ആമുഖം
ക്‌നാനായസമുദായത്തിന്റെ സ്വവംശവിവാഹനിഷ്ഠാ പാരമ്പര്യം സമുദായത്തിന്റെ ഉത്ഭവം മുതലേ ആരംഭിക്കുന്നതാ ണെന്നാണ് പരമ്പരാഗതവിശ്വാസം. എന്നാല്‍ ഈ പാരമ്പര്യത്തെക്കുറിച്ചുള്ള രേഖീയപരാമര്‍ശങ്ങള്‍ യൂറോപ്യരുടെ ആഗമനത്തിനുശേഷം മാത്രമാണ് നമുക്ക് ലഭിച്ചിട്ടുള്ളത്. കേരളക്രൈസ്തവസഭയുടെ ചരിത്രത്തിലെ നാഴികക്കല്ലായ ഉദയംപേരൂര്‍ സൂനഹദോസിനെത്തുടര്‍ന്ന് 1603-ല്‍ ഗുവെയ രചിച്ച ജൊര്‍ണാദ മുതല്‍ കോട്ടയം വികാരിയാത്ത് സ്ഥാപിതമായ 1911 വരെയുള്ള കാലഘട്ടത്തിലെ അപ്രകാരമുള്ള രേഖീയ പരാമര്‍ശങ്ങള്‍ വ്യക്തമാക്കുകയാണ് ഈ ലേഖനത്തിലും അടുത്ത ലേഖനത്തിലുമായി.
- ഫാ. അന്തോണിയൊ ദെ ഗുവെയ (1603)
“വിവാഹംവഴി ഇതരരുമായി ബന്ധത്തിലാകുന്നതോ, മറ്റുള്ളവരുടെ പള്ളികളില്‍ തുടരുന്നതോ, ഇതരജാതികളില്‍ പെട്ട വൈദികര്‍ തങ്ങളുടെ പള്ളികളില്‍ ഉണ്ടായിരിക്കുന്നതോ അവര്‍ക്ക് (തെക്കുംഭാഗര്‍ക്ക്) സഹിക്കുമായിരുന്നില്ല.”
ഫാ. അന്തോണിയൊ ദെ ഗുവെയ, ജൊര്‍ണാദ ദൊ ആര്‍ച്ചെബിസ്‌പൊ ദെ ഗോവ ദോം ഫ്രെയി അലേയ്ക്‌സോ ദെ മെനെസെസ് (ഗോവയിലെ മെത്രാപ്പോലീത്ത അഭി. അലെക്‌സിസ് മെനെസിസ് സന്യാസിയുടെ നാളാഗമം), കോയിംബ്രാ, 1606, താള്‍ 4 പിന്‍പുറം. ഈ കൃതി രചിക്കപ്പെട്ടത് 1603-ലാണ്. (ജേക്കബ് വെള്ളിയാന്‍ എഡിറ്റു ചെയ്തതും കോട്ടയം കാത്തലിക് മിഷന്‍ പ്രസ്സില്‍ 1987-ല്‍ അച്ചടിച്ചതുമായ സിംപോസിയം ഓണ്‍ ക്‌നാനൈറ്റ്‌സ് എന്ന ഗ്രന്ഥത്തില്‍ ജേക്കബ് കൊല്ലാപറമ്പില്‍ എഴുതിയ സോഴ്‌സസ് ഓണ്‍ ക്‌നാനൈറ്റ്‌സ് എന്ന ലേഖനത്തില്‍ ഇത് ഉദ്ധരിച്ചുനല്കിയിട്ടുണ്ട്, പുറം 12. തുടര്‍ന്ന് ഉദ്ധരണികള്‍ ചേര്‍ക്കുന്നിടത്ത് ഈ കൃതിയെ സോഴ്‌സസ് ഓണ്‍ ക്‌നാനൈറ്റ്‌സ് എന്നു മാത്രമായിരിക്കും പ്രതിപാദിക്കുക). - ഫാ. ജോണ്‍ കാംപോറി എസ്.ജെ. (1604)
“ഒരു ജാതിയില്‍പ്പെട്ടവര്‍ (തെക്കുംഭാഗര്‍) ഇതര ജാതിക്കാരുമായി വിവാഹബന്ധത്തിലേര്‍പ്പെടുന്നില്ല. അങ്ങാടികളില്‍ ഓരോ കൂട്ടര്‍ക്കും സ്വന്തമായ പള്ളികള്‍ ഉണ്ട്. തങ്ങളുടെ വിഭാഗത്തിന്റെ പള്ളികളില്‍തന്നെയാണ് ഓരോ വിഭാഗം ആള്‍ക്കാരും പോകുന്നത്. തന്നെയുമല്ല, അവരുടെയിടയില്‍ എപ്പോഴും വ്യത്യസ്തതകളും സ്പര്‍ദ്ധയും നിലനില്‍ക്കുന്നു.”
1604 ജനുവരി 9-ാം തീയതി ഫ്രാന്‍സിസ് റോസ് മെത്രാന്റെ സെക്രട്ടറി ഫാ. ജോണ്‍ കാംപോറി ഈശോസഭാ സുപ്പീരിയര്‍ ജനറല്‍ ഫാ. ആക്വാവീവയ്ക്ക് എഴുതിയ കത്ത്: റോമിലെ ഈശോസഭാ രേഖാലയം, ഗോവ 48, താള്‍ 92 മുന്‍പുറം (സോഴ്‌സസ് ഓണ്‍ ക്‌നാനൈറ്റ്‌സ്, പുറം 21). ഫാ. ജോണ്‍ കാംപോറി റോസ് മെത്രാന്റെ സെക്രട്ടറിയായിരുന്നു. - മാര്‍ ഫ്രാന്‍സിസ് റോസ് എസ്.ജെ. (1604)
“എന്നിരുന്നാലും, ഇതര ക്രിസ്ത്യാനികളുമായി വിവാഹത്തി ലേര്‍പ്പെടാനോ കലരാനോ ആഗ്രഹിക്കാതെ തോമസ് കനനെയോയുടെ പിന്‍ഗാമികള്‍ എക്കാലവും അവരെക്കാള്‍ ഉയര്‍ന്ന് സ്ഥിതിചെയ്തിരുന്നു. അതുകൊണ്ട് ഇപ്പോള്‍ വരെയും അവരുടെ ഇടയില്‍ രണ്ടു വംശങ്ങള്‍ ഉണ്ട്.”
മാര്‍ ഫ്രാന്‍സിസ് റോസ്, റെലസാഒ ദെല്ല സേറ, (കേരളവിശേഷങ്ങള്‍), ബ്രിട്ടീഷ് മ്യൂസിയം ലൈബ്രറി, എം.എസ്. അഡീഷനല്‍ 9853, താള്‍ 88 മുന്‍പുറം. (സോഴ്‌സസ് ഓണ്‍ ക്‌നാനൈറ്റ്‌സ്, പുറം 18). - ഫ്രയര്‍ പൗളൊ ദ ത്രിന്ദാദ് ഒ.എഫ്.എം. (1630-36)
“അതിനാല്‍ ഒരു വിഭാഗം (തെക്കുംഭാഗര്‍) വിവാഹംവഴി ഇതരരുമായി ഒരു വിധത്തിലും കലര്‍ന്നിട്ടില്ല. തങ്ങളുടെ പള്ളികളില്‍ ഇതരരോ ഇതരവിഭാഗങ്ങളില്‍പെട്ട വൈദികരോ പ്രവേശിക്കുന്നത് സഹിക്കുകയോ അനുവദിക്കുകയോ ചെയ്യുന്നില്ല. … അടിമസ്ത്രീയുടെ ആണ്‍മക്കളുടെ പിന്‍ഗാമികള്‍ യഥാര്‍ത്ഥഭാര്യയുടെ പിന്‍ഗാമികളെക്കാള്‍ വളരെയധികമാണ്. കാരണം രണ്ടാമത്തെ കൂട്ടര്‍ ക്രൈസ്തവരോ അക്രൈസ്തവരോ ആയ ഇതരവംശക്കാരു മായി കലരാറില്ല. ഈ നിയമം ആദ്യകൂട്ടര്‍ പാലിക്കാറില്ല. അവര്‍ സംഖ്യാവര്‍ദ്ധനവിനായി നായന്‍മാരെ വാങ്ങുകയും അവരെ തങ്ങളുടെ പെണ്‍മക്കള്‍ക്ക് ഭര്‍ത്താക്കന്മാരായി നല്കുകയും ചെയ്യുന്നു. അതിനാല്‍ സുറിയാനിക്രിസ്ത്യാനി കളുടെ ആകെയുള്ള 60 വാസസ്ഥാനങ്ങളില്‍ കഷ്ടിച്ച് പത്തെണ്ണം മാത്രമാണ് യഥാര്‍ത്ഥഭാര്യയില്‍നിന്ന് ജനിച്ച കുലീനമക്കളുടേത്, ബാക്കിയെല്ലാം അടിമസ്ത്രീയുടെ പിന്‍ഗാമികളുടേതാണ്.”
ഫ്രയര്‍ പൗളൊ ദ ത്രിന്ദാദ്, കൊണ്‍ക്വിസ്താ എസ്പിരിത്വാല്‍ ദൊ ഓറിയെന്തെ (പൗരസ്ത്യദേശങ്ങളെ ആദ്ധ്യാത്മികമായി കീഴടക്കല്‍), വാല്യം 2, ഫെലിക്‌സ് ലോപസ് ഒ.എഫ്.എം. ലിസ്ബണില്‍നിന്ന് 1964-ല്‍ എഡിറ്റുചെയ്തത്, പുറം 322. (സോഴ്‌സസ് ഓണ്‍ ക്‌നാനൈറ്റ്‌സ്, പുറം 18). - ഫാ. ജുസെപ്പെ സെബസ്ത്യാനി ഒ.സി.ഡി. (1657)
“ഈ രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ധ വളരെ വലുതാണ് എന്നതിന് തെളിവാണ്, മഹാനായ മെനേസിസ് പരിഹരിക്കാന്‍ പരിശ്രമിച്ചിട്ടും ഇന്നും നിലനില്ക്കുന്ന, ഒരു കൂട്ടര്‍ (തെക്കുംഭാഗര്‍) ഇതരരുമായി ബന്ധുതയിലേര്‍പ്പെടു ന്നില്ല, പൊതുവായ പള്ളികള്‍ അവര്‍ക്കില്ല, സ്വന്തം വിഭാഗത്തില്‍ നിന്നല്ലാത്ത വൈദികര്‍ പാടില്ല എന്നിവ.”
ഫാ. ജുസെപ്പെ സെബസ്ത്യാനി, പ്രീമ സ്‌പെദിത്‌സിയോനെ അല്ലെ ഇന്ദിയെ ഓറിയെന്താലി (പൗരസ്ത്യ ഇന്ത്യയിലേക്കുള്ള ആദ്യദൗത്യം), റോമ, 1666, (എഴുതിയത് 1657) പുറം 109. (സോഴ്‌സസ് ഓണ്‍ ക്‌നാനൈറ്റ്‌സ്, പുറം 33). - ഫാ. വിന്‍ചെന്‍സോ മരിയ ഒ.സി.ഡി. (1672)
“വളരെയധികം അംഗസംഖ്യയുള്ള ഒന്ന്, ബരെഗുംപാഗം അഥവാ വടക്കിന്റേത് എന്നും ഉദയംപേരൂര്‍, കോട്ടയം, തൊടുപുഴ, കടുത്തുരുത്തി എന്നിങ്ങനെ കുറച്ചുപള്ളികള്‍ മാത്രമുള്ള ഇതരര്‍ തെഗുംപാഗം അഥവാ തെക്കിന്റേത് എന്നും രണ്ടു വിഭാഗങ്ങളായി മാര്‍ത്തോമ്മാക്രിസ്ത്യാനികള്‍ തിരിഞ്ഞിരിക്കുന്നു. ആദ്യകൂട്ടര്‍ കൂടുതല്‍ കറുത്തവരെന്നും രണ്ടാമത്തെ കൂട്ടര്‍ കുടുതല്‍ വെളുത്തവരെന്നും, ഇരുകൂട്ടരും തമ്മിലുള്ള വംശീയ സ്പര്‍ദ്ധയാല്‍, പരസ്പരം വിവാഹത്തിലൂടെ ഒന്നിക്കുന്നില്ല, അവര്‍ക്ക് പൊതുവായ പള്ളികള്‍ ഇല്ല, സ്വന്തം ജനതയില്‍നിന്നല്ലാതെ വികാരിമാര്‍ പാടില്ല എന്നിങ്ങനെ അവരുടെ ഇടയില്‍ വേറെയും വ്യത്യാസങ്ങളുണ്ട്. എന്നിരുന്നാലും ക്രിസ്തീയതയുടെ സാര്‍വത്രിക പ്രബോധനങ്ങളില്‍ അവര്‍ ഒരേ ഹൃദയവും ഒരേ ആത്മാവുമുള്ള അവിഭക്തരാണ്.”
ഫാ. വിന്‍ചെന്‍സോ മരിയ ദി സാന്ത കത്തറീന ദ സീയെന ഒ.സി.ഡി., വിയാജോ അല്ലെ ഇന്ദിയെ ഓറിയെന്താലി (പൗരസ്ത്യ ഇന്ത്യയിലേക്കുള്ള യാത്ര), റോമ, 1672, പുറം 143. - എം.എസ്. സ്ലൊവാനെ 2748 – എ (1676)
“താഴ്ന്ന രക്തക്കാരായ മാര്‍ത്തോമ്മാക്രിസ്ത്യാനികളായ തെക്കേഭാഗരുടേതാണ് ഈ പള്ളികളെല്ലാം. ഇരുകൂട്ടരും നല്ലവരും അനുസരണയുള്ളവരും ആണെങ്കിലും, തെക്കും ഭാഗര്‍ വടക്കുഭാഗത്തെ ജനതയുമായി വിവാഹം കഴിക്കാറില്ല, വടക്കുംഭാഗത്തുള്ളവര്‍ തെക്കുഭാഗത്തുള്ള വരുമായും.”
ബ്രിട്ടീഷ് മ്യൂസിയം കാറ്റലോഗ്, എം.എസ്. സ്ലൊവാനെ 2748-എ (ഫാ. മത്തേയൊ ദി സാന്‍ ജുസേപ്പെ ഒ.സി.ഡി. എഴുതിയതെന്ന് അനുമാനിക്കുന്നത്), താള്‍ 9 മുന്‍പുറം. (സോഴ്‌സസ് ഓണ്‍ ക്‌നാനൈറ്റ്‌സ്, പുറം 38-39). - ഫാ. ഫ്രാന്‍സിസ് ദെ സൂസ എസ്.ജെ. (1710)
“ഈ അര്‍മേനിയന്‍ (തോമെ കനനെയോ), നായര്‍ ക്രിസ്ത്യാനിയായ നിയമാനുസൃതഭാര്യയില്‍നിന്നും ഒരു സംബന്ധക്കാരിയില്‍നിന്നും രണ്ട് വലിയ വിഭാഗം പിന്‍ഗാമികളെ അവശേഷിപ്പിച്ചു. നിയമാനുസൃത പിന്‍ഗാമികള്‍ കൊടുങ്ങല്ലൂര്‍, കടുത്തുരുത്തി, ഉദയംപേരൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വാസമുറപ്പിച്ചു. കേരളത്തിലെ ക്രസ്ത്യാനികള്‍ ഇപ്രകാരം രണ്ടു വിഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഇരു കൂട്ടരും പരസ്പരം വിവാഹം കഴിക്കാറില്ല.”
ഫാ. ഫ്രാന്‍സിസ് ദെ സൂസ (എഡിറ്റുചെയ്തത്). ഓറിയന്തെ കോണ്‍ക്വിസ്താദൊ അ യെസു ക്രീസ്‌തൊ (യേശുക്രിസ്തുവിനു വേണ്ടി പൗരസ്ത്യദേശങ്ങള്‍ കീഴടക്കല്‍), രണ്ടാം ഭാഗം, ലിസ്ബണ്‍, 1710, പുറം 113. (കൊടുങ്ങല്ലൂര്‍, കടുത്തുരുത്തി, ഉദയംപേരൂര്‍ തുടങ്ങിയ സ്ഥലങ്ങള്‍ ക്‌നാനായക്കാരുടെ മുഖ്യവാസസ്ഥാനങ്ങളായിരുന്നു.) - മാര്‍ ജോസഫ് സൈമണ്‍ അസ്സെമാനി (1728)
“ചേരമാന്‍ പെരുമാള്‍ ചക്രവര്‍ത്തിയുടെ കാലത്ത്, തോമസ് കാനാ എന്ന് പൊതുവെ അറിയപ്പെട്ടിരുന്ന അര്‍മേനിയനായ ഒരു തോമസ് കേരളത്തില്‍ വന്നു. ഇദ്ദേഹത്തിന് രണ്ടു ഭാര്യമാരുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു, ഒരുവള്‍ കൊടുങ്ങല്ലൂരും ഇതര അങ്കമാലിയിലും. രണ്ടു ഭാര്യമാരിലും അദ്ദേഹത്തിന് മക്കളുണ്ടായി. എന്നാല്‍ ആദ്യഭാര്യയില്‍നിന്ന് ജനിച്ചവര്‍ അഭിജാതരാണെന്ന് പറയപ്പെടുന്നു. അവര്‍ രണ്ടാം ഭാര്യയില്‍നിന്ന് ജനിച്ചവരുമായി വിവാഹബന്ധത്തിലേര്‍ പ്പെടാന്‍ സമ്മതിക്കുകയോ, പള്ളിയില്‍ കൂട്ടാന്‍ അനുവദി ക്കുകയോ വൈദികരെ സ്വീകരിക്കാന്‍ കൂട്ടാക്കുകയോ ചെയ്തിരുന്നില്ല. കാരണം, പറയപ്പെടുന്നതനുസരിച്ച് ആദ്യഭാര്യ നിയമാനുസൃതഭാര്യയും രണ്ടാമത്തവള്‍ സംബന്ധക്കാരിയുമാണ്. കേരളത്തിലെ എല്ലാ ക്രിസ്ത്യാനി കളും അദ്ദേഹത്തില്‍നിന്നുമാണ് ജന്മമെടുത്തത്.”
മാര്‍ ജോസഫ് സൈമണ്‍ അസ്സെമാനി, ബിബ്ലിയോത്തേക്കാ ഓറിയെന്താലിസ് ക്ലെമെന്തീനൊ വത്തിക്കാനാ ഇന്‍ ക്വാ മാനുസ്‌ക്രിപ്‌തോസ് കോദിച്ചെസ് (വത്തിക്കാനിലെ പൗരസ്ത്യ വിഭാഗം ക്ലെമന്റ് ലൈബ്രറിയിലെ കൈയ്യെഴുത്തുപ്രതികള്‍) രണ്ടാം വാല്യം, രണ്ടാം ഭാഗം, നെസ്‌തോറിയന്‍ സുറിയാനി ക്കാരെക്കുറിച്ച്, റോമ, 1728, പുറങ്ങള്‍ 441-442. - ഫാ. യൊവാന്നെസ് ഫക്കുന്ദുസ് റൗളിന്‍ (1745)
“അവരില്‍ (ക്‌നായിത്തൊമ്മന്റെ രണ്ടു ഭാര്യമാരില്‍) ഒരുവള്‍ നിയമാനുസൃത ഭാര്യയും ഇതര ഒരു സംബന്ധക്കാരിയു മാണ്. രണ്ടുപേരിലും അദ്ദേഹം മക്കളെ ജനിപ്പിച്ചു. കുലീനരായിരുന്നതിനാല്‍, നിയമാനുസൃതഭാര്യയില്‍ നിന്നുള്ള മക്കള്‍ സംബന്ധക്കാരിയുടെ മക്കളുമായി വ്യാപാരത്തിനോ ആശയവിനിമയത്തിനോ, പരസ്പരമുള്ള വിവാഹത്തിനോ താത്പര്യപ്പെട്ടില്ല. അവരില്‍നിന്നുള്ള വൈദികരെയും അംഗീകരിച്ചിരുന്നില്ല.”
ഫാ. യൊവാന്നെസ് ഫക്കുന്ദുസ് റൗളിന്‍, ഹിസ്‌തോറിയ എക്ലേസിയേ മലബാറികേ കും ദിയംപെരിത്താനാ സിനൊദൊ (ഉദയംപേരൂര്‍ സൂനഹദോസ് അടക്കമുള്ള കേരളസഭാചരിത്രം), റോമ, 1745, പുറം 434. - റവ. ജെയിംസ് ഹൊ (1839)
“അര്‍മേനിയന്‍ കച്ചവടക്കാരനായ തോമസ് കാനായുടെ രണ്ട് വംശപരമ്പരകള്‍ വ്യത്യസ്തരായി നിലകൊണ്ടു. ആദ്യകൂട്ടര്‍ കൂടുതല്‍ ബഹുമാന്യരായി പരിഗണിക്കപ്പെടുകയും തങ്ങളുടെ മുന്‍ഗണനയെക്കുറിച്ച് വളരെക്കാലങ്ങളായി അവര്‍ അഭിമാനിക്കുകയും ചെയ്തുവന്നിരുന്നതിനാല്‍ തങ്ങളുടെ വടക്കുംഭാഗ സഹോദരങ്ങളുമായി വിവാഹ ബന്ധത്തിലേര്‍പ്പെടുന്നതിനെ, ലൈംഗികബന്ധത്തിലേര്‍ പ്പെടുന്നതിനെപ്പോലും നിരാകരിച്ചിരുന്നു. തങ്ങളുടെ പള്ളികളില്‍ അവരെ പ്രവേശിക്കാന്‍ പോലുമനുവദിക്കാതെ ഇതുവരെയും ഇതേ വികാരം അവര്‍ പിന്തുടര്‍ന്നിരുന്നു.”
റവ. ജെയിംസ് ഹൊ, ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി ഇന്‍ ഇന്‍ഡ്യ ഫ്രം ദ കമ്മന്‍സ്‌മെന്റ് ഓഫ് ക്രിസ്റ്റ്യന്‍ ഈറ (ക്രിസ്തു വര്‍ഷാരംഭം മുതലുള്ള ഭാരതക്രിസ്തീയതയുടെ ചരിത്രം), ലണ്ടന്‍ 1839, വാല്യം 1, പുറങ്ങള്‍ 95-96. - റവ. ജി. കുര്യന്‍ (1872)
“കേരളത്തിലെ സുറിയാനിക്രിസ്ത്യാനികള്‍ക്കിടയില്‍, ഒരേ വിശ്വാസം പുലര്‍ത്തുന്നുവെങ്കിലും ചടങ്ങുകളിലും ആചാര ങ്ങളിലും വ്യത്യസ്തത പുലര്‍ത്തുകയും തമ്മില്‍ത്തമ്മില്‍ വിവാഹം കഴിക്കാതിരിക്കുകയും, കുലീനത അവകാശപ്പെടു കയും ചെയ്യുന്ന വടക്കുംഭാഗരെന്നും തെക്കുംഭാഗരെന്നും വിളിക്കപ്പെടുന്ന രണ്ടുവിഭാഗമുണ്ട്.”
റവ. ജി. കുര്യന്‍, കേരളസുറിയാനിസഭയും സമുദായവും എന്ന ഉപന്യാസം, സി.എം.എസ്. പ്രസ്, കോട്ടയം 1872, പുറം 14. - ഫാ. മര്‍ച്ചെല്ലീനൊ ബെരാര്‍ദി ഒ.സി.ഡി. (1876)
“കൂടാതെയും, പ്രാധാന്യത്തോടെ ശ്രദ്ധിക്കേണ്ടതുമായ ഒരു കാര്യം, ഈ സുറിയാനിക്കാരുടെയിടയില്‍, തെക്കുന്‍ബാഗം (തെക്കുംഭാഗര്‍) എന്നു വിളിക്കപ്പെടുന്ന ഒരു വിഭാഗമുണ്ട്. ഇവര്‍ ഇതര സുറിയാനിക്കാരെക്കാള്‍ കുലീനര്‍ ആയതി നാല്‍, യഥാര്‍ത്ഥത്തില്‍ ഇതരരുമായി വിവാഹം കഴിക്കു ന്നില്ല, സ്വജാതിയില്‍നിന്നല്ലാത്ത വൈദികരെ വികാരി മാരായി പള്ളികളില്‍ സ്വീകരിക്കുന്നുമില്ല. ഇതര ജാതിയില്‍ പ്പെട്ട മെത്രാന് കീഴ്‌പെട്ടിരിക്കാന്‍ താത്പര്യമില്ലാത്തതിനാല്‍ സ്വന്തമായി ഒരു മെത്രാനെ ഇനി അവര്‍ ആവശ്യപ്പെടും (ഇതിനകം തന്നെ അപ്രകാരം സംസാരമുണ്ട്).”
1876 മെയ് 28-ാം തീയതി ഫാ. മര്‍ച്ചെല്ലീനൊ ബെരാര്‍ദി തന്റെ സുപ്പീരിയര്‍ ജനറലിന് മലബാര്‍ മിഷന്‍ എന്ന തലക്കെട്ടില്‍ അയച്ച കത്ത്: നിഷ്പാദുക കര്‍മ്മലീത്താസഭയുടെ റോമിലെ ജനറലേറ്റിന്റെ രേഖാലയം, (1800-1845), താള്‍ 3, മുന്‍പുറം. - റവ. വില്‌ഹെം ജെര്‍മാന്‍ (1877)
“മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തമായി തെക്കുംഭാഗര്‍ തങ്ങളില്‍നിന്നുതന്നെയാണ് വിവാഹം കഴിച്ചിരുന്നത്. കൂടാതെ, അവരുടെ പള്ളികള്‍ പൊതുവായിരുന്നില്ല. എല്ലാ മതപരിവര്‍ത്തിതരും വടക്കുംഭാഗരോട് ചേരത്തക്കവിധം പുറത്തുനിന്നാരെയും സ്വീകരിക്കാത്തവരുമായിരുന്നു അവര്‍.”
വില്‍ഹെല്‍മ് ഗെര്‍മാന്‍, ദി കിര്‍ഹെ ദെര്‍ തോമസ് ക്രിസ്‌തെന്‍ അയ്ന്‍ ബൈട്രാഗ് ത്‌സുര്‍ ഗെഷീഹ്‌റ്റെ ദെര്‍ ഒരിയെന്റാലിഷെന്‍ കിര്‍ഹെന്‍ (മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ സഭ: പൗരസ്ത്യസഭകളുടെ ചരിത്രത്തിലേക്ക് ഒരു സംഭാവന), ഗ്യൂട്ടെഴ്‌സ്‌ലോ, 1877, പുറം 94. - ഫാ. ജോസഫ് കരിയാറ്റി (1782)
“രാജാക്കന്‍മാരുടെയും ഇതര ജനങ്ങളുടെയും ഇടയില്‍ രണ്ടുവിഭാഗക്കാര്‍ക്കും ഒരേ അംഗീകാരവും ബഹുമാനവു മാണെങ്കിലും അവര്‍ തമ്മില്‍ കുലീനര്‍ പരസ്പരം വിവാഹം കഴിക്കാറില്ല, കാരണം ഇതരരെക്കാള്‍ കുലീനര്‍ തങ്ങളാണെന്ന് ഓരോരുത്തരും അവകാശപ്പെട്ടിരുന്നു. ഈ ജനതയെ വളരെയധികം ക്ഷീണിപ്പിക്കാനുള്ള പിശാചിന്റെ കണ്ടുപിടിത്തമാണ് ഇത്.”
ഫാ. ജോസഫ് കരിയാറ്റി, നൊത്തീത്‌സിയാസ് ദൊ റേയ്‌ഞ്ഞോ ദൊ മലബാര്‍ (കേരളരാജ്യത്തില്‍നിന്നുള്ള വാര്‍ത്തകള്‍), 1782-ല്‍ രചിക്കപ്പെട്ട് ലിസ്ബണിലെ പോര്‍ച്ചുഗീസ് നാഷനല്‍ ലൈബ്രറിയില്‍ സൂക്ഷിക്കപ്പെടുന്ന കൈയ്യെഴുത്തു പ്രതി നം. 536, താള്‍ 7 മുന്‍പുറം. (സോഴ്‌സസ് ഓണ്‍ ക്‌നാനൈറ്റ്‌സ്, പുറം 39). - മാര്‍ ലെയൊനാര്‍ദൊ മെല്ലാനൊ (1887)
“വടക്കുംഭാഗരും തെക്കുംഭാഗരും എന്ന രണ്ടു ജാതികള്‍ അഥവാ ക്ലാസ്സുകളായി അവര്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. ആദ്യകൂട്ടര്‍ വടക്കെന്‍ബാറ്റുകാര്‍ എന്നും രണ്ടാമത്തെ കൂട്ടര്‍ തെക്കെന്‍ബാറ്റുകാര്‍ കേരളത്തിലെ ഭാഷയില്‍ അറിയ പ്പെടുന്നു. ആദ്യകൂട്ടര്‍ ഈ മിഷനില്‍ എല്ലായിടത്തുമുണ്ട്. എല്ലാ ജാതികളില്‍നിന്നുമുള്ള പരിവര്‍ത്തിതരെ അവരില്‍ ചേര്‍ക്കുന്നതിനാല്‍, സംഖ്യാപരമായും അവര്‍ വളരെയധിക മാണ്. ഇവരില്‍ വരാപ്പുഴയില്‍ പഠിപ്പിക്കപ്പെട്ടവരും മാമ്മോദീസ നല്കപ്പെട്ടവരും എത്ര ആയിരങ്ങളാണെന്ന് ദൈവത്തിനുമാത്രമേ അറിയൂ. തങ്ങളുടെ പൂര്‍വികര്‍ കല്‍ദായയില്‍നിന്ന് വന്നതാണെന്ന് രണ്ടാമത്തെ കൂട്ടര്‍ കരുതുകയും ഏറ്റവും കുലീനര്‍ തങ്ങളാണെന്ന് പരിഗണി ക്കുകയും ചെയ്യുന്നു. അവര്‍ വിദേശികളുടെ പിന്‍ഗാമികളും വേറൊരു ജാതിയില്‍പ്പെട്ടവരുമാണെന്ന് അവരുടെ രൂപഭാവങ്ങളില്‍നിന്നും വേഷവിധാനങ്ങളില്‍നിന്നും തീര്‍ച്ചയായും പറയേണ്ടിയിരിക്കുന്നു. പരമ്പരാഗതമായ കുലീനത നഷ്ടപ്പെടുമെന്ന ഭയത്താല്‍, പുതുപരിവര്‍ത്തി തരെ ഒരിക്കലും തങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കുന്നില്ല. വടക്കുംഭാഗരെ ഒരിക്കലും വിവാഹം കഴിക്കുന്നില്ല. അവരോ ടൊപ്പം ഭക്ഷണം കഴിക്കാന്‍ അവരെ അനുവദിക്കുന്നില്ല. ഒരു വടക്കുംഭാഗ വൈദികനെയും തങ്ങളുടെ പള്ളികളില്‍ വികാരിയായി അംഗീകരിക്കുന്നില്ല. എന്നാല്‍ ഇതിന് വിപരീതമായി വടക്കുംഭാഗപള്ളികളില്‍ അവര്‍ക്ക് പ്രവേശനം അനുവദിക്കപ്പെട്ടിരിക്കുന്നു.”
1887 ഒക്‌ടോബര്‍ 24-ാം തീയതി വരാപ്പുഴ അതിരൂപതാ മെത്രാന്‍ ആര്‍ച്ചുബിഷപ് ലെയൊനാര്‍ദൊ മെല്ലാനൊ അപ്പസ്‌തോലിക് ഡലഗേറ്റ് മോണ്‍. അന്ദ്രെയാ അയൂത്തിക്ക് അയച്ച കത്ത്: പൗരസ്ത്യ തിരുസംഘത്തിന്റെ രേഖാലയം, തിരുസംഘത്തിന്റെ നടപടികള്‍ 20 (1889) 14, താള്‍ 285, അനുബന്ധം 1. - കര്‍ദിനാള്‍ ഗയെത്താനൊ അലോയിസി മസേല്ല (1889)
“വടക്കെന്‍ബാറ്റുകാര്‍ അഥവാ വടക്കുംഭാഗര്‍, തെക്കെന്‍ ബാറ്റുകാര്‍ അഥവാ തെക്കുംഭാഗര്‍ എന്നിങ്ങനെ രണ്ടായി അവര്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. രണ്ടു വികാരിയാത്തു കളിലുംകൂടി വടക്കുംഭാഗര്‍ രണ്ടു ലക്ഷത്തോളമുണ്ട്. തെക്കുംഭാഗര്‍ പതിനയ്യായിരമോ ഇരുപതിനായിരമോ ആണുള്ളത്. തങ്ങളുടെ പൂര്‍വികര്‍ മെസൊപ്പൊട്ടാമിയായിലെ കല്‍ദായയില്‍നിന്ന് വന്നതാണെന്ന് ഇവര്‍ കരുതുകയും ഏറ്റവും കുലീനരെന്ന് തങ്ങളെത്തന്നെ പരിഗണിക്കുകയും ചെയ്യുന്നു. പരമ്പരാഗതമായ കുലീനത നഷ്ടപ്പെടുമെന്ന ഭയത്താല്‍, പുതുപരിവര്‍ത്തിതരെ ഒരിക്കലും തങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കുന്നില്ല. വടക്കുംഭാഗരുമായി ഒരിക്കലും വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്നില്ല. അവരോടൊപ്പം ഭക്ഷണം കഴിക്കാന്‍ അവരെ അനുവദിക്കുന്നില്ല. ഒരു വടക്കുംഭാഗ വൈദികനെ തങ്ങളുടെ പള്ളികളില്‍ വികാരിയായി അംഗീകരിക്കുന്നുമില്ല.”
1889 ജൂലൈ 15-ാം തീയതി പൗരസ്ത്യറീത്തുകളുടെ കാര്യങ്ങള്‍ക്കുവേണ്ടിയുള്ള പ്രൊപ്പഗാന്താ തിരുസംഘ കാര്യാലയത്തിന്റെ സമ്മേളനത്തില്‍ കര്‍ദിനാള്‍ ഗയെത്താനൊ അലോയിസി മസേല്ല അവതരിപ്പിച്ച പഠന റിപ്പോര്‍ട്ട്: പൗരസ്ത്യ തിരുസംഘത്തിന്റെ രേഖാലയം, തിരുസംഘത്തിന്റെ നടപടികള്‍ 20 (1889) 14, താളുകള്‍ 280-282, അനുബന്ധം 1. (ഈ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള തീരുമാനപ്രകാരമാണ് പൊന്തിഫിക്കല്‍ പദവിയോടുകൂടിയ ഒരു വികാരിജനറാളും രണ്ട് ആലോചനക്കാരുമടങ്ങുന്ന പ്രത്യേക കാര്യനിര്‍വാഹകസംവിധാനം പരിശുദ്ധ സിംഹാസനം തെക്കുംഭാഗസമുദായത്തിന് അനുവദിച്ചത്.) - മാര്‍ ചാള്‍സ് ലവീഞ്ഞ് എസ്.ജെ. (1893)
“എന്റെ അധികാരപരിധിക്ക് കീഴിലുള്ള ക്രിസ്ത്യാനികളില്‍ പതിനയ്യായിരത്തിനും ഇരുപതിനായിരത്തിനുമിടയില്‍ അംഗസംഖ്യയുള്ള ഒരു വിഭാഗം തെക്കുംഭാഗര്‍ എന്ന് അറിയപ്പെടുന്നു. തങ്ങള്‍ യൂദാ ഗോത്രജരായ യഹൂദ രാണെന്നും ശ്ലീഹന്‍മാരുടെ കാലഘട്ടത്തില്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടവരാണെന്നും മാര്‍ തോമസ് കാനായുടെ നേതൃത്വത്തില്‍ നാലാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഇന്‍ഡ്യയില്‍ വന്നവരാണെന്നും അവര്‍ പറയുന്നു. സംഖ്യാ പരമായ അവരുടെ വര്‍ദ്ധനവ് വളരെ പതുക്കെയായിരുന്നു, കാരണം സ്വന്തം ജനതയ്ക്കു പുറത്തുനിന്ന് അവര്‍ ഒരിക്കലും വിവാഹം കഴിച്ചിരുന്നില്ല.”
മാര്‍ ചാള്‍സ് ലവീഞ്ഞ്, ദ ഇല്ലസ്‌ട്രേറ്റഡ് കാത്തലിക് മിഷന്‍സ് എന്ന മാഗസിനില്‍ സുറിയാനിക്രിസ്ത്യാനികളെ ക്കുറിച്ചുള്ള ലേഖനം, ലണ്ടന്‍ 1893, വാല്യം 7, നം. 83, പുറം 161.
