ക്നാനായക്കാര്‍ കുടിയേറിയതെന്ന് പരമ്പരാഗതമായി വിശ്വസിക്കുന്ന വര്‍ഷമായ എ.ഡി. 345-നോടടുത്ത് നല്കപ്പെട്ടതാണ് ഈ ചെപ്പേടെങ്കില്‍ അക്കാലഘട്ടത്തില്‍ കുഫിക് അറബി, സസാനിയന്‍ പഹ്ലവി, ഹീബ്രു, വട്ടെഴുത്ത് തുടങ്ങിയ ലിപികള്‍ നിലവിലിരുന്നോ എന്നൊരു ചോദ്യത്തിനും ഉത്തരം കണ്ടെത്തേണ്ടതുണ്ട്.
ഖുര്‍ആന്‍ എഴുതാന്‍ ഉപയോഗിച്ച (7-ാം നൂറ്റാണ്ട്) കുഫിക് അറബിയുടെ മാതൃലിപി തബാള്ത്തന് എന്നാണ് അറിയ പ്പെടുന്നത്. അത് നാലാം നൂറ്റാണ്ടില്‍ പ്രചാരരഹിത മായിപ്പോയ താണ്. അതിനാല്‍ സ്വാഭാവികമായും അതിനുമുമ്പുതന്നെ കുഫിക് ലിപി നിലവില്‍ വന്നിട്ടുണ്ടായിരിക്കണം. സസാനിദ് രാജാക്കന്മാരുടെ കാലഘട്ടത്തില്‍ പേര്‍ഷ്യയില്‍ നിലവിലുണ്ടാ യിരുന്ന ലിപിയാണ് സസാനിയന്‍ പാഹ്ലവി. ബി.സി. രണ്ടാം നൂറ്റാണ്ടുമുതല്‍ നിലവിലുള്ളതാണ് ഈ ലിപി. ബൈബിളിലെ പഴയനിയമമടക്കം എഴുതപ്പെട്ടിരിക്കുന്ന ഹീബ്രു സ്വാഭാവിക മായും അന്നുള്ള ലിപിയാണ്. സാക്ഷിയേടിലെ ഈ മൂന്ന് ലിപി കളുടെയും എഴുത്ത് പ്രത്യേകതകള്‍ വിശകലനം ചെയ്താല്‍ ഒരുപക്ഷേ കൃത്യമായ കാലഘട്ടം കണ്ടെത്താന്‍ കഴിഞ്ഞേക്കും.
കാലം കൃത്യമായി നിര്‍ണയിച്ച്, കേരളത്തില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ള വട്ടെഴുത്തുരേഖകള്‍ ഒന്നും 9-ാം നൂറ്റാണ്ടിനു മുമ്പുള്ളവയല്ല എന്ന കാരണത്താല്‍ നാലാം നൂറ്റാണ്ടിലെ ശാസനം വട്ടെഴുത്തിലാവാന് പാടില്ലായെന്നു വരുന്നില്ല. 9-ാം നൂറ്റാണ്ടിനുമുമ്പ് വട്ടെഴുത്തില്‍ എഴുതിയവ കണ്ടെത്തിയിട്ടില്ല എന്നതിനര്‍ത്ഥം, അതിനുമുമ്പ് വട്ടെഴുത്ത് കേരളത്തിലില്ല എന്നല്ല, നമുക്ക് കണ്ടെത്താനായിട്ടില്ല എന്നേയുള്ളൂ. ക്രി.വ. 849-ല്‍ നല്കപ്പെട്ടു എന്ന് പൊതുവെ കരുതപ്പെടുന്ന തരിസാപ്പള്ളി ശാസനത്തില്‍ ഏഴു പുറങ്ങളിലായി വട്ടെഴുത്ത് ലിപി ഭംഗിയായി ഉപയോഗിച്ചിരിക്കുന്നതിനാല്‍ അതിനും നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ ഈ ലിപി രൂപപ്പെടാന്‍ തുടങ്ങി എന്ന് ന്യായമായി അനുമാനിക്കാനാകും.
എഴുത്തുരീതി / തുളയുടെ സ്ഥാനം
സാധാരണഗതിയില്‍ കേരളത്തിലെ ശാസനങ്ങള്‍ പൊതുവെ തിരശ്ചീനമായി പിടിച്ചാണ് എഴുതാറുള്ളതെങ്കിലും സാക്ഷിയേടിനെപ്പോലെ ക്നായിത്തൊമ്മന്‍ ചെപ്പേടിന്റെ ഒന്നാം ഏടും ലംബമായി പിടിച്ചുതന്നെ എഴുതിയതായി അനുമാനി ക്കാന്‍ പേരോ ദെ സേക്വേരോയുടെ ഒരു പരാമര്‍ശം സാധ്യത നല്കുന്നു. കട്ടികൂടിയ ചെമ്പുകമ്പികൊണ്ടുള്ള വളയത്താല്‍ രണ്ടു ചെപ്പേടുകളും ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്ന അവസരത്തില്‍, മുകളില്‍ എന്ന് സൂചിപ്പിക്കാന്‍ അദ്ദേഹം ഉപയോഗിക്കുന്ന പോര്‍ച്ചുഗീസ് വാക്ക് ‘റല രശാമ’ എന്നതാണ്. മുകളില്‍ എന്ന സാധാരണ അര്‍ത്ഥമുണ്ടെങ്കിലും, ഏറ്റവും ഉയര്‍ന്ന സ്ഥലം, കൊടുമുടി എന്നൊക്കെയാണ് ഈ വാക്കിന്റെ ശരിയായ അര്‍ത്ഥം. അതായത് തിരശ്ചീനമായി എഴുതിയ ഏടിന്റെ മുകള്ഭാഗം എന്നതിനെക്കാള്‍ ലംബമായി എഴുതിയ ഏടിന്റെ മുകള്‍ഭാഗത്ത് എന്ന് എടുക്കുമ്പോഴാണ് ഈ വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തോട് ചേര്‍ന്ന് നില്‍ക്കുന്നത്. എങ്കില്‍ ക്നായിത്തൊമ്മന്‍ ചെപ്പേടിന്റെ രണ്ട് ഏടുകളും ലംബമായി പിടിച്ച് എഴുതിയതായിരിക്കണം. സാക്ഷിയേടി നെപ്പോലെ, ലംബമായി പിടിച്ച് എഴുതുന്ന ഏടിന്റെ മുകള്ഭാഗം ഇരുപുറങ്ങളിലും സാധാരണഗതിയില്‍ ഒന്നുതന്നെയാണ്. സാക്ഷിയേടിന്റെ മുകളില്‍ ആദ്യപുറത്ത് ഇടത്തുവശത്ത് തുള കാണപ്പെടുന്നതിന് സമാനമായി ഒന്നാം ഏടിന്റെയും മുകളില്‍ ആദ്യപുറത്ത് ഇടത്തുവശത്ത് തുള വരുന്ന പക്ഷം ദെ സെക്വേരോയുടെ വാക്കുകളോട് ഒത്തുപോകുന്നതാണ്.
മോതിരവളയത്തില്നിന്ന് രണ്ട് ഏടുകളും എങ്ങനെ വേര്‍പിരിഞ്ഞു എന്നത് ഈ അന്വേഷണപഠനത്തില് ഇതുവരെയും കണ്ടെത്താനാകാത്ത കാര്യമാണ്. മലബാര്‍ ഭാഷയിലുള്ള ആദ്യ ഏട്, വായിച്ച് മനസ്സിലാക്കാനാകുന്നതിനാല് സെമിറ്റിക് ലിപികളിലുള്ള എഴുത്തുമാത്രം വേര്‍പ്പെടുത്തി യഹൂദനെ വായിക്കാനേല്പിച്ചതാകാം. ഒരുപക്ഷേ രണ്ടേടുകളും ഒരുമിച്ച് യഹൂദനെ എല്പിച്ചിട്ട്, വായനയ്ക്കുശേഷം, രണ്ടാം ഏടില്‍ സാക്ഷിപ്പേരുകള് മാത്രമാണെന്ന് മനസ്സിലാക്കിയതിനാല്‍ പ്രയോജനരഹിതമായി കരുതി, രണ്ടാം ഏട് നാട്ടില്‍തന്നെ അവശേഷിപ്പിച്ച്, ഒന്നാം ഏട് പോര്‍ച്ചുഗലിന് കൊണ്ടുപോയതുമാകാം. കര്‍സോന്‍ പകര്‍പ്പില്‍ തരിസാപ്പള്ളി ശാസനത്തിലെ സാക്ഷികളുടെ മുഴുവന്‍ പേരുകളും ഉപേക്ഷിക്കുന്നതും ദൊ കൂത്തോയുടെ ക്നായിത്തൊമ്മന്‍ ചെപ്പേട് തര്‍ജമയില്‍ ഏതാനും കേരളീയ സാക്ഷികളുടെ പേര് ചേര്‍ത്തതിനുശേഷം വിസ്താരഭയത്താല്‍ ബാക്കിയുള്ളവ ഒഴിവാക്കുന്നുവെന്ന് എഴുതുന്നതും ഉദാഹരണമാണ്. പോര്‍ച്ചുഗീസുകാരായ ഫ്രാന്‍സിസ്കന്‍ മിഷനറിമാര്‍ കൊണ്ടുപോയ ചെപ്പേട് (ഒന്നാം ഏട്) ലിസ്ബണിലെ ഫ്രാന്‍സിസ്കന്‍ ആശ്രമത്തില്‍ അന്വേഷിക്കാനുള്ള ബഹു. കൊല്ലാപറമ്പിലച്ചന്റെ നിര്‍ദേശം ശ്രദ്ധേയമാണ്. ഒന്നാം ഏടില്‍നിന്ന് വേര്‍പെട്ടതിനുശേഷം 1806 വരെയുള്ള സാക്ഷിയേടിന്റെ ചരിത്രം അജ്ഞാതമാണ്. പോര്‍ച്ചുഗീസുകാരുടെ കൊച്ചിതാവളത്തില്‍ സൂക്ഷിക്കപ്പെടേണ്ടിയിരുന്ന ഈ ഏട് അവിടെ ഉണ്ടായിരുന്നതിന്റെ യാതൊരു തെളിവും ലഭിക്കുന്നില്ല. മാര്‍ റോസ് മെത്രാനും ഗുവെയായും ദൊ കൂത്തോയും, ക്നായിത്തൊമ്മന്‍ ചെപ്പേട് നഷ്ടപ്പെട്ടതായി എഴുതുമ്പോള്‍ ഈ ഏടിന്റെ കാര്യം പ്രത്യേകം പരാമര്‍ശിക്കുന്നില്ല. അഡ്രിയാന്‍ മോയിന്‍സ് അടക്കമുള്ള ഡച്ചുകാര്‍ക്കോ 1806 വരെ ഇംഗ്ലീഷുകാര്‍ക്കോ ഇത് കണ്ടെത്താനായില്ല. ഒരുപക്ഷേ, അജ്ഞാതമായ കാരണത്താല്‍ ഇത് തേവലക്കര തരകന്റെ ഭവനത്തില്‍ എത്തിയിട്ടുണ്ടാകണം. തരിസാപ്പള്ളി ശാസനത്തിന്റെ നാല് ഏടുകള്‍ തരകന്റെ വീട്ടില്‍ ഉണ്ടായിരിക്കുകയും സാക്ഷിയേടും വീരരാഘവപട്ടയവും കൊച്ചിതാവളത്തിലോ മറ്റേതെങ്കിലും ഇടത്തിലോ ഉണ്ടായിരിക്കുകയും ചെയ്തിടത്തുനിന്ന് മെക്കാളെ ഇവയെ കണ്ടെത്തിയതുമാകാം.
