ക്‌നായിത്തൊമ്മന്‍ ചെപ്പേടിനെക്കുറിച്ചുള്ള പോര്‍ച്ചുഗീസ് ചരിത്രസ്രോതസ്സുകള്‍

ക്‌നായിത്തൊമ്മന്‍ ചെപ്പേടിനെക്കുറിച്ച് വിവരം നല്കുന്ന രേഖകളില്‍ പോര്‍ച്ചുഗീസ് കൊച്ചിതാവളത്തില്‍ ചെപ്പേട് ഉണ്ടായിരുന്ന കാലഘട്ടം വരെയുള്ള വൈദേശികഭാഷകളിലെ ചരിത്രരേഖകളാണ് നമ്മള്‍ കണ്ടത്. തുടര്‍ന്ന് പ്രതിപാദിക്കാനുള്ള ദെ ഗുവെയാ, റോസ്, കാംപോറി, ദൊ കൂത്തോ, ദ ത്രിനിദാദ്, സെബസ്റ്റ്യാനി, മാത്യു ഓഫ് സെന്റ് ജോസഫ്, കരിയാറ്റില്‍, വെട്ടിക്കൂറ്റേല്‍, ഡു പെറോ എന്നിവരുടെ റിപ്പോര്‍ട്ടുകളില്‍ നിന്നുള്ള പരാമര്‍ശങ്ങളില്‍ ആദ്യത്തെ രണ്ടുപേരുടെ രേഖകളാണ് ഈ ലേഖനത്തില്‍ പഠിക്കുന്നത്. ചെപ്പേടിന്റെ ആദ്യ പോര്‍ച്ചുഗീസ് തര്‍ജമ നമുക്ക് ഇവിടെ കാണാനാകും.

ഫാ. അന്തോണിയോ ദെ ഗുവെയാ
ഈ ഭാഗത്തേക്ക് വന്നവരില്‍ തോമസ് കാനാ അഥവാ അവരുടെ ഭാഷയില്‍ പ്രഭു തോമ്മാ എന്നര്‍ത്ഥം വരുന്ന മാര്‍ത്തോമ്മാ എന്നു വിളിക്കപ്പെടുന്ന ഒരു അര്‍മേനിയക്കാരനും വരാനിടയായി. അദ്ദേഹം കുലീനനും സമ്പന്നനും വലിയ തോതില്‍ വ്യാപാരം നടത്തിയിരുന്നവനുമായിരുന്നതിനാല്‍, നാം മുകളില്‍ കണ്ടതുപോലെ, കേരളത്തിലെ ഏറ്റവും ശക്തനായിരുന്ന കൊടുങ്ങല്ലൂര്‍ രാജാവ് അദ്ദേഹത്തോട് വലിയ താത്പര്യവും ആതിഥ്യമര്യാദയും പ്രദര്‍ശിപ്പിച്ചു. തന്റെകൂടെ ജീവിച്ചിരുന്ന ക്രിസ്ത്യാനികള്‍ക്കുവേണ്ടി ധാരാളം ആനുകൂല്യങ്ങളും പദവികളും സ്ഥാപകന്റെ പ്രൗഢിക്കും പ്രതാപത്തിനും ഒത്ത വലിയ ഒരു പള്ളി പണിയുന്നതിലേക്ക് വിശാലമായ ഒരു പറമ്പും അദ്ദേഹം രാജാവില്‍നിന്ന് നേടുകയും അവയെല്ലാം ചെമ്പ് തകിടുകളില്‍ എഴുതിപ്പിക്കുകയും ചെയ്തു.
ഈ ക്രിസ്ത്യാനികളുടെ മെത്രാനായ മാര്‍ ജേക്കബ്, പ്രസ്തുത തകിടുകള്‍ നഷ്ടപ്പെട്ടുപോയേക്കുമെന്ന് ഭയന്ന്, അവര്‍ക്ക് ആവശ്യമുള്ളപ്പോള്‍ ഉപയോഗപ്രദമാകണം എന്ന ലക്ഷ്യത്തോടെ, പോര്‍ച്ചുഗീസുകാര്‍ കൊച്ചിയില്‍ താവളം നിര്‍മിച്ചതിനെത്തുടര്‍ന്ന് അവ താവളസൂക്ഷിപ്പുകാരനെ ഏല്പിച്ചു. സൂക്ഷ്മതക്കുറവുകൊണ്ട് അപ്രത്യക്ഷ മാകുന്നതുവരെ അനേകവര്‍ഷങ്ങള്‍ അവ താവളത്തിലെ കാര്യാലയത്തില്‍ തന്നെയുണ്ടായിരുന്നു. ഇതര കാര്യങ്ങളുടെ കൂട്ടത്തില്‍, ക്രിസ്ത്യാനികള്‍ക്കുമാത്രം അനുവദിക്കപ്പെട്ടിരുന്ന, കല്യാണാവസരത്തില്‍ തലയില്‍ പൊന്നുംമുടി ധരിക്കല്‍, രാജസന്തതികള്‍ക്കു മാത്രം അനുവദനീയമായിരുന്ന ആനപ്പുറത്തു സഞ്ചരിക്കല്‍, പരവതാനിയില്‍ ഇരിക്കല്‍, തുടങ്ങി കേരളത്തില്‍ വളരെയധികം വിലമതിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന, ഇതര ജാതികള്‍ക്ക് അനുവദിച്ച് നല്കാത്ത ഇത്തരം അവകാശങ്ങള്‍ അംഗീകരിച്ച് നല്കാന്‍ വിസമ്മതിച്ചുകൊണ്ടിരിക്കുന്ന അക്രൈസ്തവരായ രാജാക്കന്‍മാരുടെ മുന്നില്‍ തങ്ങളെത്തന്നെ പ്രതിരോധിക്കാന്‍ രേഖകള്‍ ഇല്ലാത്തതിനാല്‍ അവ അപ്രത്യക്ഷമായതില്‍ ഈ ക്രിസ്ത്യാനികള്‍ അങ്ങേയറ്റം ദുഃഖിക്കുന്നുണ്ട്.
ക്രിസ്ത്യാനികള്‍ ചെപ്പേടുകളെ വളരെയധികം വിലമതിക്കുന്നുവെന്നതിന്റെ തെളിവാണ് കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് പരവൂര്‍ രാജാവ് വലിയ ഒരു തുക സ്വീകരിച്ച് തന്റെ രാജ്യത്തിലെ ഏതാനും മുസ്ലീങ്ങള്‍ക്ക് ഇതില്‍ ഒരു അവകാശം വിട്ടുനല്കാന്‍ ആഗ്രഹിച്ചപ്പോള്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളുമായി ലഹളയുണ്ടാവുകയും ഒത്തിരി ആളുകള്‍ വധിക്കപ്പെടുകയും ഇരുവശത്തും വളരെയധികം ചോര ചീന്തുകയും ചെയ്തത്. ചേരമാന്‍ പെരുമാള്‍ നല്കിയ ഈ പദവികളുടെയും ഇതര പദവികളുടെയും അടിസ്ഥാനത്തില്‍ കേരളത്തിലെ ക്രിസ്ത്യാനികള്‍ ഉന്നതരായി പരിഗണിക്കപ്പെടുകയും കേരളത്തിലും തമിഴ്‌നാട്ടിലും രാജമക്കള്‍ എന്ന പേരില്‍ അറിയപ്പെടുന്ന തലത്തില്‍ ഉയര്‍ന്ന സാമൂഹിക നിലവാരം പ്രാപിക്കുകയും ചെയ്തു.”
1599-ല്‍ ഉദയംപേരൂര്‍ സൂനഹദോസ് സംഘടിപ്പിച്ച മാര്‍ അലേക്‌സിസ് ദെ മെനേസിസിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജോര്‍ണാദ എന്ന പുസ്തകം 1603-ല്‍ എഴുതി 1606-ല്‍ കോയിമ്പ്രായില്‍നിന്ന് പ്രസിദ്ധപ്പെടുത്തി ഈ സൂനഹദോസിന്റെ സാധുതയെ ക്കുറിച്ച് യൂറോപ്യന്‍ നാടുകളെ ബോധ്യപ്പെടുത്തിയ വ്യക്തിയാണ് പോര്‍ച്ചുഗീസുകാരനും അഗസ്തീനിയന്‍ സന്യാസിയും പിന്നീടു മെത്രാനുമായ ഫാ. ഗുവെയ. അദ്ദേഹം കേരളത്തില്‍ വന്നിട്ടില്ലെങ്കിലും വളരെ വിശദമായ വിവരണമാണ് കേരളത്തെക്കുറിച്ച് നല്കുന്നത്.
ചെപ്പേടില്‍ പ്രതിപാദിക്കുന്ന രാജമക്കള്‍ എന്ന പ്രയോഗം, വിവാഹാവസരത്തില്‍ പൊന്നുംമുടി – വേന്തന്‍മുടി ധരിക്കല്‍ തുടങ്ങിയവ ക്‌നാനായക്കാരുടെ മാത്രം പ്രത്യേകതയാണല്ലോ. മൂറുകളുമായി (മുസ്ലീങ്ങള്‍) നടന്ന ലഹള എന്ന് ഉദ്ധൃതത്തില്‍ പ്രതിപാദിക്കുന്നത് ക്‌നാനായക്കാര്‍ കൊടുങ്ങല്ലൂര്‍ പൂര്‍ണമായി ഉപേക്ഷിച്ചുപോന്ന 1524-ല്‍ കൊടുങ്ങല്ലൂര്‍വച്ചു നടന്ന കൊച്ചി-കോഴിക്കോട് യുദ്ധമായിരിക്കണം.

മാര്‍ ഫ്രാന്‍സിസ് റോസ്
അവരുടെ രേഖകളില്‍ കാണുന്നതുപോലെ (പോര്‍ച്ചുഗീസ് ഭാഷയിലുള്ള റിപ്പോര്‍ട്ടില്‍ ഓലാസ് എന്ന് എഴുതുന്നതിലൂടെ ചെപ്പേടിനെയാണ് അദ്ദേഹം സൂചിപ്പിക്കുന്നത്.), ഒരു പള്ളിക്കും മാര്‍ത്തോമ്മാക്രിസ്ത്യാനികള്‍ക്ക് അധിവാസത്തിനുമായി കൊടുങ്ങല്ലൂരില്‍ സ്ഥലവും വിശിഷ്ഠ പദവികളും നല്കിയത് കേരളത്തിലെ അവസാനത്തെ ചക്രവര്‍ത്തിയായ ക്‌സേരാം പെരുമാള്‍ ആണെന്ന് കാണപ്പെടുന്നു. ഫ്രാന്‍സിസ്‌കന്‍ സന്യാസികള്‍ ചെമ്പ് മൂലപട്ടയം പോര്‍ച്ചുഗലിന് കൊണ്ടു പോയിരിക്കുന്നു. ഒരു പകര്‍പ്പ് ഇവിടെ അവശേഷിക്കുന്നുണ്ട്. ഈ പെരുമാള്‍ 1258 വര്‍ഷം മുമ്പ് മാര്‍ച്ച് 1-ാം തീയതിയാണ് മരിച്ചത് (346). കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും നിലനില്ക്കുന്ന രാജ്യങ്ങളുടെയും നാട്ടുരാജ്യങ്ങളുടെയും രാജാക്കന്‍മാരും നാടുവാഴികളുമാണ് പെരുമാള്‍ പട്ടയം എഴുതിയ സമയത്ത് സന്നിഹിതരായിരുന്ന സാക്ഷികള്‍. മുന്‍പ്രസ്താവിച്ച പെരുമാളിന്റെതന്നെയാണ് ഏടുകള്‍ എന്നതിന് പട്ടയംതന്നെ തെളിവാണ്.
അതുകൊണ്ട് കൊടുങ്ങല്ലൂരിലെ ദൈവാലയത്തിന്റെ സമര്‍പ്പണം 1200-ലധികം വര്‍ഷങ്ങള്‍ക്കുമുമ്പാണ് നടന്നതെന്ന് വരുന്നു. അത് സ്ഥാപിച്ചത് മുന്‍പ്രസ്താവിച്ച വര്‍ഷം ഏപ്രില്‍ മാസത്തിലാണ്. ഉടന്‍തന്നെ ആ സ്ഥലത്ത് 72 വീടുകളും നിര്‍മിച്ചു. ആയതിന്റെ സന്ദര്‍ഭമെന്നത്, പെരുമാളിന്റെ പ്രസ്തുത പട്ടയത്തില്‍ വിവരിച്ചിരിക്കുംപ്രകാരം, അക്കരെ പള്ളിപ്പുറത്തിന് എതിരായുള്ള പരവൂര്‍ പട്ടണത്തിലെ ഒരു വലിയ കൊട്ടാരത്തില്‍ രാജാവ് താമസിക്കുന്ന കാലത്ത് ഒരു ദിവസം രാജാവ് വേട്ടയാടാന്‍ പോകാന്‍ ആഗ്രഹിച്ച്, മറുവശത്ത് ഇപ്പോള്‍ കൊടുങ്ങല്ലൂര്‍ (പട്ടണം) സ്ഥിതിചെയ്യുന്ന നിബിഡവനമായിരുന്ന ഒരു സ്ഥലത്ത് പോയി. തോമെ കനനെയോ എന്നു പേരുള്ള ബാബിലോണില്‍നിന്ന് വന്ന, ഒരു ധനിക അര്‍മേനിയക്കാരനെ രാജാവ് വിളിപ്പിച്ചു. പ്രസ്തുത രാജാവിന് ഒരു വലിയ തുക പണം കാഴ്ചവച്ച് ആ സ്ഥലം മുഴുവന്‍ അദ്ദേഹം വാങ്ങി അവിടെ വി. തോമാശ്ലീഹായുടെ നാമത്തിലുള്ള പള്ളിയും ഒരു അങ്ങാടിയും നിര്‍മിച്ചു. അദ്ദേഹം വാങ്ങിയ സ്ഥലത്തിന് 264 ചതുരശ്ര ആനക്കോല്‍ വിസ്തീര്‍ണമുണ്ട്.
പ്രസ്തുത ക്‌സേരാം പെരുമാള്‍ കൊടുങ്ങല്ലൂരിലെ പറമ്പ് തോമെ കനനെയോയ്ക്ക് വിട്ടുനല്കിയ പട്ടയത്തിന്റെ അസ്സല്‍ പകര്‍പ്പ് ഇപ്രകാരമാണ്: ദിവ്യനും ദൈവദാസനും ശക്തനും സത്യസന്ധനും നീതിനിഷ്ഠനും സത്പ്രവത്തികളാല്‍ സമ്പൂര്‍ണനും യുക്തിഭദ്രനും ഭൂമിമുഴുവന്‍ അധികാരമുള്ള വനും സന്തുഷ്ടനും ജേതാവും മഹത്വവാനും ഈശ്വര ശുശ്രൂഷയില്‍ ന്യായമായും അഭിവൃദ്ധിപ്പെടുന്നവനുമായ കോക്വരങ്ങോന്‍ (കോചേരകോന്‍) സമ്പദ്‌സമൃദ്ധനും ദീര്‍ഘായുഷ്മാനും ആയിരുന്ന് കേരളത്തില്‍ മഹോദേവര്‍ മഹാപട്ടണത്തില്‍ ഒരു നൂറായിരത്താണ്ട് വാഴട്ടെ.
അദ്ദേഹം ഭരിക്കുന്ന കാലഘട്ടത്തില്‍ കുംഭത്തില്‍ ബുധന്‍ നില്‍ക്കുന്ന, മാര്‍ച്ചുമാസം 7-ാം തീയതി പൗര്‍ണമിക്കുമുമ്പ് അതേ രാജാവ് കൊടുങ്ങല്ലൂരില്‍ ആയിരിക്കുമ്പോള്‍ ഒരു പ്രമുഖനും കിഴക്കിന്റെ അങ്ങേയറ്റം ദര്‍ശിക്കണമെന്ന് നിശ്ചയിച്ചിരുന്നയാളുമായ തോമെ കനനെയോ ഒരു കപ്പലില്‍ അവിടെ എത്തിച്ചേര്‍ന്നു. അദ്ദേഹം എത്തിച്ചേര്‍ന്നത് കണ്ട കുറച്ചാളുകള്‍ അക്കാര്യം രാജാവിനെ അറിയിക്കാന്‍ പോയി. രാജാവ് തന്നെ വന്ന് പ്രസ്തുത പ്രമുഖ വ്യക്തി തോമെയെ കാണുകയും വിളിപ്പിക്കുകയും ചെയ്തു. അദ്ദേഹം കപ്പലിറങ്ങി രാജാവിന്റെ മുന്നില്‍ വരുകയും രാജാവ് അദ്ദേഹത്തോട് കാരുണ്യത്തോടെ സംസാരിക്കുകയും ചെയ്തു. കോക്വരങ്ങോന്‍ കനനെയോ എന്ന സ്വന്തം സ്ഥാനപ്പേര്‍ ചേര്‍ത്ത് വിളിച്ചുകൊണ്ട് രാജാവ് അദ്ദേഹത്തെ ബഹുമാനിക്കുകയും ചെയ്തു. അദ്ദേഹം രാജാവില്‍നിന്ന് ഈ ബഹുമതി സ്വീകരിച്ച് വിശ്രമിക്കാനായി തന്റെ സ്ഥലത്തേക്ക് പോയി. മഗോദേര്‍പട്ടണം എന്ന പട്ടണം രാജാവ് അദ്ദേഹത്തിന് എന്നന്നേയ്ക്കുമായി നല്കി. വലിയ പ്രതാപത്തിലായിരുന്ന പ്രസ്തുത രാജാവ്, ഒരു ദിവസം വേട്ടയാടാനായി കാട്ടില്‍ പോയി. രാജാവ് കാടുമുഴുവന്‍ വളഞ്ഞു. അദ്ദേഹം തോമെയെ ധൃതിയില്‍ വിളിപ്പിക്കുകയും തോമെ നല്ലനേരത്ത് രാജാവിന്റെ മുന്നിലെത്തി നില്ക്കുകയും ചെയ്തു. താന്‍ ആ കാട്ടില്‍ ഒരു പട്ടണം നിര്‍മിക്കുമെന്ന് കണിയാനുമായി ആലോചിച്ചതിനുശേഷം രാജാവ് തോമെയോടു പറഞ്ഞു. ആചാരം ചെയ്തതിനുശേഷം ഈ കാട് തനിക്കു നല്കണമെന്ന് തോമെ രാജാവിനോട് ആവശ്യപ്പെട്ടു. രാജാവ് അത് അനുവദി ക്കുകയും എന്നേയ്ക്കുമായി അത് നല്കുകയും ചെയ്തു. ഉടനെ പിറ്റേദിവസം തന്നെ രാജാവ് കാടുവെട്ടിത്തെളിച്ച് കടാക്ഷിച്ച് അതേവര്‍ഷം ഏപ്രില്‍ 11-ാം തീയതി തോമെയ്ക്ക് നിത്യാവകാശമായി മുന്‍പറഞ്ഞ സമയത്തും ദിവസത്തിലും രാജാവിന്റെ നാമത്തില്‍ നല്കി. രാജാവുതന്നെ പള്ളിയുടെയും തോമെ കനനെയോയുടെ വീടിന്റെയും ആദ്യകല്ല് പ്രതിഷ്ഠിക്കുകയും അവിടെ എല്ലാവര്‍ക്കുമായി ഒരു അങ്ങാടി നിര്‍മിക്കുകയും ചെയ്തു. പള്ളിയില്‍ പ്രവേശിക്കുകയും അവിടെ അന്നേദിവസം തന്നെ പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഇക്കാര്യങ്ങള്‍ക്കുശേഷം തോമെ രാജാവിന്റെ അടുത്തുചെന്ന് അദ്ദേഹത്തിന് സമ്മാനങ്ങള്‍ നല്കിക്കൊണ്ട് ആ സ്ഥലം തനിക്കും തന്റെ പിന്‍ഗാമികള്‍ക്കും നല്കണമെന്ന് അപേക്ഷിച്ചു. രാജാവ് 264 ചതുരശ്ര ആനക്കോല്‍ സ്ഥലം അളന്ന് തോമെയ്ക്കും അദ്ദേഹത്തിന്റെ പരമ്പരകള്‍ക്കുമായി എന്നേയ്ക്കുമായി നല്കി. അതേ സമയംതന്നെ ഉദ്യാനങ്ങളോടും വൃക്ഷലതാദികളോടും നടപ്പാതകളോടും അതിരുകളോടും ഉള്‍മുറ്റങ്ങളോടും ചേര്‍ന്ന 62 വീടുകള്‍ അവിടെ ഉടന്‍തന്നെ നിര്‍മ്മിക്കുകയും ചെയ്തു. രാജാവിനെപ്പോലെ നടക്കാനും സംസാരിക്കാനും ഒത്ത എല്ലാ അവകാശങ്ങളും ഏഴുവിധ വാദ്യോപകരണങ്ങളും വിവാഹാവസരത്തില്‍ സ്ത്രീകള്‍ക്ക് വായ്ക്കുരവയിടാനുള്ള അവകാശവും രാജാവ് അദ്ദേഹത്തിന് നല്കി. വിവിധ അളവുകളും പരവതാനി, വെഞ്ചാമരം, കൈയ്യില്‍ ചന്ദനം പൂശല്‍, പന്തല്‍, മണര്‍ക്കോലം എന്നീ അവകാശങ്ങളും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും എന്നേയ്ക്കുമായി രാജാവ് അദ്ദേഹത്തിന് നല്കി. കൂടാതെ അഞ്ചു വിശേഷപദവികളും തോമസിനും സന്തതിപരമ്പരകള്‍ക്കും അനുയായികള്‍ക്കും പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ബന്ധുക്കള്‍ക്കും മരുമക്കള്‍ക്കും എന്നേയ്ക്കുമായി നല്കി. പ്രസ്തുത രാജാവ് സ്വന്തം പേരിലാണ് അവ നല്കിയത്.

ഈ പ്രമുഖരും ഇതിനു സാക്ഷികളാണ്.

കോടശ്ശേരി കണ്ടന്‍
ചെറുകരപ്പുറത്ത് ചാത്തന്‍ കൊമരന്‍ – രാജാവിന്റെ മുഖ്യദ്വാരപാലകന്‍
അരവിന്ദന്‍ കോവിന്ദന്‍ – രാജാവിന്റെ ആലോചനക്കാരന്‍
അമെനാത്ത് കോവിന്ദന്‍ കേരുളന്‍ – സേനാപതി
തിരുമലപ്പുറത്ത് ത്രിവിക്രമന്‍ കൊമരന്‍ – കേരളത്തിന്റെ കിഴക്കേഭാഗം നാടുവാഴി
പെരുമ്പലനാട് ആദിത്യന്‍ – കൊട്ടാരം ഗായകന്‍
പെരുമ്പലനാട് കോട്ടക്കുളം(?)-തുറമുഖം സൂക്ഷിപ്പുകാരന്‍
കടുത്തുരുത്തി വിക്രമന്‍ ചിങ്ങന്‍ – രാജാവിന്റെ പള്ളിയറ സൂക്ഷിപ്പുകാരന്‍
ആറണിപെരുംകോവില്‍ എഴുത്തുകാരന്‍ ഇക്കാര്യ ങ്ങളെല്ലാം സ്വന്തം കൈപ്പടയില്‍ എഴുതി രാജമുദ്ര ചാര്‍ത്തിയിരിക്കുന്നു. ശുഭം


അഖില കേരളത്തിന്റെ ചക്രവര്‍ത്തി അര്‍മേനിയക്കാരന്‍ തോമെ കനനെയോയ്ക്കും ഇതര ക്രിസ്ത്യാനികള്‍ക്കും നല്കിയ കൊടുങ്ങല്ലൂരിലെ സ്ഥലത്തിന്റെ എഴുത്ത് ഇതാണ്. ബുധന്റെ സഞ്ചാരത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ പന്ത്രണ്ടു വര്‍ഷത്തിലും ആവര്‍ത്തിക്കുന്ന തരത്തിലാണ് അന്ന് കാലം കണക്കാക്കിയിരുന്നത്. അതുകൊണ്ടാണ് ഈ രേഖയില്‍ കുംഭത്തില്‍ ബുധന്‍ നില്ക്കുന്ന വര്‍ഷത്തില്‍ പ്രസ്തുത പട്ടണം സ്ഥാപിച്ചു എന്നു പറഞ്ഞിരിക്കുന്നത്. ഇക്കഴിഞ്ഞ 779 വര്‍ഷങ്ങളായി കേരളം മുഴുവനിലും കൊല്ലവര്‍ഷമനുസരിച്ച് കാലം അടയാളപ്പെടുത്തുന്നതിനാല്‍ ഈ വിധത്തില്‍ കാലം കണക്കാക്കുന്ന രീതി എല്ലാവരും മറന്നുപോയിരിക്കുന്നു.
1585 മുതല്‍ കേരളത്തില്‍ മിഷനറിയായും വൈപ്പിക്കോട്ട സെമിനാരി പ്രൊഫസറായും പ്രവര്‍ത്തിച്ചിരുന്ന സ്‌പെയിനിലെ കത്തലോനിയ സ്വദേശിയായ ഈശോസഭാവൈദികനാണ് ഫാ. റോസ്. അദ്ദേഹം മലയാളം, സുറിയാനി തുടങ്ങിയ ഭാഷകളില്‍ വ്യുല്പന്നനായിരുന്നതിനാല്‍ ഭാരതത്തിലെ അവസാന കല്‍ദായ മെത്രാന്‍ മാര്‍ അബ്രാഹത്തിന്റെ സഹായിയായും ഉദയംപേരൂര്‍ സൂനഹദോസില്‍ മാര്‍ മെനേസിസിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1599-ല്‍ സുറിയാനിക്കാരെക്കൂടി ഉള്‍പ്പെടുത്തി രൂപീകരിച്ച അങ്കമാലി രൂപതയുടെ പ്രഥമ മെത്രാനായി നിയുക്തനായത് ഇദ്ദേഹമാണ്. 1601-ല്‍ മാര്‍ മെനേസിസിന്റെ കൈവയ്പിലൂടെ മെത്രാഭിഷിക്തനായി. പിന്നീട് അങ്കമാലി രൂപതയുടെ പേരും സ്ഥാനവും ഭേദപ്പെടുത്തി കൊടുങ്ങല്ലൂര്‍ അതിരൂപത എന്നാക്കിയപ്പോള്‍ അതിന്റെ മെത്രാപ്പോലീത്ത യായും 1624 വരെ ഇദ്ദേഹം സേവനമനുഷ്ഠിച്ചു.
കൊടുങ്ങല്ലൂര്‍, കൊല്ലം എന്നീ സ്ഥലങ്ങളിലെ കൊച്ചി, കൊല്ലം ലത്തീന്‍ രൂപതകളിലെ പള്ളികളും കൊടുങ്ങല്ലൂര്‍ രൂപതയിലെ സുറിയാനിപ്പള്ളികളും തമ്മില്‍ ക്‌നായിത്തൊമ്മന്‍ ചെപ്പേടിന്റെയും തരീസാപ്പള്ളി ചെപ്പേടിന്റെയും അടിസ്ഥാന ത്തില്‍ പള്ളികള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന വരുമാനം ആര്‍ക്കാണ് ലഭിക്കേണ്ടത് എന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കം തീര്‍ക്കു ന്നതിന് ചെപ്പേടുകളോ അവയുടെ പരിഭാഷയോ പരിശോധിച്ചി ട്ടുള്ള വ്യക്തിയാണദ്ദേഹം. ഇദ്ദേഹം 1604-ല്‍ എഴുതിയ റെലസാഒ ദെല്ല സേറാ (കേരളവിശേഷങ്ങള്‍) എന്ന എഴുത്തിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്.


ക്‌നായിത്തൊമ്മന്‍ ചെപ്പേടിന് പ്രാചീനമായ രണ്ട് പോര്‍ച്ചുഗീസ് പരിഭാഷകളും (റോസ്, ദൊ കൂത്തോ) ഒരു സംഗ്രഹവും (കര്‍സോന്‍ ലിപി) സംഗ്രഹത്തിന്റെ ഒരു ഫ്രഞ്ചു പരിഭാഷ (ഡു പെറോ) യുമാണ് ഏറ്റവും ആധികാരിക മായുള്ളത്. ഇവയെല്ലാം പതിനേഴ്, പതിനെട്ട് നൂറ്റാണ്ടുകളി ലേതാണ്. ഇതില്‍ ആദ്യത്തേതാണ് 1604-ല്‍ റോസ് നല്കുന്ന പരിഭാഷ. പേരോ ദെ സെക്വേരോയുടെ പരിശ്രമഫലമായി 1552-56 കാലഘട്ടത്തില്‍ ഒരു പോര്‍ച്ചുഗീസ് പരിഭാഷ ഉണ്ടാക്കി പോര്‍ച്ചുഗല്‍ രാജാവിന് അയച്ചുകൊടുത്തതിനെക്കുറിച്ചും ആ അവസരത്തില്‍ ഒരു പകര്‍പ്പ് (ത്രസ്‌ലാദൊ എന്ന പോര്‍ച്ചുഗീസ് പദത്തിന് തര്‍ജമ എന്നും പകര്‍പ്പ് എന്നും അര്‍ത്ഥമുണ്ട്) തയ്യാറാക്കി സൂക്ഷിച്ചിരുന്നതിനെക്കുറിച്ചും എഴുതിയിട്ടുണ്ട്. ചെപ്പേടിന്റെ മൂലപ്രതി മൂന്നു ഭാഷകളില്‍ എഴുതപ്പെട്ടിരുന്നതിനാല്‍ ജൂതന്റെ സഹായത്തോടെ അന്നത്തെ മലയാളത്തിലുള്ള പകര്‍പ്പായിരിക്കണം ഉണ്ടാക്കിയത്. ഈ പകര്‍പ്പില്‍നിന്ന് മാര്‍ റോസ് പോര്‍ച്ചുഗീസ് പരിഭാഷ നിര്‍മി ക്കുകയോ, രാജാവിന് നല്കാനായി ഉണ്ടാക്കിയ പരിഭാഷയുടെ പകര്‍പ്പ് എടുത്ത് ചേര്‍ക്കുകയോ ആയിരിക്കാം ചെയ്തത്. മൂന്നു ഭാഷകളില്‍ രചിക്കപ്പെട്ട പട്ടയം നൂറ്റാണ്ടുകള്‍ക്കുശേഷം 16-ാം നൂറ്റാണ്ടിലെ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തതിന്റെ പോര്‍ച്ചുഗീസ് പരിഭാഷയാണ് കേരളവിശേഷങ്ങളില്‍ മാര്‍ റോസ് നല്കിയിരിക്കുന്നത്. ഇതിനെ ബഹു. കൊല്ലാപറമ്പിലച്ചന്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതിന്റെ മലയാളം പരിഭാഷ പോര്‍ച്ചുഗീസുമായി ഒത്തുനോക്കിയാണ് നല്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ പദ, അര്‍ത്ഥ, ശൈലികളിലൊക്കെ ഏറിയ വ്യത്യാസം അനുഭവപ്പെട്ടേ ക്കാമെങ്കിലും മാര്‍ റോസിന്റെ ഈ ഉദ്യമത്തോട് ഈ സമുദായം അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. ക്‌നായിത്തൊമ്മന്‍ ചെപ്പേടിന്റെ സംഗ്രഹവും ഉള്‍പ്പെടുന്ന തരീസാപ്പള്ളി പട്ടയത്തിന്റെ കര്‍സോന്‍ പകര്‍പ്പ് തയ്യാറാക്കിയതും മാര്‍ റോസിന്റെ ശ്രമഫലമായാണ് എന്നതും അദ്ദേഹത്തോടുള്ള കടപ്പാട് വര്‍ദ്ധിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *