കാര്‍ഡിനാള്‍ കൂവക്കാടിന് ഹൂസ്റ്റണ്‍ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ ഉജ്ജ്വല സ്വീകരണം

ഹൂസ്റ്റണ്‍: ചങ്ങനാശ്ശേരി അതിരൂപതാംഗവും വത്തിക്കാന്റെ അന്തര്‍ദ്ദേശീയ മതസൗഹാര്‍ദ്ദ കാര്യാലയത്തിന്റെ (Dicastery for Interreligious Dialogue) പ്രിഫെക്ടുമായ കാര്‍ഡിനാള്‍ മാര്‍ ജോര്‍ജ്ജ് കൂവക്കാടിന് ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോന ഇടവകയില്‍ ആവേശോജ്ജ്വലമായ സ്വീകരണം നല്‍കി. ജൂലൈ 5 ഞായറാഴ്ച രാവിലെ 11:15ന് ദൈവാലയാങ്കണത്തില്‍ എത്തിയ കാര്‍ഡിനാളിനെ വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടില്‍ , കൈക്കാരന്മാര്‍, സിസ്റ്റേഴ്‌സ്, ഇടവകജനം എന്നിവര്‍ ചേര്‍ന്ന് സ്‌നേഹത്തോടെ സ്വീകരിച്ച് ആനയിച്ചു.തുടര്‍ന്ന്, കാര്‍ഡിനാള്‍ മാര്‍ ജോര്‍ജ്ജ് കൂവക്കാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചുകൊണ്ട് വിശുദ്ധ മാര്‍ തോമാ ശ്ലീഹായുടെ തിരുനാള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു. വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, അസി. വികാരി ഫാ. ജോഷി വലിയവീട്ടില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

വിശുദ്ധ കുര്‍ബാന മധ്യേ നല്‍കിയ വചനസന്ദേശത്തില്‍, അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള തന്റെ വ്യക്തിപരമായ അനുഭവങ്ങളും അദ്ദേഹത്തിന്റെ നന്മകളും കാര്‍ഡിനാള്‍ പങ്കുവെച്ചു. ഒപ്പം, കത്തോലിക്കാ വിശ്വാസവും ക്‌നാനായ പാരമ്പര്യങ്ങളും തനിമ ചോരാതെ കാത്തുസൂക്ഷിക്കുന്ന ക്‌നാനായ സമൂഹത്തെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.സഭയിലെ ഉന്നത പദവികളിലേക്ക് ഉയര്‍ത്തപ്പെട്ട കാര്‍ഡിനാള്‍ മാര്‍ ജോര്‍ജ്ജ് കൂവക്കാടിന്, ഇടവക ട്രസ്റ്റി കോര്‍ഡിനേറ്റര്‍ സജി മാരങ്ങാട്ടിലിന്റെ നേതൃത്വത്തിലുള്ള പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ പൂച്ചെണ്ടു നല്‍കി ആദരവും അഭിനന്ദനങ്ങളും അറിയിച്ചു. ചടങ്ങില്‍ വെച്ച് ഇടവകയിലെ സീനിയര്‍ സിറ്റിസണ്‍സ് മിനിസ്ട്രി അംഗങ്ങളെയും അള്‍ത്താര ശുശ്രൂഷകരെയും അദ്ദേഹം പ്രത്യേകം ആശീര്‍വദിച്ചു. വികാരി ഫാ. മുത്തോലത്ത് കര്‍ദ്ദിനാളിനെ അനുമോദിക്കുകയും നന്ദി അര്‍പ്പിക്കുകയും ചെയ്തു.

സിസ്റ്റര്‍ റെജി, സജി മാരങ്ങാട്ടില്‍, സാബു കറുകപ്പറമ്പില്‍, ജെയിംസ് വടക്കേക്കര, നിധിന്‍ വട്ടമറ്റത്തില്‍, ജോസ് പുളിക്കത്തൊട്ടിയില്‍, ബിബി തെക്കനാട്ട്, ജോസ് താന്നിച്ചുവട്ടില്‍, ജോസ് കുറുപ്പംപറമ്പില്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണ പരിപാടികള്‍ വിജയകരമായി സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *