വിവാഹത്തില്‍ ബര്‍മറിയത്തിന്റെ സാംഗത്യം

വിവാഹത്തെക്കുറിച്ച് നേരിട്ട് ഒന്നും പ്രതിപാദിക്കാത്ത ഈ സ്തുതിപ്പ് വിവാഹാവസരത്തില്‍ പാടുന്നതിലൂടെ എന്ത് വൈശിഷ്ട്യമാണ് ലഭിക്കുക എന്ന ശ്രീ. കൂര്‍മാങ്കന്റെ 1944-ലെ ചോദ്യം പ്രസക്തമാണ്. ഈ വൈശിഷ്ട്യം മനസ്സിലാകണ മെങ്കില്‍ വിവാഹത്തെക്കുറിച്ചു ക്‌നാനായ പൂര്‍വികര്‍ക്കുള്ള ആഴമേറിയ ദൈവശാസ്ത്രചിന്ത മനസ്സിലാക്കേണ്ടതുണ്ട്. കല്യാണത്തിന്റെ തൊട്ടുതലേന്ന് രാത്രി മണവാട്ടിയുടെ വീട്ടില്‍വച്ച് നടക്കുന്ന മൈലാഞ്ചിയിടീല്‍ ചടങ്ങ് ഇവയില്‍ പ്രാതിനിധ്യസ്വഭാവം അര്‍ഹിക്കുന്നതാണ്. മൈലാഞ്ചിയിടീല്‍ പാട്ടില്‍ ഇപ്രകാരം പാടുന്നു.
അന്നന്നു കന്നിമാര്‍ മംഗല്യം വാഴുവാന്‍
പച്ചില മയിലാഞ്ചികൊണ്ടു പൊതിയേണം
കയ്യാലെ കായും പറിച്ചോരു കാരണം
കൈപ്പുടം തന്നില്‍ പൊതിയുന്നു മൈലാഞ്ചി
കാലാല്‍ നടന്നു കനി തിന്ന കാരണം
കാല്‍നഖം തന്നില്‍ പൊതിയുന്നു മൈലാഞ്ചി.
ആദിമാതാപിതാക്കളുടെ പാപത്തില്‍നിന്ന് മോചനമേകുന്ന തിന്റെ ബാഹ്യപ്രതീകമായാണ് മൈലാഞ്ചിയിടീല്‍ ചടങ്ങ് നടത്തപ്പെടുന്നതെന്ന വ്യംഗ്യമായ സൂചനയാണിതില്‍.
സകല മാനവരുടെയും രക്ഷയ്ക്കായി കുരിശുമരമതിലേറി പാതാളത്തിലെത്തി, നടുമരത്തിന്റെ പ്രലോഭനത്തില്‍ വീണ് പാപത്താല്‍ അഴുകിയ ആദത്തെയുയിര്‍പ്പിച്ച, ഈശോയെയാണ് ബര്‍മറിയം സ്തുതിപ്പിലൂടെ നവദമ്പതികള്‍ക്ക് വൈദികന്‍ പരിചയപ്പെടുത്തിക്കൊടുക്കുന്നത്. സഹായകനാം പരിശുദ്ധാത്മാവിനാല്‍ ശ്ലീഹന്‍മാരെ വിവേകികളാക്കുന്ന ഈശോയെയും അവതരിപ്പിക്കുന്നു. ലൗകികസുഖങ്ങള്‍ ഭോഗിക്കാനുള്ളതല്ല വിവാഹജീവിതം, മറിച്ച്, ദമ്പതികള്‍ തമ്മിലുള്ള സ്‌നേഹത്തിലൂടെയും വിശുദ്ധജീവിതത്തിലൂടെയും ദൈവസമ്മാനമായ മക്കളെ വിശുദ്ധിയില്‍ വളര്‍ത്തുന്നതി ലൂടെയും മിശിഹായുടെ രക്ഷാകരപദ്ധതിയിലുള്ള പങ്കാളിത്ത മാണതെന്ന് പുരോഹിതന്‍ ദമ്പതികളെ ഓര്‍മിപ്പിക്കുന്നു. ആത്യന്തികമായി കുരിശിലും കുരിശില്‍ മരിച്ചവനിലുമാണ് രക്ഷയെന്നതും, വൈവാഹികജീവിതത്തിലുണ്ടാകാവുന്ന കുരിശുകള്‍ ഉയര്‍ത്തപ്പെട്ട കുരിശോട് ചേര്‍ത്ത് വയ്ക്കുമ്പോള്‍ ആശ്വാസം കിട്ടുമെന്നും ധ്വനിപ്പിക്കുന്നതാണ്,

കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ അമ്മയായ ഹെലേന രാജ്ഞി ഗാഗുല്‍ത്തായിലെ ഈശോയുടെ യഥാര്‍ത്ഥ കുരിശ് കണ്ടെത്തി, അവിടെ ദൈവാലയം പണിത് വെഞ്ചിരിച്ച (ക്രി.വ. 335)തുമായി ബന്ധപ്പെട്ട് ആചരിക്കുന്ന കുരിശിന്റെ പുകഴ്ചയുടെ തിരുന്നാളിന്റെ ഒന്നാം ദിനമായ സെപ്റ്റംബര്‍ 13-ാം തീയതി കുരിശുമരം കണ്ടെത്തിയെന്ന ബര്‍മറിയത്തിലെ പരാമര്‍ശം. ഈ തിരുന്നാള്‍ പുരാതനകാലങ്ങളില്‍ രണ്ടുദിവസമായാണ് ആചരിച്ചിരുന്നത്. ഇപ്പോള്‍ സെപ്റ്റംബര്‍ 14-ാം തീയതിയാണ് കുരിശിന്റെ പുകഴ്ചയുടെ തിരുന്നാള്‍ ദിനമായി ആചരിക്കുന്നത്
മനുഷ്യരക്ഷയ്ക്കായി സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ചുകൊണ്ട് കുരിശിലേറിയ മിശിഹാരാജനെപ്പോലെ, നവദമ്പതികളും പരസ്പര സ്‌നേഹത്തെപ്രതി ജീവന്‍ ത്യജിക്കാന്‍ തയാറാകുമ്പോഴാണ് വിവാഹജീവിതം ഐശ്വര്യപൂര്‍ണമാകുന്നത് എന്ന ചിന്തയും ഇവിടെ പ്രതീകവല്‍ക്കരിക്കപ്പെടുന്നു. സഭയെ മണവാട്ടിയാക്കിയ ഈശോയുടെ മാതൃകയാണ് മണവാളന്‍ അനുകരിക്കേണ്ടതെന്നും ഈ സ്തുതിപ്പ് ഓര്‍മിപ്പിക്കുന്നു. തിരുസഭയാകുന്ന മണവാട്ടിക്കുവേണ്ടി ജീവന്‍ ത്യജിച്ച മിശിഹായും, ശിരസ്സാകുന്ന മിശിഹായോട് വിശ്വസ്തത പുലര്‍ത്തുന്ന സഭയും ദമ്പതികള്‍ക്ക് എന്നും മഹനീയ മാതൃകയാണ്.

Leave a Reply

Your email address will not be published. Required fields are marked *