തരിസാപ്പള്ളി ചെപ്പേട്

ആമുഖം
ക്‌നായിത്തൊമ്മന്‍ ചെപ്പേടുമായി ബന്ധപ്പെട്ട തരിസാപ്പള്ളി ചെപ്പേടിനെ പരിചയപ്പെടുത്തുകയാണ് ഉദ്ദേശ്യം. മലയാളശാസനപഠനത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നതും സജീവചര്‍ച്ചാവിഷയമായി തുടരുന്നതും ഏറെ സവിശേഷതകളുള്ളതുമായ ഒരു ചെപ്പേടാണ് തരിസാപ്പള്ളിശാസനം. പണ്ഡിതശ്രദ്ധയാകര്‍ഷിച്ചതുമുതല്‍ ഈ ശാസനം പഠന, ചര്‍ച്ചാ, തര്‍ക്കവിഷയമാണ്. ചെപ്പേട് പ്രകാരമുള്ള വരുമാനത്തിന് അവകാശി ആര്, ശാസനം ഒന്നോ രണ്ടോ, എത്ര ഏടുകള്‍, രചനാകാലം, വായന, തര്‍ജമ, വ്യാഖ്യാനം, കൈവശാവകാശചരിത്രം എന്നിവയെല്ലാം അഭിപ്രായവ്യത്യാസങ്ങള്‍ക്ക് കാരണമാണ്.
മലയാളഭാഷാപരിണാമം, പുരാതനവ്യാകരണം തുടങ്ങിയ ഭാഷാപരമായ പ്രത്യേകതകളിലേക്ക് വെളിച്ചം വീശുന്നതോടൊപ്പം കേരളത്തിന്റെയും കേരളവുമായി വാണിജ്യബന്ധത്തിലേര്‍പ്പെട്ടിരുന്ന ജനതകളുടെയും സംസ്‌കാരത്തിലേക്കും ചരിത്രത്തിലേക്കും മിഴി തുറപ്പിക്കുന്നവയുമാണ് ഈ ചെപ്പേട്. പേര്‍ഷ്യയില്‍നിന്ന് കുടിയേറി വന്ന സുറിയാനിക്രിസ്ത്യാനി കച്ചവടക്കാരുടെ പിന്‍തുടര്‍ച്ചക്കാരായി കൊടുങ്ങല്ലൂര് താമസിച്ച ക്‌നാനായക്കാരും തരിസാപ്പള്ളി കേന്ദ്രമാക്കി കൊല്ലത്ത് താമസിച്ചിരുന്നവരും തമ്മില്‍ ബന്ധമുണ്ടായി രുന്നതും, ക്‌നായിത്തൊമ്മന്‍ ചെപ്പേടിന്റെ സംഗ്രഹം തരിസാപ്പള്ളി ചെപ്പേടില്‍ നല്കിയിട്ടുണ്ടെന്ന് അതിന്റെ രണ്ടു പകര്‍പ്പുകളില്‍നിന്ന് വ്യക്തമാകുന്നതും, ഇതര കാരണങ്ങളും ക്‌നായിത്തൊമ്മന്‍ ചെപ്പേടുമായി ഈ ശാസനത്തെ ബന്ധിപ്പിച്ച് പഠിക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നു.
പൊതുവിവരണം
തരിസ്സാപ്പള്ളിശാസനം ചെമ്പ് തകിടുകളില്‍ എഴുതി നല്കിയിരിക്കുന്നതിനാല്‍ ചെപ്പേടുകളെന്നും രാജകീയ ലിഖിതമായതിനാല്‍ ശാസനമെന്നും ഭൂരേഖയായതിനാല്‍ പട്ടയമെന്നും അറിയപ്പെടുന്നു. കൊല്ലത്ത് തരിസ്സാപ്പള്ളിക്ക് കൊടുത്തതായതുകൊണ്ട് തരിസ്സാപ്പള്ളി ചെപ്പേട്/ശാസനം/പട്ടയം എന്നും, കൊല്ലം നഗരവുമായി ബന്ധപ്പെട്ടതായതുകൊണ്ട് കൊല്ലം ചേപ്പേട് എന്നും, തേവലക്കര തരകന്റെ വീട്ടില്‍ സംരക്ഷിക്കപ്പെട്ടിരുന്നതിനാല്‍ തേവലക്കര ചേപ്പേട് എന്നും പുത്തന്‍കൂറ്റുകാരുടെ കോട്ടയം പഴയ സെമിനാരിയില്‍ സൂക്ഷിക്കപ്പെട്ടിരുന്നതുകൊണ്ട് കോട്ടയം ചേപ്പേട് എന്നും സുറിയാനിക്രിസ്ത്യാനികള്‍ക്ക് നല്കപ്പെട്ടതിനാല്‍ സിറിയന്‍ ക്രിസ്ത്യന്‍ കോപ്പര്‍ പ്ലേറ്റ്‌സ് എന്നുമൊക്കെ ഇത് അറിയപ്പെടുന്നു.
റവ. ഗുണ്ടര്‍ട്ട് മുതല്‍ ബര്‍ണാദ് തോമാ അച്ചന്‍ വരെ ഒറ്റ രേഖയായി കണ്ടിരുന്ന ഈ ശാസനത്തെ ഗോപിനാഥറാവു മുതലുള്ള സെക്കുലര്‍ ചരിത്രകാരന്‍മാര്‍ അപൂര്‍ണങ്ങളായ രണ്ടു ശാസനങ്ങളായി കാണാന്‍ തുടങ്ങി. ഇളംകുളം, ശ്രീധരമേനോന്‍, എം.ജി.എസ്. തുടങ്ങിയവരൊക്കെ ഈ വഴിയെ സഞ്ചരിച്ചവരാണ്. എന്നാല്‍ എം.ആര്‍. രാഘവ വാര്യരും കേശവന്‍ വെളുത്താട്ടും ചേര്‍ന്ന് എഴുതി 2013-ല്‍ പ്രസിദ്ധീകരിച്ച തരിസാപ്പള്ളിപ്പട്ടയം എന്ന പുസ്തകം മുതലാണ് സെക്കുലര്‍ ചരിത്രകാരന്‍മാര്‍ ഇതിനെ വീണ്ടും ഒറ്റ രേഖയായി കണ്ടു പഠിക്കാന്‍ തുടങ്ങിയത്. പൊതു സമൂഹത്തിലെ പ്രമുഖ ചരിത്രകാരന്‍മാര്‍ ഇപ്രകാരം രണ്ടു രേഖയായി കണ്ടുകൊണ്ടിരുന്നപ്പോഴും സിംപോസിയം ഓണ്‍ ക്‌നാനൈറ്റ്‌സ് എന്ന ഗ്രന്ഥത്തിലെ തന്റെ ലേഖനത്തിലൂടെ 1987-ല്‍ ബഹു. ജേക്കബ് കൊല്ലാപറമ്പില്‍ ഇതിനെ ഒറ്റ രേഖയായിത്തന്നെ അവതരിപ്പിക്കാന്‍ ധൈര്യം കാണിച്ചു. കൊല്ലാപറമ്പിലച്ചനായിരുന്നു ശരി എന്ന ധാരണയിലേക്ക് കാല്‍നൂറ്റാണ്ടുകള്‍ക്കിപ്പുറം പൊതുസമൂഹം എത്തിച്ചേരുന്നുഎന്നതിന് മേല്‍ സൂചിപ്പിച്ച പുസ്തകം ഉദാഹരണമാണ്. ഇതിന് അച്ചനെ സഹായിച്ചത് ഈ ചെപ്പേടിന്റെ കര്‍സോണ്‍ (മലയാള ഉച്ചാരണം സുറിയാനി ലിപിയില്‍) പകര്‍പ്പ് കണ്ടുപിടിച്ചതാണ്, ആ പകര്‍പ്പ് ഇപ്പോഴും പണ്ഡിത ശ്രദ്ധയില്‍ വേണ്ടത്ര എത്തിയിട്ടില്ലെങ്കില്‍പോലും.
തരിസാപ്പള്ളിശാസനത്തിന്റെ ഏടുകളെന്ന് കരുതപ്പെടുന്ന അഞ്ച് തകിടുകളാണ് ലഭ്യമായിട്ടുള്ളത്. ഇവ ഓര്‍ത്തഡോക്‌സ് സഭയുടെ കേന്ദ്രമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലും (2,3,4 പ്‌ളേറ്റുകള്‍) മാര്‍ത്തോമ്മാസഭയുടെ ആസ്ഥാനമായ തിരുവല്ല പുലാത്തിന്‍ മാര്‍ത്തോമ്മാ ഹെഡ്ക്വാര്‍ട്ടേഴ്‌സിലു (1,5 പ്‌ളേറ്റുകള്‍) മായി ഇപ്പോള്‍ സംരക്ഷിക്കപ്പെടുന്നു. ഒന്നും നാലും ഏടുകള്‍ 8.8” ഃ 3.2” ഇഞ്ച് വലിപ്പത്തിലും രണ്ടും മൂന്നും അഞ്ചും ഏടുകള്‍ 9.1” ഃ 3.3” ഇഞ്ച് വലിപ്പത്തിലുമാണ് ഉള്ളത്. ഈ ശാസനത്തിന്റെ ആദ്യനാലു ഏടുകളിലെ ഭാഷ തമിഴിനോടടുത്ത് നില്ക്കുന്ന മലയാളമാണ്. ഇവ മുഖ്യമായും വട്ടെഴുത്ത് ലിപിയിലും ഏതാനും ചില അക്ഷരങ്ങളോ വാക്കുകളോ മാത്രം ഗ്രന്ഥാക്ഷര (ആധുനിക മലയാളലിപിയോട് അടുത്തുനില്ക്കുന്നത്) ലിപിയിലും എഴുതപ്പെട്ടിരിക്കുന്നു. ഈ പട്ടയത്തിന്റെ ഭാഗമെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്ന സാക്ഷികളുടെ പേരടങ്ങുന്ന അഞ്ചാമത്തെ ഏടില്‍ കുഫിക് അറബി, സസാനിയന്‍ പാഹ്‌ലവി, ഹീബ്രു എന്നീ ലിപികളിലായി അറബി, പേര്‍ഷ്യന്‍ എന്നീ ഭാഷകളാണുള്ളത്. ആദ്യത്തെ മൂന്നു ഏടുകളിലും തിരിച്ചറിയാത്ത ഏതോ ലിപിയില്‍ ഒരേ വാക്ക് (അടയാളചിഹ്നം) തന്നെ എഴുതിവച്ചിരിക്കുന്നതായും കാണുന്നു. ഒന്നാമത്തെ ഏടിന്റെ ആദ്യപുറത്ത് യാതൊന്നും രേഖപ്പെടുത്തിയിട്ടില്ല. നാലാം ഏട് അപൂര്‍ണമായാണ് അവസാനിക്കുന്നത്.
പകര്‍പ്പുകള്‍
ഈ പട്ടയത്തിന്റെ മൂന്നു പ്രാചീന പകര്‍പ്പുകള്‍കൂടി ഇന്ന് ലഭ്യമാണ്.

  1. 1601-1615 കാലഘട്ടത്തില്‍ കര്‍സോണ്‍ ലിപിയില്‍ തയ്യാറാക്കിയ ഒരു പകര്‍പ്പ് പാരീസ് നാഷനല്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുള്ളത് ഡോ. ജേക്കബ് കൊല്ലാപറമ്പില്‍ കണ്ടെത്തി, അതിന്റെ മൂലലിപി പകര്‍പ്പും മലയാളലിപി പകര്‍പ്പും കുറിപ്പുകളും പഠനവും ഉള്‍പ്പെടുത്തി 1987-ലെ സിംപോസിയം ഓണ്‍ ക്‌നാനൈറ്റ്‌സില്‍ ചേര്‍ത്തിട്ടുണ്ട്. അച്ചന്റെ മരണശേഷം 2015-ല്‍ പുറത്തിറക്കിയ ദ സോഴ്‌സസ് ഓഫ് ദ സീറോ മലബാര്‍ ലോ എന്ന പുസ്തകത്തില്‍ ഈ കര്‍സോണ്‍ പകര്‍പ്പിന്റെ ചരിത്രത്തെക്കുറിച്ചുള്ള അച്ചന്റെ അനുമാനം വിശദമാക്കിയിട്ടുമുണ്ട്.
  2. പാഴ്‌സികളുടെ വിശുദ്ധഗ്രന്ഥമായ സെന്ത് അവസ്തയെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ അബ്രഹാം ഹയാസിന്ത് ആങ്ത്വില്‍ ദുപെറോ ഇതിന്റെ ഫ്രഞ്ചുഭാഷയിലുള്ള ഒരു തര്‍ജമ തയ്യാറാക്കി തന്റെ സെന്ത് അവസ്ത എന്ന കൃതിയില്‍ (എ.ഡി. 1771-ല്‍) ചേര്‍ത്തിട്ടുണ്ട്.
  3. കേണല്‍ മെക്കാളെ 1806-ല്‍ ഈ ചെപ്പേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് എഫ്.സി. ബ്രൗണ്‍, റവ. ബെഞ്ചമിന്‍ ബെയ്‌ലി തുടങ്ങിയവരുടെ സഹായത്തോടെ വാള്‍ട്ടര്‍ എലിയട്ട് നിര്‍മിച്ച ഫാക്-സിമിലെ (ചെമ്പ് തകിടില്‍ സമാനരൂപത്തില്‍ കൊത്തിയെടുക്കുന്ന പകര്‍പ്പ്) 1841-ല്‍ ജേര്‍ണല്‍ ഓഫ് ദ റോയല്‍ ഏഷ്യാറ്റിക് സൊസൈറ്റിയില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്, ഈ ഫാക്-സിമിലെ കേംബ്രിഡ്ജ് സര്‍വകലാശാലയുടെ രേഖാശേഖരത്തില്‍ ഇപ്പോള്‍ സംരക്ഷിക്കപ്പെടുന്നു.
    പൂര്‍വപഠനങ്ങള്‍
  4. ഫാ. ഗുവെയാ 1504-ല്‍ എഴുതി 1606-ല്‍ കോയിംബ്രാ യില്‍നിന്ന് പ്രസിദ്ധീകരിച്ച ജൊര്‍ണാദൊയില്‍, 1599-ല്‍ ആര്‍ച്ച്ബിഷപ് ഡോം മെനേസിസ് കൊല്ലം സന്ദര്‍ശിച്ച അവസരത്തില്‍ തേവലക്കര പള്ളിക്കാര്‍ ഈ ചെപ്പേട് അദ്ദേഹത്തെ കാണിച്ചതിനെക്കുറിച്ച് എഴുതുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായി ചെപ്പേടിനെക്കുറിച്ച് ചെറിയ വിവരണവും നല്കുന്നുണ്ട്. തരിസാപ്പള്ളി ചെപ്പേട് സംബന്ധമായ ആദ്യവിവരണം ഇതാണ് എന്നു കരുതുന്നു.
  5. 1615-ല്‍ ഫാ. ദിയോഗൊ ഗൊണ്‍സാല്‍വ്‌സ് എസ്.ജെ. രചിച്ച ഹിസ്‌തോറിയ ദൊ മലവാര്‍ എന്ന ഗ്രന്ഥത്തില്‍ മാര്‍ ഫ്രാന്‍സിസ് റോസ് മെത്രാന്റെ നിര്‍ദേശപ്രകാരം ഇട്ടിമാണിക്കത്തനാരും മാനുവല്‍ ദെ സൂസായും ചേര്‍ന്ന് 1601-ല്‍ ഈ പട്ടയം വായിച്ചതിനെക്കുറിച്ചും മാനുവല്‍ പീറെസ് അതിന്റെ പോര്‍ച്ചുഗീസ് വിവര്‍ത്തനം തയ്യാറാക്കി യതിനെക്കുറിച്ചും എഴുതിയിട്ടുണ്ട്. തരിസാപ്പള്ളി ചെപ്പേടിന്റെ അടിസ്ഥാനത്തിലുള്ള നികുതിവരുമാനം തരിസാപ്പള്ളിയുടെ കൈവശാവകാശമുള്ള ലത്തീന്‍കാര്‍ക്കാണോ, അല്‍പം അകലേക്ക് പള്ളിവെച്ച് മാറിയ സുറിയാനിക്രിസ്ത്യാനി കള്‍ക്കാണോ ലഭിക്കേണ്ടത് എന്നതിനെക്കുറിച്ച് തര്‍ക്കമുണ്ടാ യിരുന്നു. 1600-ല്‍ സുറിയാനിക്കാര്‍ക്കേവര്‍ക്കുമായി കൊടുങ്ങല്ലൂര്‍ രൂപത സ്ഥാപിതമായ പശ്ചാത്തലത്തില്‍, കൊച്ചി ലത്തീന്‍ രൂപതയുമായി ഇക്കാര്യത്തില്‍ തര്‍ക്കത്തി ലാവുകയും പ്രശ്‌നപരിഹാരത്തിനായി ചെപ്പേട് വായിച്ച്, പകര്‍പ്പെടുക്കുകയും പോര്‍ച്ചുഗീസ് തര്‍ജമ തയ്യാറാക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് നികുതിയില്‍ അവകാശം കൊല്ലത്തെ സുറിയാനി പള്ളിക്കാര്‍ക്കെന്നും, എന്നാല്‍ ഒരു വിഹിതം അവിടുത്തെ ലത്തീന്‍ പള്ളിക്കാര്‍ക്കും നല്കണമെന്നും തീരുമാനമുണ്ടായി. ഇപ്രകാരം തര്‍ക്കത്തിന്റെ ആവശ്യത്തിലേക്കായി പകര്‍പ്പെടുത്ത അവസരത്തില്‍ ഇട്ടിമാണിക്കത്തനാര്‍ തയ്യാറാക്കിയതായിരിക്കണം കര്‍സോണ്‍ പകര്‍പ്പെന്നും ഇത് പിന്നീട് പാരീസ് നാഷനല്‍ ലൈബ്രറി യിലെ 186-ാം നമ്പര്‍ സുറിയാനി കൈയ്യെഴുത്ത് പ്രതിയായ കല്‍ദായ കുര്‍ബാനപ്പുസ്തകത്തിന്റെ അവസാന നാലു താളുകളായി അബദ്ധത്തില്‍ മാറുകയാണുണ്ടായതെന്നും ബഹു. കൊല്ലാപറമ്പിലച്ചന്‍ അനുമാനിക്കുന്നു.
  6. വരാപ്പുഴ ബിഷപ് ജോണ്‍ ബാപ്റ്റിസ്റ്റ് മുള്‍ത്തേദി നിര്‍ദേശിച്ചതനുസരിച്ച് ഈ പട്ടയത്തിന്റെ ഒരു പകര്‍പ്പ് തയ്യാറാക്കിയതിനെക്കുറിച്ചും അദ്ദേഹത്തിന്റെ പിന്‍ഗാമിയായ ബിഷപ് ഫ്‌ളോറന്‍സ് ഓഫ് ജീസസിന്റെ നിര്‍ദേശപ്രകാരം അഞ്ചിക്കൈമള്‍പള്ളി വികാരിയായ മത്തായി കത്തനാര്‍ ഈ പട്ടയത്തിന്റെ, 1758 ജനുവരി 14-ാം തീയതിയെന്ന് അടയാളപ്പെടുത്തിയ, സംസ്‌കൃത (മലയാളം) പകര്‍പ്പ് നല്കിയതിനെക്കുറിച്ചും ദുപെറോയുടെ സെന്ത് അവസ്തയില്‍ സൂചിപ്പിക്കുന്നതുകൂടാതെ അതിന്റെ ഫ്രഞ്ച് തര്‍ജമ തയ്യാറാക്കി നല്കുകയും ചെയ്യുന്നുണ്ട്.
  7. തരിസാപ്പള്ളി പട്ടയത്തിന്റെ ഫാക്-സിമിലെ 1841-ല്‍ ജേര്‍ണല്‍ ഓഫ് ദ റോയല്‍ ഏഷ്യാറ്റിക് സൊസൈറ്റിയില്‍ പ്രത്യക്ഷപ്പെട്ടതുമുതല്‍ മദ്രാസ് ജേര്‍ണല്‍ ഓഫ് സയന്‍സ് ആന്‍ഡ് ലിറ്ററേച്ചര്‍, ഇന്‍ഡ്യന്‍ ആന്റിക്വറി, എപ്പിഗ്രാഫിയ ഇന്‍ഡിക്ക, ദ ഏഷ്യാറ്റിക് റിവ്യൂ, കേരള സൊസൈറ്റി പേപ്പേഴ്‌സ്, തുടങ്ങിയ ജേര്‍ണലുകളിലും ട്രാവന്‍കൂര്‍ ആര്‍ക്കയോളജിക്കല്‍ സീരീസ് തുടങ്ങി നിരവധി ഗ്രന്ഥങ്ങളിലുമായി വളരെയധികം പഠനങ്ങള്‍ പ്രത്യക്ഷ പ്പെട്ടിട്ടുണ്ട്. സ്വാന്‍സ്റ്റന്‍, ഗുണ്ടര്‍ട്ട്, എല്ലിസ്, എലിയട്ട്, വെസ്റ്റ്, ബര്‍ണല്‍, ഹുള്‍ഷ്, ബെയ്‌ലി, ബ്രൗണ്‍, വെങ്കയ്യ, ബെര്‍ണാര്‍ദ് തോമ്മാ, കീല്‍ഹോണ്‍, ഷേക്‌സ്പിയര്‍, ബുര്‍കിറ്റ്, വിന്‍ക്‌വര്‍ത്ത്, കെ.എന്‍. ദാനിയെല്‍, റ്റി.കെ. ജോസഫ്, ഹോസ്റ്റന്‍, കെ.ജി. ശങ്കര്‍, മൊന്തെയ്‌രോ ദ്അഗ്വിയാര്‍, ഷുര്‍ഹാമര്‍, ഗോപിനാഥറാവു, പദ്മനാഭമേനോന്‍, രാമസ്വാമി, ഇളംകുളം, എം.ജി.എസ്., പുരുഷോത്തമന്‍നായര്‍, രാഘവവാര്യര്‍, മഹാലിംഗം, ചേറേത്തി, പെര്‍സെല്‍, കൊല്ലാപറമ്പില്‍ തുടങ്ങിയ നിരവധി പണ്ഡിതര്‍ ഇതിനെക്കുറിച്ച് പഠിച്ച് എഴുതിയിട്ടുണ്ട്.
    ശാസനത്തിന്റെ രചനാകാലം
    ചേരമാന്‍ പെരുമാള്‍ കോ ത്താണു ഇരവിക്കുത്തന്റെ അഞ്ചാം ഭരണവര്‍ഷത്തിലാണ് തരിസാപ്പള്ളിച്ചെപ്പേട് നല്കുന്നതെന്ന് ചെപ്പേടില്‍ കാണുന്നു. ഇരവികൊര്‍ത്തന്‍ ചെപ്പേടിലെയും ക്‌നായിത്തൊമ്മന്‍ ചെപ്പേടിന്റെ സംഗ്രഹത്തിലെയും പോലെ ജ്യോതിശാസ്ത്രാധിഷ്ഠിതമായ വര്‍ഷമല്ല നല്കിയിരിക്കുന്നത്. തരിസാപ്പള്ളി പണി കഴിപ്പിച്ചതും ഇന്നകരം കണ്ടു നീരേറ്റതും പ്രസ്താവിതമായ തിനാല്‍ അവയുടെ സ്ഥാപനത്തിനു ശേഷമാണ് എന്ന സൂചനയല്ലാതെ കാലഗണനയ്ക്ക് അടിസ്ഥാനമാക്കാവുന്ന മറ്റു സൂചനകള്‍ കാണുന്നില്ല. അതിനാല്‍ ഈ ശാസനത്തിന്റെ രചനാകാലം, അതായത്, ത്താണു ഇരവിക്കുത്തന്റെ അഞ്ചാം ഭരണവര്‍ഷം കണ്ടെത്തേണ്ടിയിരിക്കുന്നു. പട്ടയത്തിന്റെ രചനാകാലമായ ഈ കാലം ഭിന്നമായാണ് പലരും കണക്കാക്കിയിരിക്കുന്നത്. ബെര്‍ണാര്‍ദച്ചന്‍ ക്രിസ്തുവര്‍ഷം 250 എന്നും ബര്‍ണല്‍ 824 എന്നും ഇളംകുളം മുതലുള്ള ആധുനിക കേരളചരിത്രകാരന്‍മാര്‍ 849 എന്നും റ്റി.കെ. ജോസഫ് 880-നോടടുത്ത വര്‍ഷമെന്നും ഗോപിനാഥറാവു 9-ാം നൂറ്റാണ്ടിന്റെ അവസാനത്തിലോ 10-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ (ഒന്നാം ശാസനം) എന്നുമാണ് നിഗമനങ്ങളില്‍ എത്തുന്നത്. പാലിയോഗ്രാഫിക് (കൈയ്യെഴുത്ത് ശൈലി) തെളിവുകളെ ആസ്പദമാക്കിയാണ് ഗോപിനാഥറാവു കാലഘട്ടനിര്‍ണ്ണയം നടത്തിയത്. ഇതര ശാസനങ്ങളിലെ ഗ്രഹനിലകളുടെ അടിസ്ഥാനത്തിലുള്ള കാലഗണനയുടെയും മറ്റും തെളിവുകളില്‍നിന്ന് കോ ത്താണു ഇരവിക്കുത്തന്റെ വാഴ്ചാകാലം ക്രിസ്തുവര്‍ഷം 844 എന്ന് നിര്‍ണയിക്കാന്‍ കഴിഞ്ഞതിനാലാണ് ഭരണത്തിന്റെ അഞ്ചാം വര്‍ഷമായ 849-ലാണ് ശാസനം എഴുതപ്പെട്ടതെന്ന് ഇളംകുളം നിര്‍ണയിക്കുന്നത്.
    ഉള്ളടക്കം
    ചേരചക്രവര്‍ത്തി കോ ത്താണു ഇരവിക്കുത്തന്റെ അഞ്ചാം ഭരണവര്‍ഷം വേണാട്ടിലെ അയ്യനടികള്‍ തിരുവടികള്‍ തരീസാപ്പള്ളിക്കും അതുമായി ബന്ധപ്പെട്ടവര്‍ക്കുമായി ചെപ്പേടില്‍ എഴുതി നല്കുന്ന ദാനപത്രമാണിത്. കൃത്യമായി അതിര്‍ത്തി നിര്‍ണയിച്ച് വിശാലമായ സ്ഥലം കരമൊഴിവായി പള്ളിക്ക് നല്കുന്നുണ്ട്. പള്ളിക്ക് ഈഴവര്‍, വെള്ളാളര്‍, തച്ചര്‍ തുടങ്ങിയ ജാതികളിലെ കുടുംബക്കാരെ ജോലിക്കാരായി നല്കുകയും അവര്‍ക്ക് തലൈക്കാണം, ഏണിക്കാണം, മേനിപ്പൊന്ന്, പൊലിപ്പൊന്ന്, ഇരവുച്ചോറ്, കുടനാഴി മുതലായ കരങ്ങള്‍ ഇളച്ചുകൊടുക്കുകയും, കോട്ടയില്‍ കയറി പണിയെടുക്കുന്നതിനും വാഹനങ്ങള്‍ അങ്ങാടിയില്‍ പ്രവേശിപ്പിക്കുന്നതിനും കച്ചവടം നടത്തുന്നതിനും അനുവാദം നല്കുകയും ചെയ്തു. അവര്‍ക്കെതിരേയുള്ള കുറ്റങ്ങളില്‍ വിചാരണ നടത്തുവാനുള്ള അധികാരം പള്ളിക്കാരില്‍ മാത്രം നിക്ഷിപ്തമാക്കി. തിയമാഴ്‌വാന്‍മാര്‍, മതില്‍നായന്‍മാര്‍ തുടങ്ങിയ അധികാരികള്‍ ഇവരില്‍ കുറ്റം ചെലുത്താന്‍ പാടില്ലായിരുന്നു. തൂക്കുന്നതിനും തൂക്കുകരം പിരിക്കുന്നതിനുമുള്ള അധികാരവും പള്ളിക്ക് നല്കി. അഞ്ചുവണ്ണം, മണിഗ്രാമം എന്നീ കച്ചവടസംഘങ്ങള്‍ക്ക് പള്ളിയെയും സ്വത്തുക്കളെയും സംരക്ഷിക്കല്‍ ഉള്‍പ്പെടെ നിരവധി ചുമതലകളും വാണിജ്യാവകാശങ്ങളും ചുങ്കം ഇളവുകളും കല്പിച്ചുകൊടുക്കുന്നുണ്ട്. എഴുപത്തിരണ്ട് വിടുപേറുകള്‍/പദവികള്‍ ഭൂമിയും സൂര്യനും ചന്ദ്രനും നിലനില്‍ക്കുന്ന കാലത്തോളം അട്ടിപ്പേറായി നല്കി.
    ദാതാവ്: അയ്യനടികള്‍ തിരുവടികള്‍
    വേണാട് വാഴ്കിന്റ അയ്യനടികള്‍ തിരുവടിയും അതികാരരും, പ്രകൃതിയും, മണിഗ്രാമവും, അഞ്ചുവണ്ണവും, പുന്നത്തലപ്പതിയും ഒരുമിച്ചിരുന്ന് ആലോചിച്ചതിന്‍പ്രകാരം കുരക്കേണിക്കൊല്ലത്ത് ഈശോ ദാ തപീരായി നിര്‍മിച്ച പള്ളിക്ക്, കോയിലതികാരിയായ വിയരാകണ്‍തേവര്‍, ഇളങ്കൂറ് വാഴുന്ന രാമതിരുവടി, അതികാരര്‍, പ്രകൃതി, അറുനൂറ്റുവര്‍, പുന്നത്തലപ്പതി, പൂളക്കുടിപ്പതി എന്നിവരെയൊക്കെ സാക്ഷിയാക്കി അയ്യനടികള്‍ തിരുവടിയാണ് ചെപ്പേട് നല്കുന്നത്. കോ ത്താണു ഇരവിക്കുത്തന്റെ അഞ്ചാം ഭരണവര്‍ഷത്തില്‍ എന്നു ചേര്‍ത്തിരിക്കുന്നതിനാലും ചെപ്പേട് ദാനാവസരത്തില്‍ ചേരരാജാവിന്റെ പ്രതിനിധിയായ കോയിലതികാരിയുടെ സാന്നിധ്യം പലകുറി ആവര്‍ത്തിക്കുന്ന തിനാലും ചേരമാന്‍ പെരുമാളിന്റെ കോണ്‍മ സ്വീകരിച്ച (മേല്‍ക്കോയ്മ അംഗീകരിച്ച) വേണാട് രാജാവായ (നാടുവാഴിയായ) വ്യക്തിയാണ് അയ്യനടികള്‍ എന്നു കാണാനാകും.

സാക്ഷികള്‍: പെരുമാളും കോയിലധികാരിയും അധികാരികളും വിദേശീയരും
കോയിലതികാരിയായ വിയരാകതേവര്‍ ചേരരാജാവിന്റെ പ്രതിനിധിയായി ചെപ്പേട് നല്കുന്ന സമയത്ത് സന്നിഹിത നാണ്. ഈ പട്ടയത്തില്‍ മുഖ്യമായ അധികാര അവകാശങ്ങള്‍ വിട്ടുകൊടുക്കുന്ന സ്ഥലങ്ങളില്‍ ആദ്യം ചേര്‍ത്തിരിക്കുന്നത് പെരുമാളിന്റെ പ്രതിനിധിയായ വിയരാകതേവരെയാണ്. ഇപ്രകാരം രാജാവിന്റെ പ്രതിനിധി സന്നിഹിതനായിരിക്കുന്ന തിനാലും ചേരരാജാവിന്റെ ഭരണവര്‍ഷം സൂചിതമായിരിക്കുന്ന തിനാലും തരിസാപ്പള്ളിപ്പട്ടയത്തിന്റെ കര്‍സോന്‍ പകര്‍പ്പിലും ദുപെറോയുടെ തര്‍ജമയിലും കൊടുങ്ങല്ലൂര് വച്ച് ചേരമാന്‍ പെരുമാള്‍ നല്കിയ ക്‌നായിത്തൊമ്മന്‍ ചെപ്പേടിന്റെ സംഗ്രഹം ചേര്‍ത്തിരിക്കുന്നതിനാലും ചേരരാജാവിന്റെ അറിവോടും സമ്മതത്തോടെയുമാണ് തരിസാപ്പള്ളിപ്പട്ടയം നല്കപ്പെട്ടിരി ക്കുന്നത് എന്ന് അനുമാനിക്കാനാകും. ഇളങ്കൂറ് വാഴുന്ന രാമതിരുവടി, അതികാരര്‍, പ്രകൃതി, അറുനൂറ്റുവര്‍, പുന്നത്തലപ്പതി, പൂളക്കുടിപ്പതി തുടങ്ങിയ ഉദ്യോഗസ്ഥ വൃന്ദവും ഈ ചെപ്പേട് ദാനത്തിന് സാക്ഷികളാണ്. ഇവരില്‍ ഒരാളുടെ പേര് പൂര്‍ണമായും (വേള്‍ക്കുല സുന്ദരന്‍) മറ്റൊരാളുടെ പേര് അപൂര്‍ണമായും (വിചൈയ) നിലവിലുള്ള ചേപ്പേടിലെ നാലാം ഏടില്‍ ഉണ്ട്. ഈ രണ്ടുപേരിലാരം ഭിക്കുന്ന പതിനേഴ് സാക്ഷികളുടെ പേര് ദു പെറോ ഫ്രഞ്ചു വിവര്‍ത്തനത്തില്‍ ചേര്‍ക്കുന്നുണ്ട്.
(തരിസാപ്പള്ളിശാസനത്തിന്റെ ഭാഗമെന്ന് നിലവില്‍ പൊതുവെ കരുതപ്പെടുന്ന അഞ്ചാം ഏടില്‍ കുഫിക് അറബി (പതിനൊന്ന് പേര്‍), സസാനിയന്‍ പാഹ്‌ലവി (പതിനൊന്ന് പേര്‍), ഹീബ്രു (നാലു പേര്‍) എന്നീ ലിപികളില്‍ സാക്ഷികളുടെ പേരുകള്‍ ഉണ്ട്. ഈ ഏടിലെ പാഹ്‌ലവി, ഹീബ്രു പേരുകള്‍ വളരെ മോശമായിട്ടും ഇതില്‍നിന്നും ഉണ്ടാക്കിയിട്ടുള്ള ഫാക്‌സിമിലെ പകര്‍പ്പ് അതിനേക്കാള്‍ മോശമായിട്ടും ആണ് കൊത്തിവച്ചിട്ടുള്ളത് എന്നാണ് ഇവയെക്കുറിച്ച് ആധികാരികപഠനങ്ങള്‍ നടത്തിയിട്ടുള്ള വിന്‍ക്‌വര്‍ത്തിന്റെയും ബുര്‍കിറ്റിന്റെയും സുചിന്തിത അഭിപ്രായം. അറബി ലിപിയില്‍ എഴുതിയിരിക്കുന്നത് അറബിഭാഷയിലും പാഹ്‌ലവി, ഹീബ്രു ലിപികളിലുള്ളത് പേര്‍ഷ്യന്‍ ഭാഷയിലുമാണുള്ളത്. ഈ ഏട് തരിസാപ്പള്ളിശാസനത്തിന്റെ ഭാഗമല്ലെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നതിനാലാണ് ഈ ഭാഗം ബ്രായ്ക്കറ്റില്‍ ചേര്‍ത്തിരിക്കുന്നത്.)


സ്വീകര്‍ത്താവ്: മരുവാന്‍ സപീരീശോ പണികഴിപ്പിച്ച തരിസാപ്പള്ളി
കുരക്കേണിക്കൊല്ലത്ത് മരുവാന്‍ സപീരീശോ പണി കഴിപ്പിച്ച തരിസാപ്പള്ളിക്കാണ് ചെപ്പേട് നല്കിയിരിക്കുന്നത്. തരിസാപ്പള്ളി പണി കഴിപ്പിച്ച ആളുടെ പേര് ‘ഈശോ ദാ തപീരായി’ എന്നും ‘മരുവാന്‍/മനെവാന്‍ സപീരീശോ’ എന്നും ഈ പട്ടയത്തില്‍ രണ്ടിടത്തായി പ്രയോഗിച്ചിരിക്കുന്ന തിനാല്‍ ഇത് ഒരാള്‍ തന്നെയാണ് എന്ന് നിഗമനത്തിലെത്താം. ‘ഈശോ ദാ തപീരായി’ (ഒരു തവണ), ‘മരുവാന്‍ സപീരീശോ’ (മൂന്നു തവണ), ‘മനെവാന്‍ സപീരീശോ’ (ഒരു തവണ) എന്നീ മൂന്നു വിധത്തില്‍ ഇദ്ദേഹം പട്ടയത്തില്‍ പ്രത്യക്ഷപ്പെടുന്നു. ഇന്നകരം (കൊല്ലം) കണ്ടു നീരേറ്റതും അയ്യനടികളാല്‍ തരിസാപ്പള്ളിക്ക് അവകാശങ്ങള്‍ വാങ്ങിക്കൊടുക്കുന്നതും സപീരീശോയാണ്.
ഡോ. എം.ആര്‍. രാഘവവാര്യരും കേശവന്‍ വെളുത്താട്ടും ചേര്‍ന്ന് എഴുതിയ തരിസാപ്പള്ളിപ്പട്ടയം എന്ന പുസ്തകത്തില്‍ ‘എശൊദാ തപീരായി’ എന്നാണ് ഈ പേര് വായിച്ചിരിക്കുന്നത്. എന്നാല്‍ ഞങ്ങള്‍ ഇതിനെ ‘ഈശോ ദാ തപീരായി’ എന്ന് വായിക്കുന്നു. ആദ്യതവണ ഈ പേര് വരുന്നിടത്ത് ‘ഈശോ’യിലെ ‘ഈ’യ്ക്കു പകരം വട്ടെഴുത്ത് ലിപിയെങ്കില്‍ ‘എ’ എന്ന് വായിക്കാവുന്ന അക്ഷരമാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ പേരിന്റെ ഭാഗമായി തുടര്‍ന്നുവരുന്ന ‘ശോ’, ‘ദ’ എന്നീ അക്ഷരങ്ങള്‍ ഗ്രന്ഥാക്ഷരത്തില്‍ എഴുതിയിരിക്കുന്നതിനാല്‍ ഗ്രന്ഥാക്ഷരങ്ങളിലെ ‘ഈ’യോട് അടുത്തുവരുന്ന ചിഹ്നം കാണപ്പെടുന്നതിനാലും തുടര്‍ന്ന് നാലുതവണ ആവര്‍ത്തിക്കുന്ന ‘സപീരിശോ’ എന്ന പേരിനെ ‘സപീര്‍’, ‘ഈശോ’ എന്നിങ്ങനെ പിരിച്ചെഴുതാന്‍ കഴിയുന്നിടത്ത് ‘ഈ’ എന്ന അക്ഷരം വരുന്നതിനാലും ‘സപീരീശോ’യിലെ ‘പീ’ എന്ന അക്ഷരത്തിലെ ഈകാരചിഹ്നം പ്രസ്തുത ചിഹ്നത്തോട് സാമ്യമുള്ളതിനാലും ‘ഈശോ ദ തപീരായി’ എന്നു വായിക്കുന്നതാണ് ഉചിതമെന്ന് ഞങ്ങള്‍ കരുതുന്നു.
‘ത’, ‘സ’ എന്നീ അക്ഷരങ്ങള്‍ തമ്മില്‍ സുറിയാനിയില്‍ ഭേദമില്ലെന്ന് നേരത്തേ തരിസാപ്പള്ളി കണ്ടല്ലോ. തപീറിലെ ‘ത’യും സാപോറിലെ ‘സ’യും തമ്മില്‍ ഭേദമില്ല. സുറിയാനിയിലെ ‘ദ്’ എന്ന ഗതി (ുൃലുീശെശേീി) ‘ന്റെ’, ‘ഉടെ’ (ീള) എന്ന് അര്‍ത്ഥം വരുന്ന ഷഷ്ഠിവിഭക്തിപ്രത്യയമാണ്. ‘റൂഹാ ദകുദ്ശാ’ (വിശുദ്ധിയുടെ ആത്മാവ്) യിലെ ‘ദ’ ഉദാഹരണമാണ്. അതായത് തപീറിന്റെ/തപീറിലെ ഈശോ എന്ന് ‘ഈശോ ദ തപീറി’ന് അര്‍ത്ഥം വരുന്നു. ‘ഈശോ’ എന്നത് വ്യക്തിനാമവും ‘സപീര്‍’ വീട്ടുപേര് അഥവ സ്ഥലപ്പേരുമായിരിക്കണം.
മാര്‍ എന്ന സുറിയാനി പദം മാറാന്‍ എന്ന രൂപത്തിലും മലയാളത്തില്‍ ഉപയോഗിക്കുന്നുണ്ട്. പൗരസ്ത്യസുറിയാനിയിലെ ‘മാര്‍’ (കര്‍ത്താവ്, നാഥന്‍, പ്രഭു, വിശുദ്ധന്‍), ‘മാറാന്‍’ (എന്റെ കര്‍ത്താവ്, നാഥന്‍, പ്രഭു) ആണ് ‘മരുവാനാ’യി രൂപപ്പെടുന്നത്. ‘മാറാനത്താ’ (കര്‍ത്താവേ, വേഗം വരണമേ) തുടങ്ങിയ പ്രയോഗങ്ങളിലും പുരാതനപ്പാട്ടുകളിലെ ”മാറാന്‍ പിറന്നു വറുഗീസു കൈക്കൊണ്ടു”, ”മാറാന്റെ മുന്നൂറ്റി നാല്പത്തിയഞ്ചില്‍” തുടങ്ങിയ വരികളിലും ഈശോയെ കുറിക്കുവാനുപയോഗിച്ചിരുന്ന ഈ പദം പിന്നീട് മെത്രാന്‍മാര്‍ക്കും ഉന്നതസ്ഥാനീയരായ വ്യക്തികള്‍ക്കും പൗരസ്ത്യക്രൈസ്തവ ദേശങ്ങളില്‍ ഉപയോഗിക്കാന്‍ തുടങ്ങി. ഇതില്‍നിന്ന് മരുവാന്‍ എന്ന് രൂപപരിണാമം സംഭവിച്ചതായിരിക്കണം. മിത്രവാന്‍/മെഹര്‍വാന്‍ എന്ന പേര്‍ഷ്യന്‍ പദത്തില്‍നിന്നാണ് മരുവാന്‍ എന്ന പദം വരുന്നത് എന്ന വാദവുമുണ്ട്.
തരിസാപ്പള്ളിക്കാണ് ചെപ്പേട് നല്കിയിരിക്കുന്നതെങ്കിലും പള്ളിയാര്‍ക്കും പള്ളിയാരുടെ സേവനത്തിനായി വിട്ടുനല്കിയിരിക്കുന്ന വീട്ടുകാര്‍ക്കും ഈ ചെപ്പേടില്‍ പറഞ്ഞിരിക്കുന്ന ചില ആനുകൂല്യങ്ങളും അവകാശങ്ങളും ലഭിക്കുന്നതിനാല്‍ അവരും ഈ ചെപ്പേടിന് അവകാശി കളാണ്. നാലു തവണ തരിസാപ്പള്ളിക്ക് എന്ന് പട്ടയത്തില്‍ പറയുന്നുണ്ടെങ്കിലും ആദ്യതവണ തരുസാപ്പള്ളി എന്നാണ് എഴുതിയിരിക്കുന്നത്. തരിസാപ്പള്ളിയിലെ തരിസാ എന്ന വാക്കിന്റെ ഉദ്ഭവത്തെപ്പറ്റി പല വ്യാഖ്യാനങ്ങളുമുണ്ട്. തരീസാ (ത്‌റീസാ) എന്ന സുറിയാനി വാക്കിന് നേര്‍വിശ്വാസം, സത്യവിശ്വാസം എന്നൊക്കെയാണര്‍ത്ഥം. വേദത്തെപ്പറ്റി തര്‍ക്കങ്ങള്‍ സഹിക്കേണ്ടിവന്ന കാലത്തും വിശ്വാസത്തില്‍ സ്ഥൈര്യസമേതം നിലനിന്നവര്‍ക്കു ത്‌റീസാ എന്ന നാമം സിദ്ധിക്കുകയും ആ പേര്‍ ചെപ്പേട് എഴുതപ്പെട്ട കാലത്ത് ഉപയോഗത്തില്‍ ഇരിക്കുകയും ചെയ്തതിനാലാണ് തരിസാപ്പള്ളി അഥവാ നേര്‍വിശ്വാസികളുടെ പള്ളി എന്ന് ചെപ്പേടില്‍ എഴുതുവാന്‍ ഇടയായത് എന്ന് ബര്‍ണാര്‍ഡ് തോമാ അഭിപ്രായപ്പെടുന്നു.
തരിസാപ്പള്ളി എന്നത് തരുതായ്ക്കളുടെ പള്ളി എന്നും വ്യാഖ്യാനിക്കാമെന്ന് എം.എം. പുരുഷോത്തമന്‍ നായര്‍ പറയുന്നു (കടുത്തുരുത്തിക്കടുത്ത് ഞീഴൂര്‍ സ്വദേശിയായ ഇദ്ദേഹമാണ് കോഴിക്കോട് സര്‍വകലാശാലയില്‍ കൈയ്യെഴുത്ത് രേഖാലയം സ്ഥാപിച്ചതും തിരുനിഴല്‍മാല എന്ന പ്രശസ്ത പ്രാചീന മലയാളസാഹിത്യകൃതി കണ്ടെത്തി പ്രസിദ്ധീകരിച്ചതും). തരുതായ്ക്കള്‍ എന്നതിന് ക്രിസ്തീയവിശ്വാസികള്‍ എന്നാണ് അര്‍ത്ഥം. കടുത്തുരുത്തി വലിയപള്ളിയുടെ പാട്ടിന്റെ നാലാം പാദത്തില്‍ ”തരുതായ്ക്കള്‍ ജനത്തിന്റെ പരിപാലം വരുത്തീടും മര്‍ത്തോമറിയം” എന്ന് പാടുന്നത് ഉദാഹരണമായി കാണാവുന്നതാണ്. ‘താവ്’ എന്ന സുറിയാനി അക്ഷരത്തിന് ‘ത’ എന്നും ‘സ’ എന്നും ഉച്ചാരണമുണ്ട്. താവിന്റെ അടിയില്‍ കുത്തിട്ട്, ആധുനിക സുറിയാനിയില്‍ ‘സ’ എന്ന ശബ്ദമായി കാണിക്കുന്നു. (സുറിയാനിയില്‍ സ്വരഉച്ചാരണത്തിന് ചിഹ്നം ചേര്‍ക്കുന്ന വ്യവസ്ഥ താരതമ്യേന ആധുനികമാണ്.) ‘ബേത്ശ്ലീഹേ’ (ശ്ലീഹന്‍മാരുടെ ഭവനം), ‘ബേസ്ശ്ലീഹേ’ എന്നും ‘തൂവാനീതാ’ (ഭാഗ്യവതി) ‘തൂവാനീസാ’ എന്നുമാണല്ലോ ഉച്ചരിക്കാറ്.
പേര്‍ഷ്യന്‍ സുറിയാനിസഭയില്‍നിന്ന് വന്നവരും ഉദയംപേരൂര്‍ സൂനഹദോസിനുമുമ്പ് ഭാരതസഭ വിശുദ്ധരെന്ന് കണക്കാക്കിയിരുന്നവരുമായ മാര്‍ സാപോര്‍, മാര്‍ പ്രോത്ത് എന്നീ മെത്രാന്‍മാരിലെ മാര്‍ സാപോര്‍ തന്നെ ആയിരിക്കാം സപീരീശോ. മാര്‍ ഈശോ ദാതപീറായിയുടെ ആസ്ഥാനദേവാലയവും തരിസാപ്പള്ളിതന്നെ ആയിരുന്നിരിക്കണം. 13-ാം ശതകത്തില്‍ ഇന്ത്യയില്‍ ആദ്യമായി ലത്തീന്‍ രൂപത കൊല്ലത്ത് സ്ഥാപിച്ചപ്പോള്‍ മെത്രാന്റെ ആസ്ഥാനദേവാലയമായതും ഈ പള്ളിതന്നെയായിരിക്കണം. പോര്‍ച്ചുഗീസുകാരുടെ ആഗമനത്തിനുശേഷം പള്ളി ലത്തീന്‍ മെത്രാന്‍മാരുടെ കീഴില്‍ തുടരുകയും സുറിയാനിക്കാര്‍ പുറത്തേക്ക് മാറി മറ്റൊരു പള്ളി സ്ഥാപിക്കുകയും ചെയ്തു. മാര്‍ റോസ് കൊടുങ്ങല്ലൂര്‍ രൂപതാമെത്രാനായതിനുശേഷ (എ.ഡി. 1601) മാണ് ശാസനപ്രകാരമുള്ള നികുതിവരുമാനം ആര്‍ക്കാണ് ലഭിക്കേണ്ടത് എന്ന തര്‍ക്കത്തില്‍, 150 രാജപ്പണം പ്രതിവര്‍ഷം തരിസാപ്പള്ളിക്ക് നല്കണമെന്ന വ്യവസ്ഥയോടെ, സുറിയാനിപ്പള്ളിക്ക് അനുകൂലമായി തീര്‍പ്പുകല്പിക്കുന്നത്. ഈ പള്ളി പിന്നീട് കടലെടുത്ത് പോയി. കൊല്ലം തുറമുഖത്തിന്റെ ആഴം കൂട്ടുന്നതിനുവേണ്ടി ഡ്രഡ്ജിംഗ് നടത്തിയത് പള്ളി നിന്നിരുന്ന സ്ഥലത്താണ്.
കടലിലൂടെ എത്തി നഗരം സ്ഥാപിച്ചവരുടെ പള്ളിയെ കടലെടുത്തെങ്കിലും അവരിലൂടെ ലഭിച്ച തരിസാപ്പള്ളിപ്പട്ടയത്തിലൂടെ അവരും കേരള സാംസ്‌കാരികചരിത്രവും പുതുജീവന്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *