്‍കൂട്ടി അറിയിക്കാനുമെല്ലാം നടവിളി സഹായിച്ചിരുന്നുവെന്ന് കരുതപ്പെടുന്നു.
കുരവയിടല്‍
വിവാഹം പോലുള്ള മംഗളാവസരങ്ങളില്‍ സ്ത്രീകള്‍ കൂട്ടമായി സന്തോഷസൂചകമായി ഉയര്‍ന്ന ശബ്ദം പുറപ്പെടുവിക്കുന്ന കുരവയിടല്‍ കേരളത്തിലെ നിരവധി സമുദായങ്ങളില്‍ ഇന്നും നിലനില്‍ക്കുന്ന ഒരു ആചാരമാണ്.
ക്നാനായ പാരമ്പര്യമനുസരിച്ച് രാജസ്ത്രീകള്‍ക്ക് മാത്രമുണ്ടായിരുന്ന ഈ അവകാശം ചേരമാന്‍ പെരുമാള്‍ ക്നായിത്തോമ്മായ്ക്ക് നല്കിയ 72 പദവികളില്‍ ഒന്നായിരുന്നു. 1604-ല്‍ ബിഷപ്പ് ഫ്രാന്‍സിസ് റോസ് റോമിലേക്കയച്ച റിപ്പോര്‍ട്ടിലും 1611-ല്‍ ദിയോഗോ ദോ കൂത്തോ രചിച്ച Décadas da Ásia എന്ന ഗ്രന്ഥത്തിലും ഇതിനെക്കുറിച്ച് പരാമര്‍ശമുണ്ട്. യൂറോപ്യന്‍ രേഖകളില്‍ നടവിളിപോലുള്ള മറ്റ് ആചാരങ്ങളെക്കുറിച്ച് മൗനം പാലിച്ചിരുന്നെങ്കിലും സ്ത്രീകളുടെ കുരവയിടല്‍ പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുള്ളത് ഈ ആചാരത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.
എന്നാല്‍ ഇന്ന് ക്നാനായ വിവാഹങ്ങളില്‍ സ്ത്രീകള്‍ കുരവയിടുന്ന പതിവ് മിക്കയിടങ്ങളിലും നിലച്ചിരിക്കുകയാണ്.
നെല്ലും നീരും വയ്ക്കല്‍
വിവാഹഘോഷയാത്ര വരന്റെ വീട്ടിലെ പന്തലില്‍ എത്തിച്ചേരുമ്പോള്‍ നവദമ്പതികളെ വരന്റെ അമ്മ ‘നെല്ലും നീരും വച്ച്’ സ്വീകരിക്കുന്നതാണ് മറ്റൊരു പ്രധാന ആചാരം.
വരന്റെ സഹോദരി കത്തിച്ച കോലുവിളക്ക്, വെഞ്ചരിച്ച ഹന്നാന്‍വെള്ളം, നെല്ല്, ഓശാന ഞായറാഴ്ചയിലെ കുരുത്തോല എന്നിവയുമായി നില്ക്കുന്നു. തുടര്‍ന്ന് വരന്റെ അമ്മ കുരുത്തോല ഹന്നാന്വെള്ളത്തില് മുക്കി നവദമ്പതികളുടെ നെറ്റിയില്‍ മൂന്ന് പ്രാവശ്യം കുരിശാകൃതിയില്‍ തൊടുന്നു. ഇതിനുശേഷമാണ് ദമ്പതികള്‍ വീട്ടുപന്തലിലേക്ക് പ്രവേശിക്കുന്നത്.
ഈ ആചാരത്തിലെ ഓരോ ഘടകത്തിനും പ്രത്യേക പ്രതീകാത്മക അര്‍ത്ഥമുണ്ട്.
നെല്ല് – ഐശ്വര്യത്തിന്റെയും സന്താനസമൃദ്ധിയുടെയും പ്രതീകം.
ഹന്നാന്‍വെള്ളം – ദൈവിക അനുഗ്രഹത്തിന്റെയും വിശുദ്ധീകരണത്തിന്റെയും പ്രതീകം.
കുരുത്തോല – വിജയത്തിന്റെയും ആഹ്ലാദത്തിന്റെയും വിശ്വാസസാക്ഷ്യത്തിന്റെയും അടയാളം.
കത്തിച്ച കോലുവിളക്ക് – ക്രിസ്തുവിന്റെ പ്രകാശത്തെയും കുടുംബജീവിതത്തിന്റെ ദൈവിക മാര്ഗ്ഗദര്ശനത്തെയും സൂചിപ്പിക്കുന്നു.
മാര്‍ത്തോമ്മാന്‍ പാട്ടിലെ പ്രസിദ്ധമായ വരികള്‍ ഈ ആചാരത്തിന്റെ സാംസ്കാരിക പ്രാധാന്യം വ്യക്തമാക്കുന്നു:
‘നെല്ലുമാനീരും പരമേറ്റി വയ്പ്പാറെ എന്‍ മനസ്സോ തെളിയുന്നു.’
ഇവിടെ ‘നെല്ലും നീരും വയ്ക്കല്‍’ എന്നത് വിവാഹത്തിന്റെ പര്യായപ്രയോഗമായാണ് ഉപയോഗിച്ചിരിക്കുന്നത്. അനുഗ്രഹീതരായി വീട്ടിലേക്ക് പ്രവേശിക്കുന്ന നവദമ്പതികളെ കാണുന്ന അമ്മയുടെ സന്തോഷമാണ് ഈ വരികള്‍ ചിത്രീകരിക്കുന്നത്.
ഈ ആചാരം എത്രത്തോളം ജനഹൃദയങ്ങളില്‍ ആഴത്തില്‍ പതിഞ്ഞിരുന്നതിന്റെ തെളിവാണ് ഉദയംപേരൂര്‍ സൂനഹദോസിന്റെ തീരുമാനങ്ങള്‍. നെല്ലും നീരും വയ്ക്കുന്ന ആചാരം നിരോധിക്കുകയും അത് തുടരുന്നവരെ ആറുമാസത്തേക്ക് സഭയില്‍നിന്ന് പുറത്താക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിട്ടും ക്നാനായ സമൂഹം യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ ഈ പാരമ്പര്യം തുടര്‍ന്നുപോന്നു. അതുവഴി തങ്ങളുടെ സാംസ്കാരിക-ആത്മീയ പൈതൃകത്തോടുള്ള അവരുടെ അചഞ്ചലമായ പ്രതിബദ്ധതയാണ് പ്രകടമായത്.
വാഴുപിടിത്തം
മണര്ക്കോലത്തിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ ആചാരമാണ് വാഴുപിടിത്തം. സന്നിഹിതരായ സമൂഹത്തോട് മൂന്നു പ്രാവശ്യം അനുവാദം ചോദിച്ചശേഷം, വധുവിന്റെ അമ്മ നവദമ്പതികളുടെ മുന്നില്‍ നില്ക്കുന്നു. വലതുവശത്ത് നില്ക്കുന്ന വരന്റെ തലയില്‍ വലതുകൈയും ഇടതുവശത്ത് നില്ക്കുന്ന വധുവിന്റെ തലയില്‍ ഇടതുകൈയും വരത്തക്കവിധം കൈകള്‍ കുരിശാകൃതിയില്‍ പിണച്ച് പ്രാര്‍ത്ഥനാപൂര്‍വം ഇരുവരെയും അനുഗ്രഹിക്കുന്നു. ഈ സമയത്ത് സമൂഹം പരമ്പരാഗത വാഴുപ്പാട്ട് ആലപിക്കുന്നു.
ഈ അനുഗ്രഹത്തിലൂടെ ത്രിയേകദൈവത്തിന്റെ കൃപയാല്‍ നവദമ്പതികള്‍ ദീര്ഘായുസ്സോടെയും ഐശ്വര്യത്തോടെയും സന്താനസമൃദ്ധിയോടെയും ദൈവഹിതപ്രകാരമുള്ള കുടുംബജീവിതം നയിക്കട്ടെയെന്ന പ്രാര്‍ത്ഥനയാണ് മാതാവിലൂടെ മുഴുവന്‍ കുടുംബവും സമൂഹവും ചേര്‍ന്ന് അര്‍പ്പിക്കുന്നത്.
ഈ ആചാരത്തിന് വിശുദ്ധ ഗ്രന്ഥത്തില്‍ വ്യക്തമായ പശ്ചാത്തലമുണ്ട്. ഉല്പത്തി 48-ല്‍ യാക്കോബ് തന്റെ പേരക്കുട്ടികളായ മനാസെയെയും എഫ്രായീമിനെയും അനുഗ്രഹിക്കുമ്പോള്‍ കൈകള്‍ പിണച്ച് വലതുകൈ എഫ്രായീമിന്റെ തലയില്‍ വെച്ചാണ് അനുഗ്രഹിക്കുന്നത്. അതുപോലെതന്നെ സീറോ-മലബാര്‍ വിശുദ്ധ കുര്‍ബാനയില്‍ അപ്പത്തിന്റെയും വീഞ്ഞിന്റെയുംമേല് പരിശുദ്ധാത്മാവിന്റെ ആവാസത്തിനായി പ്രാര്‍ത്ഥിക്കുമ്പോഴും വൈദികന് കൈകള്‍ കുരിശാകൃതിയില്‍ പിണച്ചാണ് പിടിക്കുന്നത്. അതിനാല്‍ വാഴുപിടിത്തം ബൈബിള്‍ പാരമ്പര്യവും സുറിയാനി ആരാധനക്രമവും സമന്വയിപ്പിക്കുന്ന അപൂര്‍വമായ ഒരു ആചാരമാണ്.
പാലും പഴവും കൊടുക്കല്‍
വാഴുപിടിത്തത്തിനുശേഷം വരന്റെ അമ്മ നവദമ്പതികള്‍ക്ക് ഒരു ഗ്ലാസില്‍ പാല് നല്‍കുകയും തുടര്‍ന്ന് പഴം നല്‍കുകയും ചെയ്യുന്നു. ഒരേ ഗ്ലാസില്‍നിന്ന് ഇരുവരും കുടിക്കുന്നത് വിവാഹത്തിലൂടെ ആരംഭിക്കുന്ന ഏകജീവിതത്തിന്റെ പ്രതീകമാണ്.
ഈ ചടങ്ങിന്റെ കേന്ദ്രസന്ദേശം നവദമ്പതികളുടെ ജീവിതം പാലുപോലെ പരിശുദ്ധവും പഴംപോലെ മധുരപൂര്ണ്ണവും സമൃദ്ധവുമായിരിക്കട്ടെയെന്ന ആശംസയാണ്. കേരളീയ ജീവിതവുമായി ഇഴചേര്‍ന്ന പാല്, പഴം തുടങ്ങിയ നാടന്‍ ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കുന്നതിലൂടെ പ്രാദേശിക സംസ്കാരവും ക്രൈസ്തവ ആത്മീയതയും മനോഹരമായി സംയോജിപ്പിക്കപ്പെടുന്നു. ഹിന്ദു ആരാധനയില്‍ നൈവേദ്യമായും ഉപയോഗിക്കുന്ന ഈ പദാര്‍ഥങ്ങള്‍ ഇവിടെ വിശുദ്ധിയുടെയും സമൃദ്ധിയുടെയും കുടുംബഐക്യത്തിന്റെയും പ്രതീകങ്ങളായി പുതിയ അര്‍ത്ഥം കൈവരിക്കുന്നു.
കച്ചതഴുകല്‍
തെക്കുംഭാഗ ക്നാനായ വിവാഹത്തിലെ ഏറ്റവും സവിശേഷമായ കുടുംബചടങ്ങുകളിലൊന്നാണ് കച്ചതഴുകല്‍. വധുവിന്റെ അമ്മാച്ചന്, അമ്മ, അമ്മയുടെ അമ്മ എന്നിവര്‍ നവദമ്പതികളെ ആശ്ലേഷിച്ച് അനുഗ്രഹിക്കുന്ന ഈ ചടങ്ങില്‍ വരന്റെ വീട്ടുകാര്‍ സമ്മാനമായി നല്കുന്ന പ്രത്യേക വസ്ത്രമാണ് കച്ച.
ഈ വസ്ത്രങ്ങള്‍ അച്ചന്പാതി, അമ്മപ്പാതി, അമ്മൂമ്മപ്പാതി എന്നിങ്ങനെ അറിയപ്പെടുന്നു.
വധുവിന്റെ അമ്മാച്ചന് തലയില്‍ ഞെട്ടും വാലുമിട്ട് പരമ്പരാഗതമായി കെട്ടി, ‘മണവാളച്ചെക്കനെയും മണവാട്ടിപ്പെണ്ണിനെയും കച്ചതഴുകട്ടെ’ എന്ന് സമൂഹത്തോട് മൂന്ന് പ്രാവശ്യം അനുവാദം ചോദിക്കുന്നു. തുടര്‍ന്ന് ആദ്യം വരന്റെയും പിന്നീട് വധുവിന്റെയും തുടയുടെ ഇരുവശങ്ങളിലും കൈകള്‍ ചേര്‍ത്ത് മൂന്ന് പ്രാവശ്യം തഴുകുന്നു. ചടങ്ങിനിടെ വധൂവരന്മാരുടെ കൈകളില്‍ വച്ചിരിക്കുന്ന സമ്മാനശീല അവര്‍ അമ്മാച്ചന് സമര്‍പ്പിക്കുന്നു.
തുടര്‍ന്ന് അമ്മയും വല്യമ്മയും ഇതേ ചടങ്ങ് ആവര്‍ത്തിച്ച് തങ്ങള്‍ക്ക് അവകാശപ്പെട്ട സമ്മാനം സ്വീകരിക്കുന്നു.
ഈ ആചാരത്തിനും ബൈബിളില്‍ പശ്ചാത്തലമുണ്ട്. ഉല്പത്തി 24-ല്‍ അബ്രാഹാം തന്റെ മകനായ ഇസഹാക്കിന് വധുവിനെ കണ്ടെത്താന്‍ ഭൃത്യനെ അയയ്ക്കുമ്പോള്‍, തന്റെ തുടയില്‍ കൈവെച്ച് വിശ്വസ്തതയുടെ പ്രതിജ്ഞ ചെയ്യാന്‍ ആവശ്യപ്പെടുന്നു. അതുപോലെ ക്നാനായരുടെ കുടിയേറ്റത്തെ വിവരിക്കുന്ന ‘ഇന്നു നീ ഞങ്ങളെ കൈവിട്ടോ മാറാനെ’ എന്ന പുരാതനപ്പാട്ടില്‍ ‘തങ്ങളില്‍ തങ്ങളില്‍ അന്‍പോടെ തഴുകുന്ന’ എന്ന വരികള്‍ കുടുംബസ്നേഹത്തിന്റെ ഈ പാരമ്പര്യത്തെ അനുസ്മരിപ്പിക്കുന്നു.
സമ്മാനം നല്കല്
മണര്ക്കോലത്തില്വച്ചുതന്നെ ബന്ധുക്കളും കുടുംബാംഗങ്ങളും നവദമ്പതികള്‍ക്ക് മാല, വള, മോതിരം തുടങ്ങി സ്വര്‍ണാഭരണങ്ങളും മറ്റ് സമ്മാനങ്ങളും കൈമാറുന്നു. ഇത് ഒരു ഔപചാരിക ആശംസ മാത്രമായിരുന്നില്ല; പുതിയ കുടുംബം ആരംഭിക്കുന്ന ദമ്പതികള്‍ക്ക് സാമ്പത്തിക അടിത്തറ ഒരുക്കുന്ന സാമൂഹിക സഹകരണസംവിധാനമായിരുന്നു.
അത്യാവശ്യഘട്ടങ്ങളില്‍ വില്‍ക്കാനോ പണയംവെക്കാനോ കഴിയുന്ന മൂലധനമായി ഈ ആഭരണങ്ങള്‍ പ്രവര്‍ത്തിച്ചു. അതുവഴി ഒരു പുതിയ കുടുംബത്തിന്റെ രൂപീകരണത്തില്‍ മുഴുവന്‍ സമൂഹവും പങ്കാളികളാകുന്ന കൂട്ടായ ഉത്തരവാദിത്തബോധമാണ് ഈ ആചാരത്തിലൂടെ പ്രകടമാകുന്നത്.
സദ്യയും പങ്കുവയ്പ്പും
മണര്ക്കോലത്തിലെ ചടങ്ങുകള്‍ പൂര്‍ത്തിയായശേഷം എല്ലാവര്ക്കും വിവാഹസദ്യ വിളമ്പുന്നു. സദ്യയ്ക്ക് തുടക്കം കുറിക്കുന്നത് വരന്റെ അമ്മാച്ചന് വധുവിന്റെ അമ്മാച്ചന് കൈകഴുകാന്‍ കിണ്ടിയില്‍ വെള്ളമൊഴിച്ചുകൊടുക്കുകയും പ്രത്യേകമായി തയ്യാറാക്കിയ കോഴിത്തുട വിളമ്പിക്കൊടുക്കുകയും ചെയ്താണ്.
ഒത്തുകല്യാണങ്ങളുടെ പാരമ്പര്യത്തെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ഈ വിശേഷവിഭവം പന്തലിലുള്ള എല്ലാവര്ക്കും പങ്കുവെക്കപ്പെടുന്നു. ഭക്ഷണത്തിന്റെ ഈ കൂട്ടായ പങ്കുവയ്പ്പിലൂടെ കുടുംബങ്ങളും ബന്ധുക്കളും സമൂഹവും ഒന്നാണെന്ന സന്ദേശമാണ് തെക്കുംഭാഗ ക്നാനായരുടെ വിവാഹാചാരങ്ങള്‍ വീണ്ടും ഉറപ്പിക്കുന്നത്.
കൈപിടിച്ചേല്പ്പിക്കല്
പന്തലിലെ ചടങ്ങുകള്‍ അവസാനിച്ചശേഷം മണവാട്ടി ആദ്യമായി വലതുകാല്‍വെച്ച് ഭര്‍ത്താവിന്റെ വീട്ടിലേക്ക് പ്രവേശിക്കുന്നു. വരന്റെ സഹോദരി കത്തിച്ച നിലവിളക്ക് കൈയില്‍ പിടിച്ച് നവവധുവിനെ സ്വീകരിക്കുന്നു.
ഈ സമയത്താണ് തെക്കുംഭാഗ ക്നാനായ വിവാഹത്തിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ ചടങ്ങായ കൈപിടിച്ചേല്പ്പിക്കല് നടക്കുന്നത്.
വധുവിന്റെ അമ്മ മകളുടെ കൈപിടിച്ച് വരന്റെ അമ്മയെ ഏല്‍പ്പിക്കുന്നു. പ്രാര്‍ത്ഥനയോടെയും സ്നേഹത്തോടെയും വളര്‍ത്തിയ മകളുടെ സംരക്ഷണവും കരുതലും ഇനി ഭര്‍ത്താവിന്റെ കുടുംബത്തിനാണെന്ന വിശ്വാസപൂര്‍വമായ ഉത്തരവാദിത്തക്കൈമാറ്റമാണ് ഈ ചടങ്ങിലൂടെ പ്രകടമാകുന്നത്.
ഇത് ഒരു പെണ്‍കുട്ടിയുടെ കൈമാറ്റം മാത്രമല്ല; രണ്ട് മാതൃത്വങ്ങളുടെ ആത്മീയമായ സംഗമമാണ്. ജന്മം നല്കി വളര്‍ത്തിയ അമ്മ, പുതിയ കുടുംബത്തില്‍ അവളെ മാതൃസ്നേഹത്തോടെ സ്വീകരിക്കുന്ന മറ്റൊരു അമ്മയ്ക്ക് മകളെ ഏല്‍പ്പിക്കുന്ന ഈ നിമിഷം ക്നാനായ വിവാഹത്തിലെ ഏറ്റവും വികാരനിര്‍ഭരമായ മുഹൂര്‍ത്തങ്ങളിലൊന്നാണ്.
ഇല്ലപ്പണം
വിവാഹാനന്തരം വധൂവരന്മാര് വധുവിന്റെ വീട്ടിലേക്ക് യാത്രതിരിക്കുമ്പോള്‍ വരന്റെ പിതാവ് വധുവിന് നല്കുന്ന തുകയാണ് ഇല്ലപ്പണം.
ഈ തുക വ്യക്തിപരമായ ആവശ്യങ്ങള്‍ക്കല്ല, നേര്‍ച്ചകള്‍ക്കും ദാനധര്‍മ്മങ്ങള്‍ക്കും വേണ്ടിയാണ് ചെലവഴിച്ചിരുന്നത്. കുടുംബജീവിതത്തിന്റെ ആരംഭം തന്നെ ദൈവത്തിന്റെയും സമൂഹത്തിന്റെയും അനുഗ്രഹവുമായി ബന്ധപ്പെടുത്തുന്ന മനോഹരമായ പാരമ്പര്യമാണ് ഇത്.
ക്നാനായരുടെ പുരാതന സാമൂഹികഘടനയില്‍ ബാജി, ബെല്ക്കൂത്ത്, ഹദായി, കുജലിക്ക്, കോജാ, മജമൂത്ത്, തെജമൂത്ത് എന്നിങ്ങനെ ഏഴ് ഇല്ലങ്ങള്‍ ഉണ്ടായിരുന്നതായി പുരാതനപ്പാട്ടുകള്‍ രേഖപ്പെടുത്തുന്നു. ഒരേ ഇല്ലത്തില്‍ വിവാഹം നടത്താത്ത ആചാരവും നിലനിന്നിരുന്നു. ഒരു ഇല്ലത്തില്‍നിന്ന് മറ്റൊരു ഇല്ലത്തിലേക്ക് പെണ്‍കുട്ടിയെ നല്‍കുന്നതിന്റെ പ്രതീകമായാണ് ഇല്ലപ്പണം എന്ന പേര് രൂപപ്പെട്ടതെന്ന് ഗവേഷകര്‍ കരുതുന്നു.
വരന്റെ കുടുംബം വധുവിന്റെ കുടുംബത്തിന് വിവാഹസംബന്ധമായ തുക നല്കുന്ന സമാനമായ ആചാരം യഹൂദസമൂഹത്തിലും കാണപ്പെടുന്നു.
അടച്ചുതുറ
പുരാതനകാലത്ത്, പ്രത്യേകിച്ച് ബാല്യവിവാഹങ്ങള്‍ സാധാരണമായിരുന്ന സാഹചര്യത്തില്‍, വിവാഹശേഷമുള്ള ആദ്യദിവസങ്ങള്‍ നവദമ്പതികള്‍ വധുവിന്റെ വീട്ടിലാണ് ചെലവഴിച്ചിരുന്നത്. പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ വധുവിന് അവസരം നല്‍കുക എന്ന പ്രായോഗികമായ ലക്ഷ്യവും ഈ ആചാരത്തിനുണ്ടായിരുന്നു.
വിവാഹത്തിന്റെ മൂന്നാം ദിവസം വധുവിന്റെ അമ്മ മധുരപലഹാരങ്ങള്‍, ഗൃഹോപകരണങ്ങള്‍, മറ്റ് സമ്മാനങ്ങള്‍ എന്നിവയുമായി വരന്റെ വീട്ടിലെത്തുന്നു. തുടര്‍ന്ന് നവദമ്പതികളെയും കൂട്ടുകാരെയും മണവറയില്‍ പ്രവേശിപ്പിച്ച് വാതില്‍ അടയ്ക്കുന്നു.
പിന്നീട് വരന് നല്കുന്ന സമ്മാനങ്ങള്‍ പാട്ടുരൂപത്തില്‍ വിവരിച്ചുകൊണ്ട് കുടുംബാംഗങ്ങള്‍ അടച്ചുതുറപ്പാട്ട് ആലപിക്കുന്നു.
‘കട്ടില് തരാം, മത്തേ തരാം, കണ്ടിരിപ്പാന്‍ വിളക്കുതരാം,
പട്ടുചേല ഞാന്‍ തരുവേന്‍, ഭംഗിയൊത്ത മേല്വിതാനം…
എന്റെ മകനെ മണവാളാ, മണവറയുടെ വാതില്‍ തുറ…’
ഈ പാട്ടിലൂടെ പുതിയ കുടുംബജീവിതത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും സന്തോഷപൂര്‍വം നല്‍കുമെന്ന കുടുംബത്തിന്റെ പ്രതിജ്ഞയാണ് പ്രകടമാകുന്നത്.
എണ്ണപ്പാട്ടും വിളക്കുതൊഴീലും
അടച്ചുതുറ ചടങ്ങിനുശേഷം നവദമ്പതികള്‍ മണവറയില്‍നിന്ന് പുറത്തിറങ്ങുന്നു. തുടര്‍ന്ന് എണ്ണപ്പാട്ടും കുളിപ്പാട്ടും ആലപിച്ചുകൊണ്ട് അവരെ എണ്ണതേച്ച് കുളിപ്പിക്കുകയും പുതിയ വസ്ത്രങ്ങള്‍ ധരിപ്പിക്കുകയും ചെയ്യുന്നു.
പിന്നീട് പന്തലില്‍ ഇരുത്തി എല്ലാവരും ചേര്‍ന്ന് സദ്യ കഴിക്കുന്നു.
വിവാഹാഘോഷത്തിന്റെ അവസാനചടങ്ങായി കത്തിച്ച നിലവിളക്കിനു ചുറ്റും നിന്ന് പരമ്പരാഗത പാട്ടുകള്‍ ആലപിച്ച് വിളക്കുതൊഴീല് നടത്തുന്നു. ക്രിസ്തുവെന്ന പ്രകാശത്തെ കുടുംബജീവിതത്തിന്റെ കേന്ദ്രമായി സ്വീകരിക്കുന്ന ആത്മീയ പ്രഖ്യാപനമാണ് ഈ ചടങ്ങ്. ഇതോടെയാണ് വിവാഹാചാരങ്ങള്‍ ഔദ്യോഗികമായി സമാപിക്കുന്നത്.
