1604-ല്‍ മാര്‍ റോസ് കേരളത്തെക്കുറിച്ച് എഴുതിയ റിപ്പോര്‍ട്ടില്‍ ക്നായിത്തൊമ്മന്‍ ചെപ്പേട് നല്കിയ രാജാവിന്റെ പേരായി ചേര്‍ത്തിരിക്കുന്നത് ചേരമാന്‍ പെരുമാള്‍ എന്നല്ല, മറിച്ച് ക്സേരാം പെരുമാള്‍ എന്നാണ്. പാണന്‍പാട്ട് ആരംഭിക്കുന്നതും ചേരാം പെരുമാള്‍ തമ്പുരാനും എന്നു പാടിക്കൊണ്ടാണ് എന്നത് കൗതുകകരമാണ്. നാം പൊതുവേ കേട്ടിരിക്കുന്നത് ചേരമാന്‍ പെരുമാള്‍ എന്നാണെങ്കിലും ചേരാം എന്നാണ് പാണന് പാടുന്നത്. തമിഴില്‍ (ആദിദ്രാവിഡ ഭാഷയില്‍) ചയും സയും ഭേദമില്ലാതെ ഉച്ചരിക്കാറുണ്ട്. ഉദാഹരണത്തിന് ചന്ദ്രന്/സന്തിരന്‍, ചന്ദനം/സന്തനം. പാണന്‍പാട്ട് അടക്കമുള്ള പാട്ടുകള്‍ ചേരമാന്‍ പെരുമാളിന്റെ പേര് നിര്‍ണയിക്കാന്‍ മാര്‍ റോസ് മെത്രാനെ സഹായിച്ചുവെന്നാണ് നാം ഇതില്‍നിന്ന് അനുമാനിക്കേണ്ടത്. ചേരമാന്‍ പെരുമാള്‍ എന്നത് ചേരരാജ്യത്തിലെ പെരിയ ആള് എന്ന അര്‍ത്ഥത്തില്‍ ഒരു സ്ഥാനപ്പേരാണ്, അല്ലാതെ വ്യക്തിയുടെ പേരല്ല.
നാങ്കുടിപ്പരിഷകളെ മടക്കിക്കൊണ്ടുവരാനുള്ള ദൗത്യം ക്നായിത്തോമ്മായെ ഏല്പിക്കുകയും ഈ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചതിനു പാരിതോഷികമായി രാജകീയ പദവികളും മറ്റും നല്‍കുകയും ചെയ്യുന്ന ചേരമാന്‍ പെരുമാള്‍ നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കേണ്ട വ്യക്തിയാണ്. രാഷ്ട്രത്തിന്റെ സാമ്പത്തികവും സാംസ്കാരികവുമായ വളര്‍ച്ചയില്‍ വിദേശവ്യാപാരത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് വിദേശവ്യാപാരികളെ പ്രോത്സാഹിപ്പിക്കുന്നതിന് അവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്കുന്നു. വിദേശവ്യാപാരത്തിന്റെ സുഗമമായ നടത്തിപ്പിന് ആവശ്യകമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെയുംകൂടി ഭാഗമായി, നാടുവിട്ടുപോയവരെ തിരികെയെത്തിക്കാന്‍ നടപടികള്‍ എടുക്കുന്നു. വിദേശീയര്‍ ഉള്‍പ്പെടെ തന്റെ നാട്ടില്‍ കഴിയുന്നവരുടെ കഴിവുകളെയും സാധ്യതകളെയും തിരിച്ചറിഞ്ഞ് തന്റെ രാഷ്ട്രത്തിന്റെ വികസനത്തിനായി വിനിയോഗിക്കുന്നതിന്റെ ഭാഗമാണ് നാങ്കുടിപ്പരിഷകളെ കൂട്ടിക്കൊണ്ടുവരാന്‍ ക്നായിത്തൊമ്മനെ നിയോഗിക്കുന്നത്. നന്നായി പ്രവര്‍ത്തിക്കുന്നവരെ അംഗീകരിക്കുന്നതിന്റെയും പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി രാജകീയ പദവികള്‍ നല്കുന്നു. ഒരുപക്ഷേ, തനിക്ക് എടുക്കാമായിരുന്ന സ്വര്ണകിരീടംപോലും ക്നായിത്തൊമ്മന്‍ വിട്ടു നല്‍കിക്കൊണ്ട് ത്യാഗത്തിന്റെയും വിനയത്തിന്റെയും വലിയ മാതൃക കാട്ടുന്നു. മറ്റ് ഉറവിടങ്ങളില്‍നിന്ന് നാം അറിയുന്ന കോചേരകോന്‍ ക്നായിത്തൊമ്മന്‍ എന്ന പദവി, കരമൊഴിവായി പള്ളി വയ്ക്കുന്നതിനും വീടുകള്‍ വയ്ക്കുന്നതിനുമായി നല്കിയ ഭൂമി തുടങ്ങിയവയും ചേരമാന്‍ പെരുമാളിന്റെ ദാനങ്ങളാണ്. ഇതരമതസ്ഥനായ ഒരു വ്യക്തിയെ ആ വ്യക്തിയുടെ വിശ്വാസപ്രമാണങ്ങളോടെ സ്വീകരിക്കാനും ജീവിക്കാന്‍ അനുവദിക്കാനും ആ വ്യക്തിയുടെ മാതൃകാപുരുഷനെ ചെപ്പേടില്‍ സാക്ഷി യാക്കാനും കാണിക്കുന്ന കരുതലും ആതിഥ്യമര്യാദയും ശ്രദ്ധേയമാണ്. വിവിധ സമുദായങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വത്തിന്റെ പാലമായി ഇപ്രകാരം അദ്ദേഹം വര്‍ത്തിക്കുകയും ചെയ്യുന്നു. ഇക്കാരണങ്ങളാലെല്ലാം കേരളഭൂമിയില് ക്നാനായക്കാര്‍ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് പെരിയ ആറിന്റെ തീരത്ത് രാജധാനി കെട്ടിപ്പൊക്കിയ ചേര രാജ്യത്തിലെ രാജാവിനോടാണ്. വെറുതെയല്ല ആ രാജവംശത്തിന്റെ സ്ഥാനപ്പേര് പെരിയ ആള് (പെരുമാള്‍) എന്നായിത്തീര്ന്നിരിക്കുന്നത്.്, അലങ്കാരം, തണ്ട്, പല്ലക്ക്, പരവതാനി, നാലുകെട്ട്, നാടകശാല, വിരപ്പന്തല്, ആനപ്പുറത്ത് സവാരി, അമ്പാരിമേല്‍ സവാരി, കുതിരപ്പുറത്ത് സവാരി, പല്ലക്ക്, പള്ളിമേനാവ്, പൊന്നുംമുടി, തൊപ്പിപ്പാള എന്നീ 54 പദവികളാണ് നല്‍കിയിരിക്കുന്നത്.
രാജകീയ പദവികള്‍
ക്നായിത്തോമ്മായെന്ന വിദേശവണിഗ്വരന് ചേരമാന്‍ പെരുമാള്‍ നല്കുന്ന പദവികളും അവകാശങ്ങളുമെല്ലാം ഈവിധമൊരു ചരിത്ര, സാമ്പത്തിക, സാമൂഹിക പശ്ചാത്തലത്തില്‍ പുനര്‍വായിക്കേണ്ടതുണ്ട്. വിദേശവ്യാപാരവര്ദ്ധനവ് രാജ്യത്തിന്റെ അഭിവൃദ്ധിക്ക് മാത്രമല്ല, മറിച്ച് വ്യത്യസ്തസമുദായങ്ങളുടെ പരസ്പര സഹവര്‍ത്തിത്വത്തിലധിഷ്ഠിതമായ നിലനില്പിനുവരെ അടിസ്ഥാനമാകുന്ന കാഴ്ചയും നാമിവിടെ കാണുന്നു. 72 പദവികളും കരമൊഴിവായി ഭൂമിയും ക്നായിത്തോമ്മായ്ക്ക് മാത്രമല്ല ചേരരാജാക്കന്മാര് നല്‍കിയിട്ടുള്ളത് എന്നതും ശ്രദ്ധേയം. തരീസാപ്പള്ളി ശാസനം (ക്രി.വ. 849) വഴി കൊല്ലത്തെ മരുവാന്‍ സപരീശോയുടെ നേതൃത്വത്തിലുള്ള പേര്‍ഷ്യന്‍ ക്രിസ്ത്യാനികള്‍ക്കും ജൂതശാസനം (ക്രി.വ. 1000) വഴി ഇസുപ്പ് റമ്പാന്റെ നേതൃത്വത്തിന് കീഴുള്ള യഹൂദന്മാര്ക്കും ഇതേ അവകാശാധികാരങ്ങള് പിന്നീട് നല്‍കുന്നുണ്ട്. ഇവയെല്ലാം വ്യാപാരവര്ദ്ധനലക്ഷ്യത്തോടെ വൈദേശികവ്യാപാരസമൂഹങ്ങള്ക്ക് മാത്രമായി നല്കിയിരിക്കുന്നതാണ്.
രാജകീയ പദവികള്‍ ചേരമാന്‍ പെരുമാള്‍ ചെമ്പുതകിടില്‍ കൊത്തി ക്നായിത്തോമ്മായ്ക്ക് നല്‍കിയതിനെക്കുറിച്ച് പാണന്‍പാട്ടില്‍ പാടുന്നുണ്ട്. നാങ്കുടി പരിഷകള്‍ സമ്മാനിച്ച വേന്തന്‍മുടി അണിഞ്ഞ് പെരുമാളിന്റെ മുന്നില്‍ ചെന്നുനിന്ന ക്നായിത്തോമ്മായോട് രാജാവ് പറയുന്നു:
ചേരുമെടാ ചേരും തൊമ്മച്ചോ
പൊന്നും മുടിയേ നിനക്കുതന്നെ
മുടി തന്നെയോ പോരാ തൊമ്മച്ചന്
മുടിയ്ക്കടുത്ത പദവികള്‍ വേണം.
നാങ്കുടി പരിഷകളെ തിരിച്ചുകൊണ്ടുവന്നതിന്റെ പ്രതിഫലമെന്ന നിലയിലാണ് എഴുപത്തിരണ്ടര പദവികള്‍ രാജാവ് നല്‍കുന്നതായി പറയുന്നത്. പി.ജെ. തോമസ് നല്കുന്ന പാണന്‍പാട്ടില്‍ 17 പദവികളാണ് നല്‍കിയിരിക്കുന്നത്. ഡോ. വെള്ളിയാന്‍ മുളന്തുരുത്തിയിലെ നാരായണന് പാണന്റേതായി ചേര്‍ത്തിരിക്കുന്ന പാഠത്തില്‍ ഉച്ചിപ്പൂവ്, നെറ്റിപ്പട്ടം, പകല്‍വിളക്ക്, പാവാട, നേര്കാളാഞ്ചി, വിരല്‍ പത്തിലും പൂമോതിരം, വെള്ളികൊണ്ട് ഇടംപിരി ശംഖ്, പൊന്നുകൊണ്ട് വലംപിരി ശംഖ്, തോരണം, കയ്ക്കാറ്, തോള്‍വള, അംശവടി, കൂമ്പന്‍തൊപ്പി, കഴുത്തില്‍ മാല, പതക്കം, മുഴുകൊന്ത, തീനാളേ വലംതിരി, തണ്ട്, പല്ലക്ക്, പരവിതാനം, ഇടി, വെടി, ആര്‍പ്പ്, അലങ്കാരം, പച്ചക്കുട, പവിഴക്കുട, രത്നക്കുട, മുത്തുക്കുട, കടനാല്, കൊടിയെട്ട്, അന്തോളം, മേനാവ്, കനകപല്ലക്ക്, മഞ്ചല്, ആനമേല്‍, അമ്പാരി, വീരമദ്ദളം, ശംഖില്ലാതെ പതിനേഴ് വാദ്യങ്ങള്‍, തേക്കിന്കുമ്പളം വെട്ടി ആറ്റില്‍ വെപ്പും, പാച്ചില്മരവും, വെരികു, പുലി, കിണറ്റില്‍ പന്നി, കൊമ്പുചക്ക, കുലവാഴയ്ക്ക, അമ്മുലം, മുമ്മുലം, ചില്ലി, ചെങ്കൊമ്പ്, കളപ്പുര, കുളിപ്പുര, പടിപ്പുര, നാടകശാല, പൊന്നുംമുടി, തൊപ്പിപ്പാള എന്നീ 72 പദവികളും അരപ്പദവിയായ ഭക്ഷണസമയത്ത് ഇലമടക്കുന്നതും കാണിക്കുന്നു.
പിറവത്തെ രാമന് പാണന്റേതായി നല്കുന്ന പാഠത്തില്‍ പക്ഷേ, ഉച്ചിപ്പൂവ്, നെറ്റിപ്പട്ടം, പകല്‍വിളക്ക്, പാവാട, കയ്ക്കാറ്, തോള്‍വള, കൂമ്പന്‍തൊപ്പി, അംശവടി, കൈക്കടം, വീരചങ്ങല, കൈക്കടക്കാവ്, തോള്കൂട്ടാര്, ആറ്റുവയ്പ്, ആഞ്ഞിലി, പ്ലാവ്, തേക്ക്, കുമ്പളം, കിണറ്റിപ്പന്നി, വെരികു, പുലി, കൊമ്പുചക്ക, കൊലവാഴയ്ക്ക, നഗര്‍ തോരണം, കുത്തുവിളക്ക്, കോല്‍വിളക്ക്, മന്ദാരം, മണിവിളക്ക്, വെടി, പട, വെടിപടക്കം, ചീനവെടി, പച്ചക്കുട, പവിഷക്കുട, മുത്തുക്കുട, രത്നക്കുട, കൊടിയെട്ട്, കൊട്ട്, വെടി, ആര്‍പ്പ്, അലങ്കാരം, തണ്ട്, പല്ലക്ക്, പരവതാനി, നാലുകെട്ട്, നാടകശാല, വിരപ്പന്തല്, ആനപ്പുറത്ത് സവാരി, അമ്പാരിമേല്‍ സവാരി, കുതിരപ്പുറത്ത് സവാരി, പല്ലക്ക്, പള്ളിമേനാവ്, പൊന്നുംമുടി, തൊപ്പിപ്പാള എന്നീ 54 പദവികളാണ് നല്‍കിയിരിക്കുന്നത്.
എഴുപത്തിരണ്ടരപ്പദവികളിലെ അരപ്പദവി:
“ഇലമടക്കുന്നത് അരപ്പദവിയായി കരുതണം തൊമ്മച്ചാ” എന്ന് പാണന് പാടുന്നതിനും വലിയ അര്‍ത്ഥമുണ്ട്. അരപ്പദവി എന്നതിലെ ‘അര’ശബ്ദത്തിന് പകുതി എന്ന അര്‍ത്ഥത്തെക്കാള്‍ അരചശബ്ദത്തിന്റെ ലോപരൂപമായി എടുക്കുന്നതായിരിക്കും ഉചിതം. ‘അരപ്പദവി’, ‘അരചപ്പദവി’ ലോപിച്ചുണ്ടായതായിരിക്കണം. സമാസത്തിലൂടെ അരചന്റെ മന ‘അരമന’യും വൃക്ഷങ്ങളില്‍ രാജാവായ ആല് ‘അരയാ’ലും പക്ഷികളില്‍ രാജാവായ അന്നം ‘അരയന്ന’വും ‘അരക്കവി’യായ പുനം നമ്പൂതിരി കൊട്ടാരം (രാജ) കവിയും ആയിരിക്കുന്നത് ഈ രീതിയില്‍ ചിന്തിക്കാന്‍ വക നല്കുന്നു. ഈ വിധത്തില്‍ അരപ്പദവിയെ രാജകീയപദവികളെന്നോ രാജാവ് നല്കിയ പദവികളെന്നോ വിലയിരുത്താവുന്നതാണ്. പുരാതനപ്പാട്ടുകളിലെ “അരചര്‍ക്കരചന്‍ കൊടുത്തോരു പദവികള്‍”, “രാജമക്കളെണ്ണൊന്പതും കൂടിപ്പുകിന്ത്” എന്നീ വരികളും ഇതിനു സാധുത നല്കുന്നു. അഞ്ചരപ്പള്ളിക്കാര്‍ എന്ന തെക്കുംഭാഗരുടെ മറ്റൊരു പേരിനെയും സമാനമായി വ്യാഖ്യാനിക്കാവുന്നതാണ്.
ഇലമടക്കി ഉണ്ണുന്നത് അര(ച)പ്പദവിയായി ക്നായിത്തോമ്മായ്ക്ക് ചേരമാന്‍ പെരുമാള്‍ കല്പിച്ചുനല്കിയതിനു പിന്നിലൊരു ഐതിഹ്യം പരമ്പരാഗതമായി പറഞ്ഞുവരുന്നു. ക്നായിത്തോമ്മായ്ക്ക് രാജാവ് നല്‍കിയിരുന്ന ഉന്നതപദവിയില്‍ ചില പ്രഭുക്കള്‍ക്ക് അസൂയയുണ്ടായിരുന്നു. ഒരിക്കല്‍ രാജാവില്ലാത്ത ദിവസം കൊട്ടാരത്തില്‍ വിരുന്നിനിരുന്ന ക്നായിത്തോമ്മായെ ചെറുതാക്കുന്നതിന്, ആഢ്യതയുടെ ഭാഗമായി പ്രഭുക്കള്‍ക്ക് അനുവദിച്ചിരുന്ന രണ്ടിലയില്‍ ഊണ് നല്‍കാതെ ഒരിലയില്മാത്രമാണ് ഊണ് നല്‍കിയത്. എന്നാല്‍ കിട്ടിയതാകട്ടെ എന്നു കരുതി ലഭിച്ചതു കഴിച്ച് പോരുകയോ പ്രതിഷേധിച്ച് ബഹളം വച്ച് ഇറങ്ങിപ്പോരുകയോ ചെയ്യാതെ ബുദ്ധികൂര്‍മതയുടെയും നയതന്ത്രജ്ഞതയുടെയും ആള്‍രൂപമായി ക്നായിത്തോമ്മാ മാറുകയാണ് ചെയ്തത്. അദ്ദേഹം തനിക്കു ലഭിച്ച ഇല രണ്ടായി മടക്കി, രണ്ടിലയാക്കി ഉണ്ടു. ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന് എന്ന ബേപ്പൂര്‍ സുല്‍ത്താന്റെ ഗണിതസമവാക്യത്തെക്കാള് എത്രയോ ഉന്നതമാണ്, ഒന്നിന്റെ പാതി രണ്ട് എന്ന കച്ചവടക്കാരന്റെ സന്തുലിതവാക്യം. ഉള്ളതുകൊണ്ട് ഓണംപോലെയെന്ന സംയമനചിന്തയില്, അല്പം മടക്കിയാല്‍ രണ്ടാക്കാനാകും എന്ന കച്ചവടക്കാരന്റെ പ്രായോഗിക ബുദ്ധി കൂട്ടിച്ചേര്‍ത്ത് സംയമനത്തിന്റെയും നയതന്ത്രജ്ഞതയുടെയും ബുദ്ധികൂര്‍മതയുടെയും വാഴ്ത്തല്‍ നടത്തുന്നതിലൂടെ അവകാശനഷ്ടത്തിലോ സാമുദായികകലാപത്തിലോ എത്താമായിരുന്ന ഒരു സങ്കീര്‍ണപ്രശ്നത്തെ വളരെ ലളിതമായി കൈകാര്യം ചെയ്ത് തന്റെ ബൗദ്ധികവും സാമുദായികവുമായ പ്രാമാണ്യം അരക്കിട്ടുറപ്പിച്ച വ്യക്തിയായി ക്നായിത്തോമ്മാ മാറി. നട്ടെല്ല് വളയ്ക്കാതിരിക്കാന്‍ അടിസ്ഥാനതത്വങ്ങളില്‍ വിട്ടുവീഴ്ചയില്ലാ തെയും എന്നാല്‍ സാമൂഹികസഹവര്‍ത്തിത്വത്തിന്റെ ഭദ്രമായ നിലനില്പിന്റെ അടിസ്ഥാനമായ പ്രായോഗിക നീക്കുപോക്കിന്റെ ഭാഗമായി മധ്യമാര്‍ഗമെന്ന സുവര്‍ണനിയമം തെരഞ്ഞെടുക്കാനുമുള്ള പൈതൃകം ക്നാനായര്‍ക്ക് പകര്ന്നുനല്കിയത് ഈ ക്നായിത്തോമ്മായാണ്. ക്നായിത്തോമ്മാ ഇലമടക്കിയുണ്ട വിവരമറിഞ്ഞ ചേരമാന്‍ പെരുമാള്‍ അതിനെ രാജകീയപദവിയായി കല്പിച്ച് മേലാല്‍ അപ്രകാരം ഉണ്ണുന്നതിന് അദ്ദേഹത്തിനും പിന്ഗാമികള്ക്കും അനുവാദം നല്കി, ലോകത്ത് മറ്റാര്‍ക്കും ലഭിക്കാത്തതും മറ്റാരും പാലിക്കാത്തതുമായ രാജകീയപദവി. ഇന്നും തൂശനിലയുടെ ഇടത്തുവശം മടക്കിവച്ചാണ് ക്നാനായക്കാര്‍ ഭക്ഷണം കഴിക്കുന്നത്.
ക്നായിത്തൊമ്മന്‍ ചെപ്പേട്
ഒട്ടുമിക്ക ക്നാനായ ആചാര, അനുഷ്ഠാന, പാരമ്പര്യങ്ങളുടെയും പുരാതനപ്പാട്ടുകളുടെയും ഉള്ളടക്കമായോ ആധാരമായോ നില്‍ക്കുന്നത് ചേരമാന്‍ പെരുമാള്‍ ക്നായിത്തോമ്മായ്ക്ക് നല്കിയ രാജകീയപദവികളാണ്. ഈ പദവികളാണ് വിദേശിയായ ക്നായിത്തോമ്മായ്ക്കും കൂട്ടര്‍ക്കും കേരളത്തില്‍ വീടുവച്ചു താമസിക്കുന്നതിനും പള്ളിവച്ച് ക്രൈസ്തവവിശ്വാസം പുലര്‍ത്തുന്നതിനും മാന്യമായി കച്ചവടം നടത്തുന്നതിനും സാമ്പത്തികമായി ഉയരുന്നതിനും സാമൂഹികൗന്നത്യത്തോടെയും ഇതരസമുദായങ്ങളുമായി സമാധാനസൗഹൃദാന്തരീക്ഷത്തിലും ജീവിക്കുന്നതിനും ഇടയാക്കിയത്. ഇപ്രകാരം രാജകീയ പദവികള്‍ ചേരമാന്‍ പെരുമാള്‍ ചെമ്പുതകിടില്‍ കൊത്തി ക്നായിത്തോമ്മായ്ക്ക് രേഖയായി നല്‍കിയതിനെക്കുറിച്ച് പാണന്‍പാട്ടില്‍ പാടുന്നതിപ്രകാരമാണ്.
ആദിത്യനുമെ ചന്ദ്രനുമെ
മാര്ത്തോമ്മാശ്ളീഹായെയും
മൂവരുമെ സാക്ഷിയായി
ചെമ്പേടിന്മേലെഴുതി മാറി
കരിങ്കല്ലിന്മേല് പകര്പ്പെടുത്തെടാ
കൊടുങ്ങല്ലൂരെ വടക്കെനടയില്‍
കമത്തിമൂടി ഇട്ടു കല്ല്
പ്രസ്തുത ചെപ്പേട് ഇന്ന് നമുക്ക് ലഭ്യമല്ല. പതിനാറാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളില്‍ അത് നഷ്ടപ്പെട്ട തായാണ് രേഖകള്‍ വ്യക്തമാക്കുന്നത്. എങ്കിലും അത് കൈകാര്യം ചെയ്തിരുന്ന കല്ദായസുറിയാനി മെത്രാന്മാരും പോര്‍ച്ചുഗീസുകാരും അടക്കമുള്ളവരുടെ 16-ാം നൂറ്റാണ്ടുമുതലുള്ള വിലയേറിയ ചരിത്രരേഖകളും തര്‍ജമകളും നമുക്കിന്ന് ലഭ്യമാണ്. പാണന്‍പാട്ടിലെ ഈ വരികളും ഈ പാരമ്പര്യത്തെ ദൃഢപ്പെടുത്തുന്നു. ക്നായിത്തൊമ്മന്‍ ചെപ്പേടിന്റെ കരിങ്കല്ലിലുള്ള പകര്‍പ്പ് കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിന്റെ വടക്കേനടയില്‍ കമഴ്ത്തിയിട്ടിരിക്കുന്നു എന്ന് പാണന് പാടുന്നത് ശരിയായാലും ഇല്ലെങ്കിലും അതിന്റെ കല്പ്പകര്പ്പ് എടുക്കുന്നതിനെക്കുറിച്ചും അത് ക്ഷേത്രവളപ്പില്തന്നെ സൂക്ഷിക്കുന്നതിനെക്കുറിച്ചുമുള്ള ചിന്ത പാണന് പങ്കുവയ്ക്കുന്നു എന്നതുതന്നെ ശ്രദ്ധേയമാണ്. കരിങ്കല്ലില്‍ പകര്‍പ്പെടുക്കാന്‍ തക്ക യോഗ്യതയുള്ളതാണ് ഈ ചെപ്പേടെന്നും ക്ഷേത്രനടയിലായിരിക്കുന്നതുകൊണ്ട് നിത്യസംരക്ഷണവും മതസൗഹാര്‍ദവും ഉറപ്പുവരുത്തുമെന്നും ഉള്ള ചിന്തയും ഇത് എടുത്തുകാട്ടുന്നുണ്ട്.
ക്രൈസ്തവവിശ്വാസിയും വിശ്വാസപ്രചാരകനുമായ ക്നായ്ത്തോമ്മ
ക്നായിത്തോമ്മായുടെ നേതൃത്വത്തിലുള്ള കുടിയേറ്റത്തിന്റെ പ്രേഷിതമുഖമോ, കരമൊഴിവായി പള്ളി പണിയുന്നതിന് ചേരമാന്‍ പെരുമാള്‍ സ്ഥലം ദാനം ചെയ്യുന്നതോ, അവിടെ പള്ളിയും വീടുകളും നിര്‍മിക്കുന്നതോ ഒന്നും പാണന്പാട്ടുകളിലില്ല. ഈ വിവരങ്ങള്‍ നമുക്ക് ലഭിക്കുന്നത് പുരാതനപ്പാട്ടുകളില്നിന്നും വിദേശീയരുടെ എഴുത്തുകളില്നിന്നുമാണ്. എന്നിരിക്കിലും പാണന്‍പാട്ടിലെ ഒരേയൊരു വാക്ക് ക്നായിത്തോമ്മായുടെ ക്രൈസ്തവവിശ്വാസത്തിന് സാക്ഷിപത്രമാണ്. പെരുമാള്‍ ക്നായിത്തോമ്മായ്ക്ക് പദവികളും മറ്റും ചെപ്പേടിലെഴുതി നല്‍കുന്നതായി പാടുന്ന കൂട്ടത്തില്‍ പാണന് ചേര്‍ക്കുന്ന ഒരു പേരാണത്. സൂര്യചന്ദ്രന്മാരടങ്ങുന്ന ആകാശഗോളങ്ങളെ ചെപ്പേടുകളില് സാക്ഷികളായി നിര്‍ത്തുന്ന പതിവിനൊപ്പം മാര്ത്തോമ്മാശ്ളീഹായെയും സാക്ഷിയാക്കുന്നു എന്നത് കൗതുകം ജനിപ്പിക്കുന്നു. ചെപ്പേട് എഴുതിയ അവസരത്തില്‍ ഹിന്ദു എന്ന നിലയില്‍ ചേരമാന്‍ പെരുമാള്‍ സ്വമേധയാലോ, പാട്ട് രചിച്ച അവസരത്തില്‍ പാണന്മാര് തങ്ങളുടെവകയായോ മാര്‍ത്തോമ്മാശ്ളീഹായെ ചെപ്പേടിന്ന് സാക്ഷിയാക്കിയിരിക്കാന് സാധ്യതയില്ലാതിരിക്കെ, മാര്തോമ്മാശ്ളീഹായുടെ പേര് സാക്ഷിപ്പട്ടികയില്‍ വന്നത് ക്നായിത്തോമ്മായുടെ നേരിട്ടുള്ള ഇടപെടലിലൂടെ ആയിരിക്കണം. മാര്‍ത്തോമ്മാശ്ലീഹായുടെ ശിഷ്യനായ മാര്‍ അദ്ദായിയുടെ ശിഷ്യന് മാര്‍ മാറിയില്നിന്ന് വിശ്വാസം സ്വീകരിച്ച സെലൂഷ്യാ-സ്റ്റെസിഫോണിലെ സഭയില്‍നിന്ന് വന്ന ക്നായിത്തോമ്മായെ സംബന്ധിച്ചിടത്തോളം മാര്‍ത്തോമ്മാശ്ളീഹാ തന്റെ വിശ്വാസത്തിന്റെ പിതാവാണ്, ഒപ്പം തന്റെ പേരിന് കാരണഭൂതനുമാണ്. മാര്ത്തോമ്മാശ്ളീഹായോടുള്ള ഈ ഭക്തി തന്നെയായിരിക്കണം കൊടുങ്ങല്ലൂരില്‍ ഇന്ത്യയിലെ ആദ്യ ക്രൈസ്തവപള്ളി അദ്ദേഹത്തിന്റെ പേരില്‍ നിര്‍മിക്കാന്‍ ക്നായിത്തോമ്മായെ പ്രേരിപ്പിച്ച ചേതോവികാരം.
ചെപ്പേട് ഇന്ന് ലഭ്യമല്ലാത്തതിനാല്‍ ചെപ്പേടിലെ സാക്ഷിപ്പട്ടികയില്‍ മാര്തോമ്മാശ്ളീഹായുടെ പേര് ഉള്ച്ചേര്ത്തിട്ടുണ്ടോ എന്നത് വ്യക്തമല്ല. ലഭ്യമായ തര്ജമകളിലൊന്നിലും തോമ്മാശ്ലീഹായുടെ പേരു കാണുന്നുമില്ല. ചെപ്പേടില്‍ തോമ്മാശ്ലീഹായുടെ പേരില്ല എന്നു വന്നാല്‍പോലും പാണന്‍പാട്ടില്‍ ഈ പേര് കടന്നുവരുന്നു എന്നത് ശ്രദ്ധേയമാണ്. ചെപ്പേടിലില്ലാത്ത ഒരു സാക്ഷിപ്പേര് ഇപ്രകാരം തങ്ങളുടെ പാട്ടില്‍ കൂട്ടിച്ചേര്‍ക്കാന്‍ പാണന്മാരെ പ്രേരിപ്പിച്ചത് ക്നാനായക്കാര്‍ തന്നെയായിരിക്കണം. തങ്ങളുടെ കുടിയേറ്റനേതാവിന്റെ നാമഹേതുകനും തങ്ങളുടെ മാതൃസഭയുടെ സ്ഥാപകനുമായ മാര്ത്തോമ്മാശ്ലീഹായോടുള്ള ഭക്തി വ്യക്തമാക്കാനായിരിക്കണം ഈ വാക്ക് പാട്ടില്‍ കൂട്ടിച്ചേര്പ്പിച്ചത്. ക്നാനായ പുരാതനപ്പാട്ടുകളില്‍ മാര്ഗംകളിപ്പാട്ടിനും മാര്‍ത്തോമ്മന്‍ പാട്ടിനും മറ്റും ലഭിച്ച വലിയ സ്വീകാര്യതയും ഇതിന്റെ തുടര്‍ച്ചയായിരിക്കണം.
