ക്‌നായിത്തൊമ്മന്‍ ചെപ്പേടിലെ 72 പദവികള്‍

”ഇവകള്‍ക്കു മങ്കല്യത്തുക്കു ആനൈമേല്‍ മണ്ണുനീര്‍ മുതലാക എഴുപത്തിരണ്ടു വിടുപെറും വച്ചുക്കുടുത്താര്‍” എന്ന് തരിസാപ്പള്ളി ശാസനത്തിലുള്ളതിനാല്‍ കൊല്ലത്തെ പേര്‍ഷ്യന്‍ സുറിയാനിക്രിസ്ത്യാനികള്‍ക്ക് എഴുപത്തിരണ്ട് രാജകീയ പദവികള്‍ നല്കിയിട്ടുണ്ട് എന്നത് വ്യക്തമാണ്. അതുപോലെ ചെപ്പേടിലൂടെ ചേരമാന്‍ പെരുമാള്‍ ക്‌നായിത്തോമ്മായ്ക്കും കൂട്ടര്‍ക്കും 72 രാജകീയ പദവികള്‍ നല്കി എന്നത് ക്‌നാനായ വായ്‌മൊഴികളിലും പുരാതനപ്പാട്ടുകളിലും സജീവമായി നിലനില്‍ക്കുന്നതാണ്. എന്നാല്‍ നമുക്ക് ലഭ്യമായിരിക്കുന്ന റോസിന്റെയും ദൊ കൂത്തോയുടെയും തര്‍ജമകളിലോ കര്‍സോന്‍ സംഗ്രഹപകര്‍പ്പിലോ ദു പെറോയുടെ സംഗ്രഹ തര്‍ജമയിലോ 72 പദവികളെക്കുറിച്ച് എടുത്തുപറയുന്നില്ല എന്നതിനാല്‍ ക്‌നായിത്തൊമ്മന്‍ ചെപ്പേടിലെ 72 രാജകീയ പദവികള്‍ ചോദ്യചിഹ്നമാകുന്നുണ്ട്.
”ഇടുപടി നകരിതോരണം പോറ് ഏറും പൊറവേ രണ്ടു കൊട്ടും കൊരവെയും ശങ്കും വെടിയും പൂണുനൂലും പൂനീരുമായി എഴുതിച്ചുകൊണ്ടാന്‍” എന്ന് കര്‍സോന്‍ പകര്‍പ്പില്‍ കാണുന്നതിന് സമാനമായ രീതിയിലാണ് ഫ്രഞ്ച് തര്‍ജമയിലുമുള്ളത്. ഏഴുവിധ വാദ്യങ്ങള്‍, രാജാവിനെപ്പോലെ നടക്കാനും സംസാരിക്കാനുമടക്കം എല്ലാവിധ അവകാശങ്ങളും വായ്ക്കുരവ, അളവുതൂക്കം, പരവതാനി, വെഞ്ചാമരം, കൈയ്യില്‍ ചന്ദനക്കുറി (ചന്ദന മെതിയടി?), പാവാട, മണര്‍ക്കോലം, മണപ്പന്തല്‍ തുടങ്ങിയ പദവികളെക്കുറിച്ച് റോസ് മെത്രാനും ദൊ കൂത്തോയും എഴുതുന്നെങ്കിലും പദവികളുടെ എണ്ണം കൃത്യമായി പറയുന്നില്ല. എന്നാല്‍ പദവികള്‍ പ്രതിപാദിക്കുന്നതിന് തൊട്ടുമുമ്പ് 62 വീടുകള്‍ അനുവദിച്ചു എന്ന് റോസ് എഴുതുന്നുണ്ട്. എഴുപത്തിരണ്ട് എന്ന സംഖ്യ അറുപത്തിരണ്ട് എന്ന് തെറ്റായി എഴുതിയതായിരിക്കാന്‍ ഇടയുണ്ട്. കാരണം ഈ തര്‍ജമയ്ക്ക് മുമ്പും പിമ്പുമായി റിപ്പോര്‍ട്ടില്‍ അദ്ദേഹം ചേര്‍ക്കുന്നത് 72 എന്നാണ്. പദവികള്‍ക്ക് പ്രാചീനകാലത്ത് ഉപയോഗിച്ചിരുന്ന വിടുപേറ് എന്ന പദം വീട്ടുപേര് എന്ന് തെറ്റിദ്ധരിച്ച് 72 വീടുകള്‍ നിര്‍മ്മിച്ചു എന്ന് തര്‍ജമ ചെയ്തതാകാം. യഥാര്‍ത്ഥത്തില്‍ മൂലചെപ്പേടില്‍ ഉണ്ടായിരുന്നത് ‘എഴുപത്തിരണ്ട് വിടുപേറുകളും കൊടുത്തേന്‍’ എന്നായിരിക്കണം.

കച്ചവടസംഘമായ അഞ്ചുവണ്ണം
അഞ്ചുവണ്ണം, മണിക്കിരാമം (മണിഗ്രാമം) എന്നീ കച്ചവട സംഘങ്ങള്‍ക്ക് പള്ളിയെയും സ്വത്തുക്കളെയും സംരക്ഷിക്കല്‍ ഉള്‍പ്പെടെ നിരവധി ചുമതലകളും വാണിജ്യാവകാശങ്ങളും ചുങ്കം ഇളവുകളും തരിസാപ്പള്ളിച്ചെപ്പേടിലൂടെ കല്പിച്ചുകൊടുക്കുന്നുണ്ട്. അഞ്ചുവണ്ണം യഹൂദരുടെയും മണിഗ്രാമം ക്രിസ്ത്യാനി കളുടെയും അധീനതയിലുള്ള കച്ചവടസംഘങ്ങളാണ് എന്ന ഒരു വാദമുണ്ട്. എന്നാല്‍ ക്രിസ്തീയസാന്നിദ്ധ്യമില്ലാത്ത ചില സ്ഥലങ്ങളിലും മണിഗ്രാമക്കാരെക്കുറിച്ച് സൂചന ലഭിച്ചിട്ടുള്ള തിനാല്‍ ഇത് സ്വദേശിസംഘമാണെന്ന വാദവുമുണ്ട്. ക്‌നായി ത്തൊമ്മന്‍ ചെപ്പേടിന്റെ സംഗ്രഹത്തിലോ, തര്‍ജമകളിലോ ഇവയെക്കുറിച്ച് പരാമര്‍ശങ്ങളില്ല. എന്നാല്‍ റോസിന്റെ തര്‍ജമ യില്‍ നല്കുന്ന ‘രശിരീ ൃേശയൗീേ’െ (അഞ്ചുപദവികള്‍) അഞ്ചുവണ്ണ ത്തിന്റെ തെറ്റായ പരിഭാഷയാണോ എന്ന് സംശയമുണ്ട്.

ക്‌നായിത്തൊമ്മന്‍ ചെപ്പേടിലെ ‘വഴിക്കൂറ്’
മാര്‍ഗംകളിപ്പാട്ടില്‍നിന്നാണ് ‘വഴിക്കൂറായി’ എന്ന വാക്ക് എടുത്തിട്ടുള്ളതെന്നും അതിനര്‍ത്ഥം ക്രൈസ്തവവിശ്വാസ ത്തില്‍ വിശ്വസ്തതയോടെ നിലനില്ക്കലാണെന്നും മുന്‍ലേഖന ങ്ങളില്‍ കണ്ടിരുന്നു. ക്‌നായിത്തൊമ്മന്‍ ചെപ്പേടിന്റെ കര്‍സോന്‍ പകര്‍പ്പില്‍ ക്‌നായിത്തൊമ്മന് ആകെയുള്ള രണ്ടേരണ്ടു വിശേഷണം ‘ക്‌നായിതൊമ്മെന്‍ എന്ന് ചൊല്ലുന്ന പരതേശി നസ്രാണിക്’ എന്നതിലെ പരദേശി, ‘നസ്രാണി’ എന്നിവയാണ് എന്ന് മുകളില്‍ നാം കണ്ടു.
പേര്‍ഷ്യന്‍ ഭാഷയില്‍നിന്ന് മലയാളത്തിലേക്ക് കടന്നു വന്നിരിക്കാനിടയുള്ള പദമായ ‘നസ്രാണി’ സുറിയാനി ക്രിസ്ത്യാനികളെ സൂചിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. ജന്മംകൊണ്ട് വിദേശിയായ ക്‌നായിത്തൊമ്മനെ കേരളത്തില്‍ വ്യത്യസ്തനാക്കുന്ന പ്രധാന ഘടകം അദ്ദേഹത്തിന്റെ ക്രിസ്തീയവിശ്വാസമാണെന്ന് ഇത് എടുത്തുകാണിക്കുന്നു. ‘നസ്രാണി’ എന്ന വാക്കിലെ ‘ആണി’ എന്ന പ്രയോഗം മലയാളഭാഷയിലുള്ളതല്ല, മറിച്ച് പേര്‍ഷ്യന്‍ ഭാഷയുടേത് ആയതിനാല്‍ പേര്‍ഷ്യന്‍ കുടിയേറ്റക്കാരും (അവരെ സൂചിപ്പിക്കാനും) ആയിരിക്കണം ഈ പദം ഉപയോഗിച്ചിരുന്നത്. ‘നസ്രാണി’ എന്ന പദം ലിഖിതരൂപത്തില്‍ ഉപയോഗിച്ചിരുന്നതിന് ആദ്യതെളിവ് നാം കണ്ടെത്തുന്നത് തരിസാപ്പള്ളി ശാസനത്തിന്റെ കര്‍സോന്‍ പകര്‍പ്പിലാണ്. ആകയാല്‍ ‘നസ്രാണി’ എന്ന പദം മലയാളഭാഷയ്ക്കും സംസ്‌കാരത്തിനും സംഭാവന ചെയ്ത്, നസ്രായന് നൂറ്റാണ്ടുകളിലൂടെ സാക്ഷ്യം വഹിക്കാന്‍ ക്‌നായിത്തോമ്മായ്ക്കും കൂട്ടര്‍ക്കും കഴിയുന്നു.
റോസിന്റെയും ദൊ കൂത്തോയുടെയും തര്‍ജമകളില്‍ ക്‌നായിത്തൊമ്മന് ‘ക്രിസ്ത്യാനി’ എന്ന വിശേഷണം നല്കുന്ന തായി കാണുന്നില്ല. എന്നാല്‍ റോസിന്റെ തര്‍ജമപ്രകാരം കൊടുങ്ങല്ലൂരില്‍ ക്‌നായിത്തോമ്മാ അഭ്യര്‍ത്ഥിച്ചുവാങ്ങിയ കാടുപിടിച്ചുകിടന്ന സ്ഥലം വെട്ടിത്തെളിച്ചതിനുശേഷം ആദ്യം ചെയ്യുന്നത് പള്ളിക്കും ക്‌നായിത്തോമ്മായുടെ വീടിനും രാജാവിനെക്കൊണ്ട് ആദ്യശില ഇടീക്കുന്നതാണ്. അന്നുതന്നെ പള്ളിപണി പൂര്‍ത്തിയാക്കി രാജാവ് ഈ പള്ളിക്കുള്ളില്‍ പ്രാര്‍ത്ഥിക്കുന്നതായും നാം കാണുന്നു. ദൊ കൂത്തോയുടെ തര്‍ജമയിലും കൊടുങ്ങല്ലൂരില്‍ ലഭിച്ച സ്ഥലം തെളിച്ചതിനു ശേഷം അവിടെ പള്ളി നിര്‍മിക്കാന്‍ ക്‌നായിത്തോമ്മാ നിര്‍ദേശിക്കുന്നതും ആദ്യശില രാജാവ് സ്ഥാപിക്കുന്നതും നാം കാണുന്നു. മാര്‍ത്തോമ്മാശ്ലീഹായുടെ നാമത്തില്‍ സ്ഥാപിതമായ ഈ ദൈവാലയമായിരിക്കണം കൊടുങ്ങല്ലൂരിലെയും ഭാരതത്തിലെതന്നെയും ആദ്യക്രിസ്തീയ ദൈവാലയം. ഇപ്രകാരം അന്യമതസ്ഥനായ രാജാവിന്റെ മുന്നിലും തന്റെ ക്രിസ്തീയവിശ്വാസം ഏറ്റുപറയുകയും, ആ വിശ്വാസത്തി നൊത്തവണ്ണം ജീവിക്കാനുള്ള ഭൗതികസൗകര്യം ആദ്യമേതന്നെ സ്ഥാപിക്കുകയും, അന്യമതസ്ഥനായ രാജാവിനെപ്പോലും ആ വിശ്വാസത്തിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുകയും ക്ഷണിക്കുകയും ചെയ്യുന്നതിലൂടെ വഴിക്കൂറായി ജീവിക്കുന്ന ക്‌നായിത്തോമ്മായെ ആണ് ചെപ്പേടിലൂടെ നാം കണ്ടെത്തുന്നത്.

ക്‌നായിത്തൊമ്മന്‍ ചെപ്പേടിന്റെ ഭാഗമായി സാക്ഷിയേട് അംഗീകരിക്കപ്പെട്ടാലുള്ള അനന്തരഫലങ്ങള്‍
തരിസാപ്പള്ളിശാസനത്തിന്റെ ഭാഗമെന്ന് വിശ്വസിക്ക പ്പെടുന്ന സാക്ഷിയേട് ക്‌നായിത്തൊമ്മന്‍ ചെപ്പേടിന്റെ ഭാഗമെന്ന് അംഗീകരിക്കപ്പെടുന്നപക്ഷം കേരളചരിത്രനിര്‍മ്മിതിയില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യത കാണുന്നു. ഗുണ്ടര്‍ട്ട്, ഗോപിനാഥറാവു, ഇളംകുളം, എം.ജി.എസ്. മുതലായ വലിയ പണ്ഡിതരുടെ അനുമാനങ്ങള്‍ തെറ്റാണ് എന്ന് സ്ഥാപിക്ക പ്പെടുന്നതിനപ്പുറം, കൊല്ലം കേന്ദ്രീകരിച്ചുള്ള വിവിധ വൈദേശികവ്യാപാരസമൂഹങ്ങളുടെ അസ്ഥിത്വത്തെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ മാറ്റം ഉണ്ടാകും. എം.ജി.എസിന്റെ ‘കള്‍ച്ചറല്‍ സിംബിയോസിസ്’ എന്ന ആശയം നിലനില്‍ക്കുമെങ്കിലും അതിന്റെ എപ്പിസെന്റര്‍ കൊടുങ്ങല്ലൂരായി മാറും. കേരളചരിത്രത്തില്‍ വൈദേശികവ്യാപാരത്തില്‍ കൊടുങ്ങല്ലൂരിനുള്ള പ്രാമുഖ്യം അല്പംകൂടി വര്‍ദ്ധിക്കും.
ക്‌നാനായസമുദായത്തെ സംബന്ധിച്ചിടത്തോളം, എന്നേയ്ക്കുമായി നഷ്ടപ്പെട്ടുപോയി എന്ന് വിശ്വസിച്ചിരുന്ന ക്‌നായിത്തൊമ്മന്‍ ചെപ്പേടിന്റെ ഒരു ഏടെങ്കിലും അവശേഷി ക്കുന്നു എന്ന അറിവ് സന്തോഷകാരണമാണ്. ചേരരാജാവ് കൈകൊണ്ട് തൊട്ട, ക്‌നായിത്തൊമ്മന്‍ സ്പര്‍ശിച്ച, ക്‌നാനായ പൂര്‍വ്വികര്‍ പൊന്നുപോലെ കാത്തുസൂക്ഷിച്ചിരുന്ന ഒരു ചെമ്പുതകിട്, വേന്തന്‍മുടിപോലെ രണ്ടാമതൊരു മൂര്‍ത്ത വസ്തുവായി അവശേഷിക്കുന്നു എന്നത് ഈ സമൂഹത്തിന്റെ ആത്മാഭിമാനം വര്‍ദ്ധിപ്പിക്കുന്നതാണ്. ഇതില്‍ ചേര്‍ത്തിരിക്കുന്ന 25 സാക്ഷിപ്പേരുകളില്‍ ചിലതെങ്കിലും ക്‌നായിത്തോമ്മാ യോടൊപ്പം വന്നിരുന്ന 72 കുടുംബങ്ങളിലെ കുടുംബനാഥന്‍ മാരുടെ പേരുകള്‍ ആകാന്‍ സാധ്യതയുണ്ട് എന്നത് കാരണവന്‍മാരോടുള്ള ഭക്തിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഈ സമുദായത്തിന് ആഹ്ലാദജനകമാണ്. ഇത് ഉപരിപഠനങ്ങളിലേക്കും വഴിതുറക്കുന്നതുമാണ്.

ഉപസംഹാരം
ക്‌നായിത്തൊമ്മന്‍ ചെപ്പേടിനെക്കുറിച്ച് മുന്നേ ആരംഭി ച്ചിരുന്ന പഠനം പുനരാരംഭിച്ച്, ഇക്കഴിഞ്ഞ എട്ടു ലക്കങ്ങളിലൂടെ അപ്നാദേശില്‍ ലേഖനങ്ങളായി പ്രസിദ്ധീകരിക്കുന്നതിനും നേതൃത്വം നല്കാന്‍ എന്നെ പ്രേരിപ്പിച്ചത് സാമൂഹ്യമാധ്യമ ങ്ങളിലൂടെയും മറ്റും ‘ക്‌നായിത്തൊമ്മന്‍ ചെപ്പേട് എന്നൊന്ന് നല്കപ്പെട്ടിട്ടില്ല’ എന്ന രീതിയില്‍ വന്ന ചില കമന്റുകളാണ്. വളരെയധികം ചരിത്രതെളിവുകള്‍ അവശേഷിപ്പിക്കുന്ന ഈ ശാസനത്തെക്കുറിച്ചുള്ള പഠനം ധാരാളം പുതിയ അറിവുകള്‍ നല്കി. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് തരിസാപ്പള്ളി ചെപ്പേടിന്റെ അഞ്ചാമത്തെ ഏടെന്ന് കരുതപ്പെടുന്ന സാക്ഷിയേട് അതിന്റെ ഭാഗമല്ലെന്ന തിരിച്ചറിവാണ്. ആ ഏട് ക്‌നായി ത്തൊമ്മന്‍ ചെപ്പേടിന്റെ ഭാഗമായിരിക്കാനുള്ള വലിയ സാധ്യതയും അനുമാനരൂപത്തില്‍ ഇവിടെ അവതരിപ്പിക്കാന്‍ സാധിച്ചു. ക്രൈസ്തവവിശ്വാസിയും വിശ്വാസപോഷകനുമായി വഴിക്കൂറായി ജീവിച്ച ഒരു ക്‌നായിത്തൊമ്മനെത്തന്നെയാണ് ചെപ്പേടും വെളിപ്പെടുത്തുന്നത്. ഇപ്പോഴും അനുമാന തലത്തില്‍നിന്ന് ഏറെ വളരാത്ത ഈ നിഗമനങ്ങള്‍ കൂടുതല്‍ ആഴമേറിയ പഠനത്തിലൂടെ പുതിയ അറിവ് ഈ മേഖലയില്‍ ഉത്പാദിപ്പിക്കുവാന്‍ പണ്ഡിത ലോകത്തെ ആകര്‍ഷിക്കാന്‍ നിമിത്തമാകുന്നെങ്കില്‍ ഞങ്ങള്‍ ഏറെ കൃതാര്‍ത്ഥരായി.

Leave a Reply

Your email address will not be published. Required fields are marked *