ഭാരത സഭയ്ക്കും പൗരസ്ത്യ സുറിയാനി സഭയ്ക്കും റോമാ സിംഹാസനവുമായുള്ള ബന്ധം

ഉര്‍ഹാ മാര്‍ യൗസേപ്പിനു ശേഷം കാലാകാളങ്ങളില്‍ സുറിയാനി മെത്രാന്മാര്‍ പൗരസ്ത്യ സുറിയാനി സഭയില്‍ നിന്ന് മലബാറിലേയ്ക്ക് വന്നുകൊണ്ടിരുന്നു. സുറിയാനി പിതാക്കന്മാരെ ക്‌നാനായക്കാര്‍ തങ്ങളുടെ സ്വന്തമായി കരുതി സ്വീകരിച്ചു പോന്നു. പൗരസ്ത്യ സുറിയാനി സഭയാകട്ടെ റോമിലെ വി. പത്രോസിന്റെ പ്രാമുഖ്യത്തെ അംഗീകരിക്കുന്ന സഭയായിരുന്നു. 
എ ഡി 780 മുതല്‍ 823 വരെ പൗരസ്ത്യ സുറിയാനി സഭയുടെ പാത്രിയാര്‍ക്കീസായിരുന്ന മാര്‍ തിമോത്തി 1 മന്‍ ഇന്ത്യയിലെ അര്‍ക്കദ്യാക്കോനെഴുതിയ കത്തില്‍ പറയുന്നു. ''താണവര്‍ ഉയര്‍ന്നവരെ അനുസരിക്കണം. അങ്ങനെ എല്ലാവരുടെയും അനുസരണം എത്തിനില്‍ക്കുന്നത് ശെമ ഓന്‍ കേപ്പായുടെ സ്ഥാനത്തുള്ള റോമ പാത്രിയര്‍ക്കീസിലാണ്.'' 
ഭാരത സഭ - പൗരസ്ത്യ സുറിയാനി സഭ - റോമിലെ വി. പത്രോസിന്റെ സിംഹാസനം

 സഭാ തലത്തില്‍ അംഗീകരിക്കപ്പെടുന്നു (പള്ളികള്‍ സ്ഥാപിക്കുന്നു)
ക്‌നാനായക്കാരുടെ ആദ്യപള്ളി സ്ഥാപിക്കപ്പെട്ടത് കൊടുങ്ങല്ലൂരായിരുന്നു. തുടര്‍ന്ന് അവിടെ പരി. മാതാവിന്റെ പേരിലും മാര്‍ തോമാശ്ലീഹായുടെ പേരിലും മാര്‍ കുര്യാക്കോസിന്റെ പേരിലും പള്ളികള്‍ സ്ഥാപിക്കപ്പെട്ടതായി 16 ആം നൂറ്റാണ്ടിലെ മിഷനറിമാരുടെ രേഖകളില്‍ കാണുന്നു. അഞ്ചാം നൂറ്റാണ്ടോടു കൂടെ ക്‌നാനായക്കാരില്‍ ചിലര്‍ കച്ചവടാര്‍ത്ഥം കടുത്തുരുത്തിയില്‍ വന്നുവെന്നതാണ് പാരമ്പര്യം. അവര്‍ പരി. മാതാവിന്റെ നാമത്തില്‍ ഒരു പള്ളി അവിടെ സ്ഥാപിച്ചതായി കരുതപ്പെടുന്നു. കാലാകാലങ്ങളില്‍, വാണിജ്യാര്‍ത്ഥം ക്‌നാനായക്കാര്‍ മറ്റു സ്ഥലങ്ങളിലേയ്ക്ക് കുടിയേറിയിരുന്നുവെങ്കിലും ഭൂരിഭാഗവും കൊടുങ്ങല്ലൂരില്‍ തുടര്‍ന്നു. 1524 ലെ പോര്‍ച്ചുഗീസ് കാലത്തുണ്ടായ കൊടുങ്ങല്ലൂര്‍ ആക്രമണത്തെ തുടര്‍ന്ന് അവര്‍ കൊടുങ്ങല്ലൂര് ഉപേക്ഷിച്ച് മറ്റ് ക്‌നാനായ കേന്ദ്രങ്ങളിലേയ്ക്ക് എത്തിച്ചേര്‍ന്നു. അപ്രകാരം കടുത്തുരുത്തി, ഉദയംപേരൂര്‍, ചുങ്കം, കോട്ടയം, കല്ലിശേരി എന്നീ സ്ഥലങ്ങള്‍ കേന്ദ്രമാക്കി താമസമുറപ്പിച്ചു. (കൊടുങ്ങല്ലൂര്‍ പട്ടണം തകര്‍ന്നതിന്റെ പശ്ചാത്തലം: സാമൂതിരി അറബിമുസ്ലീങ്ങളുടെ പിന്തുണയോടുകൂടി കൊച്ചീരാജ്യമാക്രമിച്ചുപ്പോള്‍ കൊടുങ്ങല്ലൂര്‍ പട്ടണത്തിന് തീയിട്ടു. ക്‌നാനായക്കാരുടെ ആദ്യപട്ടണം അപ്രകാരം നശിപ്പിക്കപ്പെട്ടു.. പട്ടണം ചുട്ടു പകലിറങ്ങി… ഇനിയെന്തിനാ മോളേ മുട്ടാക്ക് എന്ന വാക്യത്തിന്റെ പശ്ചാത്തലമിതാണ്).
1) ഡീക്കന്‍ സക്കറിയാസ്
1301 ല്‍ പകര്‍ത്തി എഴുതപ്പെട്ടതും വത്തിക്കാന്‍ ലൈബ്രറിയില്‍ സൂക്ഷിക്കപ്പെടുന്നതുമായ (ങ െഢമ േട്യൃ 22) രേഖപ്രകാരം കൊടുങ്ങല്ലൂര്‍ പള്ളിയില്‍ ശുശ്രൂഷ ചെയ്തിരുന്ന ഡീക്കനാ (ശെമ്മാശന്‍)യിരുന്നു സക്കറിയാസ്. 14 വയസുമാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ അദ്ദേഹത്തിന്. പൗരസ്ത്യ സുറിയാനിസഭയുടെ തലവനായിരുന്ന മാര്‍ യാബാലാഹ പാത്രിയര്‍ക്കീസിനെയും ഇന്ത്യയില്‍ മാര്‍ തോമാശ്ലീഹായുടെ സിംഹാസനത്തില്‍ വാണിരുന്ന മാര്‍ യാക്കോബിനെയും പേരു ചൊല്ലി വിളിച്ചു പ്രാര്‍ത്ഥിക്കുന്ന ഡീക്കന്‍ സഖറിയാസിന്റെ ഈ രേഖ ഭാരതസഭയ്ക്ക് പൗരസ്ത്യ സുറിയാനി സഭയുമായുണ്ടായിരുന്ന ചരിത്രത്തിലെ തുടര്‍ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. സഖറിയാസ് കൊടുങ്ങല്ലൂരിലെ മാര്‍ കുര്യാക്കോസിന്റെ പള്ളിയിലെ ശുശ്രൂഷകനായിരുന്നതിനാലും കൊടുങ്ങല്ലൂര്‍ പള്ളി ക്‌നാനായ ദൈവാലയമായിരുന്നുവെന്ന് കരുതപ്പെടുന്നതിനാലും ഡീക്കന്‍ സഖറിയാസ് ഒരു ക്‌നാനായക്കാരനായിരുന്നുവെന്ന് അനുമാനിക്കാം.
2) ഇന്ത്യാക്കാരന്‍ യൗസേപ്പ് കത്തനാര്‍
1490 ല്‍ മലങ്കരയിലേയ്ക്ക് മെത്രാന്മാരെ കൊണ്ടുവരാന്‍ പൗരസ്ത്യ സുറിയാനി സഭയുടെ പാത്രിയര്‍ക്കീസിന്റെ അടുക്കലേയ്ക്ക് യാത്ര ചെയ്ത അത്മായ നേതാക്കളിലൊരുവനായിരുന്നു യൗസേപ്പ്. മാര്‍ ശെമയോന്‍ നാലാമന്‍ പാത്രിയര്‍ക്കീസ് അദ്ദേഹത്തെ വൈദികനായി അഭിഷേചിച്ചു. മാര്‍ തോമാ, മാര്‍ യോഹന്നാന്‍ എന്നീ സുറിയാനി മെത്രാന്മാരോടുകൂടെ അവര്‍ മലങ്കരയിലെത്തി. 1501 ല്‍ പോര്‍ച്ചൂഗീസുകാരനായ കബ്രാളിനൊപ്പം യൗസേപ്പ് കത്തനാര്‍ സ്വസഹോദരന്റെ കൂടെ യൂറോപ്പിലേയ്ക്ക് യാത്ര ചെയ്തു. റോമിലെത്തി അലക്‌സാണ്ടര്‍ 6 മന്‍ പാപ്പയെ സന്ദര്‍ശിച്ചു. തിരികെ വന്നു കൊടുങ്ങല്ലൂര്‍ വലിയ പള്ളി വികാരിയായി യൗസേപ്പ് കത്തനാര്‍ ശുശ്രൂഷ ചെയ്തു. ഇന്ത്യാക്കാരനായ യൗസേപ്പ് എന്നാണ് പാശ്ചാത്യര്‍ അദ്ദേഹത്തെ വിളിച്ചത്.
കൊടുങ്ങല്ലൂര്‍ വലിയ പള്ളി വികാരിയായി അദ്ദേഹം ശുശ്രൂഷ ചെയ്തിരുന്നതിനാലും വലിയ പള്ളി ക്‌നാനായക്കാരുടേതായിരുന്നതിനാലും യൗസേപ്പ് കത്തനാര്‍ ഒരു ക്‌നാനായക്കാരനായിരുന്നുവെന്ന് ബ. കൊല്ലാപറമ്പിലച്ചന്‍ അനുമാനിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *