ചുങ്കത്തിലെ വേന്തന്‍മുടിയും കടുത്തുരുത്തിയിലെ സ്വര്‍ണ മണവാളന്‍കുരിശും ബര്‍മറിയവും

ക്‌നാനായ വിവാഹവേളയില്‍ ആലപിക്കുന്ന ബര്‍മറിയം സ്തുതിപ്പില്‍ കുരിശിന്റെ ദൈവശാസ്ത്രത്തിനും മല്‍ക്കാ മിശിഹാ (മിശിഹാരാജന്‍)യ്ക്കും ലഭിക്കുന്ന പ്രാധാന്യം ചെറുതല്ല. കടുത്തുരുത്തി, കോട്ടയം തുടങ്ങിയ ക്‌നാനായ പള്ളികളിലെ കുരിശും പോര്‍ച്ചുഗീസുകാര്‍ കണ്ടെത്തിയ മൈലാപ്പൂരിലെ (സെന്റ് തോമസ് മൗണ്ട്) കുരിശുമൊക്കെ പേര്‍ഷ്യന്‍ കുരിശുകളാണെന്നതും ഈ കുരിശുകളില്‍ കാണുന്നത് പാഹ്‌ലവി ലിപിയിലുള്ള ലിഖിതങ്ങളാണെന്നതും ശ്രദ്ധേയമാണ്. കൂടാതെ ക്‌നാനായരുടെ തലപ്പള്ളിയായ കടുത്തുരുത്തി വലിയപള്ളിയില്‍ പ്രാചീനകാലം മുതല്‍ സംരക്ഷിക്കപ്പെട്ടിരുന്ന വലിയ സ്വര്‍ണ മണവാളന്‍കുരിശ് ക്‌നാനായ വിവാഹവേളയില്‍ മാത്രം മണവാളന്‍ അണിയുന്നു എന്നതും ഈ പാട്ടിലെ കുരിശിന്റെ പുകഴ്ച്ചയുടെ പശ്ചാത്തലത്തില്‍ ചിന്തിക്കേണ്ടതുണ്ട്.
മല്‍ക്കാമിശിഹായെന്ന പ്രയോഗം ബര്‍മറിയത്തില്‍ ആവര്‍ത്തിക്കപ്പെടുന്നതും ചിന്തനീയമാണ്. ക്‌നായിത്തോമ്മായ്ക്ക് ചേരമാന്‍ പെരുമാള്‍വഴി നല്കപ്പെട്ട വേന്തന്‍മുടി ഇന്ന് തൊടുപുഴ ചുങ്കം പള്ളിയില്‍ സംരക്ഷിക്കപ്പെടുന്നുണ്ട്. ക്‌നാനായ വിവാഹത്തിനുശേഷം തൊട്ടുപിന്നാലെ ഈ മുടി നവദമ്പതികളെ ധരിപ്പിക്കുന്നതിലൂടെ ക്രിസ്തുവിന്റെ രാജത്വത്തില്‍ വിവാഹത്തിലൂടെയുള്ള പങ്കാളിത്തം പ്രതീകാത്മകമായി അവതരിപ്പിക്കുന്നു. വേന്തന്‍മുടി ഇന്ന് വിവാഹാവസരത്തിലല്ലാതെ ആരും ധരിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. കോട്ടയം അരമനപ്പള്ളി കുരിശും കിരീടവും ധരിച്ച മല്‍ക്കാ മിശിഹായ്ക്ക് സമര്‍പ്പിച്ചിരിക്കുന്നതും മലബാറിലെ ആദ്യ കുടിയേറ്റ കോളനിക്ക് ‘മല്‍ക്കൂസാ ദ് മല്‍ക്കാ മിശിഹാ’ എന്ന അര്‍ത്ഥത്തിലുള്ള രാജപുരം എന്ന് പേര് നല്കിയിരിക്കുന്നതും ആകസ്മികമെങ്കിലും, ഇപ്രകാരമൊരു വലിയൊരു ക്യാന്‍വാസില്‍ കാണേണ്ടതുണ്ട്.

ഉപസംഹാരം
ക്‌നാനായരെ സംബന്ധിച്ചിടത്തോളം ജീവിക്കുന്ന പാരമ്പര്യവും പൈതൃകവുമായ ബര്‍മറിയം സ്തുതിപ്പ് സ്വാഭാവികവും സാധാരണവുമായ ഒരു ജീവിതയാഥാര്‍ത്ഥ്യ മാണ്. വളരെ ആഴമാര്‍ന്ന ദൈവശാസ്ത്രദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന താണിത്. ഫാ. ജോസഫ്. ജെ. പാലയ്ക്കാപ്പിള്ളി യുടെ സംഘാടനത്തില്‍ ക്രിസ്ത്യന്‍ മ്യൂസിക്കോളജിക്കല്‍ സൊസൈറ്റിയിലൂടെയും റൂഹാ മീഡിയയിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ബര്‍മറിയം സ്തുതിപ്പിനെ ജനകീയമാക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ശ്ലാഘിക്കുന്നു. ഇത് ക്‌നാനായക്കാര്‍ എഴുതിയുണ്ടാക്കിയ ഗീതമല്ലെങ്കിലും ക്‌നാനായ പൂര്‍വികരുടെ മണ്ണും സഭയുമായ ബാബേലില്‍ രൂപം കൊണ്ടതാണിത്, കണ്ണിലെ കൃഷ്ണമണിപോലെ കേരളത്തില്‍ ഇന്നോളമിത് കാത്തുസൂക്ഷിച്ചത് ക്‌നാനായക്കാരാണ്, മറ്റുള്ളവര്‍ കുറ്റപ്പെടുത്തിയപ്പോഴും വിവാഹാവസരത്തില്‍ പാടുന്നത് തുടര്‍ന്നുകൊണ്ട് വിവാഹത്തിന് ആഴമേറിയ ഒരു മല്‍ക്കാ മിശിഹാകേന്ദ്രീകൃത ദൈവശാസ്ത്രദര്‍ശനം നല്കിയത് ക്‌നാനായരാണ് തുടങ്ങിയ കാരണങ്ങളാല്‍ ബര്‍മറിയം പാട്ടിന്റെ അതിജീവനചരിത്രത്തിലെ ക്‌നാനായ പങ്ക് വിസ്മരിക്കരുത് എന്നു മാത്രം സൂചിപ്പിക്കട്ടെ. റൂഹാമീഡിയയില്‍ നല്കിയിരി ക്കുന്ന അഭിമുഖങ്ങളുടെ പല വീഡിയോകളിലും, കിഴക്കിന്റെ കല്‍ദായസഭയുടെ അദ്ധ്യക്ഷനായ മാര്‍ അപ്രേം പിതാവടക്കം, ക്‌നാനായക്കാരില്‍നിന്നാണ് തങ്ങള്‍ ഈ പാട്ട് ആദ്യമായി കേട്ടത് എന്ന് കൃത്യമായി പറയുന്നത് ഈ ദിശയില്‍ ശുഭോദര്‍ക്കമായി കരുതുന്നു.
ധാരാളം ക്‌നാനായക്കാര്‍, പ്രത്യേകിച്ച് ചെറുപ്പക്കാര്‍, തങ്ങളുടെ ഉറവിടങ്ങളുടെ ഉറവിടങ്ങളിലേക്ക് സഞ്ചരിക്കാന്‍ സന്നദ്ധരായി മുന്നേട്ടുവരട്ടെയെന്ന് ആശംസിക്കുന്നു. ക്‌നാനായ വിവാഹങ്ങളില്‍ വികാരിയോ മുതിര്‍ന്ന വൈദികനോ മാത്രം മുഖ്യകാര്‍മികനായി ഈ സ്തുതിപ്പ് ആലപിക്കുന്ന മഹനീയപാരമ്പര്യം തുടരട്ടെ. ഈ സ്തുതിപ്പിലെ കൂടുതല്‍ വരികള്‍ പാടാനും അര്‍ത്ഥം വിശദീകരിച്ച് കൊടുക്കാനുമുള്ള ചില വൈദികരുടെ ശ്രമങ്ങള്‍ മറ്റുള്ളവരും ഏറ്റെടുക്കുമെന്ന് പ്രത്യാശിക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *