ക്‌നായിത്തൊമ്മന്‍ ചെപ്പേടില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷകള്‍ അറബി, പേര്‍ഷ്യന്‍, മലബാര്‍ എന്നിവയാണ് എന്നല്ലാതെ, ഈ ഭാഷകള്‍ എഴുതാന്‍ ഉപയോഗിച്ചിരിക്കുന്ന ലിപി എത്രയെന്നോ, ഏവയെന്നോ ഗോയിസ് വ്യക്തമാക്കുന്നില്ല. അതുപോലെതന്നെ, മലബാര്‍ എന്നതുകൊണ്ട് ഏത് ഭാഷയാണ് വിവക്ഷിതം എന്നും വ്യക്തമല്ല. മലബാര്‍ എന്ന് പോര്‍ച്ചുഗീസ് രേഖകളില്‍ സൂചിപ്പിക്കുന്നത് കേരളമാകയാല്‍ കേരളത്തിലെ ഒരു ഭാഷ (മലയാളം) എന്ന് എടുക്കാനാകും. ഈ ഭാഷ എഴുതാന്‍ ഉപയോഗിച്ചിരിക്കുന്ന ലിപി, കേരളത്തില്‍ കണ്ടെത്തിയ പ്രാചീന ലിഖിതങ്ങള്‍ക്ക് ഉപയോഗിച്ചിരിക്കുന്ന വട്ടെഴുത്തോ, കോലെഴുത്തോ, വട്ടെഴുത്ത് ലിപിക്കുമുമ്പ് കേരളത്തില്‍ നിലനിന്നിരുന്ന തമിഴ് ബ്രാഹ്‌മിയോ, ഗ്രന്ഥാക്ഷരമോ, കേരളത്തിലെ ഇതര ലിഖിതങ്ങളിലെ പോലെ ഇവയുടെ ചേര്‍ത്തെഴുത്തോ ആയിരിക്കാം. അക്കാലത്ത് നിലവിലിരുന്ന ഇന്ന് ലഭ്യമല്ലാത്ത മറ്റേതെങ്കിലും ലിപിയും ആയിരിക്കാം.
സെക്വേരോ അഭിപ്രായപ്പെടുന്നതുപോലെ അറബി, പേര്‍ഷ്യന്‍, മലബാര്‍ എന്നീ ഭാഷകളുടെ ലിപികള്‍ ഇടകലര്‍ത്തിയുള്ള എഴുത്ത് രണ്ട് ഏടുകളിലുമോ, എതെങ്കിലും ഒരു ഏടില്‍ മാത്രമായോ കാണപ്പെടാം. എന്നാല്‍ വട്ടെഴുത്ത് മാത്രമായോ, മേല്‍സൂചിപ്പിച്ച കേരളത്തിലെ ഏതെങ്കിലും പ്രാചീനലിപി മാത്രമായോ മറ്റുലിപികളുമായി മിശ്രിതമായോ ഒരു എഴുത്ത് രണ്ട് ഏടുകളിലും വരാനുള്ള സാധ്യത നാം തള്ളിക്കളയുന്നു. ഗോയിസിന്റെ മേല്‍വിവരണത്തില്‍ മലബാര്‍ ഭാഷയോടൊപ്പം രണ്ട് സെമിറ്റിക് ഭാഷകളെക്കുറിച്ച് കൃത്യമായി സൂചിപ്പിക്കുന്നു എന്നതിനപ്പുറം, 1550 കാലഘട്ടത്തില്‍ കേരളത്തിലെ എഴുത്തുകള്‍ക്ക് സാമാന്യമായി ഉപയോഗിച്ചിരുന്ന വട്ടെഴുത്ത്, കോലെഴുത്ത്, തമിഴ് ബ്രാഹ്‌മി, ഗ്രന്ഥാക്ഷരം തുടങ്ങിയ കേരളീയലിപികള്‍ വായിക്കാന്‍ കഴിയുന്നവര്‍ രാജകൊട്ടാരങ്ങളിലെങ്കിലും ഉണ്ടായിരുന്നിരിക്കുമെന്ന് ന്യായമായും വിശ്വസിക്കാമായിരിക്കെ, കൊച്ചിരാജാവിന്റെ ശുപാര്‍ശക്കത്തോടെ ഒരു യഹൂദനെക്കൊണ്ട് ഇത് വായിപ്പിക്കേണ്ടതില്ല. ജൂതനെക്കൊണ്ട് ഇത് വായിപ്പിക്കു ന്നത് ഹീബ്രു അഥവാ മറ്റേതെങ്കിലും സെമിറ്റിക് ലിപിയുടെ സാന്നിദ്ധ്യമാണ് കാണിക്കുന്നത്. അതുകൊണ്ട് ക്‌നായി ത്തൊമ്മന്‍ ചെപ്പേടിന്റെ രണ്ടേടിലുമോ, ഏതെങ്കിലും ഒരു ഏടിലോ ആയി അറബി, പേര്‍ഷ്യന്‍ ഭാഷകള്‍, ഒരുപക്ഷേ, അവയുടെ ലിപികളില്‍തന്നെ ഉണ്ടാകേണ്ടതാണ്.
ക്‌നായിത്തൊമ്മന്‍ ചെപ്പേടിന്റെ പോര്‍ച്ചുഗീസ് തര്‍ജമകളും (റോസ്, ദൊ കൂത്തോ) വീരരാഘവപട്ടയവും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍, ക്‌നായിത്തൊമ്മന്‍ ചെപ്പേടിലെ ഉള്ളടക്കവും കേരളീയ സാക്ഷികളുടെ പേരുകളും ഒരു ഏടിന്റെ ഇരുപുറവും കൊള്ളിക്കാവുന്നതാണെന്ന് വ്യക്തമാകുന്നു. പരിഭാഷയുടെ ഭാഗമായ വ്യാഖ്യാനവാക്കുകള്‍ ഒഴിവാക്കിയാല്‍ (ഉദാഹരണ ത്തിന് വായ്ക്കുരവ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ക്‌നായിത്തൊമ്മന്‍ ചെപ്പേടില്‍ ഉണ്ടായിരിക്കാന്‍ ഇടയുള്ള ഒറ്റ വാക്ക് ഇരുപതിലധികം പദങ്ങള്‍ ഉപയോഗിച്ചാണ് ദൊ കൂത്തോ പരിഭാഷപ്പെടുത്തുന്നത് / വ്യാഖ്യാനിക്കുന്നത്.)
ക്‌നായിത്തൊമ്മന്‍ ചെപ്പേടിന്റെ ഉള്ളടക്കം ഹ്രസ്വമായതി നാലും ചേരരാജാവ് നല്കുന്ന ശാസനം എന്ന നിലയിലും ഉള്ളടക്കവും കേരളീയ സാക്ഷികളുടെ പേരും വരുന്ന ഒന്നാം ഏട് മലബാര്‍ ഭാഷയിലും (ഒന്നോ അതിലധികമോ ലിപികളില്‍) പേര്‍ഷ്യന്‍ കുടിയേറ്റക്കാരായ കച്ചവടക്കാര്‍ക്ക് നല്കപ്പെടുന്ന ചെപ്പേടായതിനാല്‍ അവരുടെ ഭാഷയിലും ലിപിയിലും സാക്ഷികളുടെ പേര് രണ്ടാം ഏടിലും വരുന്നത് യുക്തിസഹ മാണ്. ഒന്നാം ഏട് കേരളത്തിലെ ഒരു ലിപിയിലാണെങ്കിലും അന്യഭാഷാലിപികളില്‍ എഴുതപ്പെട്ട രണ്ടാം ഏടിലെ ഉള്ളടക്കമെന്ത് എന്ന് ഗ്രഹിക്കാനായി ഒരു യഹൂദനെ ചെപ്പേട് വായിക്കാനേല്പിക്കുന്നതും സ്വാഭാവികമാണ്, പ്രത്യേകിച്ചും ഹീബ്രുലിപിയില്‍ എഴുത്തുണ്ട് എന്നതിനാല്‍. ഹീബ്രു ലിപിയില്‍ ബൈബിളിലെ പഴയനിയമം എഴുതപ്പെട്ടിരിക്കുന്നതിനാല്‍ ഒരുപക്ഷേ സാക്ഷിയേടിലെ ഹീബ്രുലിപി തിരിച്ചറിയാന്‍ പോര്‍ച്ചുഗീസുകാരില്‍ ആര്‍ക്കെങ്കിലും കഴിഞ്ഞിരിക്കും. ഈ രണ്ടാം ഏടില്‍ അറബി, പാഹ്‌ലവി, ഹീബ്രു എന്നീ ലിപികളില്‍ എഴുത്തുണ്ടെങ്കിലും ഹ്രീബ്രുലിപിയില്‍ എഴുതിയിരിക്കുന്ന ഭാഗം പേര്‍ഷ്യന്‍ ഭാഷതന്നെയാണ്. ഇങ്ങനെയെങ്കില്‍ സെക്വേരോ വിവരിക്കുന്ന മൂന്നു ഭാഷകളായ അറബി, പേര്‍ഷ്യന്‍, മലബാര്‍ എന്നിവ ഈ രണ്ട് ഏടുകളിലായി ഒത്തുവരുന്നു. അതായത്, ഒന്നാം ഏടില്‍ മലബാര്‍ ഭാഷ, രണ്ടാം ഏടില്‍ അറബി, പേര്‍ഷ്യന്‍ എന്നിങ്ങനെ.
ക്‌നായിത്തൊമ്മന്‍ ചെപ്പേടിന്റെ കാലഘട്ടം
പരമ്പരാഗതമായി ക്‌നാനായ കുടിയേറ്റവര്‍ഷമായി ഗണിക്കുന്ന ക്രി.വ. 345 തെളിയിക്കാനുതകുന്ന ധാരാളം ചരിത്ര രേഖകള്‍ ബഹു. കൊല്ലാപറമ്പിലച്ചന്‍ ശേഖരിച്ച് ദ ബാബി ലോണിയന്‍ ഒറിജിന്‍ ഓഫ് ദ സതിസ്റ്റ്‌സ് എമംഗ് സെന്റ് തോമസ് ക്രിസ്റ്റ്യന്‍സ്, ക്‌നാനായസമുദായം കേരളചരിത്രത്തില്‍ തുടങ്ങിയ ഗ്രന്ഥങ്ങളില്‍ നല്കിയിട്ടുണ്ട്. ക്‌നായിത്തൊമ്മന്‍ ചെപ്പേടിന്റെ ആന്തരികസൂചനകളും ശാസ്ത്രീയ പരിശോധനകളും ഇക്കാല ഘട്ടം തെളിയിക്കാന്‍ (ഒരുപക്ഷേ നിരാകരിക്കാനും) ഉള്ള മറ്റൊരുപാധിയായി മാറിയേക്കാം. കാലഗണനാസൂചന അടങ്ങി യതെന്ന് ന്യായമായും വിശ്വസിക്കാവുന്ന ആദ്യയേട് ലഭ്യമല്ലാത്ത തിനാല്‍ നമുക്ക് അവലംബമാക്കാവുന്നത് റോസ്, ദൊ കൂത്തോ എന്നിവരുടെ പോര്‍ച്ചുഗീസ് തര്‍ജമകളും തരിസാപ്പള്ളി ശാസന ത്തിന്റെ കര്‍സോന്‍ സംഗ്രഹവും ദു പെറോയുടെ ഫ്രഞ്ചു തര്‍ജമയും, ക്‌നായിത്തൊമ്മന്‍ ചെപ്പേടിന്റെ ഭാഗമെന്ന് സാക്ഷിയേട് അംഗീകരിക്കപ്പെട്ടാല്‍, അതുമാണ്. സാക്ഷിയേട് ഒഴിച്ചുള്ളവയില്‍നിന്ന് നമുക്ക് ലഭിക്കുന്ന ആന്തരിക കാലഘട്ടസൂചനകള്‍ ഇവയാണ്:
- ‘”Rejnando elle no tempo de Mercurio fevereiro no dia septimo do mes de Março antes de luna chea” (Ros)
- “reinando elle em tempo de Mercurio no dia setimo do mez de Março antes de lua cheia” (Do Couto)
- “കുമ്പത്തില്‍ വ്യാഴം നിന്റ പോകന്റ മകെരമാതം ഇരുപത്ത് ഒന്‍പത് ചെന്റ ശെനിയും രോകണിയും സപ്ത്തമി ആയ നാള്‍” (കര്‍സോന്‍)
- “Au tems où Jupiter étoit dans le premier signe (Kombo, le jour Rooni, le Samedi (Tchani), neuviéme de Magarams (Janvier), le Septiéme jour de la Lune” (Du Perron). നിര്‍ഭാഗ്യവശാല്‍ ഈ ജ്യോതിശാസ്ത്രസൂചനകള്‍ തമ്മില്‍ വ്യത്യാസങ്ങളുണ്ട്. ഈ സൂചനകള്‍ ഉപയോഗിച്ച് ഗൗരവമായ പഠനം ആരെങ്കിലും നടത്തിയതായും കൃത്യമായ വിവരമില്ല. എങ്കിലും അവയെ ഗൗരവമായി പഠിക്കേണ്ടിയിരി ക്കുന്നു. സാക്ഷിയേടില്‍ ലിപിപരമായ പ്രത്യേകതകള്‍ പഠിക്കുന്നതിലൂടെ ലഭിക്കന്നതിനപ്പുറം കാലഗണനാസൂചകങ്ങള്‍ ഒന്നുമില്ല. ചെമ്പ് തകിടില്‍ കാര്‍ബണിന്റെ അംശം ഇല്ലാത്തതിനാല്‍ കാര്‍ബണ്‍ ഡേറ്റിംഗ് സാധ്യത ഇല്ലായെന്നാണ് അറിയാന്‍ സാധിക്കുന്നത്.
