1806-ല്‍ കണ്ടെടുത്ത 6 ചെമ്പുതകിടുകളില്‍ സാക്ഷിയേടിനെ തരിസാപ്പള്ളിശാസനത്തിന്റെ ഭാഗമെന്ന് അവതരിപ്പിക്കുന്ന തിനുമുമ്പ്, ക്‌നായിത്തൊമ്മന്‍ ചെപ്പേടൊഴികെ മേല്‍സൂചിപ്പിച്ച മറ്റൊരു ചെപ്പേടും അറബി, പേര്‍ഷ്യന്‍ ഭാഷകളിലോ കുഫിക്, പാഹ്‌ലവി, ഹീബ്രു ലിപികളിലോ എഴുതപ്പെട്ടതായി സൂചന കളില്ല. ആകയാല്‍ സാക്ഷിയേടിന്റെ ഭാഗമായി പരിഗണിക്കാന്‍ അവശേഷിക്കുന്നത് ക്‌നായിത്തൊമ്മന്‍ ചെപ്പേടാണ്. ക്‌നായി ത്തൊമ്മന്‍ ചെപ്പേടുമായി സാക്ഷിയേടിനെ ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാന കണ്ണി, പോര്‍ച്ചുഗീസുകാരുടെ കൊച്ചിതാവള ത്തിന്റെ സൂക്ഷിപ്പുകാരനായ പേരോ ദെ സെക്വേരോ നല്കുന്ന വിവരണം ദമിയാവൊ ഗൊയിസ് 1566-ല്‍ എഴുതിയ പോര്‍ച്ചു ഗലിലെ ദോം മാനുവല്‍ രാജാവിന്റെ ജീവചരിത്രത്തില്‍ ചേര്‍ത്തിരിക്കുന്നതാണ്.
ഈ ജീവചരിത്രത്തില്‍, കല്ദായ മെത്രാന്‍ മാര്‍ ജേക്കബിന്റെ (+1552) ആവശ്യപ്രകാരം ക്‌നായിത്തൊമ്മന്‍ ചെപ്പേട് 20 ക്രൂസാദോ (പോര്‍ച്ചുഗീസ് നാണയം) നല്കി പേരോ ദെ സെക്വേരോ വീണ്ടെടുക്കുന്നതിനെക്കുറിച്ചും അത് കൊച്ചി രാജാവിന്റെ ശുപാര്‍ശക്കത്തോടെ വിവിധ പ്രാചീനഭാഷകളിലും ലിപികളിലും പ്രാവീണ്യമുള്ള കൊച്ചിയിലെ ഒരു യഹൂദനെ ക്കൊണ്ട് വായിപ്പിച്ച് പകര്‍ത്തിയെഴുതിച്ചതിനെക്കുറിച്ചും അതിന്റെ പോര്‍ച്ചുഗീസ് തര്‍ജമ തയ്യാറാക്കി മാനുവല്‍ രാജാവിന് അയച്ചുനല്കിയതിനെക്കുറിച്ചും മൂലചേപ്പേട് കൊച്ചിതാവളത്തില്‍ സൂക്ഷിച്ചതിനെക്കുറിച്ചും വിവരിക്കു ന്നുണ്ട്. ഈ ചെപ്പേട് വീണ്ടെടുത്ത്, കൊച്ചി രാജാവിന്റെ ശുപാര്‍ശക്കത്ത് വാങ്ങി, വായിക്കാനാളെ അന്വേഷിച്ച് കണ്ടെത്തി, പകര്‍പ്പും തര്‍ജമയും ചെയ്യിപ്പിച്ച് തന്റെ രാജാവിന് അയച്ചുകൊടുക്കുകയും മൂലചെപ്പേട് കൊച്ചിതാവളത്തില്‍തന്നെ തന്റെ ഉദ്യോഗം തീരുന്നതുവരെ (1556) സംരക്ഷിക്കുകയും ചെയ്ത പേരോ ദെ സെക്വേരോയുടെ വാക്കുകള്‍ വിശ്വസനീയ മായി കരുതുന്നു. (ചേരമാന്‍ പെരുമാള്‍ മാര്‍ത്തോമ്മാ ശ്ലീഹായ്ക്ക് നല്കിയതാണ് ഈ ചെപ്പേട് എന്ന് ദമിയാവൊ ഗോയിസ് രേഖപ്പെടുത്തിയിരിക്കുന്നത് ലേഖകപ്രമാദമായിരി ക്കണമെന്ന് മുന്‍ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതായത് ക്‌നായിത്തോമ്മായ്ക്ക് നല്കിയ ചെപ്പേടാണിതെന്ന് ഉള്ളടക്കത്തില്‍നിന്ന് വ്യക്തമാകുന്നുണ്ടെങ്കിലും, യഹൂദന്റെയോ, ദെ സെക്വേരോയുടെയോ, ഗോയിസിന്റിയോ ഭാഗത്തുനിന്നു വന്ന ഒരു തെറ്റാകാം ക്‌നായിത്തോമ്മായ്ക്ക് പകരം മാര്‍ത്തോമ്മാ ശ്ലീഹായ്ക്കാണ് ഈ ചെപ്പേട് നല്കിയത് എന്നെഴുതാന്‍ കാരണം. പോര്‍ച്ചുഗീസ് വൈസ്രോയിയുടെ പേര് ചേര്‍ത്തതിലും തെറ്റ് പറ്റിയിട്ടുണ്ട്.)
സാക്ഷിയേടിനെ ക്‌നായിത്തൊമ്മന്‍ ചെപ്പേടുമായി ബന്ധിപ്പിക്കാനുള്ള ചില സൂചനകള്‍ സെക്വേരോയുടെ വിവരണത്തിലുണ്ട്. വിവരണപ്രകാരം രണ്ടു ഏടുകളാണ് ഈ ചെപ്പേടിനുള്ളത്. മുകളില്‍ മോതിരവളയം കൊണ്ട് ബന്ധിച്ചിട്ടുണ്ട്. ഇത് അറബി, പേര്‍ഷ്യന്‍, മലബാര്‍ എന്നീ മൂന്ന് ഭാഷകളിലാണ് എഴുതിയിരിക്കുന്നത്. പല ഭാഷകളിലെ വാക്കുകള്‍ ഇടകലര്‍ത്തിയാണ് എഴുതിയിട്ടുള്ളത്. പല ഭാഷകളിലെ വാക്കുകള്‍ ഒരുമിച്ച് ചേര്‍ത്താലാണ് ഒരു വാക്യത്തിന്റെ അര്‍ത്ഥം പൂര്‍ണമാവുക.
ക്‌നായിത്തൊമ്മന്‍ ചെപ്പേടിന്റെ രണ്ടാം ഏട്?
