വിദേശീയരേഖകളിലെ ക്‌നായിത്തൊമ്മന്‍ ചെപ്പേട്

20-ാം നൂറ്റാണ്ടിന്റെ പ്രാരംഭദശയില്‍ പ്രാചീനരേഖകളെക്കുറിച്ചും പ്രത്യേകിച്ച് ശാസനങ്ങളെ ക്കുറിച്ചുമുള്ള പഠനത്തിന് വലിയ പ്രാധാന്യം ലഭിക്കുന്നുണ്ട്. ഇതിന്റെ ഫലമായി ഇന്ത്യന്‍ ആന്റിക്വറി, ട്രാവന്‍കൂര്‍ ആര്‍ക്കിയോളജിക്കല്‍ സീരീസ്, കേരള സൊസൈറ്റി പേപ്പേഴ്‌സ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ക്‌നായിത്തൊമ്മന്‍ ചെപ്പേടിനെക്കുറിച്ചും ധാരാളം പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ടി.കെ. ജോസഫിന്റെ മലങ്കരക്രിസ്ത്യാനികളുടെ നാലു ചെപ്പേടുകള്‍ എന്ന പുസ്തകവും ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. ക്‌നായിത്തൊമ്മന്‍ ചെപ്പേടിനെക്കുറിച്ച് സൂചന നല്കുന്ന വൈദേശിക ഉറവിടങ്ങളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.

ഫാ. പെന്തയാദൊ (1516)
കൊടുങ്ങല്ലൂരിനെ സംബന്ധിച്ചിടത്തോളം പ്രായമേറിയ ഒരു അര്‍മേനിയക്കാരനായ കച്ചവടക്കാരന്‍ (ക്‌നായിത്തൊമ്മന്‍) വന്നു. മടങ്ങിപ്പോകാനുള്ള പ്രതീക്ഷയില്ലാതിരുന്നതിനാല്‍ തരിശായിക്കിടന്ന ഒരു സ്ഥലം അതിന്റെ വരുമാനങ്ങളോടും കരയിലും വെള്ളത്തിലുംനിന്നുള്ള അവകാശങ്ങളോടുംകൂടി അന്നാട്ടിലെ രാജാവില്‍നിന്ന് വാങ്ങി. അതിനെക്കുറിച്ച് നമുക്കു കൃത്യമായ അറിവുണ്ട്.
(പോര്‍ച്ചുഗീസുകാരനായ ഫാ. അല്‍വാരൊ പെന്തയാദൊ ഭാരതത്തില്‍ പ്രേഷിതപ്രവര്‍ത്തനത്തിനായി 1510-ല്‍ പുറപ്പെടുന്നുണ്ടെങ്കിലും സുറിയാനി ക്രിസ്ത്യാനികളുടെ ഇടയില്‍ 1516-ലാണ് എത്തിച്ചേരുന്നത്. നാലുമാസത്തെ ഇവിടുത്തെ പ്രവര്‍ത്തനത്തെക്കുറിച്ച് വിവരം നല്കിക്കൊണ്ട് പോര്‍ച്ചുഗല്‍ രാജാവിന് എഴുതുന്ന കത്തിലാണ് ഈ വിവരണമുള്ളത്. പേരു ചേര്‍ക്കാതെ അര്‍മേനിയക്കാരനായ കച്ചവടക്കാരന്‍ എന്നാണ് ക്‌നായിത്തൊമ്മനെക്കുറിച്ച് എഴുതുന്നത്. സ്ഥലം വാങ്ങിയതിനെക്കുറിച്ച് കൃത്യമായ അറിവുണ്ട് എന്ന് പെന്തയാദൊ പറയുന്നതിന്റെ ആധാരം ക്‌നായിത്തൊമ്മന്‍ ചെപ്പേട് ആയിരിക്കണം. കാരണം അന്ന് ചെപ്പേട് നിലവിലുണ്ട് എന്ന് തുടര്‍ന്നുള്ള രേഖകളില്‍നിന്ന് വ്യക്തമാണ്.)

മാര്‍ ജേക്കബ് (1525)
അന്ന് രാജ്യം ഭരിച്ചിരുന്ന രാജാവിന് ഉണ്ടായിരുന്ന വധശിക്ഷ വിധിക്കാനുള്ള അധികാരത്തോടും മറ്റ് അധികാരങ്ങളോടും കൂടി കൊടുങ്ങല്ലൂരിലെ ഒരു വലിയ പ്രദേശം സ്ഥലം സ്വന്തമായി പണം മുടക്കി കൊല്ലം ക്രിസ്ത്യാനികള്‍ (ക്‌നാനായക്കാര്‍) വാങ്ങിയിട്ട് ഏറെക്കാലമായിരിക്കുന്നു. ഇതിന് ആധാരമായി രാജമുദ്രയോടുകൂടിയ ഒരു ചെപ്പേട് ഞങ്ങളുടെ കൈയ്യില്‍ ഉണ്ട്.
(1524-ല്‍ കോഴിക്കോട് സാമൂതിരിയും കൊച്ചി രാജാവും തമ്മില്‍ കൊടുങ്ങല്ലൂരില്‍വച്ചു നടന്ന യുദ്ധത്തോടെ പള്ളിയും വീടുകളും ഒക്കെ കത്തിനശിച്ചതിനെത്തുടര്‍ന്ന് ക്‌നാനായക്കാര്‍ മകൊതെവര്‍ പട്ടണം- ഇന്നത്തെ കൊടുങ്ങല്ലൂര്‍ കോട്ടയിരിക്കുന്ന സ്ഥലം – ഉപേക്ഷിച്ചു പോന്നതിനാല്‍ പ്രസ്തുത സ്ഥലം ചിലര്‍ കൈയ്യേറിയത് വീണ്ടെടുക്കുന്നതിന് പോര്‍ച്ചുഗീസ് പട്ടാളക്കാരുടെ സേവനം അഭ്യര്‍ത്ഥിച്ചുകൊണ്ട് പോര്‍ച്ചുഗല്‍ രാജാവിന് അയച്ച കത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. അതിനാല്‍തന്നെ ഈ സ്ഥലത്തിന്റെ അവകാശരേഖ എന്ന നിലയില്‍ തങ്ങളുടെ കൈയ്യില്‍ ചെപ്പേട് ഉണ്ട് എന്നും വ്യക്തമാക്കുന്നു. 1503-ല്‍ കേരളത്തിലെത്തി 1552-ല്‍ മരിക്കുന്നതുവരെ കേരളത്തില്‍ തുടര്‍ന്ന വ്യക്തിയാണ് കല്‍ദായ മെത്രാനായ മാര്‍ ജേക്കബ്. ചെപ്പേട് ഇദ്ദേഹത്തിന്റെ കൈയ്യില്‍ സൂക്ഷിച്ചിരുന്നു എന്നതിന് തുടര്‍ന്നുള്ള രേഖകളും തെളിവാണ്. രാജമുദ്രയോടുകൂടിയ ചെപ്പേട് എന്ന് മാര്‍ ജേക്കബ് എഴുതുന്നതും ശ്രദ്ധാര്‍ഹമാണ്. ഇന്നു നിലവിലുള്ള സമാനമായ ശാസനങ്ങളിലൊന്നിലും രാജമുദ്ര കാണപ്പെടുന്നില്ല എന്നതിനാല്‍ത്തന്നെ ക്‌നായിത്തൊമ്മന്‍ ചെപ്പേട് ഇതര ശാസനങ്ങളിലേതെങ്കിലുമായി തെറ്റിദ്ധരിച്ചതായിരിക്കാന്‍ സാധ്യതയില്ല.)

ഒരു കല്ദായ മെത്രാന്‍ (1533)
ക്രിസ്ത്യാനിയായ ഒരു കച്ചവടക്കാരന്‍ കനാനെ ദേശത്തുനിന്നും (മാര്‍ത്തോമ്മാ) ശ്ലീഹായുടെ ഭൗതികശരീരം സംസ്‌കരിച്ചിരിക്കുന്ന ഈ മൈലാപ്പൂര്‍ പട്ടണത്തിലേക്ക് തീര്‍ത്ഥാടനത്തിനായി വന്നു. ഇവിടമെല്ലാം ഉപേക്ഷിക്ക പ്പെട്ടതായി അദ്ദേഹം കണ്ടു. അവിടെ അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അദ്ദേഹം കൊടുങ്ങല്ലൂരിലേക്ക് പോയി. അന്നാട്ടിലെ രാജാവില്‍നിന്ന് കുറെ സ്ഥലം വാങ്ങി. അതില്‍ പണിത പള്ളി ഇപ്പോഴും നിലനില്ക്കുന്നു. തോമസ് കനാനെ എന്നാണ് അദ്ദേഹത്തിന്റെ പേര്. ഒരു അസുഖം ബാധിച്ച് അദ്ദേഹം മരണമടയുകയും അവിടെത്തന്നെ സംസ്‌കരിക്കപ്പെടുകയും ചെയ്തു.
(ചെപ്പേടിനെക്കുറിച്ച് കൃത്യമായി ഈ രേഖയില്‍ പറയുന്നില്ലെങ്കിലും ക്‌നായിത്തൊമ്മാ രാജാവില്‍നിന്ന് സ്ഥലം വാങ്ങിയതിനെക്കുറിച്ചും അത് ഇപ്പോഴും നിലനില്ക്കുന്നതിനെ ക്കുറിച്ചും ക്‌നായിത്തോമ്മായെ ഈ സ്ഥലത്ത് അടക്കിയതിനെ ക്കുറിച്ചും പറയുന്നുണ്ട്. കൊടുങ്ങല്ലൂരില്‍തന്നെ ക്‌നാനായേതര ക്രിസ്ത്യാനികള്‍ ജീവിച്ചിരുന്നു എന്നതിനും ക്‌നായിത്തോമ്മാ മൂന്ന് പള്ളി വച്ചിരുന്നു എന്നതിനും മറ്റും രേഖകളുണ്ടെങ്കിലും കൊടുങ്ങല്ലൂര്‍ കോട്ട എന്ന് പിന്നീട് അറിയപ്പെട്ട കോട്ടപ്പുറത്തെ സ്ഥലത്തെ പള്ളി മാത്രമാണ് പോര്‍ച്ചുഗീസ് കാലഘട്ടത്തില്‍ കൊടുങ്ങല്ലൂരില്‍ പള്ളിയായി അവശേഷിച്ചിരുന്നത്.)

ദമിയാവൊ ദെ ഗോയിസ് (1566)
കൊടുങ്ങല്ലൂര്‍ മെത്രാനായിരുന്ന മേല്‍ സൂചിപ്പിച്ച മാര്‍ ജേക്കബിന്റെ സംരക്ഷണയില്‍ സൂക്ഷിച്ചിരുന്നതും തുടര്‍ന്ന് പണത്തിന്റെ ആവശ്യത്തിലേക്ക് പണയപ്പെടുത്തിയിരുന്നതുമായ രണ്ട് ഏടുകളുള്ള ഒരു ചെപ്പേട് അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം കൊച്ചിയിലെ പോര്‍ച്ചുഗീസ് ഡിപ്പൊ ട്രഷറാര്‍ ആയിരുന്ന പേരോ ദെ സെക്വേരോ 1543-ല്‍ വീണ്ടെടുത്ത് ഡിപ്പോയില്‍ സംരക്ഷിക്കുന്നതിനെക്കുറിച്ച് 1566-ല്‍ ദമിയാവൊ ദെ ഗോയിസ് രേഖപ്പെടുത്തുന്നുണ്ട്. പ്രഭുകുടുംബാംഗവും അന്റ്‌വെര്‍പ്പിലെ പോര്‍ച്ചുഗീസ് ഡിപ്പൊ ട്രഷറാറും ലിസ്ബണിലെ തോറോ ദൊ തോംബൊ എന്ന അതിപ്രശസ്ത മായ രേഖാലയത്തിന്റെ ചുമതലക്കാരനും ഒക്കെ ആയിരുന്ന വ്യക്തിയാണ് ഗോയിസ്. ദാര്‍ശനികനും എഴുത്തുകാരനും ചരിത്രകാരനുമായ ഗോയിസിന്റെ ഏറ്റവും പ്രധാനപ്പെട്ട കൃതികളിലൊന്നായ മാനുവല്‍ രാജാവിന്റെ നാളാഗമത്തിലാണ് ചെപ്പേട് സംബന്ധമായ ഈ വിവരണങ്ങള്‍ ചേര്‍ത്തിട്ടുള്ളത്. വിവരണം സാമാന്യം ദൈര്‍ഘ്യമേറിയ തായതിനാല്‍ പരിഭാഷയല്ല, മറിച്ച് പ്രസക്തഭാഗങ്ങളുടെ സംഗ്രഹം ചുവടെ ചേര്‍ക്കുന്നത്.
ഗോയിസ് എഴുതുന്നതനുസരിച്ച്, മാര്‍ ജേക്കബും കൊടുങ്ങല്ലൂര്‍ പട്ടണത്തിലുള്ള ക്രിസ്ത്യാനികളും വളരെ താത്പര്യത്തോടെയാണ് ഈ ചെമ്പുപട്ടയം സൂക്ഷിച്ചിരുന്നത്. പണത്തിന്റെ ദൗര്‍ലഭ്യം കാരണത്താലാണ് 20 ക്രൂസാദോയ്ക്ക് (പോര്‍ച്ചുഗീസ് നാണയം) സമാനമായ തുകയ്ക്ക് മാര്‍ ജേക്കബിന് പട്ടയം പണയപ്പെടുത്തേണ്ടി വന്നത്. എങ്കിലും തന്റെ മരണത്തിനുമുമ്പു ഏതുവിധേനയും പട്ടയം വീണ്ടെടുക്കാനുള്ള അതിയായ ആഗ്രഹം മെത്രാനുണ്ടായിരുന്നു. ഈ ആഗ്രഹത്താലാണ് ആരാധനക്രമപരമായി തങ്ങളുടെ എതിരാളികള്‍പോലുമായ പോര്‍ച്ചുഗീസുകാരുടെ കോട്ട കാവല്‍ക്കാരനായ പേരോ ദെ സെക്വേരോയുടെ സഹായം തേടുന്നത്. 1552-ല്‍ മാര്‍ ജേക്കബ് മരിക്കുന്നതിനുമുമ്പായി പണം കൊടുത്ത് സെക്വേരോ ചെപ്പേട് വീണ്ടെടുക്കുകയും മെത്രാനെ കാണിക്കുകയും ഇതുകണ്ട് മെത്രാന്‍ വളരെയധികം സന്തോഷിക്കുകയും ചെയ്തു. മാര്‍ ജേക്കബ് മെത്രാന്റെ മരണശേഷം പേരോ ദെ സെക്വേരോ തന്നെ ഈ ചെപ്പേട് സൂക്ഷിക്കുകയും പോര്‍ച്ചുഗീസ് ഗവര്‍ണറെ കാണിക്കുകയും ചെയ്തു. ഇതു വായിക്കാന്‍ അറിയാവുന്ന ഒരാളെ എത്രയും പെട്ടെന്ന് കണ്ടുപിടിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചെങ്കിലും ചെപ്പേടിന്റെ പഴക്കത്താലും വിവിധ ഭാഷകള്‍ ഉള്‍ച്ചേര്‍ന്നിരി ക്കുന്നതിനാലും അതു വായിക്കാന്‍ കഴിവുള്ള ഒരാളെ കണ്ടെത്താനായില്ല. ഒടുവില്‍ കേരളത്തില്‍നിന്നുതന്നെ പല ഭാഷകളും പുരാതന ലിപികളും അറിയാവുന്ന ഒരു ജൂതനെക്കുറിച്ച് അറിഞ്ഞ്, ചെപ്പേട് വായിച്ച് ഉള്ളടക്കം അറിയിക്കണമെന്ന കൊച്ചി രാജാവിന്റെ ശുപാര്‍ശക്കത്തോടെ ചെപ്പേട് അദ്ദേഹത്തിന് അയച്ചുകൊടുത്തു.

കല്‍ദായ, മലയാളം, അറബി എന്നീ ഭാഷകളില്‍ വളരെ പ്രാചീനമായ ഭാഷകളിലായിരുന്നതിനാല്‍ ഏറെ ശ്രമകരമായാണ് ജൂതന്‍ ചെപ്പേട് വായിച്ചെടുത്തയത്. ഒരു വാക്യത്തില്‍ തന്നെ പല ഭാഷകളിലെ വാക്കുകള്‍ കൂട്ടിച്ചേര്‍ത്താണ് എഴുതിയിരുന്നത്. അവയെല്ലാം കൂടിച്ചേരുമ്പോഴാണ് വാക്യത്തിന്റെ അര്‍ത്ഥം പൂര്‍ണമായിരുന്നത്. ജൂതന്‍ മലയാളത്തില്‍ വിവരിച്ചതിന്റെ ഒരു പോര്‍ച്ചുഗീസ് തര്‍ജമ തയ്യാറാക്കി. ഗുണമേന്മയുള്ള ലോഹത്തില്‍ തീര്‍ത്ത ചെപ്പേടിന് ഒന്നര ചാണ്‍ നീളവും നാലു വിരല്‍ വീതിയുമാണുള്ളത്. ഇരുപുറങ്ങളിലും എഴുതിയിരി ക്കുന്നു. രണ്ട് ഏടുകളും കട്ടിയുള്ള ഒരു ചെമ്പുകമ്പികൊണ്ട് മുകള്‍ഭാഗത്ത് ബന്ധിപ്പിച്ചിരിക്കുന്നു.
ഇതിന്റെ ഉള്ളടക്കം എന്നത് അന്ന് രാജ്യം ഭരിച്ചിരുന്ന രാജാവ് കൊടുങ്ങല്ലൂര്‍ പട്ടണത്തില്‍ വസിച്ചിരുന്ന തോമാശ്ലീഹായ്ക്ക് ഒരു തുരുത്തില്‍ ദേവാലയം പണിയുന്നതിന് കുറെയധികം ആനക്കോല്‍ സ്ഥലം നല്കുന്നതാണ്. പോര്‍ച്ചുഗീസ് കോട്ട ഇരിക്കുന്ന സ്ഥലത്ത് തോമാശ്ലീഹാ ദേവാലയം പണിതു. ആ തുരുത്തില്‍ വീടു പണിയുന്ന ക്രിസ്ത്യാനികള്‍ക്കും രാജാവ് കരം ഒഴിവാക്കിക്കൊടുത്തു. ഈ ദേവാലയത്തിന്റെ ചിലവിലേക്ക് കൊടുങ്ങല്ലൂര്‍ തുറമുഖത്തിലൂടെ ക്രിസ്ത്യാനികള്‍ കൊണ്ടു വരുന്ന ചരക്കുകളുടെ അഞ്ചിലൊന്നിനും കരം ഇളവു ചെയ്തു. ഈ ഇളവു ഇന്നും സംരക്ഷിക്കപ്പെടുന്നു. ഈ ചെപ്പേടുകള്‍ പേരോ ദെ സെക്വേരോയില്‍നിന്ന് ലഭിച്ചതായി (കൊച്ചി ഡിപ്പോയില്‍) വരവുവെച്ചിട്ടുമുണ്ട്, അവ അവിടെത്തന്നെ ഇപ്പോഴും ഉണ്ടായിരിക്കണം. പോര്‍ച്ചുഗീസ് ഭാഷയിലുള്ള പരിഭാഷ പേരോ ദെ സെക്വേരോ പോര്‍ച്ചുഗലിലെ ജോണ്‍ മൂന്നാമന്‍ രാജാവിന് അയച്ചുകൊടുത്തത് രാജാവിന് ലഭിച്ചു. എന്നാല്‍ അതിന് പിന്നീടെന്തു സംഭവിച്ചുവെന്ന് അറിഞ്ഞുകൂടാ. അമൂല്യവസ്തുവെന്ന നിലയില്‍ തോറെ ദൊ തോംബോയില്‍ അത് സൂക്ഷിക്കേണ്ടതായിരുന്നെങ്കിലും അവിടെ അതില്ലെന്നും ഗോയിസ് കൂട്ടിച്ചേര്‍ക്കുന്നു.

ദമിയാവൊ ദെ ഗോയിസിന്റെ ദീര്‍ഘമായ ഈ വിവരണ ത്തിലൂടെ രണ്ട് ഏടുകള്‍ ഉള്ള ഒരു ചെപ്പേടാണി തെന്നും വളരെ താത്പര്യത്തോടെയാണ് മാര്‍ ജേക്കബും കൊടുങ്ങല്ലൂര്‍ ക്രിസ്ത്യാനികളും പോര്‍ച്ചുഗീസുകാരും ഇതിനെ കണ്ടിരുന്നതെന്നും വട്ടെഴുത്തില്‍ മാത്രമായിരുന്നില്ല ഇത് എഴുതിയിരുന്നത് എന്നും മനസ്സിലാക്കാനാകും. എഴുത്തു ഭാഷയായി കല്‍ദായ (ലിപി പാഹ്‌ലവി ആയിരിക്കാം), അറബി (ലിപി കുഫിക് ആയിരിക്കാം) എന്നിവയോടൊപ്പം മലബാര്‍ഭാഷ എന്നു ചേര്‍ത്തിരിക്കുന്നത് മലയാളഭാഷയെ ഉദ്ദേശിച്ചാണ് (ലിപി അന്നു നിലവിലിരുന്ന വട്ടെഴുത്തുമായിരിക്കാം). ഔദ്യോഗിക ഭാഷയായി വട്ടെഴുത്ത് ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു കാലഘട്ടത്തില്‍ ചെപ്പേട് വായിക്കാന്‍ ഒരു ജൂതനെ തെരഞ്ഞു കണ്ടുപിടിച്ച് കൊച്ചി രാജാവിന്റെ ശുപാര്‍ശക്കത്തോടെ ചുമതലപ്പെടുത്തുന്നതില്‍ നിന്നുതന്നെ ചെപ്പേടിന്റെ ഭാഷാപരമായ വ്യത്യാസത്തെ ക്കുറിച്ചും പ്രാചീനതയെക്കുറിച്ചും ഉള്ള സൂക്ഷ്മ നിരീക്ഷണങ്ങള്‍ പ്രസക്തമാകുന്നു.
ചേരമാന്‍ പെരുമാള്‍ ചെപ്പേട് നല്കിയിരിക്കുന്നത് മാര്‍ത്തോമ്മാശ്ലീഹായ്ക്ക് ആണെന്നും ഗോയിസ് രേഖപ്പെടുത്തി യിരിക്കുന്നത് തെറ്റിദ്ധാരണമൂലമായിരിക്കണം. മാര്‍ത്തോമ്മാ ശ്ലീഹായും ക്‌നായിത്തോമ്മായും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ കഴിയാതിരുന്ന ജൂതനോ, സെക്വേരോയ്‌ക്കോ, ഗോയിസിനോ വന്ന പിശകായിരിക്കണമിത്. കൊടുങ്ങല്ലൂരില്‍ പോര്‍ട്ടുഗീസ് കോട്ടയിരിക്കുന്ന സ്ഥലം ക്‌നായിത്തോമ്മായ്ക്ക് പെരുമാള്‍ നല്കിയതാണെന്നും ക്‌നായിത്തോമ്മായാണ് പ്രസ്തുത സ്ഥലത്ത് പള്ളി പണിതിട്ടുള്ളതെന്നും ഇതര രേഖകളില്‍നിന്ന് വ്യക്തമാണ്. തന്നെയുമല്ല, മാര്‍ത്തോമ്മാ ശ്ലീഹായ്ക്ക് ചേരരാജാവ് ഏതെങ്കിലും ചെപ്പേട് നല്കിയതായി രേഖയോ പാരമ്പര്യമോ ഇല്ലതാനും. 1579-ല്‍ ഫാ.അന്തോണിയോ മൊണ്‍സെറാത്തെ ഇക്കാര്യം തന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കു ന്നുമുണ്ട്. അതുകൊണ്ടുതന്നെ ക്‌നായിത്തൊമ്മന്‍ ചെപ്പേടാ ണിതെന്ന് ന്യായമായും വിശ്വസിക്കാനാകും. ഈ ചെപ്പേട് വായിക്കപ്പെടുന്നതും പോര്‍ച്ചുഗീസ് പരിഭാഷ തയ്യാറാക്കപ്പെടുന്നതും മാര്‍ ജേക്കബ് അന്തരിച്ച 1552-നു ശേഷവും പേരോ ദെ സെക്വേരോ ഡിപ്പൊയുടെ ട്രഷറാര്‍ സ്ഥാനത്തുനിന്ന് മാറിയ 1556-നു മുമ്പുമുള്ള കാല ഘട്ടത്തിലാണ്.

ഫാ. ഡയനീഷ്യോ (1578)
അതിനുശേഷം കിനായി തോമസ് എന്നു പേരുള്ള ബാബിലോണ്‍കാരനും കച്ചവടക്കാരനുമായ ഒരു ക്രിസ്ത്യാനി കൊടുങ്ങല്ലൂര് വന്നിറങ്ങുകയും വ്യാപാരം നടത്തുകയും ചെയ്തു. അദ്ദേഹം ധനികനും രാജ്യത്ത് പ്രസിദ്ധനുമാകയാല്‍ കൊടുങ്ങല്ലൂര്‍ രാജാവിന്റെ ഒരു സുഹൃത്തായിത്തീര്‍ന്നു. വി. തോമാശ്ലീഹായുടെ നാമധേയത്തില്‍ ഒരു പള്ളി പണിയുന്നതിന് രാജാവ് അദ്ദേഹത്തിന് 500 ചതുരശ്ര ആനക്കോല്‍ ഭൂമി (ഏകദേശം 6.5 ഏക്കര്‍ സ്ഥലം) നല്കി. പോര്‍ച്ചുഗീസുകാരുടെ കൈവശം ഇപ്പോഴുള്ള പള്ളി ഇതാണ്. പള്ളിക്ക് രാജാവില്‍ നിന്നും അദ്ദേഹം ധാരാളം വരുമാനങ്ങള്‍ നേടിയെടുത്തു. … ഈ ക്രിസ്ത്യാനികളുടെ അധീനതയില്‍ പോര്‍ച്ചുഗീസുകാര്‍ കണ്ടെത്തിയ ഒരു ഇരുമ്പുഫലകത്തില്‍ എഴുതപ്പെട്ടവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങള്‍ ലഭ്യമായിരിക്കുന്നത്.


(കൊച്ചിയിലെ ഈശോസഭാ സെമിനാരിയുടെ റെക്ടര്‍ ആയിരുന്നു ഫാ. ഫ്രാന്‍സിസ് ഡയനീഷ്യോ. ക്‌നായിത്തോമ്മാ യുടെ പേരിലെ വിശേഷണപദമായ കിനായി കൃത്യമായി ആദ്യം ഉപയോഗിക്കുന്ന പോര്‍ച്ചുഗീസുകാരന്‍ ഇദ്ദേഹമായിരിക്കണം. രാജാവില്‍നിന്നു ലഭിച്ച സ്ഥലത്തെ പള്ളിയുടെയും അതിനു അനുവദിക്കപ്പെട്ട വരവുകളുടെയും ഫലമായി ഭാരതസഭ ശക്തിപ്രാപിക്കുന്നതിനെക്കുറിച്ചും അദ്ദേഹം എഴുതുന്നുണ്ട്.)

ഫാ. മൊണ്‍സെറാത്തെ (1579)
വിശുദ്ധ അപ്പസ്‌തോലനാണോ (മാര്‍ത്തോമ്മാശ്ലീഹാ) മുന്‍സൂചിപ്പിച്ച സുറിയാനിക്കാരന്‍ (ക്‌നായിത്തോമ്മാ) ആണോ (കൊടുങ്ങല്ലൂരിലെയും കൊല്ലത്തെയും) ഈ പള്ളികള്‍ പണിയിപ്പിച്ചത് എന്ന കാര്യത്തില്‍ വലിയ സംശയം ഉണ്ടാകാം. എനിക്ക് തോന്നുന്നത്, തന്റെ പേരുകാരനും ഇന്ത്യയുടെ അപ്പസ്‌തോലനുമായ വിശുദ്ധന്റെ ബഹുമാനാര്‍ത്ഥം സുറിയാനിക്കാരന്‍ ഇതു നിര്‍മിച്ചതായിരിക്കാനാണ് കൂടുതല്‍ സംഭാവ്യത എന്നാണ്. വാസ്തവത്തില്‍ ഈ സുറിയാനിക്കാരന്‍ കൊടുങ്ങല്ലൂരില്‍ എത്തുമ്പോള്‍ അവിടെയൊരു പള്ളിയുണ്ടായിരുന്നില്ല. ലത്തീനില്‍ നമ്മള്‍ അസ്സീലം എന്നു വിളിക്കുന്ന വളരെ വലിയ ഒരു സ്ഥലം പ്രത്യേകമായ അതിര്‍ത്തിയോടുകൂടി ക്രിസ്ത്യാനികളുടെ താമസ സൗകര്യത്തിനും പള്ളിക്കുമായി അന്നു ഭരിച്ചിരുന്ന രാജാവ് അദ്ദേഹത്തിന് അനുവദിക്കുന്നതു വരെ (പള്ളിയുണ്ടായിരുന്നില്ല). കൊല്ലത്തും അങ്ങനെ തന്നെയായിരുന്നിരിക്കണം. കാരണം ശ്ലീഹാ തന്റെതന്നെ പേരില്‍ പള്ളി പണിതു എന്നു വരുന്നത് ശരിയായി തോന്നുന്നില്ല. തന്നെയുമല്ല, ആരും അറ്റകുറ്റപ്പണികള്‍ നടത്താതെ ഇത്രയധികം വര്‍ഷം ഈ ദേവാലയം നിലനിന്നു എന്നതിനും തെളിവില്ല.

(മഹാനായ മുഗള്‍ ചക്രവര്‍ത്തി അക്ബറിന്റെ രാജകൊട്ടാരം സന്ദര്‍ശിച്ച ഈശോസഭാമിഷന്റെ ഭാഗമായിരിക്കുകയും ചക്രവര്‍ത്തിയുടെ മകന്‍ മുറാദിന്റെ അധ്യാപകനായി പ്രവര്‍ത്തിക്കുകയും ചെയ്ത സ്‌പെയിന്‍കാരനായ ഈശോസഭാ വൈദികനാണ് ഫാ. അന്തോണിയോ മൊണ്‍സെറാത്തെ. 3 വര്‍ഷത്തോളം നീണ്ട കേരളത്തിലെ പ്രേഷിതപ്രവര്‍ത്തനത്തെ തുടര്‍ന്നാണ് മുഗള്‍ രാജധാനിയിലേക്ക് അദ്ദേഹം പ്രവര്‍ത്തനം മാറ്റുന്നത്. മാര്‍ത്തോമ്മാ, ക്‌നായിത്തോമ്മാ എന്നീ രണ്ടു തോമ്മാമാര്‍ തമ്മിലുള്ള വ്യത്യാസത്തെ ക്കുറിച്ചും ഇവരില്‍ കൊടുങ്ങല്ലൂരിലെ പള്ളി പണിതത് ആരാണെന്ന തര്‍ക്കത്തിന് തന്റെ വിശദീകരണവും ഈ റിപ്പോര്‍ട്ടില്‍ ഫാ. മൊണ്‍സെറാത്തെ നല്കുന്നുണ്ട്. ചെപ്പേടിനെക്കുറിച്ച് കൃത്യമായി ഫാ. മൊണ്‍സെറാത്തെ പറയുന്നില്ലെങ്കിലും, പള്ളി വയ്ക്കുന്നതിന് രാജാവ് സ്ഥലം അനുവദിക്കുന്നതായി എഴുതുന്നുണ്ട്.)

Leave a Reply

Your email address will not be published. Required fields are marked *