ചെപ്പേട് നല്കപ്പെട്ട സ്ഥലം

ക്‌നായിത്തൊമ്മന്‍ ചെപ്പേട് നല്കിയ സ്ഥലമേതെന്ന് റോസിന്റെയും ദൊ കൂത്തോയുടെയും തര്‍ജമയില്‍ പറയുന്നുണ്ട്. ‘no Malavar na cidade grande do grande Idolo” (കേരള ത്തില്‍ മഹാതേവരുടെ മഹാപട്ടണത്തില്‍) എന്ന് റോസും ‘no Malavar na cidade do grande Idolo (കേരളത്തില്‍ മഹാതേവരുടെ പട്ടണത്തില്‍) എന്ന് ദൊ കൂത്തോയും ചേര്‍ക്കുന്നു. മഹോതേവര്‍പട്ടണം/മഹോദയപുരം ഇന്നത്തെ കൊടുങ്ങല്ലൂരിലാണ്. രാജാവ് അപ്പോള്‍ ഉണ്ടായിരുന്ന ‘കൊര്‍ണേലൂര്‍’ (കൊടു ങ്ങല്ലൂര്‍?) നെക്കുറിച്ചും ‘മഗോദേര്‍ പട്ടണം’ ക്‌നായിത്തോ മ്മായ്ക്ക് നല്കുന്നതിനെക്കുറിച്ചും റോസ് മെത്രാന്റെ തര്‍ജമയില്‍ സൂചിപ്പിക്കുന്നുണ്ട്. രാജാവ് ഉണ്ടായിരുന്ന ‘കൊര്‍ണേലൂര്‍’ (കൊടുങ്ങല്ലൂര്‍?) നെക്കുറിച്ചും ക്‌നായിത്തോമ്മാ യ്ക്ക് നല്കുന്ന ‘പട്ടണം’ (എന്ന പേരിലുള്ള) പട്ടണത്തെക്കു റിച്ചും ദൊ കൂത്തോയുടെ തര്‍ജമയിലും സൂചിപ്പിക്കുന്നുണ്ട്.
പ്രാചീന മുസീരിസ് (മുചിരിപ്പട്ടണം) എവിടെയാണെന്ന് കണ്ടെത്തിയിട്ടില്ലെങ്കിലും, പരൂര്‍ പട്ടണത്തിനടുത്തുള്ള പട്ടണം (പഷ്ണം) എന്ന പ്രദേശത്ത് ഇപ്പോള്‍ നടക്കുന്ന ഉദ്ഘനന ങ്ങളിലൂടെ ലഭിക്കുന്ന തെളിവുകള്‍ മുസീരിസ് കൊടുങ്ങല്ലൂരില്‍ നിന്ന് അല്പം അകലെയായിരുന്നു എന്ന തെളിവാണ് നല്കു ന്നത്. ആദിചേരന്‍മാരുടെ മുഖ്യരാജധാനി കോയമ്പത്തൂരി നടുത്തുള്ള കരൂര്‍ ആയിരുന്നുവെന്നും അതേസമയംതന്നെ പെരിയാര്‍ തീരത്ത് (മുചിരിയിലോ, വഞ്ചിയിലോ) ഉപരാജ ധാനിയും ഉണ്ടായിരുന്നുവെന്നുമുള്ള ഡോ. എം.ജി.എസ്. നാരായണനടക്കമുള്ളവരുടെ കണ്ടെത്തലുകളും ഇതോട് ചേര്‍ത്തുവായിക്കേണ്ടതാണ്. 9-ാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ട രണ്ടാം ചേരരാജ്യതലസ്ഥാനം മകോതൈയാണ്. മകോതൈ ഒരു പ്രമുഖ പട്ടണമായി ഉയര്‍ന്നുവന്നതില്‍ അവിടെ നകെരം സ്ഥാപിച്ചു വളര്‍ത്തിയ ക്‌നായിത്തൊമ്മനും കൂട്ടര്‍ക്കും പങ്കുണ്ട് എന്ന് അനുമാനിക്കാനാകും.
ഒരു പരമ്പരാഗത തുറമുഖമല്ലാത്ത, പുതുതായി സ്ഥാപിക്കപ്പെടുന്ന ഒരു നകെരത്തില്‍ വച്ച് ഒരു സാമന്തരാജാവ് നല്കുന്ന കൊല്ലത്തെ തരിസാപ്പള്ളിശാസനത്തിലെ സാക്ഷി കളായി മൂന്നുലിപികളില്‍ പേരെഴുതുന്ന വിദേശികള്‍ വരുന്നു എന്നതിനെക്കാള്‍ വിശ്വസനീയമായത് ചേരരാജ്യ തലസ്ഥാനവും പ്രാചീനകാലം മുതലേ വൈദേശികവ്യാപാരം നടന്നുവന്നിരു ന്നതും പ്രസിദ്ധ തുറമുഖവുമായ മുരചിപത്തനത്ത് (മുസീരിസ്, മുയിരിക്കോട്, മുചിരി, ഇന്നത്തെ കൊടുങ്ങല്ലൂര്‍) ചേരരാജാവ് നല്കുന്ന ചെപ്പേടില്‍ വിദേശികള്‍ സാക്ഷികളായി വരുന്നു എന്നതാണ്. സാക്ഷിയേടില്‍ കാണപ്പെടുന്ന വൈദേശിക സാക്ഷികളുടെ പേരെഴുതിയ ലിപികളുടെ അടിസ്ഥാനത്തില്‍ അറബികളും പേര്‍ഷ്യക്കാരും യഹൂദരും ഇത് നല്കപ്പെടുന്ന സ്ഥലത്തോടടുത്ത് സന്നിഹിതരാണ് എന്ന് അനുമാനിക്കാ മെങ്കില്‍ അറബി, പേര്‍ഷ്യന്‍, യഹൂദസാന്നിദ്ധ്യം അനേക നൂറ്റാണ്ടുകള്‍ കൊടുങ്ങല്ലൂരും പരിസരപ്രദേശങ്ങളിലുമായി തുടരുന്നതിന്റെ തെളിവുകള്‍ ചേരമാന്‍ മസ്ജിദായും, സിനഗോഗായുമൊക്കെ അവശേഷിക്കുന്നത് സാക്ഷിയേടിനെ ക്‌നായിത്തൊമ്മന്‍ ചെപ്പേടിന്റെ ഭാഗമാക്കുന്നതിന് കൂടുതല്‍ അനുമാനസാധ്യത നല്കുന്നു. തരിസാപ്പള്ളിശാസനത്തിന്റെ ഭാഗമെന്ന നിലയില്‍ സാക്ഷിയേടിനെ കാണുന്നതിലൂടെ ലഭിക്കുന്ന തെളിവുകള്‍ ഒഴിച്ചാല്‍, കൊല്ലത്ത് യഹൂദ, അറബി സാന്നിധ്യത്തിന് മറ്റു തെളിവുകള്‍ കാര്യമായി ഇല്ലായെന്നത് ശ്രദ്ധേയമാണ്.
കര്‍സോന്‍ പകര്‍പ്പില്‍ ക്‌നായിത്തൊമ്മന്‍ ചെപ്പേടിന്റെ സംഗ്രഹത്തിന് ആമുഖമായി ‘കൊടുങ്ങല്ലൂര്‍ നകെരം തോന്റിയ പരിശുവിതു’ (കൊടുങ്ങല്ലൂര്‍ നകെരം ഉണ്ടാക്കിയ ചരിത്രമിത്) എന്ന് നല്കുന്നുണ്ട്. തരിസാപ്പള്ളി ചെപ്പേടിലെ ‘ഇന്നകെരം (കൊല്ലം) കണ്ടു നീരേറ്റ മരുവാന്‍ സപീരീശോ’യ്ക്ക് സമാന്തരമായി, ‘കൊടുങ്ങല്ലൂര്‍ നകെരം തോന്റിയ’ ക്‌നായി ത്തോമ്മനെന്ന നസ്രാണി എന്നു വരുന്നതും ആലോചനാമൃത മാണ്. കൊടുങ്ങല്ലൂര്‍ നകെരമെന്നത് കൊടുങ്ങല്ലൂര്‍ എന്ന നഗരം എന്ന അര്‍ത്ഥത്തെക്കാള്‍ കൊടുങ്ങല്ലൂരില്‍ നകെരം സ്ഥാപിക്കു ന്നത് എന്ന അര്‍ത്ഥത്തില്‍ എടുക്കുന്നതാണ് കൂടുതല്‍ യുക്തം. ‘മുനമ്പില്‍ പട്ടണം നകെരം ആയിരുന്ന നാള്‍’ എന്ന് ഇതേ കര്‍സോന്‍ ക്‌നായിത്തൊമ്മന്‍ സംഗ്രഹത്തില്‍ എഴുതിയിരിക്കുന്ന തിനാല്‍ നകെരം എന്ന വാക്ക് പട്ടണം, നഗരം തുടങ്ങി ഇന്നു നിലവിലുള്ള അര്‍ത്ഥത്തിലല്ല, മറിച്ച് മറ്റേതോ സാങ്കേതിക അര്‍ത്ഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നത് എന്ന് അനുമാനിക്കേ ണ്ടിയിരിക്കുന്നു.
‘നകെര’ത്തിന് വാണിജ്യസങ്കേതം ( merchant guild)) എന്ന് അര്‍ത്ഥമെടുക്കുന്ന പക്ഷം, കൊടുങ്ങല്ലൂരില്‍ വാണിജ്യസങ്കേതം സ്ഥാപിച്ച ചരിത്രമെന്ന് ‘നകെരം തോന്റിയ പരിശിന്’ അര്‍ത്ഥം വരുന്നു. കൊല്ലത്ത് വാണിജ്യസങ്കേതം സ്ഥാപിക്കാന്‍ നല്കിയ തരിസാപ്പള്ളി ചെപ്പേടിനോട് ഇത് ചേര്‍ന്നുപോകുന്നതിനാല്‍, ആ ചെപ്പേടിന് അനുബന്ധമായി ക്‌നായിത്തൊമ്മന്‍ ചെപ്പേടിന്റെ സംഗ്രഹം വരുന്നതും പ്രസക്തമാകുന്നു. കടല്‍ക്ഷോഭം, പെരിയാറിലെ നിരന്തരമായ വെള്ളപ്പൊക്കങ്ങള്‍ തുടങ്ങിയ ഭൂമിശാസ്ത്രപരമായ കാരണങ്ങളാലാവാം കൊടുങ്ങല്ലൂരില്‍ കടല്‍ത്തീരത്തുതന്നെയുള്ള മുനമ്പില്‍ പട്ടണത്തുനിന്ന് നകെരം മാറ്റേണ്ടിവരുന്നത്. കടല്‍ത്തീരത്തുനിന്ന് അല്പം ഉള്ളിലേക്ക് മാറി, കൊടുങ്ങല്ലൂര്‍ പട്ടണത്തിന് അടുത്ത്, പെരിയാര്‍ നദീതീരത്ത് തന്നെ അല്പം ഉയര്‍ന്ന കുന്നില്‍ ഇന്നത്തെ കോട്ട പ്പുറത്ത് നകെരം സ്ഥാപിതമായത് ഇപ്രകാരം ക്‌നായിത്തൊമ്മന്‍ വന്നതിനുശേഷമുള്ള കാലഘട്ടത്തിലായിരിക്കണം. ഈ നകെരം സ്ഥിതിചെയ്ത സ്ഥലമായിരിക്കണം മകോതൈ അഥവാ മകോതേവര്‍ പട്ടണം അഥവാ മഹോദയപുരം.
പുരാതനപ്പാട്ടുകളില്‍ പ്രത്യക്ഷപ്പെടുന്ന മഹോസയും ഇതു തന്നെയായിരിക്കണം. ആധുനികസുറിയാനിയില്‍ ‘കാപ്പ്’ (ക) എന്ന അക്ഷരത്തിന് താഴെ കുത്തിട്ടാല്‍ ‘ഹ’ എന്നാണ് ഉച്ചരിക്കുക. ‘താവ്’ (ത) എന്ന അക്ഷരത്തിന് താഴെ കുത്തിട്ടാല്‍ ‘സ‘ എന്നും. പ്രാചീന സുറിയാനിയില്‍ ചിഹ്നനസമ്പ്രദായം ഇല്ലാതിരുന്നതിനാല്‍ കുത്തിടാതെതന്നെ ‘ക’യെന്നോ ‘ഹ’യെന്നോ ‘കാപ്പി’നെയും, ‘ത’യെന്നോ ‘സ’യെന്നോ ‘താവി’നെയും ഉച്ചരിക്കാനാകുമായിരുന്നു. ആയതിനാല്‍ മകോതൈ (ഐകാരത്തില്‍ അവസാനിക്കുന്നത് ആദിദ്രാവിഡ ഭാഷയുടെ പ്രത്യേകതയാണ്. ഉദാ. യാനൈ, മലൈ തുടങ്ങിയ ആദിദ്രാവിഡവാക്കുകള്‍ ആധുനിക മലയാളത്തില്‍ ആനയും മലയുമായി മാറുന്നു.) സുറിയാനിക്രിസ്ത്യാനികളെ സംബന്ധിച്ച് മഹോസ ആകുന്നത് സ്വാഭാവികമാണ്.

Leave a Reply

Your email address will not be published. Required fields are marked *