നിലവില്‍ ലഭ്യമായിരിക്കുന്ന തരിസാപ്പള്ളിശാസനത്തിന്റെ നാല് ഏടുകളില്‍ ക്നായിത്തൊമ്മന്‍ ചെപ്പേടുമായി നേരിട്ട് ബന്ധം കാണിക്കുന്നില്ലെങ്കിലും, ഈ ശാസനത്തിന്റെ കര്‍സോന്‍ പകര്‍പ്പിലും ദുപെറോയുടെ ഫ്രഞ്ച് വിവര്‍ത്തനത്തിലും ക്നായിത്തൊമ്മന്‍ ചെപ്പേടിന്റെ സംഗ്രഹം നാലാമത്തെ ഏടിന്റെ അവസാനഭാഗത്ത് നല്‍കിയിട്ടുള്ളത് മുന്‍ലേഖനങ്ങളില്‍ നാം കണ്ടതാണ്. സിംപോസിയം ഓണ്‍ ക്നാനൈറ്റ്സില് ഡോ. ജേക്കബ് കൊല്ലാപറമ്പില്‍ നല്‍കിയിരിക്കുന്ന വായനപ്രകാരം, “വാരക്കോലുങ്കപ്പാനും വെഞ്ചക്കണ്ടിയുമുന്നം പെറ്റുടൈയന് ന്നാനും വിടുപെറാക അട്ടിക്കുടുത്തെന്” എന്നും “മുന്നം പള്ളിയാര്‍ പെറ്റുടൈയ വാരക്കോലുമ്പഞ്ചകണ്ടിയും” എന്നും രണ്ടിടത്തായി നിലവിലുള്ള തരിസാപ്പള്ളിച്ചെപ്പേടില്ത്തന്നെ നല്‍കിയിരിക്കുന്ന പ്രയോഗങ്ങള്‍ ശ്രദ്ധേയങ്ങളാണ്. ഈ വാചകത്തിലെ ‘മുന്നം പെറ്റുടൈയ’ എന്ന പ്രാചീന മലയാള പ്രയോഗത്തിന് ‘മുമ്പ് നല്‍കിയത്’ എന്നാണര്‍ത്ഥം. സ്വാഭാവികമായും എന്താണ് മുമ്പ് നല്‍കിയത് എന്നും ആരാണ് നല്‍കിയത് എന്നും ചോദ്യം ഉയരാം. ചേരമാന്‍ പെരുമാള്‍ ക്നായിത്തോമ്മായ്ക്ക് നല്കിയ ക്നായിത്തൊമ്മന്‍ ചെപ്പേടിലൂടെ നല്കപ്പെട്ട അവകാശങ്ങളാണ് സൂചിതം എന്ന് ബഹു. കൊല്ലാപറമ്പിലച്ചന്‍ ദ സോഴ്സസ് ഓഫ് ദ സീറോ മലബാര്‍ ലോ എന്ന പുസ്തകത്തിലൂടെ അനുമാനിക്കുന്നു. ഈ അനുമാനത്തിന് അച്ചനെ പ്രേരിപ്പിക്കുന്നത്, ഈ ശാസനത്തിന്റെ തുടര്‍ച്ചയായി ക്നായിത്തൊമ്മന്‍ ചെപ്പേടിന്റെ സംഗ്രഹം കര്‍സോന്‍ പകര്‍പ്പിലും ദു പെറോയുടെ വിവര്‍ത്തനത്തിലും കാണപ്പെടുന്നു എന്നതാണ്.
ഡോ. എം.ആര്. രാഘവവാര്യരും ഡോ. കേശവന് വെളുത്താട്ടും ചേര്‍ന്നെഴുതിയ തരിസാപ്പള്ളിപ്പട്ടയം എന്ന ഗ്രന്ഥത്തിലെ, “നാലാമത്തെ ഏടിന്റെ അവസാനത്തിനുശേഷം തന്റെ കയ്യിലുണ്ടായിരുന്ന സംസ്കൃതവിവര്ത്തനത്തെ ആധാരമാക്കി നാട്ടുകാരായ ചില സാക്ഷികളുടെ പേരും തോമസ് കാനായ്ക്ക് ലഭിച്ചതെന്നു പറയുന്ന ഒരു പട്ടയത്തിന്റെ ചുരുക്കവും അദ്ദേഹം (ദു പെറോ) കൊടുക്കുന്നുണ്ട്. ‘മുന്നം പള്ളിയാര്‍ പെറ്റുടൈയ വാരക്കോലും പഞ്ചക്കണ്ടിയും’ എന്ന് പട്ടയത്തില്‍ സൂചിപ്പിച്ചിരിക്കുന്നത് ഇതിനെയാണോ?” എന്ന പരാമര്‍ശവും പ്രസക്തമാണ്.
നിലവിലുള്ള തരിസാപ്പള്ളിശാസനം പള്ളിനിര്‍മാണവുമായി ബന്ധപ്പെട്ടതല്ല, മറിച്ച് കൂടുതലായി സ്ഥലവും ഇതര ആനുകൂല്യങ്ങളും തരിസാപ്പള്ളിക്കും പള്ളിക്കാര്‍ക്കും ബന്ധപ്പെട്ടവര്‍ക്കും നല്‍കുന്നതാണ്. ആയതിനാല്‍ പള്ളി നിര്‍മാണവുമായി ബന്ധപ്പെട്ട് മുമ്പ് നല്കിയ ഒരു പട്ടയത്തെ ഉദ്ദേശിച്ചാണോ ‘മുന്നം പെറ്റുടൈയ’ പ്രയോഗിച്ചിരിക്കുന്നത് എന്ന് ചിന്തിക്കാവുന്നതാണ്. എന്നാല്‍, ചേരരാജപ്രതിനിധിയായ വിജയരാഗതേവര് സന്നിഹിതനല്ലാത്ത ഒരു യോഗത്തില്‍, അയ്യനടികളും കൂട്ടരും ചേര്‍ന്നെടുത്ത തീരുമാനപ്രകാരമാണ് പള്ളി വെയ്ക്കാന്‍ ഭൂമി മുന്‍പ് ദാനം ചെയ്തതെന്ന് ഈ പട്ടയത്തിന്റെ ആരംഭഭാഗത്തുനിന്ന് മനസ്സിലാകുന്നു. അതിനാല്‍ പള്ളി നിര്‍മാണത്തിനായി മുമ്പുതന്നെ മറ്റൊരു ശാസനം നല്കിയിട്ടുണ്ടെങ്കില് അതും അയ്യനടികള്‍ തന്നെയായിരിക്കണം നല്‍കിയത്. എന്നാല്‍, ‘നാനും വിടുപെറാകെ അട്ടിക്കുടുത്തെന്’ എന്നതിലെ ‘നാനും’ എന്ന പ്രയോഗം അയ്യനടികള്‍ തിരുവടികള്‍ സ്വയം അനുവദിച്ച അവകാശങ്ങളെക്കുറിച്ചല്ല, മറിച്ച് മറ്റാരോ നല്കിയ അവകാശങ്ങളെക്കുറിച്ചാണ് എന്ന് വ്യക്തമാക്കുന്നു. ആയതിനാല്‍ വേണാടിലെ തന്നെ മുന്‍ഗാമിയായ ഒരു രാജാവോ, മറ്റേതെങ്കിലും രാജാവോ നല്കിയ ശാസനമായിരിക്കണം ഈ പ്രയോഗത്തിലൂടെ സൂചിതം.
ക്നായിത്തൊമ്മന്‍ ശാസനത്തിന്റെ സംഗ്രഹം, പ്രത്യേകിച്ച് ഒരു കാരണവും സൂചിപ്പിക്കാതെ, തരിസാപ്പള്ളി ചെപ്പേടിന്റെ പകര്‍പ്പുകളില്‍ ചേര്‍ത്തിരിക്കുന്നു എന്നതിനാല്‍, മുമ്പ് സപീരീശോയ്ക്ക് കിട്ടിയ ഒരു ചെപ്പേടിലെ അവകാശങ്ങള്‍ എന്നതിനെക്കാള്‍ സമാനരീതിയില്‍ പള്ളിക്കാര്‍ക്ക് നല്കിയി രിക്കുന്ന അവകാശങ്ങള്‍ എന്ന് എടുക്കുന്നതാണ് കൂടുതല്‍ യുക്തിഭദ്രം. പള്ളി എന്ന പദം ഹൈന്ദവേതര ദൈവാലയങ്ങളെ എല്ലാം സൂചിപ്പിച്ചിരുന്നു. ബുദ്ധ, ജൈന, കൈസ്തവ, ഇസ്ലാം ദൈവാലയങ്ങളെ എല്ലാം പള്ളി എന്ന പദത്തിലൂടെയാണല്ലോ കേരളത്തില്‍ ഇപ്പോഴും വ്യവഹരിക്കുന്നത്.
പേര്‍ഷ്യന്‍ സുറിയാനിക്രിസ്ത്യാനികള്‍ക്ക് ലഭിച്ച പട്ടയമെന്ന പ്രാദേശികപാരമ്പര്യവും, പോര്‍ച്ചുഗീസ് കാലഘട്ടത്തിലടക്കം ക്രിസ്ത്യന്‍ ദൈവാലയമായി തുടര്‍ന്ന തരിസാപ്പള്ളിക്ക് ചെപ്പേട് ലഭിച്ചതും, പട്ടയത്തിലൂടെ ലഭിച്ച വരുമാനം ക്രി.വ. 1601 വരെ തരിസാപ്പള്ളിക്കാര് എടുത്തിരുന്നതും, പുതിയ പള്ളിവച്ച് മാറിയ സുറിയാനിക്രിസ്ത്യാനികള്‍ക്ക് തര്‍ക്കത്തെത്തുടര്‍ന്ന് ഈ വരുമാനം നല്‍കണമെന്ന് വിധി വന്നതിനാല്‍ പിന്നീട് അവര്‍ ഇതിന് അവകാശികളായതും ഈ പള്ളിയുടെ ക്രൈസ്തവ ബന്ധം വ്യക്തമാക്കുന്നു. ക്നായി ത്തൊമ്മന്‍ ചെപ്പേടിന്റെ സംഗ്രഹത്തില്‍ പട്ടയം നല്‍കിയിരിക്കുന്നത് ‘ക്നായിത്തെമ്മെന് എന്ന് ചൊല്ലുന്ന പരതേശി നസ്രാണിക്’ എന്നെഴുതുന്നതിലൂടെ ക്നായിത്തൊമ്മന്റെ മുഖ്യ വിശേഷണം നസ്രാണി എന്നതാണെന്നും നാം മനസ്സിലാക്കുന്നു.
പേര്‍ഷ്യക്കാരനും പള്ളിയാരുമായ ക്നായിത്തൊമ്മന്‍ എന്ന കച്ചവടക്കാരന് കൊടുങ്ങല്ലൂരിലെ മഹോതേവര് പട്ടണത്തില്‍ വച്ച് ചേരചക്രവര്‍ത്തി നല്കിയ സമാനമായ അവകാശങ്ങള്‍ തന്നെയാണ്, പേര്‍ഷ്യക്കാരനും പള്ളിയാരുമായ കൊല്ലത്തെ സപീറീശോയ്ക്കും നല്‍കുന്നതെന്ന് വ്യക്തമാക്കുന്നതിന്, ചേരരാജാവിന്റെ പ്രതിനിധിയായ വിജയരാഗതേവരും സന്നിഹിതനായിരിക്കെ ചേരരാജ്യത്തിന്റെ സാമന്തരാജ്യമായ വേണാടിലെ അയ്യനടികള്‍ നല്കുന്ന തരിസാപ്പള്ളി ചെപ്പേടിന് ഉപോദ്ബലകമായി ക്നായിത്തൊമ്മന്‍ ചെപ്പേടിന്റെ സംഗ്രഹവും അനുബന്ധമായി ചേര്‍ത്തിരിക്കുന്നുവെന്നത് കൂടുതല്‍ യുക്തിസഹമാണ്.
ക്നായിത്തൊമ്മന്‍ ചെപ്പേടിന്റെ അവകാശികളായ ക്നാനായക്കാരുടെ ദൈവാലയമായിരുന്ന ഉദയംപേരൂര്‍ പള്ളി പരി. കന്യകാമറിയത്തിന് പ്രതിഷ്ഠിതമായിരുന്നെങ്കിലും, ഉദയംപേരൂര്‍ സൂനഹദോസ് നടക്കുന്ന 1599 വരെ മാര്‍ സാപോര്‍, മാര്‍ പ്രോത്ത് എന്നീ വിശുദ്ധര്‍ക്ക് പ്രതിഷ്ഠിതമായിരുന്നു എന്ന് ഗുവെയായുടെ ജൊര്ണാദൊയില്നിന്ന് അനുമാനിക്കാവുന്ന തിനാല്‍ ഈ വിശുദ്ധരും ക്നാനായക്കാരും തമ്മില്‍ ബന്ധമുണ്ടായിരുന്നു എന്ന അനുമാനത്തിലെത്തേണ്ടി യിരിക്കുന്നു.
കര്‍സോന്‍ പകര്‍പ്പില്‍ നല്‍കിയിരിക്കുന്ന ‘കൊല്ല കൊടുങ്ങല്ലൂര്‍’ എന്ന പദപ്രയോഗത്തിലെ ‘കൊല്ല’എന്ന വാക്കും ഈ രണ്ടു ശാസനങ്ങളും തമ്മിലുള്ള ഏതോ ഒരു ബന്ധത്തെ സൂചിപ്പിക്കുന്നുണ്ട്. കുരക്കേണി കൊല്ലം (കൊല്ലം ജില്ല), പന്തലായനി കൊല്ലം (മലപ്പുറം ജില്ല), കോവളം (തിരുവനന്ത പുരം) തുടങ്ങിയ സ്ഥലപ്പേരുകള്‍ക്ക് സമുദ്രതീരവുമായി ബന്ധമുണ്ട്. ഭൂമിശാസ്ത്രപരമായോ നഗരവത്കരണവുമായോ ബന്ധപ്പെട്ടായിരിക്കണം ഈ പേര് ലഭിച്ചിട്ടുള്ളത്. തരിസാപ്പള്ളി ശാസനത്തിന്റെ കര്‍സോന്‍ പകര്‍പ്പിലെ ‘കൊല്ല കൊടുങ്ങല്ലൂര്‍’, ഒന്നുകില്‍ കൊടുങ്ങല്ലൂരിലെ ഒരു കൊല്ലത്തെക്കുറിച്ചുള്ള സൂചനയാകാം. അതല്ലെങ്കില്‍ കുരക്കേണി കൊല്ലവും കൊടുങ്ങല്ലൂരും തമ്മിലുള്ള ബന്ധം ആയിരിക്കാം സൂചിതം. ഈ ബന്ധം എന്താണ് എന്ന് കണ്ടെത്തേണ്ടതുണ്ട്.
ഏത് ചെപ്പേടിന്റെ ഭാഗമാണ് സാക്ഷിയേട്?
സാക്ഷിയേട് തരിസാപ്പള്ളി ശാസനത്തിന്റെ ഭാഗമല്ലെന്ന അനുമാനം കഴിഞ്ഞ ലേഖനത്തിലൂടെ അവതരിപ്പിച്ചിരുന്നല്ലോ. എങ്കില്‍ പിന്നെയത് ഏത് ശാസനത്തിന്റെ ഭാഗമായിരിക്കും എന്നത് തൊട്ടുപിന്നാലെ വരുന്ന സ്വാഭാവികചോദ്യമാണ്. കേരളത്തില്‍നിന്ന് കിട്ടിയതിനാലും, 1806 മുതലെങ്കിലും കേരളത്തില്‍ത്തന്നെ സൂക്ഷിക്കപ്പെടുന്നതിനാലും, ചെപ്പേട് പാരമ്പര്യം ഇന്ത്യയില്‍മാത്രം പൊതുവെ കാണപ്പെടുന്ന തിനാലും, കേരളത്തിനു വെളിയിലുള്ള മറ്റേതെങ്കിലും ചെപ്പേടിന്റെ ഭാഗമാണ് ഈ ഏടെന്ന് ഇതുവരെയും അവകാശവാദങ്ങള്‍ ഉയരാത്തതിനാലും, കേരളത്തിലെ മറ്റേതെങ്കിലും ചെപ്പേടിന്റെ ഭാഗമാണോ ഇത് എന്ന അന്വേഷണമാണ് നാമിവിടെ നടത്തുന്നത്. കേരളത്തില്‍ ലഭ്യമായ ചെപ്പേടുകള്‍ എല്ലാംതന്നെ അമ്പലങ്ങളും കൊട്ടാരങ്ങളും ഒക്കെയുമായി ബന്ധപ്പെട്ടതായതിനാല്‍, വൈദേശികസാക്ഷികളുടെ പേരോടുകൂടിയ ഈ ഏട്, അവയില്‍ ഏതിന്റെയെങ്കിലും ഭാഗമായിരിക്കാനുള്ള സാധ്യത കുറവാണ്. എന്നാല്‍ വ്യാപാരവര്ദ്ധനവ് ലക്ഷ്യമാക്കി വൈദേശിക കച്ചവടക്കാരെ ലക്ഷ്യമാക്കി കേരളത്തില്‍ നല്കപ്പെട്ട നാലു ചെപ്പേടുകളായ തരിസാപ്പള്ളി ശാസനം, ജൂതശാസനം, ഇരവികൊര്‍ത്തന്‍ ചെപ്പേട്, ക്നായിത്തൊമ്മന്‍ ചെപ്പേട് എന്നിവയില്‍ തരിസാപ്പള്ളി ശാസനം നീക്കി മറ്റ് ഏതിന്റെയെങ്കിലും ഭാഗമായിരിക്കാനുള്ള സാധ്യതകളെക്കുറി ച്ചാണ് തുടര്‍ന്ന് ചര്‍ച്ച ചെയ്യുന്നത്.
വിദേശികളായ ജൂതന്മാര്ക്ക് നല്കപ്പെട്ടിരിക്കുന്ന പാര്ക്കരന് ഇരവി ശാസനമാണ് ആദ്യമായി നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുക. ഇതിന് പ്രത്യേക പ്രാധാന്യം നല്‍കുന്നത്, സാക്ഷിയേടില്‍ നാലു പേരുകള്‍ ഹീബ്രുലിപിയിലാണ് കാണപ്പെടുന്നത് എന്നതി നാലാണ്. എന്നാല്‍ ആകെയുള്ള 25 സാക്ഷിപ്പേരുകളില് കേവലം നാലു പേരുകള്‍ മാത്രമാണ് ഹീബ്രുലിപിയിലുള്ളത്, ഹീബ്രുലിപിയില് എഴുതുമ്പോള്‍ പോലും പേര്‍ഷ്യന്‍ ഭാഷയാണ് ഉപയോഗിക്കുന്നത്, ബാക്കിയുള്ള 21 പേരുകളില്‍ സസാനിയന്‍ പാഹ്ലവിയും കുഫിക് അറബിയുമാണ് ലിപിയായി ഉപയോഗിക്കുന്നത്, ജൂതശാസനത്തിന് ഉള്ളതായി അറിയപ്പെട്ടിരിക്കുന്ന രണ്ടു ഏടുകളും അറിയപ്പെട്ട കാലംമുതല്‍ ഇന്നുവരെയും ജൂതന്മാരുടെ കൈവശംതന്നെയാണുള്ളത്, തരിസാപ്പള്ളിശാസനംപോലെ വട്ടെഴുത്തില്‍ തിരശ്ചീനമായാണ് രണ്ട് ഏടുകളും എഴുതപ്പെട്ടിരിക്കുന്നത് തുടങ്ങിയ കാരണ ങ്ങളാല്‍ സാക്ഷിയേട് ജൂതശാസനത്തിന്റെ ഭാഗമായിരിക്കാനുള്ള സാധ്യത തള്ളിക്കളയുന്നു.
വീരരാഘവപട്ടയം അഥവാ ഇരവികൊര്‍ത്തന്‍ ചെപ്പേട് ഒരു ഏടില്‍ മാത്രമായി, മുന്‍ ചെപ്പേടുകളെപ്പോലെ വട്ടെഴുത്ത്, ഗ്രന്ഥലിപികളില്‍ തിരശ്ചീനമായി എഴുതപ്പെട്ടിരിക്കുന്നു, ഗ്രന്ഥാക്ഷരങ്ങള്‍ കൂടുതലായി കാണപ്പെടുന്നു, പുതുമ തോന്നി പ്പിക്കുന്നു, ആധുനിക ചരിത്രകാരന്മാര് ക്രി.വ. 1225 എന്ന് കാലനിര്‍ണയം ചെയ്തിരിക്കുന്നു, ഇതര ചെപ്പേടുകളെക്കാള് വളരെ യധികം വലുതാണ് തുടങ്ങിയ കാരണങ്ങളാല്‍ സാക്ഷിയേടിനെ ഇരവികൊര്‍ത്തന്‍ ചെപ്പേടുമായും ബന്ധിപ്പിക്കാനാവില്ല.
