തരിസാപ്പള്ളി ചെപ്പുപത്തിരവും സാക്ഷിയേടും

ക്‌നായിത്തൊമ്മന്‍, തരിസ്സാപ്പള്ളി ചെപ്പേടുകള്‍ തമ്മിലുള്ള ബന്ധം പഠിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. “പേര്‍ഷ്യയില്‍നിന്ന് കുടിയേറി വന്ന സുറിയാനി ക്രിസ്ത്യാനി കച്ചവടക്കാരുടെ പിന്‍തുടര്‍ച്ചക്കാ രായി കൊടുങ്ങല്ലൂര് താമസിച്ച ക്‌നാനായക്കാരും തരിസാപ്പള്ളി കേന്ദ്രമാക്കി കൊല്ലത്ത് താമസിച്ചിരുന്നവരും തമ്മില്‍ ബന്ധമുണ്ടായിരുന്നതും, ക്‌നായിത്തൊമ്മന്‍ ചെപ്പേടിന്റെ സംഗ്രഹം തരിസാപ്പള്ളി ചെപ്പേടില്‍ നല്കിയിട്ടുണ്ടെന്ന് അതിന്റെ രണ്ടു പകര്‍പ്പുകളില്‍നിന്ന് വ്യക്തമാകുന്നതും ഇതര കാരണങ്ങളും ക്‌നായിത്തൊമ്മന്‍ ചെപ്പേടുമായി ഈ ശാസനത്തെ ബന്ധിപ്പിച്ച് പഠിക്കാന്‍ പ്രേരിപ്പി ക്കുന്നു” എന്ന് എഴുതി യിരുന്നു. ഇവയില്‍ “ഇതരകാരണങ്ങള്‍” എന്ന ഭാഗത്തെ അനാവരണം ചെയ്യലാണ് ഈ ലേഖനത്തിന്റെയും അടുത്ത ലേഖനത്തി ന്റെയും ലക്ഷ്യം. അതായത്, തരിസാപ്പള്ളി ചെപ്പേടിന്റെ ഭാഗമെന്ന് നിലവില്‍ വിശ്വസി ക്കുന്ന അഞ്ചാമത്തെ ഏട്, പ്രസ്തുത ചെപ്പേ ടിന്റെ ഭാഗമല്ലെന്ന് നിരവധി കാരണങ്ങളാല്‍ ഈ ലേഖനത്തില്‍ വ്യക്തമാക്കുന്നു. “തരിസാപ്പള്ളിശാസന ത്തിന്റെ അഞ്ചാമത്തെ ഏട്” എന്ന പ്രയോഗം ഈ ലേഖനത്തിന്റെ ചൈതന്യത്തോട് ചേര്‍ന്നുപോകാത്ത തിനാല്‍ സാക്ഷികളുടെ പേര് മാത്രമുള്ള പ്രസ്തുത ഏടിനെ “സാക്ഷിയേട്” എന്നാണ് തുടര്‍ന്ന് ഉപയോഗി ക്കുക. ഈ സാക്ഷിയേട്, ഒരുപക്ഷേ ക്‌നായിത്തൊമ്മന്‍ ചെപ്പേടിന്റെ ഭാഗമായിരിക്കാം എന്ന് അനുമാനിക്കാന്‍ സഹായകമായ തെളിവുകള്‍ വ്യക്തമാക്കുന്നതാണ്. “ചെമ്പുപത്തിരത്തില്‍ എഴുതി നല്കുന്നു” (ചെമ്പുപത്രം – ചെപ്പേട്) എന്ന് തരിസാപ്പള്ളി ശാസനത്തില്‍ പലയാവര്‍ത്തി ഉപയോഗിച്ചിരിക്കുന്നതിനാ ലാണ് തലക്കെട്ടില്‍ തരിസ്സാപ്പള്ളി ചെപ്പേട് എന്നതിനു പകരം അതേയര്‍ത്ഥം തന്നെയുള്ള “ചെപ്പുപത്തിര”മെന്ന വാക്കു ഉപയോഗിച്ചിരിക്കുന്നത്.

തരിസാപ്പള്ളി ചെപ്പേടിലെ ഏടുകള്‍
തരിസ്സാപ്പള്ളി ചെപ്പേടിന് അഞ്ച് ഏടുകളാണ് ലഭ്യമായിട്ടുള്ളത് എന്ന് പൊതുവെ വിശ്വസിക്കുന്നെങ്കിലും ഇവയില്‍ കുഫിക് അറബി, സസാനിയന്‍ പാഹ്‌ലവി, ഹീബ്രു എന്നീ ലിപികളില്‍ എഴുതി യിരിക്കുന്ന അഞ്ചാമത്തേതെന്ന് പൊതുവെ വിശ്വസിക്കുന്ന സാക്ഷിയേട് തരിസാപ്പള്ളി ശാസനത്തിന്റെ ഭാഗമല്ലെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നുണ്ട്. ഡോ. കാനം ശങ്കരപിള്ള, ഡോ. ഇസ്തവാന്‍ പെര്‍സെല്‍ തുടങ്ങിയവര്‍ വ്യത്യസ്ത ലക്ഷ്യങ്ങളാല്‍ ഇപ്രകാരം വിശ്വസിക്കുന്നവരാണ്. തരിസാപ്പള്ളി ചെപ്പേട് വെള്ളാള ചെപ്പേടാണ് എന്ന് വിശ്വസിക്കുന്ന തിനാലാണ്, ദുപെറോയുടെ ഫ്രഞ്ച് വിവര്‍ത്തന ത്തിന്റെ അടിസ്ഥാനത്തില്‍, ഈ ശാസനത്തില്‍നിന്ന് സാക്ഷിയേട് ഡോ. കാനം ഒഴിവാക്കുന്നത്. അതേസമയം, തരിസാപ്പള്ളിശാസനത്തിന്റെ തുടര്‍ച്ചയാണ് ക്‌നായി ത്തൊമ്മന്‍ ചെപ്പേട് എന്ന് വിശ്വസിക്കുന്നതിനാല്‍, ഇവയെ രണ്ടിനെയും ഒറ്റ ശാസനമായി പരിഗണിച്ചുകൊണ്ടാണ് പെര്‍സെല്‍ ഈ ഏട് ക്‌നായിത്തൊമ്മന്‍ ചെപ്പേടിന്റെ ഭാഗമായി കണക്കാ ക്കുന്നത്. നിലവില്‍ അറിഞ്ഞിടത്തോളം പെര്‍സെല്‍ മാത്രമാണ് ഈ ഏട് ക്‌നായിത്തൊമ്മന്‍ ചെപ്പേടിന്റെ ഭാഗമായി അനുമാനിക്കുന്നത്.

റവ. ഗുണ്ടര്‍ട്ട് മുതല്‍ ഗോപിനാഥറാവു, ഇളംകുളം, എം.ജി.എസ്., രാഘവവാര്യര്‍, കൊല്ലാപറമ്പിലച്ചന്‍ വരെയുള്ള പൂര്‍വസൂരികളും മഹാമേരുക്കളുമായ പണ്ഡിതരുടെ നിഗമന ങ്ങളില്‍നിന്ന് വ്യത്യസ്തമായ ഒരു അനുമാനം ഞാന്‍ ഇവിടെ അവതരിപ്പിക്കുന്നത്, അതിനാല്‍തന്നെ, ഏറെ സംഭ്രമത്തോടെ യാണ്, എന്നാല്‍ ഉറച്ച ബോധ്യത്തോടെയാണ്. ഈ ബോധ്യത്തിലെത്തിച്ചേരാന്‍ എന്നെ പ്രേരിപ്പിച്ചത് ഏടുകള്‍ തമ്മിലുള്ള സാജാത്യവൈജാത്യചിന്തയാണ്. ചെമ്പു തകിടുകളില്‍ എഴുതപ്പെട്ടിരിക്കുന്നു, ഏകദേശം സമാനമായ വലിപ്പമാണുള്ളത്, 1806-ല്‍ ചെപ്പേടുകള്‍ വീണ്ടെടുക്ക പ്പെട്ടതുമുതല്‍ തുടര്‍ന്ന് എല്ലാ പണ്ഡിതരും ഇവയെ തരി സാപ്പള്ളി ശാസനത്തിന്റെ ഭാഗമായി കണ്ടു തുടങ്ങിയവ യാണ് ഈ ഏടുകളെ തമ്മില്‍ പരസ്പരം ബന്ധിപ്പിക്കുന്ന ഘടകങ്ങള്‍. എന്നാല്‍ ആദ്യത്തെ നാലു ഏടുകള്‍ തമ്മിലുള്ള വ്യത്യസ്തതകള്‍ തത്ക്കാലം മാറ്റിവച്ചുകൊണ്ട്, അവയെ പരസ്പരബന്ധിത ങ്ങളായ ഒറ്റ രേഖയായും സാക്ഷിയേടിനെ വേറൊരു ഏടായും കണ്ട്, ഈ രണ്ട് വിഭാഗം ഏടുകളെ നിരീക്ഷിക്കുമ്പോള്‍ സാമ്യങ്ങളെയും പരസ്പര ബന്ധത്തെയും കാള്‍ ബന്ധമില്ലായ്മയും വൈജാത്യവുമാണ് കൂടുതല്‍ കാണുന്നത്.


ഇതര ഏടുകളില്‍നിന്ന് സാക്ഷിയേടിനുള്ള വ്യത്യാസങ്ങള്‍
ലിപി, ഭാഷാ, എഴുത്തുരീതി, ഉള്ളടക്കം എന്നിവയിലൊക്കെ ഇവ തമ്മില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. 1. ആദ്യത്തെ നാലു ഏടുകളില്‍ മുഖ്യലിപി വട്ടെഴുത്താണ്, ഏതാനും ചില സ്ഥലങ്ങളില്‍ ഗ്രന്ഥാക്ഷരവും ഉണ്ട്. എന്നാല്‍ സാക്ഷിയേടില്‍ സെമിറ്റിക് വിഭാഗത്തില്‍പ്പെടുന്ന ലിപികളായ കുഫിക് അറബി, സസാനിയന്‍ പാഹ്‌ലവി, ഹീബ്രു എന്നിവ മാത്രമാണുള്ളത്. 2. ആദ്യ നാലു ഏടുകളിലെ ഭാഷ പ്രാചീനമലയാളമാണ്, എന്നാല്‍ സാക്ഷിയേടില്‍ അറബിയും പേര്‍ഷ്യനുമാണുള്ളത്. ഹീബ്രു ലിപിയില്‍ എഴുതിയിരിക്കുന്ന ഭാഗവും പേര്‍ഷ്യന്‍ ഭാഷയില്‍തന്നെയാണുള്ളത്. 3. ദീര്‍ഘചതുരാകൃതിയിലുള്ള ഈ അഞ്ച് ചെപ്പേടുകളില്‍ ആദ്യ നാലു ഏടുകള്‍ തിരശ്ചീനമായി പിടിച്ചാണ് എഴുതിയിരിക്കുന്നതെങ്കില്‍ സാക്ഷിയേട് ലംബമായി പിടിച്ചാണ് എഴുതിയിരിക്കുന്നത്. (ഭാരതീയ ലിപികള്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍) ആദ്യ ഏടുകളില്‍ ഇടത്തുനിന്ന് വലത്തോട്ടാണ് എഴുത്തെങ്കില്‍ സാക്ഷിയേട് സെമിറ്റിക് രീതിയനുസരിച്ച് വലത്തുനിന്ന് ഇടത്തേക്ക് ആണ് എഴുതിയിരിക്കുന്നത്. 4. തരിസാപ്പള്ളി പട്ടയത്തിന്റെ ഉള്ളടക്കം ആദ്യ നാലു ഏടുകളില്‍ നല്കിയിരിക്കുന്നു. സാക്ഷിയേടില്‍ “ഞാനും അതിനു സാക്ഷിയാണ്” എന്ന രീതിയിലുള്ള പ്രയോഗങ്ങളോടെ സാക്ഷിപ്പേരുകള്‍ മാത്രമാണ് നല്കിയിരി ക്കുന്നത്. ഇതില്‍നിന്ന് ഏതെങ്കിലും ഒരു ചെപ്പേടിന്റെ സാക്ഷിയേട് എന്ന് അനുമാനിക്കാം എന്നതിനപ്പുറം തരിസാപ്പള്ളിശാസനത്തിന്റെ തുടര്‍ച്ച എന്ന രീതിയില്‍ ചെപ്പേടിലെ ആദ്യഏടുകളുമായി സാക്ഷിയേടിനെ ബന്ധിപ്പിക്കുന്ന ഒരു ഘടകവും കാണുന്നില്ല.
ഇതുവരെയും വായിക്കാന്‍ സാധിച്ചിട്ടില്ലാത്ത ഒരു ലിപിയിലുള്ള, ഒപ്പോ സാക്ഷ്യപ്പെടുത്തലോ എന്ന് അനുമാനിക്കാനാകുന്ന ഒരേ ലിഖിതം, പ്രാചീനത തോന്നിപ്പി ക്കുന്ന 2,3 ഏടുകളിലും, പകര്‍പ്പായിരിക്കാന്‍ ഇടയുള്ള ഒന്നാം ഏടിലും കാണുന്നുണ്ട്. (ആദ്യ മൂന്നു ഏടുകളുടെയും ചിത്രത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്.) എന്നാല്‍ ഈ അഞ്ച് ഏടുകളില്‍ ഏറ്റവു മധികം പ്രാചീനത തോന്നിപ്പി ക്കുന്ന സാക്ഷിയേടില്‍ ഈ ലിഖിതം കാണപ്പെടുന്നില്ല. സാക്ഷിയേടില്‍ എന്തുകൊണ്ട് ഈ ലിഖിതം കാണപ്പെടുന്നില്ല എന്നത് പ്രസക്തമാണ്. തരിസാപ്പള്ളിശാസനത്തിന്റെ യഥാര്‍ത്ഥ മൂലഏടായി സക്ഷിയേടിനെ സ്വീകരിക്കു കയും ബാക്കി നാലു ഏടുകളും മൂല ഏടുകളില്‍നിന്ന് പിന്നീട് നിര്‍മിച്ച പകര്‍പ്പുകളാണ് എന്ന് അനുമാനിക്കുകയും, ഈ അടുത്ത കാലത്തെ പകര്‍പ്പ് എന്ന നിലയില്‍ നാലാം ഏടിനെ മാറ്റിനിര്‍ത്തുകയും ചെയ്താല്‍, ബാക്കി മൂന്ന് ഏടുകള്‍ തനിപ്പകര്‍പ്പാണെന്ന ഒരു സാക്ഷിപ്പ് (മേേലേെമശേീി) ആയിരിക്കാം ഒരുപക്ഷേ, ഈ ലിഖിതം എന്നത് ഒരു അനുമാനസാധ്യതയാണ്. തരിസാപ്പള്ളി ശാസനത്തിന്റെ ഭാഗമായിത്തന്നെ സാക്ഷിയേടിനെ കാണുന്ന പക്ഷം, ആദ്യ മൂന്നു ഏടുകളില്‍ മാത്രമായി ഈ ലിഖിതം കാണപ്പെടുന്നതിനെ വ്യാഖ്യാനിക്കാന്‍ മറ്റൊരു സാധ്യത കാണുന്നില്ല. പക്ഷേ ഈ വ്യാഖ്യാനം അങ്ങേയറ്റം വളരെയധികം ഹൈപ്പോതെറ്റിക്കല്‍ ആണ്.


നാലാം ഏട് – പകര്‍പ്പ്
പകര്‍പ്പ് മാത്രമായിരിക്കാന്‍ സാധ്യതയുള്ള നാലാമത്തെ ഏടിലും ഈ ഒപ്പ്/സാക്ഷിപ്പ് ഇല്ല. ഈ ഏട് പകര്‍പ്പായിരിക്കാന്‍ സാധ്യത കൂടുതലാണെന്ന് പറയുന്നത് പല കാരണങ്ങളാലാണ്. ഇത് കാഴ്ചയില്‍തന്നെ പുതിയതായി തോന്നിപ്പിക്കുന്നു. 2,3 ഏടുകളെയും സാക്ഷിയേടിനെയുംകാള്‍ (9.1” ഃ 3.3” ഇഞ്ച്) അല്പം ചെറുതാണ് പകര്‍പ്പുകളെന്ന് കരുതപ്പെടുന്ന 1, 4 ഏടുകള്‍ (8.8” ഃ 3.2” ഇഞ്ച്). ഞാന്‍ നേരിട്ട് കണ്ടിട്ടുള്ള 2,3,4 എടുകളില്‍ 2,3 ഏടുകളെക്കാള്‍ 4-ാം ഏടിന് ഭാരം കൂടുതലാണ്. ഈ ഏടില്‍ ഒന്നാം പുറത്ത് എട്ടും മറുപുറത്ത് ഏഴും വരികളാണുള്ളത്. അക്ഷരങ്ങള്‍ തമ്മിലും വളരെ അകത്തിയാണ് എഴുതിയിരിക്കുന്നത്. എന്നാല്‍ 2,3 ഏടുകളില്‍ ഓരോ പുറത്തും 13, 14 വരികളാണുള്ളത്. ഇവയില്‍ അക്ഷരങ്ങള്‍ തമ്മിലും വളരെ അടുപ്പിച്ചാണ് എഴുതി യിരിക്കുന്നത്.
തരിസാപ്പള്ളി ചെപ്പേടിന്റെ കര്‍സോന്‍ പകര്‍പ്പില്‍ “നാലാം ഓലയിലേ വാചകം” എന്ന ഭാഗത്തിന്റെ അവസാനത്തില്‍, ക്‌നായിത്തൊമ്മന്‍ ചെപ്പേടിന്റെ സംഗ്രഹം ചേര്‍ത്തിട്ടുണ്ട്. ദു പെറോ ഏടുകള്‍ തിരിച്ച് നല്കുന്ന തര്‍ജമയനുസരിച്ച് നാലാം ഏടില്‍, ഇപ്പോഴത്തെ നാലാം ഏടിലെ ഇരുപുറങ്ങളിലുമുള്ള ഉള്ളടക്കത്തിനും “വേള്‍കുലസുന്ദരന്‍”, “വിചൈയ“ എന്നീ ഒന്നര സാക്ഷിപ്പേരിനും പുറമെ, “നാരായണ”യില്‍ തുടങ്ങുന്ന (ബാക്കി) പതിനഞ്ചര സാക്ഷിപ്പേരുകളും ക്‌നായിത്തൊമ്മന്‍ ചെപ്പേടിന്റെ സംഗ്രഹവുമുണ്ട്. പന്ത്രണ്ടും പതിമൂന്നും സാക്ഷിപ്പേരുകളുടെ ഇടയില്‍ ആനമുദ്ര ഉള്ളതായും ദുപെറോ രേഖപ്പെടുത്തുന്നുണ്ട്. നിലവിലെ ഒരു ഏടിലും വേണാട് രാജ്യത്തിന്റെ മുദ്രയായ ആനമുദ്രയില്ല. അതിനാല്‍ നമുക്ക് എത്തിച്ചേരാവുന്ന നിഗമനം, മൂലശാസനത്തിന്റെ ഭാഗമായിരുന്ന നാലാം ഏടും, ഒരുപക്ഷേ ആ നാലാം ഏട് രണ്ടേടുകളായി പകര്‍ത്തിയെഴു തിയതില്‍, പതിനഞ്ചര സാക്ഷി പ്പേരുകളും ക്‌നായിത്തൊമ്മന്‍ ചെപ്പേടിന്റെ സംഗ്രഹവുമടങ്ങുന്ന രണ്ടാം ഏടും, നഷ്ടപ്പെട്ടിരിക്കുന്നുവെന്നാണ്.


തരിസാപ്പള്ളിശാസനത്തിലെ തുളകളുടെ സ്ഥാനങ്ങള്‍
ഏടുകള്‍ തമ്മിലുള്ള വ്യത്യസ്തതകളെക്കുറിച്ചുള്ള അന്വേഷണങ്ങളുടെ തുടര്‍ച്ചയായാണ് ഈ ഏടുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചെമ്പുമോതിരവളയം ഇടാനുള്ള തുളകളുടെ സ്ഥാനത്തെക്കുറിച്ചുള്ള എന്റെ പഠനം (ഒന്നാം ഏടും സാക്ഷിയേടും ഞാന്‍ നേരിട്ട് കണ്ടിട്ടില്ല. ഡോ. എം.ആര്‍. രാഘവവാര്യര്‍, ഡോ. കേശവന്‍ വെളുത്താട്ട് എന്നിവര്‍ ചേര്‍ന്നെഴുതിയ തരിസാപ്പള്ളിപ്പട്ടയം എന്ന പുസ്തകത്തില്‍ നല്കിയിരിക്കുന്ന ഫോട്ടോകളുടെ അടിസ്ഥാനത്തിലാണ് അവകളെക്കുറിച്ച് പഠനം നടത്തിയിരിക്കുന്നത്.). എല്ലാ ഏടുകളിലും തുളകളെല്ലാം ഇടത്തുവശത്താണുള്ളത്. ഒന്നാം ഏടിന്റെ ആദ്യപുറത്ത് എഴുത്തില്ലാ. മറുപുറത്ത് താഴെയും മുകളിലും രണ്ടു തുളകളുള്ളതായി ഫോട്ടോയില്‍ കാണുന്നു. എന്നാല്‍ ഇതില്‍ മുകളില്‍ തുളയുണ്ടായിരുന്നതുപോലെ കാണപ്പെടുന്ന ഭാഗം മാര്‍ജിനിലാണ് ഉള്ളത്, തുളയിട്ടിരിക്കുന്നത് അക്ഷരങ്ങളെ മുറിച്ചല്ല. എന്നാല്‍ കീഴ്ഭാഗത്തെ തുള അക്ഷരങ്ങളെ മുറിച്ചുകൊണ്ടാണ് ഇട്ടിരിക്കുന്നത്. ഇതില്‍നിന്നും അനുമാനിക്കാവുന്നത്, പട്ടയം എഴുതിയതിനുശേഷം ക്രമബദ്ധമായി ബന്ധിപ്പിക്കാന്‍ സാധ്യമല്ലെന്ന് മനസ്സിലാക്കി താഴെ വേറൊരു തുളയിട്ടതായാണ്. മൂലചെപ്പേടുകള്‍ ആയിരിക്കാന്‍ സാധ്യത കൂടുതലുള്ള രണ്ടും മൂന്നും ഏടുകളില്‍ ആദ്യപുറത്തിന്റെ മുകളിലും മറുപുറത്തിന്റെ താഴെയുമാണ് തുളയുള്ളത്. പകര്‍പ്പായിരിക്കാന്‍ ഇടയുള്ളതെന്ന് മുകളില്‍ കണ്ട നാലാം ഏടിലും ആദ്യഏടിലെപ്പോലെ മുകളിലും താഴെയും തുളകള്‍ കാണുന്നു. ഇവിടെയും ആദ്യപുറത്ത് താഴെയും മറുപുറത്ത് മുകളിലുമായി അക്ഷരം മുറിക്കാതെ മാര്‍ജിനില്‍ ഇട്ടിരുന്ന തുള ഉപയോഗിച്ച് ഇതര ഏടുകളുമായി കൂട്ടിയോജിപ്പിക്കാന്‍ ആവാത്തതിനാല്‍, ആദ്യപുറത്ത് മുകളിലും മറുപുറത്ത് താഴെയുമായി വരത്തക്കരീതിയില്‍ അക്ഷരം മുറിച്ചുകൊണ്ട് പുതിയ തുള ഇട്ടതായിരിക്കണം.
ഇപ്രകാരം ഈ പട്ടയത്തില്‍ തുളകള്‍ ക്രമീകരിച്ചിട്ടുള്ളത് മോതിരവളയത്താല്‍ ബന്ധിച്ചുകഴിയുമ്പോള്‍ ഏടുകള്‍ മുകളിലേക്ക് മറിക്കത്തക്കവിധത്തിലാണ്. താളിയോല ഗ്രന്ഥങ്ങളിലെ ഓലകളും ഇപ്രകാരം മുകളിലേക്ക്/താഴേക്ക് ആണ് മറിക്കാറുള്ളത്. ഓലകളുടെ മധ്യഭാഗത്തില്‍ തുള വരുന്നതിനാല്‍ താഴേയ്ക്കും മറിക്കാനാകും. ഓലകളുടെ തിരശ്ചീനമായ ദീര്‍ഘചതുരാകൃതിയായിരിക്കണം മുകളിലേയ്‌ക്കോ താഴേയ്‌ക്കോ മറിക്കത്തക്കവിധം എഴുതാന്‍ പ്രേരിപ്പിക്കുന്നത്. ഇപ്രകാരം എഴുതുമ്പോള്‍ ആദ്യപുറത്തിന്റെ മുകള്‍ഭാഗം അടുത്ത പുറത്തിന്റെ കീഴ്ഭാഗത്തായാണ് വരിക. എന്നാല്‍ പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ നമ്മള്‍ പേജുകള്‍ സാധാരണഗതിയില്‍ ഇടതുവശത്തേക്കോ (സെമിറ്റിക് ഭാഷകളെങ്കില്‍) വലതുവശത്തേക്കോ ആണ് മറിക്കാറുള്ളത്. പുസ്തകങ്ങള്‍ പൊതുവെ ലംബ ദീര്‍ഘചതുരാകൃതി യിലാണല്ലോ ഉള്ളത്. അങ്ങനെ ഇടത്തേയ്‌ക്കോ വലത്തേയ്‌ക്കോ മറിക്കുന്ന പേജുകളുള്ള പുസ്തകങ്ങളില്‍ പേജിന്റെ ഇരുപുറങ്ങളുടെയും മുകള്‍ഭാഗം ഒന്നു തന്നെയായിരിക്കും. നമ്മുടെ ശാസനത്തിലെ അഞ്ചാം ഏടിന്റെ ഇരുപുറങ്ങളിലും മുകള്‍ഭാഗം ഒന്നുതന്നെ യാണ്. എന്നാല്‍ ആദ്യ നാലു ഏടുകളുടെയും ആദ്യപുറത്തെ മുകള്‍ഭാഗമല്ല മറുപുറത്ത് മുകള്‍ഭാഗമായി വരുന്നത്. (ഒന്നാം ഏടിന്റെ ആദ്യപുറത്ത് എഴുത്തില്ലാതിരുന്നിട്ടും തുള മാറ്റിയിടേണ്ടതായി വന്നത്, മറ്റ് ഏടുകളുമായി ക്രമബദ്ധമായി അതിനെ ബന്ധിപ്പിക്കാന്‍ അസാധ്യമായതിനാലാകണം.)
കുത്തനെ പിടിച്ച് എഴുതിയിരിക്കുന്ന അഞ്ചാമത്തെ ഏടിന് പക്ഷേ, ഇടതുവശത്ത് മുകളിലാണ് തുളയുള്ളത്. ആദ്യ ഏടുകള്‍ വിലങ്ങനെയും സാക്ഷിയേട് കുത്തനെയും പിടിച്ച് എഴുതിയിരിക്കുന്നതിനാല്‍ എഴുത്ത് നേരേവരത്തക്കവിധം ഇവയെ തമ്മില്‍ മോതിരവളയത്താല്‍ ബന്ധിപ്പിച്ച് പെട്ടിയിലും മറ്റും സൂക്ഷിക്കുന്നത് അസൗകര്യമാണ്. അതുകൊണ്ട്, സാക്ഷിയേട് ആദ്യഏടുകള്‍ക്ക് സമാന്തരമായി വിലങ്ങനെ തന്നെ വച്ച് മോതിരവളയം വഴി ബന്ധിപ്പിക്കാമെന്നു വച്ചാലും ഈ ഏടിന്റെ ഒന്നാം പുറത്തിന്റെ കീഴ്ഭാഗത്തായാണ് തുള വരുക. എന്നാല്‍ ആദ്യ ഏടുകളിലെല്ലാം ആദ്യപേജിന്റെ മുകള്‍ഭാഗത്തും. ഈ രീതിയില്‍ ഇവയെ തമ്മില്‍ മോതിരവളയ ത്തിലൂടെ ബന്ധിപ്പിക്കാനാവില്ല. അങ്ങനെ വരുമ്പോള്‍ അവയെ ബന്ധിപ്പിക്കാനുള്ള ഏക സാധ്യത സാക്ഷിയേടിന്റെ മറുപുറം (രണ്ടാം പേജ്) ഒന്നാം പുറമാക്കുക എന്നതാണ്. അതായത് നിലവിലെ ക്രമമനു സരിച്ച് ആദ്യത്തെ നാലു ഏടുകള്‍ ചേരുന്ന എട്ടു പേജുക ളുടെ തുടര്‍ച്ചയായി സാക്ഷി യേടിന്റെ രണ്ടാം പേജും അവസാനപുറമായി ഒന്നാം പേജും വരുത്തുകയെന്നത്. എന്നാല്‍ ഇപ്രകാരം ക്രമരഹിത മായി ഒരു രാജകീയ ശാസന ത്തില്‍ ഏടുകളെ അടുക്കിച്ചേര്‍ ക്കുമെന്ന് വിശ്വസിക്കുക പ്രയാസമാണ്. അതിനാല്‍ തുളയുടെ സ്ഥാനം വെച്ചുകൊണ്ടു തന്നെ ഈ സാക്ഷിയേട് മറ്റ് ഏടുകളോട് ചേര്‍ന്ന് പോകുന്ന തല്ലെന്ന് വ്യക്തമാണ്.
സാക്ഷിയേടിന്റെ മുകള്‍ഭാഗത്തെ വലതുമൂല അടര്‍ന്നു പോയിരിക്കുകയാണ്. അവിടെ ഒരുപക്ഷേ ഒരു തുള ഉണ്ടായി രുന്നിരിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. അപ്രകാരം തുളയുണ്ട് എങ്കില്‍ അത് മറ്റ് ഏടുകളുമായി യോജിച്ചുപോകുന്ന താണ്.എന്നാല്‍ അപ്രകാരം യോജിച്ചുപോകാവുന്ന സ്ഥാനത്ത് തുളയുണ്ടായിരുന്നിരിക്കെ, ഇടതുവശത്ത് എന്തിന് പുതിയ തുളയിട്ടു എന്ന ചോദ്യം അവശേഷിക്കുന്നു. വലത്തുവശം അടര്‍ന്നുപോയതിനാല്‍ തുള ഇടതുവശത്തേക്ക് മാറ്റി ഇട്ടു എന്നതാണ് ഇതിനുള്ള ന്യായമെങ്കില്‍ തുള അടര്‍ന്നു പോയിരിക്കുന്ന മൂന്നാം ഏടില്‍ അപ്രകാരം വേറെ തുള ഇട്ടതായി കാണുന്നില്ല എന്നത് മറുന്യായമാണ്.
(ചെപ്പേട് നേരിട്ട് കയ്യിലെടുത്ത് കാണാതെ, ഇക്കാര്യങ്ങള്‍ മനസ്സിലാക്കല്‍ പ്രയാസമായിരിക്കുമെന്ന് അറിയാം. ഈ ചെപ്പേട് നേരിട്ട് കാണല്‍ പ്രയാസകരമായ തിനാല്‍, ഈ ഏടുകളുടെ സമാനവലിപ്പത്തില്‍ കാര്‍ഡ്‌ബോര്‍ഡോ പേപ്പര്‍ കഷണമോ മുറിച്ചെടുത്ത് ഒരു ഡമ്മി ചെപ്പേട് ഉണ്ടാക്കി, ഓരോ ഏടിനും ഒന്നുമുതല്‍ അഞ്ചുവരെ നമ്പറിട്ട് ഓരോ ഏടിലെയും തുളയുടെ സമാനസ്ഥാനങ്ങളില്‍ തുളയിട്ട് ചരടുകൊണ്ട് കൂട്ടിക്കെട്ടാന്‍ ശ്രമിച്ചാല്‍ ഇക്കാര്യം എളുപ്പത്തില്‍ വ്യക്തമാകു ന്നതാണ്.)


തരിസാപ്പള്ളിശാസനത്തിന്റെ ദ്വിതീയാകരങ്ങളും കൈവശാവകാശചരിത്രവും
സാക്ഷിയേട് തരിസാപ്പള്ളി ശാസനത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കാന്‍ കൈവശാവകാശ ചരിത്രവും ദ്വിതീയാകരങ്ങളും പ്രയോജനപ്പെടുന്നില്ല. മാത്രമല്ല, മറിച്ച് തെളിവുകള്‍ നല്കുകയും ചെയ്യുന്നു. ലഭ്യമായ വിവരങ്ങള്‍പ്രകാരം, തരിസാപ്പള്ളി ചെപ്പേടിനെക്കുറിച്ച് ആദ്യമായി നമുക്ക് സൂചന ലഭിക്കുന്നത് ഫാ. ഗുവെയാ എഴുതി 1606-ല്‍ കോയിം ബ്രായില്‍നിന്ന് പ്രസിദ്ധീകരിച്ച ജൊര്‍ണാദ എന്ന കൃതിയില്‍ നിന്നാണ്. സുറിയാനിക്രിസ്ത്യാനികളെ ലത്തീന്‍വല്ക്കരിക്കുന്ന തിനുള്ള ശ്രമങ്ങളുടെ ഭാഗമായി വിവിധ പള്ളികള്‍ സന്ദര്‍ശിച്ച അവസരത്തില്‍ 1599-ല്‍ ആര്‍ച്ച്ബിഷപ് മെനേസിസ് കൊല്ലം തേവലക്കരയിലെത്തി പള്ളിയില്‍വെച്ച് ഈ ചെപ്പേട് കണ്ടതിനെക്കുറിച്ച് ഗുവെയാ എഴുതുന്നുണ്ട്. ക്‌നായിത്തൊമ്മന്‍ ചെപ്പേട് പോര്‍ച്ചുഗീസുകാരുടെ കൈയ്യില്‍നിന്ന് നഷ്ടപ്പെട്ട തിനാല്‍, എടുത്തു കൊണ്ടു പോകില്ലെന്ന് സത്യം ചെയ്യിച്ചതിനുശേഷ മാണ് ദോം മെനേസിസിനെ ഈ ചെപ്പേട് കാണിക്കുന്നതെന്നും ചെപ്പേടിന്റെ 3 ഏടുകളാണ് മെത്രാനെ കാണിച്ചിട്ടുള്ളതെന്നും അവ ഒരു ഇരുമ്പുമോതിരംകൊണ്ട് ബന്ധിക്കപ്പെട്ടിരുന്നു വെന്നും ഫാ. ഗുവെയാ എഴുതുന്നു. കൊല്ലത്തെ യാക്കോബായ പള്ളിയിലെ ഒരു കരിങ്കല്‍ ലിഖിതത്തില്‍ തരിസാപ്പള്ളി ശാസനത്തിന്റെ അവസാനഭാഗം ക്രി.വ. 1637-ല്‍ പകര്‍ത്തിയതിനെ ക്കുറിച്ച് റ്റി.കെ. ജോസഫ് കേരള സൊസൈറ്റി പേപ്പേഴ്‌സില്‍ സൂചിപ്പിക്കുന്നുണ്ട്. ഇതു ശരിയെങ്കില്‍ നാലാമത്തെ ഏട് 40 വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ സാമാന്യം ജീര്‍ണാവസ്ഥയില്‍, ഒരുപക്ഷേ മോതിരവളയത്തില്‍ നിന്ന് അടര്‍ന്നുമാറിയിരിക്കാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍, ആ ഏട് ദോം മെനേസിസിനെ ഒരുപക്ഷേ, കാണിച്ചിരിക്കില്ല. എന്നാല്‍ അധികം വൈകാതെ തയ്യാറാക്കിയ (1601-1615) കര്‍സോണ്‍ പകര്‍പ്പില്‍ ഇന്ന് ലഭ്യമായ നാല് ഏടുകളിലെയും ഉള്ളടക്കവും ക്‌നായിത്തൊമ്മന്‍ ചെപ്പേടിന്റെ സംഗ്രഹവും നല്കുന്നുണ്ട് (മലയാളത്തിലും ഇതരഭാഷ കളിലുമുള്ള സാക്ഷികളുടെ പേരുകള്‍ ഇതില്‍ കാണുന്നില്ല.). 1607-ല്‍ ഫ്രാന്‍സിസ് ദ കോസ്ത രചിച്ച റോത്തേയ്‌രോ സോബ്രെ ഓ ത്രാത്തോ ദ പിമെന്ത എന്ന കൃതി യിലും തരിസാപ്പള്ളി ശാസനത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

ക്രിസ്ത്യന്‍ ചെപ്പേടുകളുടെ വീണ്ടെടുക്കല്‍ – കേണല്‍ മെക്കാളെ
ഈ ചെപ്പേടുകള്‍ എവിടെ എന്നതിനെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതിരുന്ന അവസരത്തിലാണ് തിരുവിതാംകൂര്‍ റെസിഡന്റായിരുന്ന കേണല്‍ മെക്കാളെ 1806-ല്‍ നടത്തിയ പരിശ്രമത്തിനൊടുവില്‍ ആറ് ഏടുകള്‍ കണ്ടെടുത്തതായി 1807-ല്‍ അങ്കമാലിയില്‍നിന്ന് എഴുതിയ ഒരു എഴുത്തില്‍ റവ. ബുക്കാനന്‍ സൂചിപ്പിക്കുന്നത്. ക്രിസ്ത്യന്‍ റിസര്‍ച്ചസ് ഇന്‍ ഏഷ്യ എന്ന ഗ്രന്ഥത്തില്‍ ഇക്കാര്യം പ്രതിപാദിക്കുന്നുണ്ട്. മെക്കാളെ എവിടെനിന്നാണ് ഇത് കണ്ടെത്തിയത് എന്ന് ബുക്കാനനോ പിന്നീട് പഠനം നടത്തിയ ഗുണ്ടര്‍ട്ടോ, സ്വാന്‍സ്റ്റനോ പ്രതിപാദിക്കുന്നില്ല. പോര്‍ച്ചുഗീസുകാരുടെയും തുടര്‍ന്ന് ഡച്ചുകാരുടെയും പിന്നീട് ഇംഗ്ലീഷുകാരുടെയും കൈവശത്തിലുണ്ടായിരുന്ന കൊച്ചിക്കോട്ടയില്‍നിന്നാണ് കേണല്‍ മെക്കാളെ ഇവ കണ്ടെത്തിയതെന്ന് ഗോപിനാഥറാവു, കെ.എന്‍. ദാനിയല്‍, മെന്തേയ്‌രോ ദ്അഗ്വിയാര്‍ തുടങ്ങിയവര്‍ എഴുതുന്നുണ്ടെങ്കിലും അതിന് സാധ്യതയില്ലെന്നാണ് ഡോ. കൊല്ലാപറമ്പില്‍ അനുമാനിക്കുന്നത്. തേവലക്കരയിലെ ഒരു വീട്ടില്‍ (തരകന്റെ ഭവനത്തില്‍) സംരക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന അറിവില്‍നിന്ന് വ്യത്യസ്തമായി മറ്റൊരു അറിവ് ലഭിക്കാത്തതിനാലും ചെപ്പേടുകള്‍ കൊച്ചിക്കോട്ടയില്‍ ഇല്ലെന്ന് അഡ്രിയാന്‍ മോയന്‍സ് അടക്കമുള്ളവര്‍ സാക്ഷ്യപ്പെടുത്തി യതിനാലും കേണല്‍ മെക്കാളെ അധികാരപ്രയോഗം (ലഃലൃശേീി)െ നടത്തിയാണ് കണ്ടെത്തിയത് എന്നല്ലാതെ എവിടെനിന്നാണ് അദ്ദേഹം അത് കണ്ടെത്തിയത് എന്ന് ബുക്കാനന്‍ എഴുതിയിട്ടില്ലാത്തതിനാലും തന്റെതന്നെ അധികാരത്തിന് കീഴിലുള്ള കൊച്ചിക്കോട്ടയില്‍ കേണല്‍ മെക്കാളെ പ്രത്യേക അധികാരപ്രയോഗം നടത്തുക എന്നതിനെക്കാള്‍, മെത്രാന്‍മാരെപ്പോലും ചെപ്പേട് കാണിക്കാതെ സൂക്ഷിക്കുന്ന തരകന്റെ ഭവനത്തില്‍നിന്ന് അവ അധികാരപ്രയോഗത്തിലൂടെ കൈക്കലാക്കി എന്ന അനുമാനത്തിന് സാധുത കൂടുതലായതി നാലുമാണ് ഡോ. കൊല്ലാപറമ്പില്‍ ഇപ്രകാരം അനുമാനി ക്കുന്നത്.
ഈ ചെപ്പേടുകളുടെ ഫാക്‌സിമിലെ ബുക്കാനന്റെയും മറ്റും നേതൃത്വത്തില്‍ തയ്യാറാക്കുകയും പ്രസിദ്ധീകരിക്കുകയും പഠനങ്ങള്‍ക്കായി ഗുണ്ടര്‍ട്ട് അത് പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട്. (ഇപ്പോള്‍ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ സൂക്ഷിക്കപ്പെടുന്ന ഈ ഫാക്‌സിമിലെ നിര്‍മ്മിച്ചത് വാള്‍ട്ടര്‍ എലിയട്ടാണ് എന്ന് മുന്‍ലേഖനത്തില്‍ അബദ്ധത്തില്‍ എഴുതാനിടയായതില്‍ ഖേദം പ്രകടിപ്പിക്കുന്നു.) ഈ ഫാക്‌സിമിലെ പ്രസിദ്ധീകരണങ്ങളുടെയും അവയെക്കുറി ച്ചുള്ള പഠനങ്ങളുടെയും ഫലമായാണ് സാക്ഷിയേട് തരിസാപ്പള്ളിച്ചെപ്പേടിന്റെ ഭാഗമായി മാറിയതെന്ന് ഞാന്‍ അനുമാനിക്കുന്നു. മെക്കാളെ കണ്ടെത്തിയ ആറ് ഏടുകളില്‍ തരിസാപ്പള്ളിപ്പട്ടയത്തിന്റെ നിലവിലുള്ള നാലു ഏടുകളും സാക്ഷിയേടും വീരരാഘവ/ഇരവികൊര്‍ത്തന്‍ പട്ടയവുമാണു ള്ളത്. ഇവയില്‍ വീരരാഘവ പട്ടയത്തിന്റെ ഏട് വലുതാണ് (14.75” ഃ 4” ഇഞ്ച്). മുഖ്യമായും വട്ടെഴുത്ത് ലിപിയില്‍ എഴുതിയിരിക്കുന്ന ഈ ശാസനത്തില്‍, ധാരാളമായി ഗ്രന്ഥാക്ഷരങ്ങള്‍ കാണപ്പെടുന്നതിനാലും ഇതിനെ വേറെ പട്ടയമായി കണ്ട് ബാക്കിയുള്ള വയെ ഏല്ലാം ഒരുമിച്ച് ഒറ്റ പട്ടയം, അതായത് തരിസാ പ്പള്ളിപ്പട്ടയമായി കണക്കാക്കിയിരിക്കാ നാണ് സാധ്യത. പിന്നീട് എല്ലാവരുംതന്നെ ഈ സാക്ഷിയേടിനെ തരിസാപ്പള്ളിപ്പട്ടയത്തിന്റെ ഭാഗമായി കണ്ടുവരുന്നു. എന്നാല്‍ നേരത്തേ സൂചിപ്പിച്ചതുപോലെ അതിനുമുമ്പുള്ള രേഖകളിലൊരിടത്തും ഈ സാക്ഷിയേട് തരിസാപ്പള്ളിപ്പട്ടയ ത്തിന്റെ ഭാഗമായി കാണപ്പെടുന്നില്ല.
ആംഗ്ലിക്കന്‍ സഭാവിശ്വാസത്തിലേക്ക് യാക്കോബായ സഭാംഗങ്ങളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ഇംഗ്ലീഷ് മിഷനറിമാര്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമായി കേണല്‍ മെക്കാളെ ഈ ചെപ്പേടുകള്‍ യാക്കോബായക്കാരെ ഏല്പിച്ചതിനാല്‍ ഈ ചെപ്പേടുകള്‍ ആറും യാക്കോബായ സഭയുടെ കോട്ടയം പഴയ സെമിനാരിയിലാണ് തുടര്‍ന്ന് സൂക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്ന്യാസിയോസിന്റെ നേതൃത്വത്തില്‍ യാഥാസ്ഥിതിക ആശയക്കാരും പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്തനാസ്യോ സിന്റെ നേതൃത്വത്തില്‍ പുരോഗമന ആശയക്കാരും തമ്മില്‍ യാക്കോബായസഭയ്ക്കുള്ളില്‍ നടന്ന തര്‍ക്കത്തിന് കോടതി വ്യവഹാരത്തിലൂടെ ലഭിച്ച അന്തിമവിധി യാഥാസ്ഥിതിക യാക്കോബായക്കാര്‍ക്ക് അനുകൂലമായിരുന്നതിനാല്‍ മാര്‍ അത്തനാസ്യോസിന്റെ കൈവശത്തില്‍ ഉണ്ടായിരുന്ന നാലു ചെപ്പേടുകള്‍ ദിവന്ന്യാസിയോസ് പക്ഷത്തിന് ലഭിക്കാനിടയാക്കി. പിന്നീട് മാര്‍ത്തോമ്മാസഭ സ്ഥാപിച്ച മാര്‍ അത്തനാസ്യോസിന്റെ പക്കല്‍നിന്ന് അന്ന് കണ്ടെത്താതിരുന്ന രണ്ടു തകിടുകള്‍ ടി.എ. ഗോപിനാഥറാവുവിന്റെ സഹായത്താല്‍ പിന്നീട് കണ്ടെത്തുക യുണ്ടായെങ്കിലും അവ അവര്‍തന്നെ സൂക്ഷിക്കുകയാണു ണ്ടായത്. സാക്ഷിയേടും തരിസാപ്പള്ളി ചെപ്പേടിന്റെ ഒന്നാം ഏടും ആയ ഈ ചെപ്പേടുകള്‍ മാര്‍ത്തോമ്മാസഭയുടെ കേന്ദ്രമായ തിരുവല്ല പുലത്തീന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലാണ് ഇപ്പോള്‍ സംരക്ഷിക്കപ്പെടുന്നത്. ബാവാക്കക്ഷി (യാക്കോബായ), മെത്രാന്‍കക്ഷി (ഓര്‍ത്തഡോക്‌സ്) തര്‍ക്കത്തെത്തുടര്‍ന്ന് കോട്ടയം പഴയസെമിനാരിയുടെ കൈവശക്കാരായ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ കൈവശമാണ് തരിസാപ്പള്ളി ചെപ്പേടിന്റെ 2,3,4 തകിടുകള്‍. അവ ഓര്‍ത്തഡോക്‌സ് സഭയുടെ കേന്ദ്രമായ കോട്ടയം ദേവലോകം അരമനയിലാണ് ഇപ്പോള്‍ സൂക്ഷിക്കപ്പെടുന്നത്.
ഉപസംഹാരം
കേണല്‍ മെക്കാളെ ഈ ചെപ്പേടുകള്‍ വീണ്ടെടുത്ത 1806-നുമുമ്പ്, സാക്ഷിയേട് തരിസാപ്പള്ളി ചെപ്പുപത്തിരത്തിന്റെ ഭാഗമായിരുന്നു എന്ന് തെളിയിക്കുന്ന ഒരു രേഖയും ഇതുവരെയും കണ്ടെത്തിയിട്ടില്ലാത്തതിനാല്‍, അക്കാലം മുതലായിരിക്കണം ഈ ഏടിനെ പ്രസ്തുത ശാസനത്തിന്റെ ഭാഗമായി ഗണിക്കാനാരംഭിച്ചത്. എന്നാല്‍ ഈ ഏടുകളെ തമ്മില്‍ മോതിരവളയത്താല്‍ ബന്ധിക്കാനാവില്ല എന്നതടക്കമുള്ള ആന്തരികതെളിവുകളുടെ പശ്ചാത്തലത്തില്‍, നിലവില്‍ തരിസാപ്പള്ളി ശാസനത്തിന്റെ ഭാഗമെന്ന് പൊതുവെ കരുതപ്പെടുന്ന സാക്ഷിയേട്, പ്രസ്തുത ശാസനത്തിന്റെ ഭാഗമല്ലെന്ന് ന്യായമായും അനുമാനിക്കുന്നു.
(ഫോട്ടോ കടപ്പാട്: എം.ആര്‍. രാഘവവാര്യര്‍ & കേശവന്‍ വെളുത്താട്ട്, തരിസാപ്പള്ളിപ്പട്ടയം)

കടപ്പാട്: അപ്നാദേശ്/ ഫാ.ബൈജു മുകളേല്‍

Leave a Reply

Your email address will not be published. Required fields are marked *