പുരാതനപ്പാട്ടുകളില്‍ പ്രതിഫലിക്കുന്ന ക്നാനായ വിവാഹാചാരങ്ങളും സാംസ്കാരിക പൈതൃകവും

സമൂഹസംഘസ്വത്വബോധത്തിന്‍്റെ ഏറ്റവും പഴയ ലിഖിതരേഖകളായി താളിയോലകളില്‍ ഇന്നും നമുക്കു ലഭ്യമായിരിക്കുന്ന പുരാതനപ്പാട്ട് സഞ്ചയത്തിന്‍്റെ ആഴങ്ങളിലൂടെ സഞ്ചരിക്കാതെ സാമുദായികാചാരപഠനത്തിന് സാധുത ലഭ്യമാകില്ല. ആയതിനാല്‍ ക്നാനായ സമുദായ ചരിത്രം പ്രണീതമായിരിക്കുന്ന പാട്ടുകള്‍, ക്നാനായ പള്ളിപ്പാട്ടുകള്‍, ക്നാനായ വിവാഹങ്ങളില്‍ ഉപയോഗിക്കുന്ന കല്യാണപ്പാട്ടുകള്‍, വട്ടക്കളിപ്പാട്ടുകള്‍ തുടങ്ങിയവ പഠനവിധേയമാക്കി അവയില്‍ ആചാരങ്ങള്‍, ചടങ്ങുകള്‍, പദവികള്‍ എന്നിവയെക്കുറിച്ചും (വസ്ത്രങ്ങള്‍, ആടയാഭരണങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുമൊക്കെ) പ്രതിപാദിക്കുന്ന ഭാഗങ്ങള്‍ കണ്ടത്തെുകയും അവയുടെ ആനുകാലിക സാമുദായിക പ്രസക്തി ചുരുക്കി പ്രതിപാദിക്കുകയുമാണ് ലക്ഷ്യമാക്കുന്നത്.


ആകരങ്ങള്‍ (SOURCES )
ഇത്തരമൊരു പഠനത്തിന്‍്റെ മുഖ്യ ആകരങ്ങള്‍ പുരാതനപ്പാട്ടിന്‍്റെ നിലവില്‍ അറിയപ്പെടുന്ന നാലു താളിയോലഗ്രനഥങ്ങളും 1910-ല്‍ പ്രസിദ്ധീകൃതമായ ആദ്യ അച്ചടിപ്പതിപ്പും ഇപ്പോള്‍ നിലവിലുള്ള പതിപ്പുമാണ്.
ആധുനിക എഴുത്തു ശൈലിയില്‍നിന്ന് വ്യത്യസ്തമാണ് താളിയോലകളിലെ എഴുത്തുശൈലി. ഉദാഹരണത്തിന്, ഏകാരം എകാരമായാണ് എഴുതാറ് (കേരളമെന്നതിന് കെരളമെന്നാണ് എഴുതാറ്), ചന്ദ്രക്കല ഉപയോഗിക്കാറില്ല, അകാരത്തിന് പകരമായി എകാരചിഹ്നം ()െ പലപ്പൊഴും ഉപയോഗിക്കാറുണ്ട്, തുടങ്ങിയവ. ചില അക്ഷരങ്ങളും വാക്കുകളും ഇന്ന് നമ്മള്‍ പാടുന്ന പാട്ടില്‍നിന്ന് വ്യത്യസ്തമായാണ് താളിയോല ഗ്രനഥത്തില്‍ കാണുന്നത്. ഉദാഹരണത്തിന് മര്‍ത്തൊമ്മന്‍ പാട്ടിന്‍്റെ ആദ്യ നാലുവരികള്‍ മൂലതാളിയോലഗ്രനഥത്തില്‍ ഇപ്രകാരമാണ് കാണുന്നത്. “മര്‍ത്തൊമ്മാന്‍ നന്മെയാലൊന്നു തുടങ്ങിട്ട – നന്നായിക വെണമിതൊന്ന – ഉത്തമെ നല്ല മിചിഹാ തിരുവിളം – ഒന്‍മ്മെയെഴുന്നെള്‍ക വെണം”. എന്നാല്‍ ഇന്ന് നമ്മള്‍ ഈ വരികള്‍ പാടുന്നത്, “മര്‍ത്തോമന്‍ നന്മയാലൊന്നു തുടങ്ങുന്നു – നന്നായി വരേണമെയിന്ന് – ഉത്തമനായ മിശിഹാ തിരുവുള്ളം – ഉണ്‍മ്മയെഴുന്നള്‍ക വെണം” എന്നാണ്. ആയതിനാല്‍ ഉദ്ധരണികള്‍ വായിക്കുമ്പോള്‍ താളിയോലയുടെ എഴുത്തിന്‍്റെ പ്രത്യേകതകള്‍ മനസ്സില്‍ സൂക്ഷിക്കണം.


കല്യാണചടങ്ങുകളുമായി ബന്ധപ്പെട്ട പുരാതനപ്പാട്ടുകള്‍

പുരാതനപ്പാട്ടുകളിലെ എല്ലാ പാട്ടുകളും ക്നാനായ പാട്ടുകള്‍ തന്നെയാണോ എന്ന ഒരു സംശയം സ്വാഭാവികമായും ഉണ്ടാകാം. ക്നാനായ പാട്ടുകള്‍ എന്ന് ഉറപ്പുള്ളവയോ സംഭാവ്യത കൂടുതലോ ഉള്ള പാട്ടുകള്‍ മാത്രമാണ് പരിഗണിച്ചിരിക്കുന്നത്. പുരാതനപ്പാട്ടുകളെ ക്നാനായ പാട്ടുകള്‍ അഥവാ ക്നാനായത്വ സംഭാവ്യത കൂടുതലുള്ള പാട്ടുകള്‍ എന്ന നിഗമനത്തിലത്തൊന്‍ സഹായകമായി എടുത്തിരിക്കുന്ന മാനദണ്ഡങ്ങള്‍, അവ ക്നാനായ കുടിയേറ്റ ചരിത്രം പ്രതിപാദിക്കുന്നു, ക്നാനായേതരര്‍ തങ്ങളുടേതെന്ന് അവകാശപ്പെടാത്ത ആചാരങ്ങള്‍ (ഉദാഹരണത്തിന്, നടവിളി, നെല്ലും നീരും വെയ്ക്കല്‍) ഉള്‍ക്കൊള്ളുന്നു, ക്നായിത്തോമ്മാ യ്ക്ക് ചേരമാന്‍ പെരുമാള്‍ നല്കിയ ചെപ്പേടും വേന്തന്‍മുടി (പൊന്‍മുടി/ പൊന്നുംപൂവ്) യും പദവികളും പ്രതിപാദിക്കുന്നു തുടങ്ങിയവയാണ്. മുന്നൂറു വര്‍ഷം മുമ്പെങ്കിലും വിരചിതമായി താളിയോല ഗ്രനഥങ്ങളില്‍ ഇന്നും ലഭ്യമായ ഈ പാട്ടുകളില്‍ ക്നാനായ വിവാഹാചാരങ്ങളും ചടങ്ങുകളും പരാമര്‍ശിക്കുന്നെങ്കില്‍ അതിനര്‍ത്ഥം അന്നും ഈ സമുദായം ഈ ആചാരങ്ങളും ചടങ്ങുകളുമൊക്കെ പാലിച്ചിരുന്നു വെന്നാണ്.

  1. കല്യാണചടങ്ങുകള്‍ പ്രതിപാദിക്കുന്ന പാട്ടുകള്‍

അന്തംചാര്‍ത്തുപാട്ട്, മംഗല്യം വട്ടക്കളി, വാഴൂ വട്ടക്കളി, എണ്ണപ്പാട്ട്, വാലെയാലുള്ളൊരു മങ്ക വട്ടക്കളിപ്പാട്ട്, എട്ടുത്തിര വട്ടക്കളിപ്പാട്ട്, യാക്കോബിന്റെ വട്ടക്കളിപ്പാട്ട്, ആലായ്ക നായന്‍ വട്ടക്കളിപ്പാട്ട്, ആദിയിലാദം പിഴച്ചതു തീര്‍പ്പാനായി വട്ടക്കളിപ്പാട്ട്, നല്ലൊരു വന്നിസ്രായിലൊരു കന്നിതാന്‍ വട്ടക്കളിപ്പാട്ട്, മക്കത്തു വട്ടക്കളിപ്പാട്ട് തുടങ്ങിയവയാണ് കല്യാണചടങ്ങുകള്‍ പ്രതിപാദിക്കുന്ന പാട്ടുകള്‍.

  1. കല്യാണച്ചടങ്ങുകളുമായി ബന്ധപ്പെട്ട പാട്ടുകള്‍

മയിലാഞ്ചിപ്പാട്ട്, പന്തല്‍പ്പാട്ട്, അയനിപ്പാട്ട്, വാഴുപ്പാട്ട്, അടച്ചുതുറപ്പാട്ട്, കുളിപ്പാട്ട്, വിളക്കുതൊടീല്‍പ്പാട്ട്, മാര്‍ഗംകളിപ്പാട്ട്, പാണന്‍പാട്ട്, ബര്‍മറിയംപാട്ട് എന്നിവയാണ് കല്യാണച്ചടങ്ങുകളുമായി ബന്ധപ്പെട്ട പാട്ടുകള്‍.

  1. കല്യാണം/പദവികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അടങ്ങിയ പാട്ടുകള്‍

മര്‍ത്തോമ്മന്‍, നല്ലൊരൊറോഷിലം, മുന്നം മലങ്കര, ഇന്നു നീ ഞങ്ങളെ കൈവിട്ടോ, പൊന്നണിന്തീടും, എട്ടുത്തിര വട്ടക്കളിപ്പാട്ട്, ചെറിയ തോബിയാസിന്റെ പാട്ട്, കടുത്തുരുത്തി കുരിശിന്റെ പാട്ട്, കോട്ടയത്ത് പള്ളിയുടെ പാട്ട്, ചുങ്കത്തില്‍ കുരിശിന്റെ പാട്ട്, ഉഴവൂര്‍ പള്ളിയുടെ പാട്ട്, കൈപ്പുഴ പള്ളിയുടെ പാട്ട്, ഇടയ്ക്കാട്ട് പള്ളിയുടെ പാട്ട്, കോട്ടയത്ത് ചെറിയ പള്ളിയുടെ പാട്ട്, വാടിമനം വട്ടക്കളിപ്പാട്ട്, മാര്‍ അബ്രാഹം മെത്രാന്റെ പാട്ട്, പെരുമപ്പെരിയോന്റെ പാട്ട്, തത്തപ്പാട്ട്, കുളിയാര്‍ കൊങ്കപ്പാട്ട് തുടങ്ങിയവയാണ് ഈ വിഭാഗത്തില്‍പ്പെടുന്ന പാട്ടുകള്‍.

ഈ പാട്ടുകളെ സമഗ്രമായി പഠിക്കുമ്പോള്‍ നമ്മുടെ ശ്രദ്ധയില്‍പ്പെടുന്ന ചില പ്രധാന സവിശേഷതകള്‍ താഴെ പ്രതിപാദിക്കുന്നു.

  1. സുറിയാനിഭാഷാസ്വാധീനം
    ഒട്ടനവധി സുറിയാനി വാക്കുകള്‍ തത്സമരൂപത്തിലോ (ഒരു വാക്ക് അതേപടി മറ്റൊരു ഭാഷയിലേക്ക് കടന്നുവരുന്നത്), തത്ഭവരൂപത്തിലോ (ഒരു ഭാഷയില്‍നിന്ന് ചെറിയ വ്യത്യാസങ്ങളോടെ മറ്റൊരു ഭാഷയിലേക്ക് ഒരു വാക്ക് സ്വീകരിക്കുന്നത്) പുരാതനപ്പാട്ടുകളില്‍ കാണപ്പെടുന്നു. ഉദാഹരണത്തിന് മാര്‍ തോമ്മാ ശ്ലീഹാ എന്ന പേര് മാര്‍, തോമ്മാ, ശ്ലീഹാ എന്നീ സുറിയാനി വാക്കുകള്‍ ചേര്‍ന്ന തത്സമരൂപത്തിലുള്ള ഒരു പദമാണ്. എന്നാല്‍ മര്‍ത്തോമ്മന്‍ എന്ന പേരില്‍ മാര്‍, തോമ്മാ എന്നീ സുറിയാനി വാക്കുകളോടൊപ്പം -ന്‍ എന്ന മലയാള പ്രത്യയവും ചേര്‍ത്ത് തത്ഭവരൂപത്തില്‍ പുതിയൊരു പദം രൂപപ്പെടുത്തിയിരിക്കുന്നു.

പാട്ടുകളില്‍ കാണുന്ന സുറിയാനി പദങ്ങളില്‍ ചിലത്: ശ്ലീഹാ, കന്തീശാനായന്‍, മിശിഹാ, ഈശോന്‍ മിശിഹാ, കര്‍ത്താവീശോ മിശിഹാന്‍, റിശുമാ, ചീലോകാ, കശീശ, കഹന, ആലം, അന്‍മെനി, പറുദീസാ, കന്തിശാ, കുറുവാന, ആദം, ഹവ്വ, സ്‌കീപ്പാ, മാറാനീശോ മിശിഹാ, യൗനാന്‍, മറിയോഹന്നാന്‍, റൂഹാ, ആലായ്കനായന്‍, യൗസേപ്പ്, മാലാഖ, ക്രോവല്‍, ബാവാ, ആലാഹാ, വറുഗീസു (ഛേദനാചാരം), നിവിയാ, കൂശയെന്ന രാജാക്കള്‍, കൂദാശ, റൂഹാ ദക്കുദ്ശാ, അപ്പസ്‌പോപ്പാ, മാറാന്‍, മാമ്മോദീസ, മര്‍ത്തോമ്മറിയം, മറിയോഹന്നാന്‍ മൗന്ദാനാ തുടങ്ങിയവയാണ്. ഈ സുറിയാനി പദങ്ങളുടെ ആധിക്യം സുറിയാനി സംസാരിച്ചിരുന്ന ഒരു ജനതയുടെ ആത്മസ്പന്ദനത്തിന്റെ ഭാഗമായും കണക്കാക്കാവുന്നതാണ്.

  1. സുറിയാനി സഭയുമായുള്ള ബന്ധം
    പുരാതനപ്പാട്ടുകളില്‍ കാനാന്‍, ജെറുസലേം തുടങ്ങിയ ബൈബിളിലൂടെ പ്രസിദ്ധമായ സ്ഥലങ്ങളെക്കുറിച്ച് ധാരാളം പരാമര്‍ശങ്ങളുണ്ട്. അതോടൊപ്പം ഇന്നത്തെ ബാഗ്ദാദ് നഗരത്തിന്റെ മലയാളീകരിച്ച പഴയ പേരുകളായ ബവുദാശി, വൗദാശി, വവുദാശി എന്നിവയെക്കുറിച്ചും നിരവധി സൂചനകള്‍ കാണാം. ഇത് ക്‌നായിത്തോമ്മായുടെ പ്രഭവസ്ഥലമെന്ന നിലയിലും, യാത്രാസംഘത്തെ അനുഗ്രഹിച്ചയച്ച കാതോലിക്കായുടെ ഇരിപ്പിടമെന്ന നിലയിലും, പിന്നീട് മെത്രാന്മാരെ ഭാരതത്തിലേക്ക് അയച്ചിരുന്ന കേന്ദ്രമെന്ന നിലയിലുമാണ് പരാമര്‍ശിക്കപ്പെടുന്നത്.

ഉദാഹരണത്തിന് വാഴുപ്പാട്ടില്‍ ‘ബവുദാശി പുക്കു’ എന്നും, യാക്കോബിന്റെ വട്ടക്കളിപ്പാട്ടില്‍ ‘വൗദാശിയെന്ന നഗരിയിലേക്കു പോകുവാന്‍’ എന്നും, മാറവുറാന്‍ മെത്രാന്റെ പാട്ടില്‍ ‘ഈശോമിശിഹാ വഴിപാട്ടിലെ – ഈരാറുമുന്‍പ് ശിമഹോന്‍ കേപ്പാ – ആദി വവുദാശി രാജ്യത്ത്’ എന്നും കാണപ്പെടുന്നു.

‘കാതോലിക്കാ കല്‍പ്പനയാലെ യൗനാന്മാരോ പലരേണ്ട – ഉന്നിയ ശെരകോന്‍ തന്‍ മലനാടു കൊടുങ്ങല്ലൂര്‍ കുടിപുക്ക’ എന്ന മാറവുറാന്‍ മെത്രാന്റെ പാട്ടിലൂടെ കിഴക്കിന്റെ കാതോലിക്കോസിന്റെ കല്‍പ്പനയാലാണ് മെത്രാന്മാര്‍ ഭാരതത്തിലെത്തിയിരുന്നതെന്ന് മനസ്സിലാക്കാം. സുറിയാനി സഭയും ഭാരതസഭയും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനം തോമ്മാമാര്‍ഗവും തോമ്മായുടെ വഴിപാടും ആണെന്നും ഈ പാട്ടുകള്‍ വ്യക്തമാക്കുന്നു.

‘ഹിതത്തോടെ മലനാടും മര്‍ത്തോമ്മാന്‍ വഴിക്കെല്ലാം… നാലുദിക്കും കാതോലിക്കാ പദവികള്‍ കൊടുത്തു…’ (മാറവുറാന്‍ മെത്രാന്റെ പാട്ട്),

‘മലനാടു വാഴുവാന്‍… പാപ്പാടെ കല്‍പ്പനയാലെ പിറപ്പെട്ടു… പലകൂട്ടം കാതോലിക്കാ പദവികള്‍ കൊടുത്തു…’ (നല്ലൊരൊറോഷിലം വട്ടക്കളിപ്പാട്ട്),

‘ശുദ്ധമാന കാതോലിക്കാ മര്‍ത്തോമ്മാന്‍ വഴിക്കെല്ലാം’ (പൊന്നണിന്തീടും വട്ടക്കളിപ്പാട്ട്)

എന്നിവ ഈ ചരിത്രബന്ധത്തിന്റെ വ്യക്തമായ തെളിവുകളാണ്. ഈ ബന്ധത്തിന്റെ സമാരംഭകരും പ്രയോക്താക്കളും ക്‌നാനായക്കാരാണെന്ന ബോധമാണ് ക്‌നാനായ കുടിയേറ്റചരിത്രം ആസ്പദമാക്കിയ നിരവധി പാട്ടുകള്‍ പുരാതനപ്പാട്ടുസഞ്ചയത്തില്‍ ഉള്‍പ്പെടാനും, കല്യാണം പോലുള്ള വിശേഷാവസരങ്ങളില്‍ അവ ആലപിക്കപ്പെടാനും കാരണമായത്.

  1. കല്യാണച്ചടങ്ങുകളുമായി ബന്ധപ്പെട്ട പാട്ടുകളുടെ ആധിക്യം
    കല്യാണച്ചടങ്ങുകള്‍ പ്രതിപാദിക്കുന്ന പതിനൊന്ന് പാട്ടുകളും, കല്യാണച്ചടങ്ങുകളുടെ ഭാഗമായി ആലപിക്കുന്ന പത്ത് പാട്ടുകളും, കല്യാണം, പദവികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇരുപതോളം പാട്ടുകളും ഉള്‍പ്പെടെ ഏകദേശം നാല്പതോളം പാട്ടുകള്‍ ക്‌നാനായസമുദായം ശേഖരിച്ച് ഇന്നും ഉപയോഗിച്ചുവരുന്നു. ഇത് കല്യാണച്ചടങ്ങുകളും പാട്ടുകളും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ വ്യക്തമാക്കുന്നു. പാട്ടില്ലാതെ ഒരു ചടങ്ങുപോലും നടത്താന്‍ കഴിയാത്തവിധം പാട്ടുകളും ആചാരങ്ങളും പരസ്പരം ഇഴചേര്‍ന്നിരിക്കുന്നതായി കാണാം.
  2. കല്യാണച്ചടങ്ങുകള്‍ എല്ലാംതന്നെ പാട്ടുകളില്‍ പരാമര്‍ശിക്കപ്പെടുന്നു
    തെക്കുംഭാഗ പുരാതനപ്പാട്ടുകളില്‍ വിവിധങ്ങളായ കല്യാണാചാരങ്ങളും ചടങ്ങുകളും പദവികളും വിശദമായി പരാമര്‍ശിക്കപ്പെടുന്നു. ‘കാരണമായവരെല്ലാരും കൂടീട്ട് ചെമ്മാ വരുത്തിത്തരണമെന്ന് പ്രാര്‍ത്ഥിക്കുന്നതും’ (മര്‍ത്തോമ്മന്‍), ‘മാറാനെ മുന്‍നിറുത്തി മാര്‍ഗമാണ് നാള്‍ കുറിക്കുന്നതും’ (അന്തംചാര്‍ത്തുന്ന പാട്ട്), ‘നല്ലൊരു നേരം മണക്കോലം പൂകുന്നതും’ (മര്‍ത്തോമ്മന്‍), ‘മെല്ലെ ഇരുവരെയും ആനപ്പുറത്തിരുത്തുന്നതും’ (മംഗല്യം വട്ടക്കളിപ്പാട്ട്), ‘ആര്‍ത്തു നടനടകള്‍ ചൊല്ലി നടക്കുന്നതും’ (മംഗല്യം വട്ടക്കളിപ്പാട്ട്) എന്നിവ വിവാഹാചാരങ്ങളുടെ വിവിധ ഘട്ടങ്ങളെ സൂചിപ്പിക്കുന്നു.

ചടങ്ങുകളെക്കുറിച്ചും ധാരാളം പരാമര്‍ശങ്ങള്‍ കാണാം. ഉദാഹരണത്തിന് മര്‍ത്തോമ്മന്‍ പാട്ടില്‍ ‘നെല്ലും നീരും പരമേറ്റി വച്ചാറെ’ എന്ന വരിയുണ്ട്. സ്വന്തം മകളുടെ വിവാഹത്തോടനുബന്ധിച്ച് അമ്മയുടെ വികാരങ്ങളെ അവതരിപ്പിക്കുന്ന ഈ പാട്ടില്‍ ‘നെല്ലും നീരും പരമേറ്റി വയ്ക്കുക’ എന്ന പ്രയോഗം വിവാഹത്തിന്റെ പര്യായമായാണ് ഉപയോഗിച്ചിരിക്കുന്നത്.

അതുപോലെ ‘അഴകൊടെ കയ്യും പിടിപ്പിച്ചറിവാളന്‍’, ‘മന്ത്രക്കോടി മടിയിലിട്ടു മാര്‍ഗമാണ് വചനം ചൊല്ലി – തൊട്ട താലി കെട്ടിനാലെ…’, ‘അന്നന്നു കന്നിമാര്‍ മംഗല്യം വാഴുമ്പോള്‍ പച്ചില മയിലാഞ്ചി കൊണ്ട് പൊതിയണം’, ‘അന്തംചാര്‍ത്തി നീരുമാടി’, ‘ഒത്തുകൈപിടിക്കല്‍’, ‘വിളക്കിന് മൂന്നു വലത്തും വച്ച്… വിളക്കിന്‍മേല്‍ തൊട്ടു കുരിശും വരച്ചിട്ട്’ തുടങ്ങിയ പരാമര്‍ശങ്ങള്‍ വിവാഹചടങ്ങുകളുടെ ക്രമവും രീതിയും വ്യക്തമായി രേഖപ്പെടുത്തുന്നു.

അതുപോലെ, ‘നീതിയോടെ അവര്‍ പോയി പന്തലിലിരുന്നു – ചിക്കണെ മുതിര്‍ന്നു വന്നു മാവെണ്ണ തേച്ചു – ശില്‍പമോടെ നീരുമാടിച്ച് ചേലയും പകര്‍ന്നു – ചുറ്റും നിന്ന പെണ്‍കൊടിമാര്‍ വായ്ക്കുരവ ഇട്ടു – അവന്‍ തന്റെ അമ്മ പെങ്ങമ്മാര്‍ നെല്ലും നീരും വച്ചു – ഒത്തുനിന്ന പെണ്‍കൊടിമാര്‍ കൈപിടിച്ചു കേറ്റി’ (എണ്ണതേക്കുന്ന പാട്ട്) എന്നിങ്ങനെ ചടങ്ങുകളുടെ വിശദമായ വര്‍ണനകളും പുരാതനപ്പാട്ടുകളില്‍ കാണാവുന്നതാണ്.

  1. വിവാഹരംഗസജ്ജീകരണം

വിവാഹം വലിയൊരു ആഘോഷമായതിനാല്‍ അതിന്റെ ഒരുക്കങ്ങളുടെ വര്‍ണനകള്‍ പുരാതനപ്പാട്ടുകളില്‍ ധാരാളമായി കാണുന്നു. കല്യാണമുറപ്പിക്കല്‍ തുടങ്ങിയ ചടങ്ങുകളോടൊപ്പം വീടും പരിസരവും വൃത്തിയാക്കി അലങ്കരിക്കുന്നതും പ്രധാനഘടകമാണ്. മണപ്പന്തല്‍, മണക്കോലം, പാവാട, മണവറ, വിളക്കുകള്‍ എന്നിവയെല്ലാം രംഗസജ്ജീകരണത്തിന്റെ ഭാഗങ്ങളാണ്.

‘ചത്തെിവഴി പറമ്പിലത്തെുന്നവര്‍ക്കിരിപ്പാന്‍ – ഇട്ടൊരു പന്തലൊക്കെ പട്ടാല്‍ വിധാനം ചെയ്തു – വെട്ടം കൊളുത്തി നീളെ ഇട്ടു മണക്കോലവും’ (മംഗല്യം വട്ടക്കളിപ്പാട്ട്),

‘പട്ടുചേല വില്ലൂസാലെ കൊട്ടിലും വിധാനിച്ചൂ – പൊന്‍മയത്താല്‍ വില്ലൂസാലെ ചാവടി പടിപ്പുര – ചന്തമെറും പന്തലുകള്‍ മെഞ്ഞങ്ങു ചെലയോടെ – മാണിക്കത്താല്‍ വച്ചു നല്ല പൊന്‍വിളക്കും പന്തലില്‍’ (യാക്കോബിന്റെ വട്ടക്കളിപ്പാട്ട്),

‘കൊമളമായൊരു പന്തലകം പുക്ക – ഘോഷിച്ചു നല്ല മണക്കോലം പുക്കാറെ’ (വട്ടക്കളിപ്പാട്ട്),

‘തഴുകിയെടുത്തങ്ങു പാവാടെ വച്ചാറെ’ (മക്കത്തു വട്ടക്കളിപ്പാട്ട്),

‘മാനിച്ച പന്തലില്‍ വിളക്കുമായി തൂക്കീട്ട – ഏഴുനിലെയുള്ള പൊന്‍വിളക്കും തൂക്കീട്ട – അഞ്ചും നാലൊന്‍പതു തിരിയും തെളുത്തിട്ട’ (വിളക്കുതൊടുന്ന പാട്ട്),

‘മാനിച്ചു തൂക്കും വിളക്കിതുപോലെ’ (പെരുമപ്പെരിയോണിന്റെ പാട്ട്),

‘മെനിക്കു നല്ല വിളക്കും പിടിപ്പിച്ച’ (വാലെയാലുള്ളൊരു മങ്ക വട്ടക്കളിപ്പാട്ട്),

‘ആനകള്‍ തൂക്കിയ വെള്ളിവിളക്കുകള്‍ – ഇത്രെയുണ്ടെന്നു പറവാന്‍ ഫണിയുണ്ട – കട്ടിത്തുടലിട്ട പൊന്നുംവിളക്കുകള്‍ – പത്തുനൂറല്ലിതു തൂക്കിയൊരു പോലെ’ (വട്ടക്കളിപ്പാട്ട്)

എന്നിങ്ങനെ വിവാഹവേദിയുടെ അലങ്കാരങ്ങളെക്കുറിച്ചുള്ള നിരവധി പരാമര്‍ശങ്ങള്‍ കാണാം.

  1. ആടയാഭരണങ്ങള്‍

വിവാഹത്തോടനുബന്ധിച്ച് ഉപയോഗിച്ചിരുന്ന വിവിധ വസ്ത്രങ്ങളും ആഭരണങ്ങളും പുരാതനപ്പാട്ടുകളില്‍ സമൃദ്ധമായി പ്രതിപാദിക്കപ്പെടുന്നു.

‘പട്ടുമുണ്ടു പണിച്ചട്ട വേണമെന്നു മണവാളന്‍ – പട്ടുപൊടക പണിച്ചട്ട വേണമെന്നു മണവാട്ടി’ (കുളിപ്പാട്ട്),

‘നല്ല ചന്തെലാസ്തു കുപ്പായമങ്ങിനെ – നല്ലൊരു വില്ലൂസു ചട്ടെയുമങ്ങിനെ’ (നല്ലൊരു വന്നിസറായിലൊരു കന്നിതാന്‍ വട്ടക്കളിപ്പാട്ട്),

‘വില്ലൂസമ്മേല്‍ പൊതിയും ചകെലാസ്തുകള്‍ – മെച്ചവുള്ള കുപ്പായമിട്ടു പുരുഷനും – ആനന്ദത്തോടു ചമഞ്ഞങ്ങിരുവരും’ (വാലെയാലുള്ളൊരു മങ്ക വട്ടക്കളിപ്പാട്ട്) എന്നിവ വസ്ത്രധാരണത്തെ സൂചിപ്പിക്കുന്നു.

അതുപോലെ, ‘ശില്‍പ്പപ്പണി പൊന്നുമൊക്കെയണിഞ്ഞോനെ – നല്ല കുരിശും പണമാല ഇട്ടാറെ – ഏറെ നിറമുള്ള ചെറിയൊരു കൊമ്പേലും – വില്ലിട്ട കാശുകള്‍ മാലകളങ്ങിനെ – മാണിക്കക്കല്ലിനൊത്തൊരു മാലകള്‍ – കാതിക്കനകങ്ങള്‍, കൈവള, മോതിരം – ആലവട്ടങ്ങളും വെഞ്ചാമരങ്ങളും’

(നല്ലൊരു വന്നിസറായിലൊരു കന്നിതാന്‍ വട്ടക്കളിപ്പാട്ട്),

‘പൊന്നുംതള മണിമാലകള്‍ മോതിരം – പിന്നെയുരുളി വിളക്കു കൊളാമ്പിയും – നല്ലൊരു മാല, കടകങ്ങള്‍, മോതിരം – നന്മയേറും മണിക്കാതിലെ മോതിരം – അല്ലികള്‍ ചിന്തി വിളങ്ങുന്ന പൊന്‍മുടി – ഈരഞ്ചും പത്തിലെ പൊന്‍മോതിരങ്ങളും – നല്ല വിലാവിലെ പൊന്നരഞ്ഞാണവും എന്നിവയെല്ലാം അലങ്കരിച്ചിട്ടുടന്‍ – വെള്ളപ്പളുങ്കിന്‍ നിറമൊത്ത കാഞ്ചനം – വെണ്‍മയില്‍ വേഗമണിഞ്ഞിതു നാരിമാര്‍’

(വാലെയാലുള്ളൊരു മങ്ക വട്ടക്കളിപ്പാട്ട്),

‘ഇട്ടു കരത്തില്‍ വള, പെട്ടെന്നു ഭൂഷണങ്ങള്‍ – പൊന്നും കുരിശുമാല, മിന്നും പതക്കമിട്ടു – കണല്‍മഷിക്കു ചില പൊന്നങ്ങണിഞ്ഞു പിന്നെ – കൂന്തലഴിച്ചു തലകൊന്തി മിനുക്കിക്കെട്ടി’

(മംഗല്യം വട്ടക്കളിപ്പാട്ട്),

‘മുത്തു ചീനത്തൊടെ ചിത്രം നിരത്തിതെ – മുന്തിരിങ്ങാ മാണിക്കം മുത്തോ നിരത്തിതെ – പച്ചപവിഴവും പളുങ്കും നിരത്തിതെ’

(പൊന്നണിന്തീടും വട്ടക്കളിപ്പാട്ട്),

‘മരതകമുത്തോടു വൈരമാരംബിനമറ്റു – മണിനാകപ്പണിമേനി കലമ്പിന നീലമൊടഴകിയ മാണിക്കം – പൊന്നോടു വെള്ളി ഒന്‍പതുമണി കോല്‍മേതകമൊടിവയെല്ലാം’

(ചുങ്കത്തിലെ പള്ളിയുടെ പാട്ട്) എന്നിങ്ങനെയുള്ള പരാമര്‍ശങ്ങള്‍ ആഭരണങ്ങളുടെയും അലങ്കാരങ്ങളുടെയും സമൃദ്ധി വ്യക്തമാക്കുന്നു.

  1. വേന്തന്‍മുടി

ഈഴത്തുനാട്ടിലേക്ക് മടങ്ങിപ്പോയ നാങ്കുടി പരിഷകളെ (ആശാരി, മൂശാരി, കൊല്ലന്‍, തട്ടാന്‍) ചേരമാന്‍ പെരുമാള്‍ തിരികെ കൊടുങ്ങല്ലൂരിലെത്തിച്ച അവസരത്തില്‍, നന്ദിസൂചകമായി അവര്‍ സ്വര്‍ണത്തില്‍ നിര്‍മിച്ച വേന്തന്‍മുടി പെരുമാളിന് സമര്‍പ്പിച്ചു. എന്നാല്‍, തിരികെയെത്തിക്കല്‍ ദൗത്യത്തിന്റെ മുഖ്യസൂത്രധാരനായ ക്‌നായി തോമ്മായ്ക്ക് പെരുമാള്‍ ആ മുടി സമ്മാനിക്കുകയായിരുന്നു.

ഇന്ന് വേന്തന്‍മുടി തൊടുപുഴ ചുങ്കത്തിലെ വി. മര്‍ത്തീനോസിന്റെ നാമധേയത്തിലുള്ള പള്ളിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇത് രണ്ട് കിരീടങ്ങളായാണ് കാണപ്പെടുന്നത്. ഒന്ന് പൂവിന്റെ ആകൃതിയില്‍ തലയില്‍നിന്ന് മുകളിലേക്ക് ഉയര്‍ന്നുനില്‍ക്കുന്നതും മറ്റൊന്ന് മുടിപോലെ തലയില്‍ ചേര്‍ന്നിരിക്കുന്നതുമാണ്.

പുരാതനപ്പാട്ടുകളില്‍ ഇതിനെ ‘പൊന്‍മുടി’, ‘പൊന്നുംപൂവ്’, ‘വേന്തന്‍മുടി’ എന്നീ പേരുകളില്‍ പരാമര്‍ശിക്കുന്നു.

‘അന്‍പുറ്റ മന്നെനും തന്നുടെ ഭാര്യെയും – അന്‍പോടെ നല്ല ചമയങ്ങള്‍ പൂണ്ടാറെ – ആദരവാലുള്ള പൊന്നുംപൂ വച്ചാറെ’ (വട്ടക്കളിപ്പാട്ട്),

‘വെണ്‍മണിക്കാര്‍കുഴല്‍ പൊന്‍മുടിയും പൊന്നുംപൂവാലണിഞ്ഞൊരു നെറ്റിപ്പട്ടും’ (എട്ടുത്തിരപ്പാട്ട്),

‘ആദരവോടുള്ള പൊന്നുംപൂ വച്ചാറെ’ (നല്ലൊരു വന്നിസറായിലൊരു കന്നിതാന്‍ വട്ടക്കളിപ്പാട്ട്),

‘ചിത്തിരക്കാല്‍ പൊന്നുംപൂവൊ നിരത്തിതെ’ (പൊന്നണിന്തീടും വട്ടക്കളിപ്പാട്ട്),

‘വേന്തന്‍മുടിയില്‍ വച്ചൂ കാന്തികളേറും വെണ്ണം’ (മംഗല്യം വട്ടക്കളിപ്പാട്ട്),

‘അല്ലികള്‍ ചിന്തി വിളങ്ങുന്ന പൊന്‍മുടി’ (വാലെയാലുള്ളൊരു മങ്ക വട്ടക്കളിപ്പാട്ട്)

എന്നിങ്ങനെ നിരവധി സന്ദര്‍ഭങ്ങളില്‍ വേന്തന്‍മുടി പരാമര്‍ശിക്കപ്പെടുന്നു.

ക്‌നായി തോമ്മായ്ക്ക് ലഭിച്ചതും അദ്ദേഹത്തിന്റെ സന്തതിപരമ്പരകള്‍ ക്‌നാനായ സമൂഹത്തില്‍ സംരക്ഷിച്ചുപോരുന്നതുമായ വേന്തന്‍മുടിയെക്കുറിച്ചുള്ള ഈ പരാമര്‍ശങ്ങള്‍ പുരാതനപ്പാട്ടുകളുടെ ക്‌നാനായ പാരമ്പര്യസ്വഭാവത്തിന് പ്രധാനപ്പെട്ട തെളിവുകളായി കണക്കാക്കപ്പെടുന്നു.

കടപ്പാട്: അപ്നാദേശ്

Leave a Reply

Your email address will not be published. Required fields are marked *