ബര്‍മറിയം: ചില തെറ്റുദ്ധാരണകള്‍

സുറിയാനിഭാഷയില്‍ ധാരണയില്ലാതെ, മറിയം എന്ന വാക്കുണ്ട് എന്നതിനാല്‍ മറിയത്തോടുള്ള പ്രാര്‍ത്ഥനയെന്നോ, മറിയത്തിന്റെ സ്‌തോത്രഗീതമെന്നോ ഒക്കെ ഈ സ്തുതിപ്പിനെ ക്കുറിച്ച് ചിലര്‍ പറയുന്നത് തെറ്റാണ്. ഈ സ്തുതിപ്പ് മറിയത്തെയല്ല, മറിച്ച് മറിയത്തിന്റെയും ദൈവത്തിന്റെയും മകനായ ഈശോയെയാണ് അഭിസംബോധന ചെയ്യുന്നത്.
ഇതൊരു ആശീര്‍വാദപ്രാര്‍ത്ഥനയുമല്ല. ഈശോയോ പിതാവായ ദൈവമോ ആശീര്‍വാദം നല്കുന്നതായി കാണിക്കുന്നതോ, ആശീര്‍വാദം അഭ്യര്‍ത്ഥിക്കുന്നതോ ആയ ഒരു ഭാഗവും ഈ സ്തുതിപ്പില്‍ കാണുന്നില്ല. മറിച്ച് ഈശോയുടെ രക്ഷാകരപദ്ധതിയെ അനുസ്മരിക്കുന്നതും എന്നേയ്ക്കും വാഴ്ത്തപ്പെട്ടവനായ ഈശോയ്ക്ക് എല്ലാവരും ചേര്‍ന്ന് സ്തുതി കരേറ്റുന്നതുമാണ് നാമിവിടെ കാണുന്നത്.
ക്‌നാനായവിവാഹത്തോടനുബന്ധിച്ച് ഈ സ്തുതിപ്പ് പാടുന്ന പശ്ചാത്തലത്തിലായിരിക്കണം കാനായിലെ കല്യാണവിരുന്നുമായി ബന്ധപ്പെട്ട കാര്യങ്ങളും ഈ ഗീതത്തിലുണ്ടെന്ന ചിലരുടെ നിരീക്ഷണം ഉണ്ടായിരിക്കുന്നത്. എന്നാല്‍ പാഠത്തിലൊരിടത്തും കാനായിലെ കല്യാണമോ കാനായോ പരാമര്‍ശിതമാകുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *