സൂര്യചന്ദ്രന്‍മാര്‍ ഉള്ളിടത്തോളം ചെപ്പേടുകളും ഉണ്ടാവും

അക്കാലത്ത് കേരളത്തില്‍ രാജാക്കന്‍മാര്‍ ഒന്നോ അതിലധികമോ ഉണ്ടായിരുന്നത് എന്ന കാര്യത്തില്‍ നമ്മുടെ ജനം സംശയിക്കു ന്നുണ്ട്. എന്നാല്‍, ഇപ്പറഞ്ഞ പദവികള്‍ എഴുതപ്പെട്ടത് ചെപ്പേടുകളിലാണെ ന്നതിനും സൂര്യ, ചന്ദ്രന്‍മാരാണ് സാക്ഷികള്‍, അതായത്, അവര്‍ പറയുന്നതുപോലെ, സൂര്യചന്ദ്രന്‍മാര്‍ ഇല്ലാതെയാകുന്ന പക്ഷം ഈ പദവികളും ഇല്ലാതെയാകും എന്നതിനും യാതൊരു സംശയവുമില്ല. (തോമാശ്ലീഹാ മാനസാന്തരപ്പെടുത്തിയ) ചേരിഗോന്‍ പെരിമാള്‍ തന്റെ രാജ്യം വിഭജിച്ചുനല്കിയ കേരളരാജാക്കന്‍മാരുടെ മുഖ്യനെ സക്കര വിത്തിയ എന്നാണ് വിളിച്ചിരുന്നത്. അദ്ദേഹമാണ് മുകളില്‍ പറഞ്ഞ കാനായി തോമെയുടെ അഭ്യര്‍ത്ഥനപ്രകാരം വളരെയധികം പദവികള്‍ അനുവദിച്ചത്.”
ബ്രിട്ടീഷ് മ്യൂസിയത്തില്‍ സൂക്ഷിക്കുന്ന എം.എസ്. സ്ലൊവാനെ 2748-എ എന്ന, 1676നോട് ചേര്‍ന്ന വര്‍ഷങ്ങളില്‍ എഴുതിയ റിപ്പോര്‍ട്ടില്‍നിന്നാണ് ഈ ഉദ്ധൃതം. ഇതിന്റെ കര്‍ത്താവ് രണ്ടു തവണയായി 15 വര്‍ഷത്തിലധികം കേരളത്തില്‍ ഉണ്ടായിരുന്ന കര്‍മ്മലീത്താ വൈദികനായ ഫാ. മാത്യു ഓഫ് സെന്റ് ജോസഫ് ആണെന്നാണ് ബഹു. കൊല്ലാപറമ്പിലച്ചന്റെ നിഗമനം. ഫാ. സെബസ്ത്യാനിയുടെ സഹായിയായി കേരളത്തില്‍ വന്നതും ഭാരതത്തിലെ ആദ്യ തദ്ദേശീയ മെത്രാനായ മാര്‍ പറമ്പില്‍ ചാണ്ടിയുടെ അടുത്ത സഹപ്രവര്‍ത്തക നായിരുന്നതും ഈ വിവരണങ്ങള്‍ക്ക് സഹായകമായിരിക്കണം.

ഫാ. ജോസഫ് കരിയാറ്റില്‍
മുന്‍പറഞ്ഞ മാര്‍ത്തോമ്മാക്രിസ്ത്യാനികളുടെ ഇടയില്‍ തെക്കെംപാവെരെന്ന് വിളിക്കപ്പെടുന്ന ഇരുപത്തഞ്ച്- മുപ്പതിനായിരത്തിനിടയില്‍ അംഗസംഖ്യയുള്ള ഒരു ചെറിയ വിഭാഗമുണ്ട്. അവര്‍ ഒരേ റീത്തില്‍ പെടുന്ന ക്രിസ്ത്യാനികളാണെങ്കിലും വൈദേശിക വീട്ടുപേരുകള്‍ നിലനിര്‍ത്തുന്നവരും അവരുടെ സഭയുടെയോ റോമന്‍ സഭയുടെയോ അനുഷ്ഠാനക്രമങ്ങളില്‍ കാണാത്ത അനേകം ആചാരങ്ങള്‍, വിവാഹം മുതലായ അവസരങ്ങളില്‍ പ്രത്യേകിച്ചും, പാലിക്കുന്നവരുമാണ്.
റോമിലെ പ്രശസ്തമായ പ്രൊപ്പഗാന്താ ഫീദെ കോളേജില്‍ പഠിച്ച് ഡോക്ടറേറ്റ് നേടിയ ഫാ. ജോസഫ് കരിയാറ്റില്‍, ഭാരതസഭയിലെ ഭിന്നതകള്‍ ഇല്ലാതാക്കാന്‍ (ക്‌നാനായ സമുദായത്തിന്റെ മുഖ്യസാമ്പത്തികസഹായത്തോടെ നീണ്ടൂര്‍ പൂതത്തില്‍ കുടുംബത്തില്‍നിന്ന്) യൂറോപ്പിലേക്ക് യാത്ര തിരിച്ച സംഘത്തിന്റെ നേതാവായിരുന്നു. പോര്‍ച്ചുഗലില്‍വച്ച് ഭാരതത്തിലെ ആദ്യ തദ്ദേശീയ മെത്രാപ്പോലീത്തയായി അഭിഷേകം ചെയ്യപ്പെട്ട വ്യക്തിയുമാണ്. കേരളരാജ്യത്തിലെ വിശേഷങ്ങള്‍ എന്ന പേരില്‍ ഇദ്ദേഹം എഴുതിയ ഭാഗത്തു നിന്നാണ് ഉദ്ധൃതം. ക്‌നായിത്തൊമ്മന്‍ ചെപ്പേടിനെക്കുറിച്ചും പദവികളെക്കുറിച്ചും ഇതില്‍ പ്രതിപാദിക്കുന്നില്ലെങ്കിലും വടക്കുംഭാഗരില്‍നിന്ന് വ്യത്യസ്തമായ പല ആചാരങ്ങളും, പ്രത്യേകിച്ച് വിവാഹാവസരത്തില്‍, തെക്കുംഭാഗര്‍ അനുഷ്ഠിക്കുന്നതായി ഇതില്‍ പറയുന്നു. ബഹു. കരിയാറ്റില്‍ മല്പാന്‍ ഇന്ത്യാക്കാരനാണെങ്കിലും പ്രസ്തുത രേഖ പോര്‍ത്തുഗീസ് ഭാഷയില്‍ വിരചിതമായതിനാലാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്.

ഫാ. മാത്യു വെട്ടിക്കൂറ്റേല്‍
“കേരളക്രിസ്ത്യാനികള്‍ ഉടന്‍തന്നെ അവരെ അംഗീകരിച്ചു. അവര്‍ ഏവരും ഒരുമിച്ച് വിദേശത്തുനിന്ന് എത്തിയ സഹോദര ങ്ങളുടെ അടുക്കല്‍ ഉപദേശത്തിന് ചെന്നു. അതിനുശേഷം കേരളം മുഴുവന്റെയും രാജാവായ ശെര്‍കൂനിന്റെ അടുക്കല്‍ ചെല്ലുകയും അദ്ദേഹത്തിന് സമ്മാനങ്ങള്‍ നല്കുകയും ചെയ്തു. സമ്മാനങ്ങളില്‍ സംതൃപ്തനായ രാജാവ് അവരോട് പറഞ്ഞു. എന്നോട് നിങ്ങള്‍ ആവശ്യപ്പെടുന്നതെന്തും നിങ്ങള്‍ക്ക് ഞാന്‍ നല്കും. അവര്‍ ആഗ്രഹിച്ച നല്ല നീളവും വീതിയുമുള്ള സ്ഥലം അവര്‍ക്ക് അദ്ദേഹം നല്കി. കൂടാതെ രാജാവിന്നടുത്ത പദവികള്‍ ഒക്കയും ചെപ്പേടില്‍ എഴുതി അദ്ദേഹം നല്കി. ഈ തകിടുകള്‍ ഇന്നോളം ഞങ്ങളുടെയിടയില്‍ സംരക്ഷിക്കപ്പെടുന്നുണ്ട്. രാജാവില്‍നിന്ന് ഇതെല്ലാം സ്വീകരിച്ച ശേഷം പള്ളിയും പട്ടണവും പണിയുന്നതിന് അവര്‍ മാല്യംകരയ്ക്ക് മടങ്ങി. കുരംകലൂര്‍ എന്ന സ്ഥലത്ത് രാജാവില്‍ നിന്ന് ദാനമായി ലഭിച്ചിടത്ത് അവര്‍ ഒരു പള്ളിയും കിഴക്കുനിന്ന് പടിഞ്ഞാറേക്ക് ഇരുവശത്തുമായി 472 വീടുകളോടുകൂടിയ ഒരു പട്ടണവും നിര്‍മിച്ച് യഥാസമയം താമസമാരംഭിച്ചു.”
കേരളത്തിലുണ്ടായിരുന്ന മാര്‍ ഗബ്രിയേല്‍ എന്ന നെസ്‌തോറിയന്‍ മെത്രാപ്പോലീത്തയുടെ വിഭാഗത്തില്‍പെട്ട വെട്ടിക്കൂറ്റേല്‍ മത്തായി കത്തനാര്‍ 1720-ല്‍ പകര്‍ത്തി അയച്ചുകൊടുത്ത “മലയാളത്തിലൊള്ള സുറിയാനിക്കാര്‍ക്ക് ഭവിച്ച ഭവിതങ്ങള്‍” എന്ന ലിഖിതത്തില്‍ ചെപ്പേട് സംബന്ധമായ പരാമര്‍ശം സ്വദേശീയ രേഖകളുടെ ഭാഗമായി നമ്മുടെ പഠനത്തില്‍ ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ ഇവിടെ നല്കിയിരി ക്കുന്നത് പൂര്‍വികമായി ഇവിടെ നിലനിന്നിരുന്ന ചരിത്രഗ്രന്ഥങ്ങളെ ആധാരമാക്കി സുറിയാനി ഭാഷയിലും ലിപിയിലും അദ്ദേഹം തന്നെ എഴുതിയതെന്ന് വിശ്വസിക്കപ്പെടുന്നതും നെതര്‍ലന്‍ഡ്‌സിലെ ലെയ്ഡന്‍ അക്കാദമിയില്‍ എം.എസ്. 1213 നമ്പറില്‍ സൂക്ഷിക്കപ്പെടുന്നതുമായ രേഖയിലെ ഏതാനും ഭാഗത്തിന്റെ തര്‍ജമയാണ്. ക്‌നായിത്തോമ്മാ കേരളത്തില്‍ വന്ന ചരിത്രം വിശദമായി പറഞ്ഞതിനുശേഷമാണ് ഉദ്ധൃത ഭാഗമുള്ളത്.
(ക്‌നായിത്തൊമ്മന്‍ ചെപ്പേടുമായി ബന്ധപ്പെട്ട് പത്തൊന്‍പതാം നൂറ്റാണ്ടിനു മുമ്പുള്ള വിദേശീയ രേഖകളില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു രേഖ അബ്രഹാം ഹയാസിന്ത് ആന്‍ക്തില്‍ ഡു പെറോ തരീസാപ്പള്ളി ശാസനത്തിന്റെ ഫ്രഞ്ച് തര്‍ജമ നല്കിയിരിക്കുന്നതാണ്.

ഉപസംഹാരം
ക്‌നായിത്തൊമ്മന്‍ ചെപ്പേടിനെക്കുറിച്ച് വൈദേശികഭാഷകളില്‍ എഴുതപ്പെട്ട രേഖകളില്‍ ക്‌നായിത്തൊമ്മന്‍ ചെപ്പേട് സംബന്ധമായി കണ്ടെത്തിയ ഭാഗങ്ങളാണ് ചേര്‍ത്തിരിക്കുന്നത്. ബഹു. ജേക്കബ് കൊല്ലാപറമ്പിലച്ചന്‍ കണ്ടെത്തി ഇംഗ്ലീഷ് തര്‍ജമയോടെ നല്കിയിരിക്കുന്ന ഭാഗങ്ങളെ അധികരിച്ച് മലയാളം തര്‍ജമ തയ്യാറാക്കി നല്കുകയും ചെറിയ വിവരണങ്ങള്‍ നല്കുകയു മാണ് ചെയ്തിട്ടുള്ളത്. ഈ ചെപ്പേട് സംബന്ധമായി ഇപ്രകാരം പതിനാറ് രേഖകള്‍ 19-ാം നൂറ്റാണ്ടിനു മുമ്പായിത്തന്നെ വിദേശീയ രേഖകളായി നമുക്ക് ലഭിച്ചിട്ടുണ്ട്. 19, 20, 21 നൂറ്റാണ്ടുകളിലും ഈ ചെപ്പേട് സംബന്ധിയായി നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. സ്ഥല, സമയപരിമിതി മൂലം അവയെല്ലാം ഉപേക്ഷിക്കുകയാണ്. ഇത്രയധികം രേഖകളിലൂടെ നമ്മുടെ മുന്നില്‍ തെളിഞ്ഞുനില്ക്കുന്ന ക്‌നായിത്തൊമ്മന്‍ ചെപ്പേടിനെക്കുറിച്ച് സംശയിക്കുന്നവര്‍ സുവിശേഷത്തിലെ മാര്‍ത്തോമ്മാശ്ലീഹായുടെ പിന്‍ഗാമികള്‍ തന്നെയാണെന്നത് നിസംശയം.
ഈ രേഖകളില്‍ ചെപ്പേടിന്റെ (പല തവണ മറിഞ്ഞ) തര്‍ജമയും ചെപ്പേടിനെക്കുറിച്ചുള്ള വിവരങ്ങളും നാം കണ്ടുമുട്ടുന്നു. ചെപ്പേട് നല്കിയ വ്യക്തി, സ്വീകരിച്ച വ്യക്തി, പ്രയോക്താക്കള്‍, സാമൂഹികസ്ഥാനം, പദവികള്‍, സ്ഥലം, പള്ളി പണിയാന്‍ അനുവാദം തുടങ്ങിയ നിരവധി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും. ഒരുപക്ഷേ, നഷ്ടപ്പെട്ടുവെന്ന് നാം ഇപ്പോഴും കരുതുന്ന ഈ ചെപ്പേടിന്റെ വീണ്ടെടുപ്പിന് ഉതകുന്ന ഒരു അടയാളവാക്കെങ്കിലും ഈ രേഖകളില്‍ ഒളിഞ്ഞു കിടപ്പുണ്ടാവാം. ആ അടയാളവാക്കിന്റെ അന്വേഷണം നമ്മുടെ ഒരു മുഖ്യകടമയായിത്തീരട്ടെ എന്നാശംസിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *