തെക്കുംഭാഗരുടെ സ്വവംശവിവാഹനിഷ്ഠയും ക്‌നായിത്തോമ്മായും

ആമുഖം
കേരളചരിത്രത്തിന്റെ ഗതിവിഗതികളെ നിര്‍ണയിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുള്ള പേര്‍ഷ്യന്‍വംശജനും കല്‍ദായ സുറിയാനി സഭാംഗവുമാണ് ക്‌നായിത്തോമ്മാ. പാരമ്പര്യ മനുസരിച്ച്, ക്രിസ്തുവര്‍ഷം 345-ല്‍ ഉറുഹാ മാര്‍ യൗസേപ്പിന്റെയും നാലു വൈദികരുടെയും ഏതാനും ശെമ്മാശന്‍മാരുടെയും കൂടെ ഏഴില്ലം എഴുപത്തിരണ്ടു കുടുംബങ്ങളിലുള്ള നാനൂറോളം ആള്‍ക്കാരുമായി പേര്‍ഷ്യയില്‍ നിന്ന് ഭാരതസഭയെ ശാക്തീകരിക്കുക എന്ന ലക്ഷ്യവുമായി കേരളത്തിലെത്തിയ കുടിയേറ്റസംഘത്തിന് നേതൃത്വം നല്കിയ വ്യക്തിയാണ് ക്‌നായിത്തോമ്മാ. വൈദേശിക കച്ചവടത്തിന്റെയും സാമൂഹിക ഇടപെടലിന്റെയും ഫലമായി ചേരമാന്‍ പെരുമാളില്‍നിന്ന് സ്വീകരിച്ച രാജകീയ പദവികളിലൂടെയും ഭാരതസഭയ്ക്ക് കല്‍ദായ സഭയുമായി ഹയരാര്‍ക്കി ബന്ധം ആരംഭിച്ചതിലൂടെയും സുറിയാനി ആരാധനക്രമം കേരളത്തില്‍ കൊണ്ടുവന്നതിലൂടെയും മാര്‍ത്തോമ്മാക്രിസ്ത്യാനികളുടെ സഭാശാക്തീകരണത്തിലൂടെയും സ്വന്തം കുടിയേറ്റത്തിന്റെ ഫലമായി രൂപംകൊണ്ടതും സ്വന്തം പേരായ ക്‌നായി/കീനാന്‍ എന്ന പദത്തില്‍നിന്ന് ഉത്ഭവിച്ച ക്‌നാനായ എന്ന പേരിനാല്‍ അറിയപ്പെടുന്നതും കേരളസമൂഹത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായകപങ്ക് വഹിച്ചിട്ടുള്ളതുമായ ഒരു സമുദായത്തെ രൂപപ്പെടുത്തിയതിനാലും കേരളചരിത്രത്തെ വ്യതിരിക്തമായി അടയാളപ്പെടുത്തുവാന്‍ ക്‌നായിത്തോമ്മാ നിര്‍ണായക ശക്തിയായിട്ടുണ്ട്.
ക്‌നായിത്തോമ്മായുടെ കൂടെ കേരളത്തില്‍ കുടിയേറിയ സംഘം ഒരു വ്യതിരിക്തസമൂഹമായി നിലനിന്നിരുന്നുവെന്ന് പാരമ്പര്യം സാക്ഷിക്കുന്നു. ഇപ്രകാരം വ്യതിരിക്തസമൂഹമായി നിന്നവരാണ് തങ്ങള്‍ എന്ന് ക്‌നാനായസമുദായത്തിന്റെ പാരമ്പര്യങ്ങളും പുരാതനപ്പാട്ടുകളും ആദ്യകാല യൂറോപ്യന്‍ മാരുടെ വിവരണങ്ങളുമെല്ലാം സാക്ഷ്യപ്പെടുത്തുന്നു. ഈ വ്യതിരിക്തതയുടെ ഒരു പ്രധാന ഘടകം ക്‌നാനായക്കാര്‍ പുരാതനകാലം മുതലേ പരിപാലിച്ചുപോരുന്ന സ്വവംശവിവാഹ നിഷ്ഠയാണ്. അതായത്, ഒരു ക്‌നാനായവ്യക്തി സ്വസമുദായത്തില്‍നിന്ന് മാത്രമേ വിവാഹം കഴിക്കാറുള്ളൂ. ഏതെങ്കിലും കാരണവശാല്‍ സമുദായം വിട്ട് കല്യാണം കഴിക്കുന്ന വ്യക്തികളെ സാമുദായികകൂട്ടായ്മയുടെ ഭാഗമായി കണക്കാക്കിയിരുന്നില്ല. ഈ പാരമ്പര്യമാണ് ഈ സമുദായം ഇന്നും തുടരുന്നത്. സമുദായം ഇപ്രകാരമൊരു പാരമ്പര്യത്തില്‍ എത്തുന്നതിന് തങ്ങളുടെ യഹൂദ ഉത്ഭവവും കേരളത്തിലെ സാമൂഹ്യവ്യവസ്ഥിതിയും ഒക്കെ കാരണമായിട്ടുണ്ട് എന്നു കരുതാനാകും. അതോടൊപ്പം, മാതാവും പിതാവും ക്‌നാനായക്കാരാണെങ്കില്‍ മാത്രം അവരുടെ സന്താനങ്ങളെ ക്‌നാനായരായി പരിഗണിക്കുന്ന പാരമ്പര്യപ്രകാരം സമുദായം മാറി വിവാഹം കഴിക്കുന്നതിലൂടെയുണ്ടാകുന്ന സന്താനങ്ങള്‍ ക്‌നാനായക്കാരാകാത്തതിനാല്‍, അന്യസമുദായ അംഗങ്ങളു മായുള്ള വിവാഹങ്ങള്‍ സമുദായത്തിന്റെ നിലനില്‍പ്പ് ഭാവിയില്‍ അപകടത്തിലാക്കും എന്ന ബോധ്യമായിരിക്കണം ക്‌നാനായ സമുദായാംഗങ്ങളുടെ സ്വവംശവിവാഹനിഷ്ഠാ പാലനത്തിനും, സമുദായം മാറി വിവാഹം കഴിക്കുന്നവരെ സാമുദായിക കൂട്ടായ്മയുടെ ഭാഗമായി അംഗീകരിക്കാതിരിക്കുന്ന തിനും പ്രേരിപ്പിച്ചിട്ടുള്ളത്; ഇപ്പോഴും പ്രേരിപ്പിക്കുന്നത്.
തെക്കുംഭാഗ സാമുദായികകൂട്ടായ്മയുടെ ഭാഗമല്ലാത്ത ഒരാള്‍ക്ക് തെക്കുംഭാഗജനതയ്ക്കുവേണ്ടി സ്ഥാപിതമായ കോട്ടയം അതിരൂപതയില്‍ തുടരാനാവില്ല. ക്‌നാനായ സമുദായ അംഗമായ ഒരാള്‍ സമുദായം മാറി വിവാഹം കഴിക്കുമ്പോള്‍ ഉണ്ടാകുന്ന കുടുംബത്തെ ക്‌നാനായേതര രൂപതയിലേക്ക് ചേരുന്നതിന് ആവശ്യമായ അനുവാദം നല്കുകയാണ് ചെയ്യുന്നത്. കോട്ടയം അതിരൂപതാംഗത്വം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള അനുവാദം അതിരൂപതാ കൂരിയയില്‍നിന്ന് ആവശ്യപ്പെട്ട് നടപടികള്‍ പൂര്‍ത്തീകരിച്ച് ഇതര രൂപതയില്‍ ചേരുന്നത് സ്വാഭാവികമായും നൈയ്യാമികമായും കാലങ്ങളായി നടന്നുവരുന്നു. ഈ അനുവാദം നല്കലില്‍ ഇത്തരം വ്യക്തികളുടെ സാമ്പത്തികം, സാമൂഹികസ്ഥാനം, പ്രൊഫഷന്‍, ബൗദ്ധികനിലവാരം, വ്യക്തിപ്രഭാവം, കുടുംബമഹിമ, ലിംഗം തുടങ്ങിയ യാതൊരു വേര്‍തിരിവും കാണിക്കുന്നില്ല എന്നതും ആവശ്യപ്പെട്ടവരില്‍ ഓരാള്‍ക്കുപോലും അനുവാദം നിഷേധിച്ചിട്ടില്ലാ എന്നതും പ്രത്യേകം ശ്രദ്ധേയമാണ്.
കത്തോലിക്കാസഭയില്‍ ഭൂമിശാസ്ത്രപരമായ അതിര്‍ത്തിയോടെ (ടെറിട്ടോറിയല്‍ ബൗണ്ടറി) സ്ഥാപിക്കപ്പെട്ട ഒരു രൂപതയില്‍, ആ രൂപതാതിര്‍ത്തിക്ക് വെളിയിലേക്ക് ഒരംഗം താമസം മാറ്റുമ്പോഴും ഇതേ കാര്യം തന്നെയാണ് നടക്കുന്നത്. ഉദാഹരണത്തിന് പാലാ രൂപതാംഗമായ ഒരു വ്യക്തി തൃശ്ശൂര്‍ ടൗണില്‍ പോയി പാര്‍ത്താല്‍ സ്വാഭാവികമായും തൃശ്ശൂര്‍ അതിരൂപതയുടെ അംഗമാകേണ്ടിയിരിക്കുന്നു. അതിന്റെ നൈയ്യാമികപ്രക്രിയയാണ് മാമ്മോദീസക്കുറി അടക്കമുള്ള രേഖകളോടെ മാതൃരൂപതയില്‍നിന്ന് അനുവാദം വാങ്ങി പുതിയ രൂപതയില്‍ നല്കി അംഗത്വം മാറ്റിയെടുക്കുക എന്നത്. വ്യക്തിഗതമായ അധികാരപരിധിയോടെ സ്ഥാപിതമായ കോട്ടയം അതിരൂപതയില്‍, ഇപ്രകാരം വ്യക്തിഗതാധികാരം ഒരു വ്യക്തിയുടെമേല്‍ രൂപതാദ്ധ്യക്ഷന് ചെലുത്താനാവാത്ത സാഹചര്യത്തിലാണ് സഭാനടപടികളനുസരിച്ച് രൂപത മാറേണ്ടിവരുന്നത്. വിവാഹത്തോടനുബന്ധിച്ച് രൂപതാംഗത്വം മാറുന്നത് കത്തോലിക്കാസഭയില്‍ സ്വാഭാവികവും നിയമപരവുമാണ്. കേരളത്തില്‍ കത്തോലിക്കാസഭാംഗങ്ങളായ സ്ത്രീകള്‍ പൊതുവെ ഭര്‍ത്താവിന്റെ ഇടവകയും തത്ഫലമായി രൂപതയും വിവാഹാവസരത്തില്‍ സ്വീകരിക്കുന്നത് സ്വാഭാവി കമായ രൂപതാമാറ്റമാണ്. രണ്ടു പൗരസ്ത്യസഭകളിലെ വ്യക്തികള്‍ തമ്മില്‍ വിവാഹം കഴിക്കുമ്പോള്‍ പുരുഷന്റെ സഭയിലേക്ക് സ്ത്രീക്ക് ചേരാവുന്നത് കാനോനികമായ സഭാമാറ്റമാണ്.
എന്നാല്‍ അന്യസമുദായാംഗവുമായുള്ള വിവാഹ പശ്ചാത്തലത്തില്‍, കോട്ടയം അതിരൂപതയില്‍നിന്ന് അനുവാദം വാങ്ങി ഇതരരൂപതകളില്‍ ചേര്‍ന്നതിനുശേഷം വീണ്ടും ക്‌നാനായ സാമുദായിക കൂട്ടായ്മയില്‍ അംഗത്വം അവകാശപ്പെടുന്ന ചിലര്‍ ഈ സഭാനടപടികളെയും അതിന് ആധാരമായ സ്വവംശവിവാഹനിഷ്ഠാപാരമ്പര്യത്തെയും പ്രാമാണികതയെയും ചോദ്യം ചെയ്യുന്നുണ്ട്. ക്‌നായിത്തോമ്മാ യ്ക്ക് രണ്ടു ഭാര്യമാര്‍ (രണ്ടു നിയമാനുസൃത ഭാര്യമാരോ, ഒരു ഭാര്യയും ഒരു വെപ്പാട്ടിയുമോ) ഉണ്ടായിരുന്നു എന്നും അതില്‍ ഒരാള്‍ കേരളത്തില്‍നിന്നായിരുന്നു എന്നുമുള്ള ഏതാനൂം യൂറോപ്യന്‍ എഴുത്തുകാരുടെ ചില പരാമര്‍ശങ്ങളും അതിന്റെ വെളിച്ചത്തില്‍ 20-ാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ മാത്രം സ്വദേശീയര്‍ നല്കിയിരിക്കുന്ന ചില വിവരണങ്ങളുമാണ് ഈ സമുദായത്തിന്റെ സ്വവംശവിവാഹനിഷ്ഠാപാരമ്പര്യത്തിന്റെ പ്രാമാണികതയ്‌ക്കെതിരായി ഇവര്‍ മുന്നോട്ടുവയ്ക്കുന്നത്. കോട്ടയം രൂപതയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് 1987-ല്‍ ഡോ. ജേക്കബ് വെള്ളിയാന്‍ എഡിറ്റു ചെയ്തു പുറത്തിറക്കിയ സിംപോസിയം ഓണ്‍ ക്‌നാനൈറ്റ്‌സ് എന്ന ഗ്രന്ഥത്തില്‍ ആദ്യകാല യൂറോപ്യന്‍ എഴുത്തുകാരുടെ ക്‌നാനായസമുദായ സംബന്ധിയായി ലഭ്യമായ പ്രതിപാദ്യങ്ങള്‍ ശേഖരിച്ച് അവയുടെ തര്‍ജമയോടൊപ്പം ‘ഹിസ്റ്റോറിക്കല്‍ സോഴ്‌സസ് ഓണ്‍ ദ ക്‌നാനൈറ്റ്‌സ്’ എന്ന പേരില്‍ ഒരു ലേഖനം ബഹു. കൊല്ലാപറമ്പിലച്ചന്‍ ചേര്‍ത്തിരുന്നു. ഈ ലേഖനത്തിലെ പ്രതിപാദ്യങ്ങളുടെ വെളിച്ചത്തില്‍ ക്‌നായിത്തോമ്മായ്ക്ക് മലയാളിയടക്കം രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നു എന്ന് ബഹു. കൊല്ലാപറമ്പിലച്ചനും എഴുതി എന്ന തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ ചിലരുടെ ഭാഗത്തുനിന്ന് പിന്നീട് ഉണ്ടായി. താന്‍ വിശ്വസിക്കുന്ന ആശയമെന്ന നിലയില്‍ ബഹു. കൊല്ലാപറമ്പിലച്ചന്‍ ഇക്കാര്യം എഴുതിയിട്ടില്ലെന്നും, മറിച്ച് ഇത് കേവലം അടിസ്ഥാന രഹിതമായ, സാമുദായികസ്പര്‍ദ്ധയുടെ ഭാഗമായി കണ്ടുപിടിച്ച ഐതിഹ്യം മാത്രമാണെന്നാണ് അദ്ദേഹം എഴുതിയതെന്നും ഈ ഐതിഹ്യം ഇതര കാരണങ്ങളാല്‍ വസ്തുതാപരമായും ശരിയല്ലെന്ന് കാണാനാകുമെന്നും ഈ ലേഖനത്തിലൂടെ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു.
റവ. ഡോ. ജേക്കബ് കൊല്ലാപറമ്പില്‍ നല്കിയിട്ടുള്ള ഉദ്ധരണികള്‍

ക്‌നാനായ സമുദായത്തെക്കുറിച്ച് ലഭ്യമായ ആദ്യകാല ചരിത്രരേഖകള്‍ എല്ലാംതന്നെ വിവര്‍ത്തനങ്ങളോടെ അതാതിന്റെ മൂലഭാഷയില്‍ നല്കിയിരിക്കുന്നിടത്ത് ക്‌നാനായ സമുദായത്തെക്കുറിച്ച് ഓരോ എഴുത്തുകാരനും എഴുതിയിരി ക്കുന്നതെല്ലാം മേല്‍സൂചിപ്പിച്ച ലേഖനത്തില്‍ ബഹു. കൊല്ലാപറമ്പിലച്ചന്‍ എടുത്തുചേര്‍ത്തിട്ടുണ്ട്. ഫാ. അല്‍വാരൊ പെന്തയാദൊ, മാര്‍ ജേക്കബ്, ഒരു കല്‍ദായ മെത്രാന്‍ (മാര്‍ ദനഹ?), ദമിയാവൊ ദെ ഗോയിസ്, ഫാ. ഫ്രാന്‍സിസ് ഡയനീഷ്യോ, ഫാ. അന്തോണിയോ മൊണ്‍സെറാത്തെ, ഫാ. അന്തോണിയോ ദെ ഗുവെയാ, മാര്‍ ഫ്രാന്‍സിസ് റോസ്, ഫാ. ജോണ്‍ കാംപോറി, ദിയോഗൊ ദൊ കൂത്തോ, ഫ്രയര്‍ പൗളൊ ദ ത്രിനിദാദ്, മാര്‍ സ്റ്റീഫന്‍ ബ്രിട്ടോ, ഫാ. ജോസഫ് സെബസ്റ്റ്യാനി, ഫാ. ഹയാസിന്ത് ദെ മജിസ്ത്രിസ്, മാര്‍ ജോസഫ് സെബസ്റ്റ്യാനി, എം.എസ്. സ്ലൊവാനെ 2748-എ (ഫാ. മാത്യു ഓഫ് സെന്റ് ജോസഫ്), ഫാ. ജോസഫ് കരിയാറ്റില്‍, വെട്ടിക്കൂറ്റേല്‍ മത്തായി കത്തനാര്‍, തുടങ്ങിയ വരുടെ എഴുത്തുകളും മറ്റു ചില ഉറവിടങ്ങളുമാണ് അച്ചന്‍ ഈ ലേഖനത്തില്‍ നല്കി യിരിക്കുന്നത്. അക്കൂട്ടത്തില്‍, ക്‌നായിത്തോമ്മായ്ക്ക് രണ്ട് ഭാര്യമാരുണ്ടായിരുന്നു എന്ന ചില യൂറോപ്യന്‍ എഴുത്തുകാരുടെ വിവരണങ്ങളും ചേര്‍ത്തിട്ടുണ്ട്. ഇവരില്‍ മൊണ്‍സെറാത്തെ, ഗുവെയാ, കാംപോറി, ത്രിനിദാദ്, സെബസ്റ്റ്യാനി എന്നിവരാണ് ക്‌നായിത്തോമ്മായ്ക്ക് മലയാളിയടക്കം രണ്ടു ഭാര്യമാരുണ്ടായിരുന്നു എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
(ഇതുകൂടാതെ, ക്‌നായിത്തോമ്മാ ഈ മണ്ണില്‍നിന്ന് വിവാഹം കഴിച്ചതിനെക്കുറിച്ചും നായര്‍മാരുമായി ബന്ധം സ്ഥാപിച്ചതിനെ ക്കുറിച്ചും ഫാ. ഡയനീഷ്യോയും, വിവര്‍ത്തകയും പാചകക്കാരി യുമായി മയിനാട്ട് വിഭാഗത്തില്‍പെട്ട സ്ത്രീയെ ചേരമാന്‍ പെരുമാള്‍ ക്‌നായിത്തോമ്മായ്ക്ക് നല്കിയതായും ആ സ്ത്രീയുടെ മക്കളെ ക്‌നായിത്തോമ്മാ ക്രിസ്തീയവിശ്വാസം പഠിപ്പിച്ചതായും അവര്‍ പിന്നീട് തെക്കുംഭാഗസമുദായത്തിന്റെ സ്ഥാപകരായതായും ഫാ. മാത്യു ഒ.സി.ഡി.യും എഴുതുന്നുണ്ട്.)
എന്നാല്‍ ഈ ഉദ്ധൃതഭാഗങ്ങളൊന്നും ബഹു. കൊല്ലാപറമ്പിലച്ചന്റെ സ്വന്തം വാക്യങ്ങളോ ആശയങ്ങളോ അല്ല, മറിച്ച്, ചരിത്രപഠിതാവ് എന്ന നിലയില്‍ സത്യത്തോടുള്ള വിശ്വസ്തതയുടെയും ശാസ്ത്രീയതയുടെയും ധാര്‍മ്മികത യുടെയും ഭാഗമായി, ക്‌നാനായ സമുദായ സംബന്ധിയായി ഇതരര്‍ നല്കിയിരിക്കുന്ന വിവരണങ്ങളെ അതേപടി പകര്‍ത്തിയിരിക്കുന്നത് മാത്രമാണ്. അതിലുപരി, പ്രസ്തുത ലേഖനത്തിന്റെ മൂന്നുമുതല്‍ അഞ്ചുവരെ പേജുകളിലായി ഈ വിഷയത്തെക്കുറിച്ച് പഠനം നടത്തി എത്തിച്ചേര്‍ന്ന തന്റെ സ്വന്തമായ നിഗമനം ഈ ഉദ്ധൃതഭാഗങ്ങള്‍ക്ക് ആമുഖമായി അച്ചന്‍ അവതരിപ്പിക്കുന്നുണ്ട്. അവിടെ ഇത്തരമൊരു ഐതിഹ്യം അസംഗതമാണെന്നാണ് അച്ചന്‍ കൃത്യമായി എഴുതിയിരിക്കുന്നത്.
1579-ല്‍ റിപ്പോര്‍ട്ട് എഴുതിയ മൊണ്‍സെറാത്തെ ആയിരിക്കണം തെക്കുംഭാഗ, വടക്കുംഭാഗ വിഭജനത്തെക്കുറിച്ച് തിരിച്ചറിഞ്ഞ് ആദ്യമായി രേഖപ്പെടുത്തിയത് എന്ന് എഴുതിയതിനുശേഷം എന്തുകൊണ്ടാണ് മൊണ്‍സെറാത്തെ ഇപ്രകാരം എഴുതുന്നത് എന്നും ബഹു. കൊല്ലാപറമ്പിലച്ചന്‍ പഠനവിഷയമാക്കുന്നുണ്ട്. കേരളത്തില്‍ ഈ രണ്ടു വിഭാഗം ക്രിസ്ത്യാനികള്‍ ഉള്ളതിന്റെ ഉത്ഭവം എവിടെനിന്ന് എന്നതിന്, കേരളത്തിലെ ക്രിസ്തുമതത്തിന്റെ ഉത്ഭവം ക്‌നായിത്തോമ്മാ യില്‍ നിന്നുമാത്രമാണ് എന്ന് വിശേഷിപ്പിക്കുന്നവര്‍, ഈ രണ്ടു വിഭാഗങ്ങളും, ഉന്നതകുലജാതകളായ രണ്ടു ഭാര്യമാരില്‍നിന്ന് ക്‌നായിത്തോമ്മായ്ക്ക് ജനിച്ച മക്കളില്‍നിന്നാണ് സംജാത മായിരിക്കുന്നത് എന്നു ചിത്രീകരിക്കുന്നതായി മൊണ്‍സെറാത്തെ വിശദീകരിക്കുന്നു എന്നാണ് കൊല്ലാപറമ്പിലച്ചന്‍ എഴുതിയിരി ക്കുന്നത്. എന്നാല്‍ ക്‌നായിത്തോമ്മായുടെ രണ്ടു ഭാര്യമാരില്‍നിന്ന് ജനിച്ച മക്കളില്‍നിന്നാണ് കേരളത്തിലെ ക്രിസ്തുമതത്തിന്റെ ഉത്ഭവം എന്ന് മൊണ്‍സെറാത്തെ വിശ്വസിക്കുന്നില്ല എന്ന കാര്യവും അച്ചന്‍ വ്യക്തമായി എടുത്തുകാണിക്കുന്നുണ്ട്. മാര്‍ത്തോമ്മാ ശ്ലീഹായുടെ ശിഷ്യരില്‍നിന്നും കിനായിത്തോമ്മായുടെ പിന്‍ഗാമികളില്‍ നിന്നുമാണ് കേരളസഭയുടെ ഉത്ഭവം എന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. ക്‌നായിത്തോമ്മാ ഇവിടെ വന്നപ്പോള്‍ മാര്‍ത്തോമ്മാശ്ലീഹായില്‍നിന്ന് ക്രിസ്തീയവിശ്വാസം സ്വീകരിച്ചവരെ പരൂര്‍, കൊടുങ്ങല്ലൂര്‍, കൊല്ലം എന്നിവിടങ്ങളില്‍ കണ്ടു (എങ്കില്‍ പിന്നെയെങ്ങനെയാണ് ഇവരുടെ ഉത്ഭവം ക്‌നായിത്തോമ്മായില്‍നിന്ന് ആകുന്നത്?) എന്നതിനാലാണ് മൊണ്‍സെറാത്തെ അപ്രകാരം വിശ്വസിക്കാത്തത് എന്ന അദ്ദേഹത്തിന്റെ വിശദീകരണവും കൊല്ലാപറമ്പിലച്ചന്‍ നല്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ക്‌നായിത്തോമ്മാ യുടെ രണ്ടു ഭാര്യമാരില്‍നിന്ന് ജനിച്ച മക്കളില്‍നിന്നാണ് കേരളസഭയിലെ രണ്ടു വിഭാഗങ്ങളുടെ ഉത്ഭവം എന്ന
വാദത്തെ ഹശല ീള വേല ഹമിറ (കാമ്പില്ലാത്ത വാക്കുകള്‍ / കേട്ടുകേള്‍വി /പരദൂഷണം) എന്നു മൊണ്‍സെറാത്തെ വിശേഷിപ്പിക്കുന്നത് എന്ന് നാം മനസ്സിലാക്കേണ്ടത് എന്നും ബഹു. കൊല്ലാപറമ്പിലച്ചന്‍ കൂട്ടിച്ചേര്‍ക്കുന്നു.
പിന്നീട് ഇപ്രകാരം എഴുതിയിട്ടുള്ളവരായ ഫാ. ഗുവെയാ, ഫാ. കാംപോറി, ഫ്ര. ത്രിനിദാദ്, മാര്‍ സെബസ്ത്യാനി തുടങ്ങിയ യൂറോപ്യന്‍മാര്‍, മാര്‍ത്തോമ്മാശ്ലീഹായില്‍നിന്ന് വിശ്വാസം സ്വീകരിച്ചവരുടെ പിന്‍ഗാമികളായ ഒരു വിഭാഗം ഇവിടെയുള്ള കാര്യം പരിഗണിക്കാതെ, ക്‌നായിത്തോമ്മായുടെ (ആരോപിക്ക പ്പെട്ടിരിക്കുന്ന) രണ്ടു ഭാര്യമാരുടെ (ഒരു ഭാര്യയുടെയും ഒരു വെപ്പാട്ടിയുടെയും) സന്താനങ്ങളില്‍നിന്നാണ് ഇവിടുത്തെ രണ്ടു സഭകളുടെയും ഉത്ഭവം എന്ന നിഗമനത്തില്‍ എത്തിച്ചേരുന്ന തിന്റെ അസാംഗത്യവും അച്ചന്‍ വ്യക്തമാക്കുന്നുണ്ട്.
മാര്‍ റോസ് മെത്രാന്‍ ഇക്കാര്യത്തെക്കുറിച്ച് വ്യത്യസ്തമായി എഴുതിയിട്ടുള്ളതും ബഹു. കൊല്ലാപറമ്പിലച്ചന്‍ വ്യക്തമാക്കു ന്നുണ്ട്. ക്‌നായിത്തോമ്മായുടെ ആഗമനത്തിനുമുമ്പ് കേരളത്തില്‍ ക്രിസ്ത്യാനികളുണ്ടായിരുന്നുവെന്ന് ശക്തമായി വിശ്വസിച്ചിരുന്ന മാര്‍ റോസ് മെത്രാന്‍, മാര്‍ത്തോമ്മാ ശ്ലീഹായില്‍നിന്ന് വിശ്വാസം സ്വീകരിച്ചവരുടെ പിന്‍ഗാമികളാണ് സംഖ്യാബലം കൂടുതലുള്ള വടക്കുംഭാഗരെന്നും ഇതര വിഭാഗം ക്‌നായിത്തോമ്മായില്‍നിന്ന് ഉത്ഭവിച്ചതാണെന്നും വ്യക്തമാക്കിയ തിനുശേഷം, ക്‌നായിത്തോമ്മായെ സംബന്ധിച്ച് റെലസാവൊ ദെല്ല സേറ എന്ന 1604-ലെ റിപ്പോര്‍ട്ടിന്റെ അവസാനഭാഗത്ത്, “അതുകൊണ്ട്, ഈ (ക്‌നായി) തോമായ്ക്ക് ഒരു ഭാര്യയും ഒരു വെപ്പാട്ടിയും ഉണ്ടായിരുന്നു, അവരില്‍ നിന്നാണ് മുകളില്‍ നാം പറഞ്ഞവരായ കേരളത്തില്‍ താമസിക്കുന്ന രണ്ടുവിഭാഗം ക്രിസ്ത്യാനികള്‍ ഉത്ഭവിച്ചത് എന്ന് ഈ ക്രിസ്ത്യാനികള്‍ പറയുന്നതിനെ ഒരു കെട്ടുകഥയായി ഞാന്‍ പരിഗണിക്കുന്നു” എന്നും റോസ് എഴുതിച്ചേര്‍ക്കുന്നുണ്ട്. അതേ സമയം തന്നെ ഈ രണ്ടു വിഭാഗം ക്രിസ്ത്യാനികള്‍ തമ്മില്‍ സ്പര്‍ദ്ധ ഉണ്ടായിരുന്നതിനെക്കുറിച്ചും, അതിനു കാരണമായ ജാതീയ ചിന്തയെക്കുറിച്ചും മാര്‍ റോസ് സൂചിപ്പിക്കുന്നുണ്ട്.
“ക്‌നായിത്തോമ്മായുടെ നിയമാനുസൃതവും അല്ലാത്തതു മായ ഭാര്യമാരില്‍നിന്നുള്ള മക്കള്‍ എന്ന പരസ്പരമുള്ള വാദങ്ങളുടെയും ആരോപണങ്ങളുടെയും ഇതര വിശദാംശങ്ങള്‍ ഓരോ സമുദായവും ഇതരസമുദായത്തിനെതിരേ ശ്രേഷ്ഠതയെച്ചൊല്ലി പുലര്‍ത്തുന്ന പരസ്പരവിദ്വേഷവും വെറുപ്പും പ്രകടിപ്പിക്കുന്നതിന് കണ്ടുപിടിച്ചതായിരിക്കണം” എന്ന കേരളത്തിലെ പ്രശസ്ത സഭാചരിത്രകാരനും സി.എം.ഐ. സഭാംഗവും ക്‌നാനായക്കാരനല്ലാത്ത വ്യക്തിയുമായ ബഹു. അല്‍ഫോന്‍സ് മത്യാസ് മുണ്ടാടനച്ചന്റെ നിഗമനങ്ങളെ ഉദ്ധരിച്ചാണ് പ്രസ്തുത ലേഖനത്തിലെ ഈ വിഷയം സംബന്ധിച്ച പഠനഭാഗം ബഹു. കൊല്ലാപറമ്പില്‍ സമാഹരിക്കുന്നത്. ഇതില്‍നിന്ന് ഈ ലേഖനത്തില്‍ വേറെയൊരിടത്തും ഈ വിഷയത്തെക്കുറിച്ച് ബഹു. കൊല്ലാപറമ്പിലച്ചന്‍ എഴുതിയിട്ടുള്ളതായി നമുക്ക് അറിവില്ല. ക്‌നായിത്തോമ്മായ്ക്ക് രണ്ടു ഭാര്യമാരുണ്ടായിരുന്നു എന്ന ആരോപണം ബഹു. കൊല്ലാപറമ്പിലച്ചന്‍ അംഗീകരിക്കുകയോ വിശ്വസിക്കുകയോ ചെയ്തിട്ടില്ല എന്നത് വ്യക്തമാകുന്നു.
ഈ ആരോപണം തെറ്റാണെന്ന് തെളിയിക്കുന്ന ഇതര തെളിവുകള്‍
തെക്കുംഭാഗരുടെയും വടക്കുംഭാഗരുടെയും ഉത്ഭവം ക്‌നായിത്തോമ്മായുടെ രണ്ടു ഭാര്യമാരുടെ മക്കളില്‍നിന്നാണ് എന്ന ആരോപണം അടിസ്ഥാനപരമായി തെറ്റാണെന്ന് ഇതര തെളിവുകളില്‍നിന്നും വ്യക്തമാകുന്നുണ്ട്. ക്‌നായിത്തോമ്മാ വരുന്നതിനുമുമ്പുതന്നെ കേരളത്തില്‍ മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ ഉണ്ട് എന്ന മൊണ്‍സെറാത്തെയും റോസ് മെത്രാനുമൊക്കെ സൂചിപ്പിക്കുന്നത്, ക്‌നാനായ കേരളകുടിയേറ്റ ത്തിന്റെ കാരണത്തെക്കുറിച്ചുള്ള ക്‌നാനായപാരമ്പര്യത്തിന്റെ നെടുംതൂണുകൂടിയാണ്. “മാര്‍ത്തോമ്മന്‍ തന്റെ ശേഷക്കാര്‍ (മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍/ വടക്കുംഭാഗര്‍) മാര്‍ഗമങ്ങു തെളിപ്പാനായി” എന്ന ‘ഇന്നു നീ ഞങ്ങളെ കൈവിട്ടോ മാറാനെ’ എന്ന ക്‌നാനായ പുരാതനപ്പാട്ടിലെ വരികളും, “അഴിവുകാലം വന്നടുത്തു അലയുന്ന നിന്‍മക്കളെ – അഴിയായ്‌വണ്ണം കാത്തരുള്‍വാന്‍ കഴിവുപേശുക മാര്‍ത്തോമ്മന്‍” എന്ന ‘മാര്‍ഗംകളിപ്പാട്ടി’ലെ ‘വന്ദനഗാന’ത്തിലെ വരികളുമടക്കം ഭാരതസഭയെ ശക്തിപ്പെടുത്തുക എന്ന പ്രേഷിത ലക്ഷ്യത്തോടെയാണ് ക്‌നാനായക്കാര്‍ കേരളത്തിലെത്തിയത് എന്നത് ക്‌നാനായപാരമ്പര്യത്തിലെ വളരെ പ്രധാനപ്പെട്ട ഭാഗമായി നാം മനസ്സിലാക്കുന്നു. ഭാരതസഭയെ ശക്തിപ്പെടു ത്തണമെങ്കില്‍ ക്‌നായിത്തോമ്മാ വരുന്നതിനുമുമ്പു മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ ഇവിടെ ഉണ്ടായിരുന്നിരിക്കണം. അതിനാല്‍തന്നെ ക്‌നായിത്തോമ്മായുടെ (നിയമാനുസൃതമോ അല്ലാത്തതോ ആയ) ഏതെങ്കിലും ഒരു ഭാര്യയില്‍നിന്നുള്ള സന്തതിപരമ്പരകള്‍ അല്ല വടക്കുംഭാഗര്‍ എന്നത് വ്യക്തം.
കൂടാതെ, വടക്കുംഭാഗരുടെ യാതൊരു പാരമ്പര്യവും ക്‌നായിത്തോമ്മായെ തങ്ങളുടെ പിതാവായി കാണുന്നില്ല. നിയമാനുസൃത ഭാര്യയില്‍നിന്നോ വെപ്പാട്ടിയില്‍നിന്നോ ക്‌നായിത്തോമ്മായ്ക്ക് ഉണ്ടായ മക്കളില്‍നിന്നാണ് വടക്കുംഭാഗരുടെയും ഉത്ഭവമെങ്കില്‍, സ്വാഭാവികമായും അവര്‍ ക്‌നായിത്തോമ്മായെ തങ്ങളുടെ പിതാവായി അംഗീകരിക്കു മായിരുന്നു. എന്നാല്‍ അങ്ങനെയൊരു പാരമ്പര്യത്തെക്കുറിച്ച്, അതായത് ക്‌നായിത്തോമ്മായാണ് തങ്ങളുടെ പിതാവ് എന്ന് വടക്കുംഭാഗരില്‍ ആരെങ്കിലും പറയുകയോ എഴുതുകയോ ചെയ്തിരിക്കുന്നതായി ഇതുവരെയും അറിയാന്‍ കഴിഞ്ഞിട്ടില്ല. ഫാ. മത്തായി വെട്ടിക്കൂറ്റേല്‍, ഫാ. ജോസഫ് കരിയാറ്റില്‍, ഫാ. പാറേമ്മാക്കല്‍ തോമ്മാക്കത്തനാര്‍ അടക്കമുള്ള വടക്കും ഭാഗരുടെ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനം വരെ ലഭ്യമായിരിക്കുന്ന രേഖകളിലൊരിടത്തും ക്‌നായിത്തോമ്മായുടെ രണ്ടു ഭാര്യമാരെക്കുറിച്ച് പരാമര്‍ശമില്ല. ജാതീയസ്പര്‍ദ്ധയുടെ ഭാഗമായി തെക്കുംഭാഗരെ ഇകഴ്ത്തി സംസാരിക്കുന്ന ഒരു പില്‍ക്കാലത്തിന്റെ സൃഷ്ടി മാത്രമായാണ് തെക്കുംഭാഗ സമുദായ സ്ഥാപകനായ ക്‌നായിത്തോമ്മായുടെ രണ്ടു ഭാര്യമാരെക്കുറി ച്ചുള്ള കെട്ടുകഥകള്‍ യൂറോപ്യന്‍ രചനകളെ അധികരിച്ച് വടക്കുംഭാഗരചനകളില്‍ സ്ഥാനം പിടിക്കുന്നത് എന്ന് കാണാനാകും. പക്ഷേ അവിടെയും ക്‌നായിത്തോമ്മായെ വടക്കുംഭാഗരുടെ സ്ഥാപകനോ പിതാവോ ആയി ചിത്രീകരിക്കുന്നില്ല.
തെക്കുംഭാഗരുടെ ഇന്നോളമുള്ള പാരമ്പര്യത്തിലോ പാട്ടുകളിലോ ഇത്തരമൊരു കഥ കാണുന്നില്ല എന്നുമാത്രമല്ല, ക്‌നായിത്തോമ്മായുടെകൂടെ ഏഴില്ലം എഴുപത്തിരണ്ടു കുടുംബം നാനൂറോളം ആള്‍ക്കാരും കുടിയേറിയിരുന്നെന്നും ക്‌നായിത്തൊമ്മന്‍ ചെപ്പേടിന്റെ പകര്‍പ്പുകളും തര്‍ജമകളും ക്‌നാനായ പാട്ടുകളും പാരമ്പര്യവും ആധാരമാക്കി നമുക്ക് വിശ്വസിക്കാനാവും. ക്‌നായിത്തോമ്മായുടെ കുടുംബത്തിന്റെ തായ്‌വഴിയോടൊപ്പം കുടിയേറിയ മറ്റ് എഴുപത്തിഒന്നു കുടുംബങ്ങളുടെകൂടി പിന്‍തുടര്‍ച്ചക്കാരും കൂടിച്ചേര്‍ന്നതാണ് ക്‌നാനായസമുദായം എന്ന് ക്‌നാനായ പാരമ്പര്യം ഉദ്‌ഘോഷിക്കുന്നതിനാല്‍, ക്‌നായിത്തോമ്മായുടെ ഏതെങ്കിലും ഒരു ഭാര്യയില്‍നിന്ന് ജനിച്ച മക്കളുടെ പിന്‍ഗാമികളല്ല, മറിച്ച് ക്‌നായിത്തോമ്മായുടെയും അദ്ദേഹത്തിന്റെ കൂടെ വന്നിരുന്ന ഇതര കുടുംബങ്ങളുടെയുംകൂടി സന്തതിപരമ്പരയിലുള്ളവരാണ് ക്‌നാനായക്കാര്‍ എന്ന് വ്യക്തമാകുന്നു. അതിനാല്‍ ക്‌നായിത്തൊമ്മന്റെ നിയമാനുസൃതമോ അല്ലാത്തതോ ആയ ഏതെങ്കിലും ഒരു ഭാര്യയിലുള്ള മക്കളാണ് ക്‌നാനായക്കാര്‍ എന്നു വരുക അസാധ്യമാണ്.
ക്‌നായിത്തോമ്മായ്ക്ക് രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നുവെന്നും അവരിലൊരാളെങ്കിലും അന്യസമുദായക്കാരിയാണ് എന്നും വന്നാല്‍തന്നെയും ക്‌നാനായക്കാരുടെ സ്വവംശവിവാഹനിഷ്ഠാ പാരമ്പര്യത്തിന്റെ പ്രാമാണ്യത ഇല്ലാതാകുന്നില്ല. ക്‌നായിത്തോമ്മായുടെ ഇരുഭാര്യമാര്‍ വാദം നിരത്തിയിരിക്കുന്ന യൂറോപ്യന്‍മാര്‍ എല്ലാവരും തന്നെ, തെക്കുംഭാഗര്‍ ക്‌നായിത്തോമ്മായുടെ യഥാര്‍ത്ഥഭാര്യയില്‍നിന്നുള്ള സന്തതികളാണ് എന്നാണ് മുഖ്യമായും പറഞ്ഞിട്ടുള്ളത്. തന്നെയുമല്ല, രണ്ടു വിഭാഗം ക്രിസ്ത്യാനികള്‍ ഇവിടെ ഉത്ഭവിച്ചതായി വരുകയും അതില്‍ താഴ്ന്ന വിഭാഗത്തില്‍ നിന്നുള്ള ഭാര്യയുടെ മക്കളാണ് ക്‌നാനായക്കാര്‍ എന്ന് വാദത്തിന് സമ്മതിച്ചാല്‍തന്നെയും ഈ സമുദായ രൂപീകരണത്തിനുശേഷം ഇതരസമുദായങ്ങളുമായി വിവാഹത്തിലൂടെ ഇടകലര്‍ന്നതായി ഈ കെട്ടുകഥ/ഐതിഹ്യം വ്യക്തമാക്കാത്തതിനാല്‍ ക്‌നാനായസമുദായത്തിന്റെ സ്വവംശവിവാഹനിഷ്ഠാ പാരമ്പര്യത്തെ ഈ കഥ ഒരു തരത്തിലും ബാധിക്കുന്നില്ല.

ഉപസംഹാരം
ക്‌നായിത്തോമ്മായ്ക്ക് രണ്ട് ഭാര്യമാരുണ്ടായിരുന്നു എന്ന ചില യൂറോപ്യന്‍ എഴുത്തുകാരുടെ കുറിപ്പുകളും, അവ സമാഹരിച്ച് ബഹു. ജേക്കബ് കൊല്ലാപറമ്പിലച്ചന്‍ രചിച്ച ‘ഹിസ്റ്റോറിക്കല്‍ സോഴ്‌സസ് ഓണ്‍ ദ ക്‌നാനൈറ്റ്‌സ്’ എന്ന ലേഖനത്തില്‍ ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതും ക്‌നാനായസമുദായത്തിന്റെ സ്വവംശവിവാഹനിഷ്ഠാ പാരമ്പര്യവുമായി ബന്ധപ്പെട്ട്, പലപ്പോഴും ചിലര്‍ ഉയര്‍ത്തുന്ന ഒരു ആരോപണമാണ്. എന്നാല്‍ യൂറോപ്യന്‍മാരുടെ ഈ വിവരണം വസ്തുതാപരമായി ശരിയല്ലെന്നും ബഹു. കൊല്ലാപറമ്പിലച്ചന്റെ പഠനങ്ങളെ കൃത്യമായി മനസ്സിലാക്കാതെ യാണ് അച്ചനെതിരേ ആരോപണം ഉന്നയിക്കുന്നതെന്നും വ്യക്തമാക്കുകയാണ് ഈ ലേഖനത്തില്‍.
യൂറോപ്യന്‍മാരുടെ ആഗമനസമയത്ത് കേരളത്തില്‍ കാണപ്പെട്ട തെക്കുംഭാഗരും വടക്കുംഭാഗരും എന്നീ രണ്ടു ക്രിസ്തീയസമൂഹങ്ങളുടെ ഉത്ഭവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ക്‌നായിത്തോമ്മായുടെ രണ്ടു ഭാര്യമാരില്‍നിന്നുള്ള സന്താനങ്ങളിലൂടെയാണ് രണ്ടു വിഭാഗം ക്രിസ്ത്യാനികള്‍ കേരളത്തില്‍ രൂപപ്പെട്ടതെന്ന കെട്ടുകഥ രേഖപ്പെടുത്തുന്നതെന്ന് കാണാനാകും. അതിനുമുമ്പുതന്നെ ഇവിടെ മാര്‍ത്തോമ്മാശ്ലീഹായില്‍നിന്നു വിശ്വാസം സ്വീകരിച്ച ക്രിസ്ത്യാനികളുടെ പിന്‍ഗാമികള്‍ ഉണ്ടായിരുന്നു, ആ സഭയെ ശക്തിപ്പെടുത്താനാണ് തെക്കുംഭാഗര്‍ കേരളത്തില്‍ കുടിയേറിയത് എന്ന ശക്തമായ പാരമ്പര്യവും പുരാതനപ്പാട്ടു കളിലെ വരികളും, തെക്കുംഭാഗരുടെ രചനകളിലോ പാരമ്പര്യത്തിലോ പാട്ടുകളിലോ ഇപ്രകാരമൊരു ഐതിഹ്യം കാണപ്പെടുന്നില്ല, ക്‌നാനായരുടെ ഉത്ഭവം ക്‌നായിത്തോമ്മായില്‍ നിന്ന് മാത്രമല്ല – അദ്ദേഹത്തിന്റെ കൂടെയെത്തിയ 72 കുടുംബങ്ങളില്‍നിന്നാണ്, വടക്കുംഭാഗര്‍ തങ്ങളുടെ പിതാവായി ക്‌നായിത്തോമ്മായെ കാണുന്നില്ല, വടക്കുംഭാഗരുടെ പ്രാചീനരചനകളില്‍ അപ്രകാരം കാണപ്പെടുന്നില്ല തുടങ്ങിയ കാരണങ്ങളാല്‍ ഈ വാദം അസാധുവും കെട്ടിച്ചമച്ചതുമാണ് എന്ന് വ്യക്തമാകുന്നു.
ക്‌നായിത്തോമ്മായ്ക്ക് ഒന്നിലധികം ഭാര്യമാര്‍ ഉണ്ടായിരുന്നോ അവരില്‍ ആരെങ്കിലും വിജാതീയ സ്ത്രീ ആയിരുന്നോ, അവരില്‍നിന്നാണോ തെക്കുംഭാഗസമുദായത്തിന്റെ ആരംഭം തുടങ്ങിയ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്കുന്ന രേഖകള്‍ ലഭ്യമല്ല. എന്നാല്‍ ക്‌നാനായ പാരമ്പര്യത്തില്‍ ക്‌നായിത്തോമ്മായുടെ രണ്ടു ഭാര്യമാര്‍ എന്ന കാര്യത്തെക്കുറിച്ച് ഒന്നുംതന്നെ പറയുന്നില്ല. ആദ്യകാല യൂറോപ്യന്‍മാരുടെ എഴുത്തുകളില്‍ നല്കിയിരിക്കുന്ന ചില വിവരണങ്ങള്‍ പക്ഷേ, രണ്ടു ഭാര്യമാരെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ ആ വിവരണങ്ങളിലെ ആന്തരികസൂചനകളുടെ പശ്ചാത്തലത്തില്‍ ഈ വാദം തികച്ചും തെറ്റാണ് എന്ന് വ്യക്തമായി സ്ഥാപിക്കാനാകും.
ഇരുഭാര്യാവാദങ്ങള്‍ ഉള്‍ച്ചേര്‍ന്ന ഇതരരുടെ എഴുത്തുകളില്‍നിന്നുള്ള ഭാഗങ്ങള്‍ ബഹു. കൊല്ലാപറമ്പിലച്ചന്‍ തന്റെ ലേഖനത്തില്‍ കൂട്ടിച്ചേര്‍ത്തപ്പോഴും അത്തരം വാദങ്ങളുടെ പൊള്ളത്തരവും ആ വാദങ്ങളോടുള്ള തന്റെ വിയോജിപ്പും വ്യക്തമാക്കിക്കൊണ്ട് ഈ ലേഖനത്തിന്റെ ആമുഖത്തില്‍ എഴുതിയത് വായിക്കാതെയോ, മറന്നോ, ബോധപൂര്‍വം മറച്ചുവച്ചുകൊണ്ടോ ആണ് ബഹു. അച്ചനെതിരേ ഇത്തരം ബാലിശമായ ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത് എന്നാണ് ഈ ലേഖനത്തിലൂടെ സമര്‍ത്ഥിക്കുന്നത്.
ക്‌നാനായ സമുദായത്തിന്റെ സ്വവംശവിവാഹനിഷ്ഠാ പാരമ്പര്യത്തെക്കുറിച്ചുള്ള ചരിത്രപരമായ ഉദ്ധരണികളാണ് അടുത്ത ലേഖനത്തില്‍ നല്കുക.

Leave a Reply

Your email address will not be published. Required fields are marked *